ചിറകു മുറിക്കപ്പെട്ട പ്രവാസികൾ
text_fieldsകോവിഡിെൻറ തുടക്കംമുതൽ കനത്ത മാനസിക സമ്മർദത്തിൽ അകപ്പെട്ട സമൂഹമാണ് ആഭ്യന്തര-അന്തർ ദേശീയ തൊഴിൽ കുടിയേറ്റ ജനത. രാജ്യത്തിന് അകത്തെ അവരുടെ അവസ്ഥ തുടക്കം മുതൽ നാം കണ്ടതാണ്. എന്നാൽ, ഇന്ത്യയിൽനിന്ന് പുറത്തേക്ക് തൊഴിൽ കുടിയേറ്റം നടത്തിയ പ്രവാസികളും ഇപ്പോൾ അതിരൂക്ഷമായ ജീവിത പ്രതിസന്ധികളിലാണ്. രണ്ടാം തരംഗം രാജ്യത്തിന് പുറത്തെ ഇന്ത്യക്കാരെ കൂടി ബാധിച്ചുകഴിഞ്ഞു. അത് ഏറ്റവും കടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടത് ഗൾഫ് പ്രവാസികളെയാണ്.
രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 24ന് ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള വിമാനയാത്ര നിർത്തിവെച്ചതോടെ പ്രയാസത്തിലായത് എണ്ണത്തിൽ കൂടുതലുള്ള മലയാളികളായ പ്രവാസികളാണ്. നോമ്പുകാലത്താണ് സാധാരണക്കാരായ പ്രവാസികൾ ഏറെയും നാട്ടിൽ എത്താറ്. അതിനു കാരണം, ഹോട്ടൽ, കഫറ്റീരിയ, ഗ്രോസറി തുടങ്ങിയ അടിസ്ഥാന തൊഴിൽ സ്ഥാപനങ്ങളിൽ കച്ചവടം കുറയുന്നതാണ്. സ്ഥാപന ഉടമക്ക് ആ മാസത്തെ ശമ്പള ബാധ്യത അതുവഴി പരിഹരിക്കാനും കഴിയും. ഇത്തരം പ്രവാസികൾക്കാകട്ടെ അധികകാലം നാട്ടിൽ നിൽക്കാനും കഴിയില്ല. അങ്ങനെയാണ് അവരുടെ ജീവിത പരിസ്ഥിതികൾ. അവരാണ് മടക്കയാത്രക്ക് കാത്തിരിക്കുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി സൗദിയിൽ തുടരുന്ന യാത്ര വിലക്കിൽ ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയത്. അവരിൽ വളരെ ചെറിയ ശതമാനമാണ് യു.എ.ഇ വഴിയുള്ള കോവിഡ് മാനദണ്ഡമനുസരിച്ച് സൗദിയിൽ തിരിച്ചെത്തിയത്. ഇടക്ക് ആ യാത്രയും നിന്നു. അങ്ങനെ യു.എ.ഇയിൽ കുടുങ്ങിയവരെ ആഹാരവും തലചായ്ക്കാൻ ഇടവും നൽകി ചേർത്തുനിർത്തിയത് പ്രവാസികൾ തന്നെയാണ്. സർക്കാർ അവരോട് പറഞ്ഞത് നാട്ടിൽ തിരിച്ചെത്താനായിരുന്നു. അതാണ് ഭരണകൂടത്തിന്റെ പൗരധർമം. ഇതിനിടയിലാണ് ഏപ്രിൽ 24ന് യു.എ.ഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ആദ്യം പതിനാല് ദിവസത്തേക്ക് ആയിരുന്നു. വീണ്ടും പതിനാല് ദിവസം നീട്ടി. ജൂൈല പകുതി വരെ എന്തായാലും വിലക്ക് നീളുമെന്നാണ് അറിയിപ്പ്. യാത്ര വിലക്ക് നിലനിൽക്കെ മറ്റു രാജ്യങ്ങളിലൂടെയും മറ്റും ജോലിചെയ്യുന്ന രാജ്യങ്ങളിൽ എത്താൻ പ്രവാസികൾ ശ്രമിച്ചിട്ടുണ്ട്. ജീവിത സാഹചര്യങ്ങളാണ് എന്തു ത്യാഗവും സാഹസവും സഹിച്ച് തൊഴിലിടങ്ങളിലെത്താൻ അവരെ നിർബന്ധിതരാക്കിയത്. അങ്ങനെ നൂറുക്കണക്കിന് പ്രവാസികളാണ് നേപ്പാളിൽ കുടുങ്ങിയത്. മേയ് 30ന് 11 രാജ്യങ്ങളിൽ നിലനിന്ന യാത്ര വിലക്ക് സൗദി പിൻവലിച്ചെങ്കിലും ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിലെ വിലക്ക് തുടർന്നു.
