ഡീൽ ഉറപ്പിക്കേണ്ടത് സംഘ്പരിവാറിനെ പുറത്താക്കാൻ
text_fieldsജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസുമായി മാധ്യമം ലേഖകൻ ഹാഷിം എളമരം നടത്തിയ അഭിമുഖം
? ജമാഅത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പ് നിലപാടുകൾ എക്കാലവും ചർച്ചയാകാറുണ്ട്. പക്ഷേ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്നും ജമാഅത്തിനെ കേന്ദ്രബിന്ദുവാക്കി സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ശക്തമായ ആരോപണങ്ങളും പ്രചാരണങ്ങളുമുണ്ടായി. എന്തുകൊണ്ടാണിത്
കഴിഞ്ഞകാലങ്ങളിൽ ജമാഅത്ത് വിവിധ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. മൂല്യാധിഷ്ഠിത നിലപാടും ഇരുമുന്നണികളെയും പിന്തുണക്കുന്ന നിലപാടും എൽ.ഡി.എഫിന് മൊത്തമായി പിന്തുണ നൽകുന്ന നിലപാടും എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ പിന്തുണ ലഭിക്കാത്തവർ ജമാഅത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് അനുകൂലമായ സമീപനം ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇതിന്റെ ആഘാതത്തിൽനിന്നുണ്ടായതാണ് സി.പി.എമ്മിന്റെ ജമാഅത്ത് വിമർശനം.
അതോടൊപ്പം, തദ്ദേശ തെരെഞ്ഞടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കും വിധമുള്ള തന്ത്രങ്ങളാണ് അവർ പയറ്റിയത്. അതിന് ഫലമുണ്ടായെന്ന് അവർ വിശ്വസിക്കുന്നു. മൃദുഹിന്ദുത്വ സമീപനങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലഭിക്കുമെന്ന് അവർ കണക്കുകൂട്ടി. അതോടൊപ്പം, ന്യൂനപക്ഷങ്ങൾക്കിടയിൽ വിവേചനമുണ്ടാക്കി അതിൽനിന്ന് മുതലെടുക്കുന്ന തന്ത്രവും പയറ്റി. ഇസ്ലാമോ ഫോബിയ ഉയർത്തിക്കാട്ടി വോട്ട് പിടിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. അതിന് അവർ മെനഞ്ഞുണ്ടാക്കിയ ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ 'ഫോർമുല'യും പ്രചരിപ്പിച്ചു. തെറ്റായ പ്രചാരണങ്ങളിലാണ് അവർ ഇപ്പോഴുമുള്ളത്.
ജമാഅത്തിനുമേൽ വർഗീയ, തീവ്രവാദ ആരോപണങ്ങൾ ഉന്നയിക്കുന്ന സി.പി.എം നേതാക്കൾ തന്നെയാണ് മുമ്പ് ജമാഅത്ത് നിലപാടുകളെ പ്രകീർത്തിച്ചതെന്ന വസ്തുതയും നമുക്ക് മുന്നിലുണ്ട്. ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ നിലപാടുള്ള പാർട്ടിയെന്ന് ജമാഅത്തിനെ വിശേഷിപ്പിച്ചതും സി.പി.എമ്മിന്റെ തലമുതിർന്ന നേതാക്കളായിരുന്നു. എന്നാൽ, ഇപ്പോൾ വർഗീയധ്രുവീകരണത്തിനും ഇസ്ലാമോ ഫോബിയക്കും അവർ ജമാഅത്തെ ഇസ്ലാമിയെ ഒരു ടൂൾ ആക്കുന്നു എന്നതാണ് വസ്തുത.
