ഇന്ത്യ എന്ന ആശയം: ഒരു പുനർവായന
text_fieldsഇന്ത്യയുടെ പോയകാല പ്രതാപം വീണ്ടെടുക്കാൻ വളർച്ചനിരക്ക് കൂട്ടാനാണ് മിക്കവരുടേയും ലക്ഷ്യം. കയറ്റുമതി വർധിപ്പിച്ച് ചൈന മുന്നേറിയെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്ക് മുന്നേറാൻ സാധിക്കുന്നില്ല. നികുതി കുറച്ച്, നിയന്ത്രണങ്ങൾ കുറച്ച് കമ്പോളം എന്ന കടുവയുടെ ശക്തിയും ഊർജവും ആക്രമണശൗര്യവും വീണ്ടെടുക്കണം. രണ്ടക്കനിരക്കിലേക്ക് സാമ്പത്തികവളർച്ച ഉയരണം. ഇവിടത്തെ വരേണ്യവർഗത്തിന്റെ പ്രതീക്ഷയും മറ്റൊന്നല്ല. ഇന്ത്യയുടെ ആത്മാവ് എവിടെ എന്ന ചോദ്യം അവർക്ക് അപ്രസക്തമാണ്, അനുചിതമാണ്
സത്യം പറഞ്ഞാൽ നാം ഇന്നു കാണുന്ന ഇന്ത്യക്ക് മൂർത്തഭാവവും രാഷ്ട്രീയ ഐക്യവും പകർന്നത് ബ്രിട്ടീഷ് ഭരണകൂടമാണ്. ഇന്ത്യ മറ്റു രാഷ്ട്രങ്ങളെപ്പോലെ ഒരേ ഭാഷ, സംസ്കാരം, മതം തുടങ്ങിയ പൊതു സ്വഭാവമുള്ള രാജ്യമായിരുന്നില്ല. 1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 565 നാട്ടുരാജ്യങ്ങളും 12 ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളുമടങ്ങുന്ന അനേകം ഭാഷകളുള്ള വിവിധ സംസ്കാരങ്ങളുള്ള, നിരവധി മതങ്ങളുള്ള അസ്തിത്വമായിരുന്നു ഇന്ത്യ.
എല്ലാറ്റിനും പുറമെ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയും. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുഭരിക്കൽ തന്ത്രത്തിന്റെ ഭാഗമായി വിഭജിക്കപ്പെട്ട ഇന്ത്യയെ ഒറ്റ കുടക്കീഴിൽ അണിനിരത്തുക ഏറെ ശ്രമകരമാണ്. ഏതാണ്ട് മുക്കാൽനൂറ്റാണ്ട് കഴിഞ്ഞശേഷം ഇന്ത്യ എന്ന ആശയത്തിന്റെ പുനർവായന ഒരു സാഹസമാണെങ്കിലും അപ്രസക്തമല്ലെന്ന് തോന്നുന്നു.
രവീന്ദ്രനാഥ ടാഗോർ തന്റെ ആത്മമിത്രമായിരുന്ന സി.എഫ്. ആൻഡ്രൂസ് എന്ന മിഷനറിക്ക് 1921 മാർച്ചിൽ എഴുതിയ കത്തിലാണ് ‘ഇന്ത്യ എന്ന ആശയം’ (The idea of India) ആദ്യമായി സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്.
1917ൽ അദ്ദേഹം എഴുതിയ ദേശീയത എന്ന പുസ്തകത്തിൽ വിശ്വം നിറയെ വികസിക്കാനുള്ള മാനവികതയെ വരിക്കുന്ന ഒരു ദേശീയതയാണ് വിഭാവനം ചെയ്തത്. ബ്രിട്ടീഷുകാർക്ക് എതിരെ, മഹാത്മാഗാന്ധി, പണ്ഡിറ്റ് നെഹ്റു, സർദാർ പട്ടേൽ തുടങ്ങിയ ദേശീയ നേതാക്കളുടെ കീഴിൽ നടന്ന ഐതിഹാസിക സമരങ്ങളും സമ്മേളനങ്ങളും പഠനങ്ങളും ഇന്ത്യയുടെ പുനർനിർമാണത്തെക്കുറിച്ചുള്ള അന്വേഷണം കൂടിയായിരുന്നു.
1934ൽ പ്രസിദ്ധ കമ്യൂണിസ്റ്റ് നേതാവ് എം.എൻ. റോയിയാണ് കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി രൂപവത്കരിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത്. പിന്നീട് കോൺഗ്രസ് പാർട്ടി ഈ ആവശ്യം ഏറ്റെടുത്തു. 1946ൽ നടന്ന തെരഞ്ഞെടുപ്പിലൂടെ രൂപപ്പെട്ട അസംബ്ലിയിൽ മൂന്നു കൊല്ലം നടന്ന സുദീർഘ ചർച്ചകളുടെ പരിണതഫലമായി രൂപപ്പെട്ടതാണ് നമ്മുടെ ഭരണഘടന.