യു.എ.ഇയിലേക്ക് തിരിച്ചുവരുന്ന യാത്രക്കാരോട് ചില വിമാന കമ്പനികൾ ദുബൈയിൽ എത്തിയാൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയാൻ ബുക്ക് ചെയ്ത ഹോട്ടലിെൻറ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. യാത്രക്ക് നാലു മണിക്കൂർ വിമാനത്താവളത്തിൽനിന്ന് എടുത്ത റാപ്പിഡ് പി.സി.ആർ ടെസ്റ്റിെൻറ വിവരങ്ങളും. ഇതിെൻറ ചെലവ് ആരു വഹിക്കും എന്നതും പ്രധാന വിഷയമാണ്. കേരളത്തിലെ വിമാന താവളങ്ങളിൽ 3500- രൂപ വരെ ചാർജ് ചെയ്യാൻ സാധ്യതയുള്ളതായി അറിയുന്നു. നിലവിലെ അവസ്ഥയിൽ ഇതു പ്രവാസികൾക്ക് താങ്ങുന്നതല്ല. കേരള സർക്കാർ ഇത്തരം വിഷയങ്ങളിൽ കാര്യമായി ഇടപെടേണ്ടതുണ്ട്. മറ്റൊന്ന് നിർബന്ധമായും രണ്ടു ഡോസ് വാക്സിൻ എടുക്കണം എന്നതാണ്. ഒരു ഡോസ് എടുത്ത് കാത്തിരിക്കുന്നവർ അനവധി. നിലവിൽ പ്രവാസികൾക്ക് രണ്ടു ഡോസ് വാക്സിൻ നൽകാനുള്ള നടപടികൾ ആശ്വാസമാണെങ്കിലും മറ്റു ചില വിഷയങ്ങളിൽ കൂടി സർക്കാറിെൻറ ശ്രദ്ധ പതിയേണ്ടതുണ്ട്.
നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടെ കാലാവധി കഴിഞ്ഞ വിസയുടെ കാര്യമാണ് ഒന്ന്. മറ്റൊന്ന് ആറു മാസം നാട്ടിൽ കുടുങ്ങിയവരുടെ തിരിച്ചുവരവാണ്. നിയമപ്രകാരം ആറു മാസം കഴിഞ്ഞാൽ ഇമിഗ്രേഷൻ ക്ലിയറൻസ് സാധ്യമല്ല. അതിലുപരി വിദ്യാർഥികൾ, ഗർഭിണികൾ, ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് രണ്ടാം ഡോസ് ഗൾഫ് രാജ്യങ്ങളിൽനിന്ന് എടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. യാത്ര വിലക്ക് കാരണം, ജോലി നഷ്ടമായവരുടെ വിഷയത്തിൽ അതത് വിദേശ രാജ്യത്തെ ഇന്ത്യൻ എംബസികൾക്ക് ഇടപെടാനുള്ള സാധ്യത പരിശോധിക്കപ്പെടണം. പല തൊഴിലാളികൾക്കും തിരിച്ചെത്തിയാൽ പഴയ ജോലിയിൽ പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. അത്തരം വിഷയങ്ങളിൽ ഗൾഫ് രാജ്യത്തെ ഭരണാധികാരികളെ സമീപിച്ച് തൊഴിലാളികൾക്ക് അനുകൂലമായ സമീപനം ഉണ്ടാക്കാൻ കഴിയണം. നേരത്തേ സ്ത്രീ ഗാർഹികതൊഴിലാളികളുടെ കാര്യത്തിൽ ക്രിയാത്മക ഇടപെടൽ പല ഗൾഫ് രാജ്യങ്ങളും നടത്തിയിട്ടുണ്ട്.