? കേരളം ഫാഷിസ്റ്റ് ശക്തികൾക്ക് കീഴടങ്ങാത്തതിന് കാരണം ഇടതുകക്ഷികളുടെ ശക്തമായ സാന്നിധ്യമാണെന്ന് അവർ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇടതുമുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മും ജമാഅത്തെ ഇസ്ലാമിയും തമ്മിലെ ഏറ്റുമുട്ടൽ സംഘ്പരിവാറിനല്ലേ യഥാർഥത്തിൽ ഗുണം ചെയ്യുക
അക്കാര്യം ഗൗരവത്തിലെടുക്കേണ്ടത് സി.പി.എമ്മാണ്. മുൻ നിലപാടുകളിൽനിന്ന് വ്യത്യസ്തമായി കഴിഞ്ഞതവണ അധികാരത്തിൽ വന്നതുമുതൽ ഫാഷിസ്റ്റ് ശക്തികളെ താലോലിക്കുന്ന നയങ്ങളാണ് സി.പി.എം നേതൃത്വം നൽകുന്ന സർക്കാർ നടപ്പാക്കിയത്. ശ്രീവാസ്തവയെ പൊലീസ് ഉപദേശകനാക്കി നടപ്പാക്കിയ പൊലീസ് നയം പലപ്പോഴും ന്യൂനപക്ഷ വിരുദ്ധമായിരുന്നു. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ കാർമികത്വത്തിൽ നടത്തിയ അത്തരം ചില നടപടികൾ സർക്കാറിന് പിന്നീട് തിരുത്തേണ്ടിയും വന്നു. െബഹ്റയുടെയും ശ്രീവാസ്തവയുടെയും പശ്ചാത്തലമെന്താണെന്ന് എല്ലാവർക്കുമറിയാം.
ഫാഷിസ്റ്റ് താൽപര്യങ്ങൾക്ക് ശക്തിപകരുന്നതും ഇസ്ലാമോ ഫോബിക് അന്തരീക്ഷം സൃഷ്ടിക്കുന്നതുമായിരുന്നു പൊലീസിന്റെ പല നടപടികളും. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് വിള്ളൽവീഴാനും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ശൈഥില്യമുണ്ടാകാനും ഇത്തരം നടപടികൾ കാരണമായിട്ടുണ്ട്.
? വെൽഫെയർ പാർട്ടിയുടെ രൂപവത്കരണം സി.പി.എമ്മുമായുള്ള അകൽച്ചക്ക് കാരണമായോ
അങ്ങനെ ഞാൻ കരുതുന്നില്ല. വെൽഫെയർ പാർട്ടി നിലവിൽ വന്നതിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇരു മുന്നണികളും അവരുമായി നീക്കുപോക്കുകൾ നടത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ സി.പി.എമ്മും ഉൾപ്പെടുന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ.
? സി.പി.എമ്മുമായുള്ള 'ഏറ്റുമുട്ട'ലിന് മഞ്ഞുരുക്കത്തിന് വല്ല സാധ്യതയും
സി.പി.എം അവരുടെ നിലപാട് തിരുത്തിയാൽ തീർക്കാവുന്ന പ്രശ്നമേയുള്ളൂ. ഫാഷിസം തന്നെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഫാഷിസത്തിനെതിരായ കൂട്ടായ്മ ഉയർത്തുന്നതിൽ ഇടതുപക്ഷത്തിന് വലിയ റോളുണ്ടെന്നുതന്നെയാണ് ജമാഅത്ത് മനസ്സിലാക്കുന്നത്. ഇതിൽ ഇടതിന് ഒരു പങ്കുമില്ല, അല്ലെങ്കിൽ ഒരു പങ്കും അവർ വഹിച്ചിട്ടില്ല എന്നൊന്നും ജമാഅത്തിന് അഭിപ്രായമില്ല.
പക്ഷേ, ഇടതുപക്ഷ നിലപാടിൽനിന്നുള്ള വ്യതിചലനമാണ് കേരളത്തിൽ സർക്കാറിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനകീയ സമരങ്ങളിൽ പങ്കെടുത്തവരെപ്പോലും തീവ്രവാദ, വർഗീയവാദ ചാപ്പകുത്തുന്ന സമീപനമുണ്ടാകുേമ്പാൾ വിമർശനം ഉയർത്തുക സ്വാഭാവികം മാത്രം. അത്തരം നിലപാടുകൾ തിരുത്തിയാൽ വിമർശനവും ഒഴിവാകും.