അത് ഇന്ത്യ എന്ന ആശയത്തിന്റെ മൂർത്തീകരണമാണെന്നു പറഞ്ഞാൽ വലിയ തെറ്റില്ല. വളരെയേറെ വിചിന്തനത്തിനുശേഷമാണ് ഭരണഘടനയുടെ പീഠിക തയാറാക്കിയതെന്ന് ഭരണഘടനാശില്പിയെന്ന് വിശേഷിപ്പിക്കാറുള്ള ബി.ആർ. അംബേദ്കർതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻജനത രൂപംകൊടുത്ത കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി 1949 നവംബർ 26ന് അംഗീകരിച്ച് നിയമമാക്കി രാഷ്ട്രത്തിന് സമർപ്പിച്ചത് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എല്ലാവർക്കും അന്തസ്സും ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തുന്ന അദ്വിതീയമായ ഭരണഘടനയാണ്.
മതേതരത്വ സ്വഭാവമുള്ള സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കാണ് ലക്ഷ്യം. സ്റ്റേറ്റും പൗരസമൂഹവും ചേർന്നുള്ള മഹത്തായ സാമൂഹിക ഉടമ്പടി. ഇന്ത്യ എന്ന ആശയത്തിന്റെ സുന്ദരമായ ഭാവം. നമ്മുടെ ഭരണഘടനയിൽ, മറ്റൊരു ഭരണഘടനയിലും കാണാത്ത രാഷ്ട്രം സ്വീകരിക്കേണ്ട നിർദേശകതത്ത്വങ്ങൾ വിശദീകരിക്കുന്നു.
ഈ അടുത്തകാലത്ത് ഇന്ത്യൻഭരണഘടന ശക്തമായ വെല്ലുവിളി നേരിടുന്നു. അടിസ്ഥാന ഘടനാസിദ്ധാന്തം പോലും ചോദ്യം ചെയ്യപ്പെടുന്നു. എന്താണ് ഈ സിദ്ധാന്തം? 1973ൽ കേശവാനന്ദ ഭാരതിയും കേരളസർക്കാറും തമ്മിലെ കേസിന്റെ സുപ്രീംകോടതി വിധിന്യായത്തിന്റെ ഭാഗമായാണ് ഈ സിദ്ധാന്തം രൂപംകൊണ്ടത്.
ചില അടിസ്ഥാന പ്രമാണങ്ങൾ ഭരണഘടനാഭേദഗതികൾക്ക് അപ്പുറമാണെന്ന് ജസ്റ്റിസ് ഹാൻസ് രാജ് ഖന്ന അധ്യക്ഷനായ സമിതി കൃത്യമായ വാദമുഖങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുകയുണ്ടായി.
നിയമവാഴ്ച, അധികാരകേന്ദ്രങ്ങളുടെ സ്വാതന്ത്ര്യം -അതായത് നിയമനിർമാണ ശാഖ (legisltaure), ഭരണനിർവഹണ ശാഖ (executive), നീതിന്യായ വ്യവസ്ഥ (Judiciary) ഉറപ്പുവരുത്തുക, ജുഡീഷ്യൽ അവലോകനം (Review), മതേതരത്വം, ഫെഡറലിസം, വ്യക്തിയുടെ അന്തസ്സും സ്വാതന്ത്ര്യവും, രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും എന്നിവയാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ.
പ്രസിദ്ധ അമേരിക്കൻ രാഷ്ട്രമീമാംസകൻ ദേ ടോക്കിവില്ലി (de Tocqueville) യുടെ വാക്കുകൾ കടമെടുത്താൽ ‘‘ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം’’ അപകടകരമായി വളരാതിരിക്കാൻ, ജനാധിപത്യം സുരക്ഷിതമാക്കാൻ ഈ അടിസ്ഥാന കവചം അനിവാര്യമാണ്. ഹിന്ദുത്വ സംഘടനകൾ ഈ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നുവെന്നത് നിസ്സാരകാര്യമല്ല.
ജർമനിയിൽ വെയ്മാർ ഭരണഘടനയെ (Weimar Constitution) ഉപയോഗിച്ച് നാസികൾ (1933–1945 കാലത്ത്) അധികാരത്തിൽ വന്നത് ലോകം മറന്നിട്ടില്ല. ഓരോ മതവും അവരുടെ ദൈവശാസ്ത്രം അദ്വിതീയമാണെന്ന് സ്ഥാപിക്കുന്നത് യുക്തിയുടെ അടിസ്ഥാനത്തിൽ അല്ല, മറിച്ച് വിശ്വാസത്തിൽ ഊന്നിക്കൊണ്ടാണ്. കിണറ്റിലെ തവളകൾക്ക് അവരുടെ ജലാശയം വിശ്വ പ്രപഞ്ചമായി തോന്നും.