?കഴിഞ്ഞ എൽ.ഡി.എഫ് ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ അധികാരമേൽക്കൽ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. അതിനൊത്ത് ഉയരാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല എന്നാണ് പ്രവർത്തനങ്ങൾ വിലയിരുത്തുേമ്പാൾ ബോധ്യമാവുക. അഴിമതി, സ്വജനപക്ഷപാതിത്വം, ഭൂരിപക്ഷ വർഗീയ പ്രീണനം, ആഴക്കടൽ മത്സ്യബന്ധന കരാർ, വികലമായ പൊലീസ് നയം തുടങ്ങിയവ സർക്കാറിന്റെ മതിപ്പു കെടുത്തി. മുഖ്യമന്ത്രിയും മറ്റുചില മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ അഴിമതി ആരോപണങ്ങൾ നേരിട്ടു. ഇതൊക്കെ സർക്കാറിന്റെ ഇമേജിനെ സാരമായി ബാധിച്ചു.
? തെരഞ്ഞെടുപ്പ് അജണ്ടകൾ പൊടുന്നനെ മാറിമറിയുകയാണ്. ശബരിമലയും വർഗീയ കക്ഷികളുമായുള്ള ഡീലുമാണ് ഇപ്പോഴത്തെ വിഷയം. അജണ്ടയാകേണ്ട സുപ്രധാന വിഷയങ്ങൾ വിസ്മരിക്കുന്നതിന് പിന്നിലും അജണ്ടയുണ്ടോ
വളരെ നിർഭാഗ്യകരമാണ് കേരളത്തിന്റെ രാഷ്ട്രീയം. പ്രബുദ്ധ കേരളം ഇന്ന് വർഗീയ അജണ്ടകളിലാണ് എത്തിപ്പെട്ടത്. ഇതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ ഇടതുപക്ഷവും. രാഷ്ട്രീയ രംഗവും പൊതുരംഗവും അങ്ങനെ മാറിക്കഴിഞ്ഞു. നാടിന്റെ വളർച്ച, ജനകീയ പ്രശ്നങ്ങൾ എന്നിവക്കുപരി വർഗീയ അജണ്ടകൾ സ്ഥാനം പിടിക്കുന്നു. മത, ജാതി, സമുദായ വികാര, വിചാരങ്ങളെ വിമർശിക്കുന്നവർ വരെ സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ ഇതിനെയൊക്കെ താലോലിക്കുന്നു.
ഇതിൽ ഇടതുപക്ഷവും ഒട്ടും പിറകിലില്ല. വർഗീയ ധ്രുവീകരണത്തിലേക്ക് ചർച്ചകൾ പോകാതെ ഇരു മുന്നണികളും മതേതര നിലപാട് കാത്തുസൂക്ഷിച്ചാൽ സംഘ്പരിവാർ ചിത്രത്തിലുണ്ടാകില്ല. പക്ഷേ, ഇരുമുന്നണികളും സംഘ്പരിവാറുമായി നീക്കുപോക്കുകൾ നടത്തുന്നു എന്ന രീതിയിലുള്ള ആരോപണങ്ങൾ ഉയരാൻ ഇടയാകുന്നത് നിർഭാഗ്യകരമാണ്. പറയുന്നത് പ്രവർത്തിപഥത്തിൽ കാണിക്കേണ്ട ഉത്തരവാദിത്തം മുന്നണികൾക്കുണ്ട്. ബി.ജെ.പിക്ക് സീറ്റ് കിട്ടാതിരിക്കാൻ അവർക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പരസ്പരം നീക്കുപോക്ക് നടത്തുന്നതിനുപകരം പിൻവാതിലിലൂടെ അവരുമായി ഡീൽ ഉണ്ടാക്കിയാൽ കേരളം അതിന് കനത്ത വിലനൽകേണ്ടിവരുെമന്ന് ഓർക്കുന്നത് നന്ന്.
? തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിപക്ഷം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ
ഭരണകൂടത്തെ പ്രതിക്കൂട്ടിൽ നിർത്താവുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും അത് അജണ്ടയാക്കി ജനങ്ങളുടെ മുന്നിലെത്തിക്കുന്നതിൽ പ്രതിപക്ഷം പരാജയമാണ്. ഭരണം എത്ര മോശമായാലും, അവസാനം വർഗീയത പയറ്റിയാൽ തെരഞ്ഞെടുപ്പിൽ വിജയം കാണാമെന്ന ധാരണ ദേശീയതലത്തിൽ തന്നെയുണ്ട്. അതേ അവസ്ഥ കേരളത്തിലും കൊണ്ടുവരുന്നതിനെതിരെ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കുകയാണ് വേണ്ടത്.
? അജണ്ടകളുടെ മുൻഗണന രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്കും പങ്കില്ലേ
ദേശീയ മാധ്യമങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ ചില മാധ്യമങ്ങളും നിർഭാഗ്യവശാൽ ഇത്തരം തെറ്റായ അജണ്ടകളുടെ പിന്നാലെ പോകുന്നു. രാഷ്ട്രീയ പാർട്ടികളുടെ തെറ്റായ അജണ്ടകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതു ശരിയായ മാധ്യമ സമീപനമല്ല.
? കേരളത്തിൽ സംഘ്പരിവാറിന്റെ സാധ്യതകൾ
യു.ഡി.എഫും എൽ.ഡി.എഫും ഉറച്ച നിലപാട് സ്വീകരിച്ചാൽ കേരള മണ്ണിൽ സംഘ്പരിവാറിന് സാധ്യതകളില്ല. അതേസമയം, ഏതു വഴിയിലൂടെയും അധികാരം എന്ന സമീപനമാണെങ്കിൽ അത് സംഘ്പരിവാറിനാണ് ഗുണം ചെയ്യുക. ഇരുമുന്നണികളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ദേശീയതലത്തിൽ ബി.ജെ.പി മുഖ്യ ശത്രുവായി കാണുന്നത് കോൺഗ്രസിനെയാണ്.
കോൺഗ്രസ് മുക്ത ഭാരതമെന്നതാണ് അവരുടെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ, ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ കോൺഗ്രസിന് സാധിക്കണം. ഒരുഭാഗത്ത് സി.പി.എം-ബി.ജെ.പി ഡീൽ പറയുമ്പാൾ മറുഭാഗത്ത് കോലീബി ഡീലാണ് പറയുന്നത്. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത് മുതലാക്കുന്നത് ബി.ജെ.പിയാണെന്ന ബോധം ഇരു മുന്നണികൾക്കുമുണ്ടാകണം. ബി.ജെ.പിക്ക് നിയമസഭയിൽ ഇടമില്ലെന്ന് പ്രഖ്യാപിച്ചാൽ മാത്രം പോരാ, എല്ലാ മണ്ഡലത്തിലും അത് പ്രവർത്തിപഥത്തിൽ കാണിക്കണം.
? ന്യൂനപക്ഷ വിഭാഗങ്ങളെ പരസ്പരം അകറ്റാനുള്ള ശ്രമങ്ങളെ എങ്ങനെ കാണുന്നു. മുസ്ലിം സംഘടനകൾ ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടുണ്ടോ
മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളിൽ ശൈഥില്യമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ടതിന്റെ വലിയൊരു ഭാഗം മുസ്ലിം സമുദായം തട്ടിയെടുക്കുന്നു എന്ന ആരോപണം ഇതിന്റെ ഭാഗമാണ്. സാമ്പത്തിക സംവരണ ചർച്ചയും മദ്റസ അധ്യാപകർക്ക് പൊതുഖജനാവിൽനിന്ന് ശമ്പളം നൽകുന്നു എന്ന ആരോപണവും ചില കേന്ദ്രങ്ങളിൽനിന്ന് ഉയർന്നു. അങ്ങനെ വല്ലതും തട്ടിയെടുത്തിട്ടുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരണമെന്നതാണ് മുസ്ലിം നേതാക്കളുടെയും പണ്ഡിതരുടെയും ഉറച്ച നിലപാട്. മറ്റുള്ളവരുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല.
കോടതിയടക്കം വസ്തുത വിരുദ്ധമാണെന്ന് വ്യക്തമാക്കിയ ലൗജിഹാദ് ആരോപണം വീണ്ടും ഉയർത്തുന്നതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ മറ്റുള്ളവരെ പ്രേലാഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതത്തിൽ ചേർക്കുന്നത് ദൈവശിക്ഷ വിളിച്ചുവരുത്തുന്ന കുറ്റമാണ്. പ്രണയം മതത്തിന്റെ അതിർവരമ്പുകളിൽ നിൽക്കുന്ന ഒന്നല്ല. അങ്ങനെയെങ്കിൽ സമീപകാത്ത് നടന്ന പല പ്രമുഖ വിവാഹങ്ങളും ലവ് ജിഹാദിന്റെ ഗണത്തിൽ വരില്ലേ?. ഇത്തരം ആരോപണങ്ങളുടെയൊക്കെ നിജസ്ഥിതി വെളിപ്പെടുത്താൻ ബാധ്യസ്ഥരായ ഭരണകൂടം പക്ഷേ, ഇതിന് എരിവു പകരുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ഖേദകരമാണ്. വിവിധ സമുദായ നേതാക്കളും പണ്ഡിതരും കൂടിയിരുന്ന് തെറ്റിദ്ധാരണകൾ പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കേണ്ടതുണ്ട്.
? ഇത്തവണ തെരഞ്ഞെടുപ്പിൽ എന്തു നിലപാടാണ് ജമാഅത്ത് സ്വീകരിക്കുക
വർഗീയ, ഫാഷിസ്റ്റ് ശക്തികളുടെ വളർച്ച ശക്തി പ്രാപിക്കുന്ന ദേശീയ സാഹചര്യത്തിൽ ബദൽ രാഷ്ട്രീയം ഉയർന്നുവരണമെന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്. കേരളത്തിൽ പരസ്പര സൗഹാർദവും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന വിധം ജനങ്ങൾക്കിടയിൽ ഐക്യവും ക്ഷേമവും പ്രാവർത്തികമാക്കുന്ന ഭരണകൂടമാണ് നിലവിൽ വരേണ്ടത്. വർഗീയ ശക്തികൾ സ്വാധീനം നേടുന്ന സാഹചര്യം ഒഴിവാക്കണം. അതിനാവശ്യമായ രാഷ്ട്രീയ, സാമൂഹിക സാഹചര്യം ഉയർത്തിക്കൊണ്ടു വരാനും പൊതുജനാഭിപ്രായം രൂപവത്കരിക്കാനുമാണ് ജമാഅത്ത് ശ്രമിക്കുന്നത്.
? പൊതുസമൂഹത്തിന്റെ അജണ്ടയിലുണ്ടാകേണ്ടത്
ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയാശങ്കകളുണ്ടാക്കുന്ന അന്തരീക്ഷം കേരളത്തിന് ഗുണം ചെയ്യില്ല. അത്തരം നിലപാടുകൾക്കെതിരെ പ്രവർത്തിക്കാൻ പാർട്ടികളെ സജ്ജമാക്കണം. ഫാഷിസ്റ്റ് ശക്തികൾക്ക് നിയമസഭയിൽ ഇരിപ്പിടമുണ്ടാകുകയില്ലെന്ന് ഉറപ്പുവരുത്തണം. എല്ലാ ജനവിഭാഗങ്ങളുടെയും വളർച്ചയും ഉയർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മതേതര സ്വഭാവമുള്ള, അഴിമതി മുക്തമായ ഭരണകൂടം നിലവിൽവരണം. ഇതാണ് പൊതുസമൂഹത്തിന്റെ അജണ്ടയിലുണ്ടാകേണ്ടത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.