ഇന്ത്യ എന്ന ആശയത്തിന്റെ പുനർവായന പരിഗണിക്കുമ്പോൾ വേറെ ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കുകയാണ്. അടുത്തകാലത്ത് ധാരാളം സാമ്പത്തികപണ്ഡിതർ ഇന്ത്യയെ വിലയിരുത്തിയിട്ടുണ്ട്. അവരിൽ ഒരു നല്ല പങ്ക് അമേരിക്കൻ സർവകലാശാലകളിൽ പ്രവർത്തിക്കുന്നവരാണ്.
സാമ്പത്തികശാസ്ത്രജ്ഞർ മിക്കവരും (പ്രത്യേകിച്ചും സ്വല്പം ഗണിതശാസ്ത്ര പ്രാവീണ്യമുള്ളവർ) സാമ്പത്തികവളർച്ചയിലൂടെ ഇന്ത്യക്ക് വിടുതലുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണ്. ഇത്തരത്തിലുള്ള 11 പുസ്തകങ്ങൾ ഞാൻ വിമർശനാത്മകമായി വായിച്ചിട്ടുണ്ട്. ജോൻഡ്രീസും അമർത്യാസെന്നും അതിന് തികച്ചും അപവാദങ്ങളാണ്. ഇന്ത്യയെക്കുറിച്ചുള്ള അവരുടെ മൂന്നു പുസ്തകങ്ങൾ 1995 മുതൽ 2013 വരെയുള്ള കാലത്ത് പ്രസിദ്ധീകരിച്ചവയാണ്.
അവർ ഭരണഘടനയേയും ഇന്ത്യ എന്ന ആശയത്തെയും കുറിച്ച് വ്യക്തമായ ധാരണകൾ പുലർത്തുന്നവരാണ്. 2013ലെ അവരുടെ പുസ്തകത്തിന്റെ തലക്കെട്ട് ‘ഒരു അസ്ഥിരപ്രതാപം: ഇന്ത്യയും അതിന്റെ വൈരുദ്ധ്യങ്ങളും’ (An Uncertain Glory: India and its Contradictions) എന്നാണ്.
ജഗദീഷ് ഭഗവതിയും അരവിന്ദ്പനാഗരിയയും സാമ്പത്തിക പരിഷ്കാരത്തിന്റെയും ഉദാരവത്കരണത്തിന്റെയും ശക്തരായ വക്താക്കളാണ്. കമ്പോളത്തെ അതിന്റെ വഴിക്ക് വിടുക, സാമ്പത്തികവളർച്ച നേടുക, അതിദാരിദ്യ്രം ഏറക്കുറെ അപ്രത്യക്ഷമാകും എന്നതാണ് അവരുടെ രചനകളുടെ അടിസ്ഥാനപ്രമേയം. സാമ്പത്തിക അസമത്വം അവർ പ്രശ്നമാക്കുന്നില്ല. മാനവസൂചികകൾ അവർക്ക് അപ്രസക്തമാണ്.
സ്വാതന്ത്ര്യത്തിന്റെ 76 വർഷങ്ങൾക്കുശേഷവും ഇന്ത്യ ദാരിദ്യ്രത്തിലും സാക്ഷരതയിലും സ്ത്രീസമത്വത്തിലും പോഷകാഹാരക്കുറവ്, ആയുർദൈർഘ്യം, ശിശുമരണനിരക്ക് എന്നീ സൂചികകളിലും അന്തർദേശീയ താരതമ്യനിലവാരത്തിൽ അമ്പേ താഴ്ന്നുനിൽക്കുന്നതിൽ അവർക്ക് ഉത്കണ്ഠയില്ല.
2008ൽ കൊളംബിയ യൂനിവേഴ്സിറ്റിയിലെ ജഗദീഷ് ഭഗവതി ചെയർ ആയിരുന്ന പനാഗരിയ (2015–17 കാലത്ത് നിതി ആയോഗിന്റെ വൈസ് ചെയർമാൻ) ഇന്ത്യയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ തലക്കെട്ട് ഇന്ത്യ: ഉണരുന്ന രാക്ഷസൻ (India: The Emerging Giant) എന്നായിരുന്നു.
2020ൽ എഴുതിയപ്പോൾ ദംഷ്ട്രകൾ കാട്ടിയുള്ള കടുവയുടെ ചിത്രത്തിന്റെ കീഴിലുള്ള തലക്കെട്ട് ‘പരിധിയില്ലാത്ത ഇന്ത്യ: നഷ്ട പ്രതാപത്തിന്റെ വീണ്ടെടുപ്പ്’ (India Unlimited: Regaining the lost glory) എന്നാക്കി. പ്രസിദ്ധ സാമ്പത്തിക ചരിത്രകാരൻ ആംഗുസ് മാഡിസന്റെ (Angus Maddsion) കണക്കുപ്രകാരം ഒന്നാം നൂറ്റാണ്ടു മുതൽ ആയിരാമാണ്ടുവരെ ലോക ആഭ്യന്തര ഉല്പാദനത്തിന്റെ 30 ശതമാനം ഇന്ത്യക്കായിരുന്നു.
ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്. സ്വാതന്ത്ര്യസമയത്ത് അത് 4.2 ശതമാനമായി കുറഞ്ഞു. 2017ൽ 2.6 ട്രില്യൺ (ലക്ഷം കോടി) ഡോളർ വരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാഡിസന്റെ കണക്കനുസരിച്ച് 2030ൽ 7.1 ട്രില്യൺ ഡോളർ ആകുമെന്നാണ് മതിപ്പ്. 2018ൽ മാഡിസൺ കണക്കനുസരിച്ച് ലോക ഉല്പാദനത്തിന്റെ 7.78 വരും ഇന്ത്യയുടെ പങ്ക്. ലോകബാങ്ക് സ്റ്റാറ്റിസ്റ്റിക് അനുസരിച്ച് ഇന്ത്യയുടെ പങ്ക് 3.14 ശതമാണെന്നാണ് എന്റെ കണക്ക് പറയുന്നത്.
എന്തായാലും ഇന്ത്യയുടെ പോയകാല പ്രതാപം വീണ്ടെടുക്കാൻ വളർച്ചനിരക്ക് കൂട്ടാനാണ് മിക്കവരുടേയും ലക്ഷ്യം. കയറ്റുമതി വർധിപ്പിച്ച് ചൈന മുന്നേറിയെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്ക് മുന്നേറാൻ സാധിക്കുന്നില്ല. നികുതി കുറച്ച്, നിയന്ത്രണങ്ങൾ കുറച്ച് കമ്പോളം എന്ന കടുവയുടെ ശക്തിയും ഊർജവും ആക്രമണശൗര്യവും വീണ്ടെടുക്കണം.
രണ്ടക്കനിരക്കിലേക്ക് സാമ്പത്തികവളർച്ച ഉയരണം. ഇവിടത്തെ വരേണ്യവർഗത്തിന്റെ പ്രതീക്ഷയും മറ്റൊന്നല്ല. ഇന്ത്യയുടെ ആത്മാവ് എവിടെ എന്നചോദ്യം അവർക്ക് അപ്രസക്തമാണ്, അനുചിതമാണ്.
സാമ്പത്തിക വളർച്ച മുഖാന്തരവും മാർഗവും മാത്രമാണെന്നും ജനസാമാന്യത്തിന്റെ ആരോഗ്യപൂർണവും സമൃദ്ധവുമായ ജീവിതമാണ് ലക്ഷ്യമെന്ന സത്യമാണെന്ന് വാദിക്കുന്ന സെന്നിനെ പലപ്പോഴും ഇക്കൂട്ടർ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. എന്റെ ചോദ്യം ഇന്ത്യ എന്ന ആശയം സാമ്പത്തികവളർച്ചയിൽ തളച്ചിടുന്നത് ശരിയോ എന്നതാണ്.
2022 ഡിസംബർ ഒന്നു മുതൽ 2023 നവംബർ 30വരെയുള്ള കാലഘട്ടത്തിൽ ജി–20 രാഷ്ട്രങ്ങളുടെ അധ്യക്ഷപദവി ഇന്ത്യക്കാണ്. ഇക്കാലത്തെ ‘തീം’ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വസുധൈവകുടുംബകം എന്ന ആശയം പ്രധാനമന്ത്രി മോദി നിരന്തരം പ്രസംഗിക്കാറുള്ളതാണ്.
നമ്മുടെ ഭരണഘടന സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യ എന്ന ആശയം ഇത് ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമാവും. ടാഗോർ വിഭാവനംചെയ്ത, ഒരുപക്ഷേ ഉപനിഷത്തുകൾ ഉദ്ഘോഷിക്കുന്ന പൈതൃകം നിലനിർത്താൻ മാനംമുട്ടെ വളരാനും വിശ്വം നിറയെ വികസിക്കാനും കരുത്തുള്ള ഒരു ദേശീയത ആവശ്യമാണ്.
അപ്പോൾ മാത്രമേ മനസ്സ് ഭയരഹിതമാകാനും തലയുയർത്തിനില്ക്കാനും മൃതമായ ആചാരങ്ങൾക്കപ്പുറം ചിന്തിക്കാനും സാധിക്കുകയുള്ളൂ. അതാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ഇന്ത്യ എന്ന ആശയം പുനർവായന ആവശ്യപ്പെടുന്ന ചരിത്രസന്ദർഭത്തിലാണ് നാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.