ഇത്തരം വിഷയങ്ങൾ രണ്ട് രാജ്യങ്ങൾ തമ്മിൽ നടക്കേണ്ട നയതന്ത്രപരമായ കാര്യങ്ങളാണെങ്കിൽ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ കേരളം കൊണ്ടുവരേണ്ട പ്രധാന വിഷയമാണ് വിമാനയാത്ര കൂലി. സാധാരണ തിരക്കുള്ള സമയത്ത് ഗൾഫ് രാജ്യങ്ങളിലേക്ക് 70,000 രൂപക്ക് മുകളിൽ വരെ യാത്ര നിരക്ക് എത്താറുണ്ട്. നാലു മണിക്കൂർ യാത്രക്കാണ് ഈ നിരക്ക്. അന്യായ നിരക്കിലൂടെ പ്രവാസികളെ കൊള്ളയടിക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. അന്നു തുടങ്ങിയതാണ് പ്രവാസികളുടെ നിലവിളി. എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടികളും അത് കേട്ടതായി ഭാവിക്കാറില്ല. കാരണം, വിഷയം ഉന്നയിക്കുന്നത് അസംഘടിതരായ പ്രവാസികളാണ് എന്നതാണ്. മാത്രമല്ല, എത്ര അവഗണിച്ചാലും തങ്ങളെ മാലചാർത്തി സ്വീകരിക്കാൻ പ്രവാസികൾ വിമാനത്താവളത്തിൽ എത്തുമെന്ന് അവർക്കറിയാം. ഇപ്പോൾ അത്തരം രാഷ്ട്രീയക്കാർ അറിയാൻ ചില കാര്യങ്ങൾ കൂടി പറയാനുണ്ട്.
സർക്കാർ കണക്കു പ്രകാരം മേയ് അവസാനത്തോടെ 14,21,837 പേരാണ് കേരളത്തിൽ തിരിച്ചെത്തിയത്. യു.എ.ഇ യിൽ നിന്ന് 8,44,927 ഉം സൗദിയിൽ നിന്ന് 1,67,420 ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്ന് യഥാക്രമം 1,29,183,1,32,769 പേരും എത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പ്രവാസികൾക്ക് തിരിെച്ചത്തേണ്ടത് യു.എ.ഇയിലേക്കാണ്. നിലവിലെ അവസ്ഥയിൽ എക്സ്പോ 2020 യുടെ വലിയ സാധ്യതയിലാണ് പ്രവാസികളുടെ പ്രതീക്ഷ. ഈ പ്രവാസികളിൽ വലിയ ശതമാനം കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരാണ്. ഇവർ കോവിഡിെൻറ തുടക്കത്തിൽ നാട്ടിൽ എത്തി മടക്കയാത്ര തുടരാൻ കഴിയാഞ്ഞവരാണ്. പ്രത്യേകിച്ചും സൗദിയിൽ നിന്ന് എത്തിയവർ. ഒന്നര വർഷമായി കാര്യമായി തൊഴിൽ ചെയ്യാൻ കഴിയാതെ കടം കയറിയ പ്രവാസികളുടെ അവസാനത്തെ ആശ്രയമാണ് ഇപ്പോഴത്തെ യാത്ര.
മടങ്ങിപ്പോയ പ്രവാസികൾ തിരിച്ചെത്തണം എന്നു തന്നെയാണ് ഈ രാജ്യങ്ങളെല്ലാം ആഗ്രഹിക്കുന്നത്. ഒന്നാം തരംഗം കടുത്ത സമയത്ത് ജോലി നഷ്ടപ്പെട്ടവർക്ക് ഭക്ഷണവും രോഗം ഗ്രസിച്ചവർക്ക് ചികിത്സയും സൗജന്യമായി നൽകി സ്വന്തം ജനങ്ങെളപ്പോലെയാണ് അവർ പ്രവാസികെള കാത്തുപോന്നത്. ജനങ്ങൾക്ക് വാക്സിൻ നൽകുന്നതുപോലും ഇന്ത്യയിൽ ഭരണാധികാരികൾ പ്രചാരണായുധമാക്കുന്ന സാഹചര്യത്തിൽ വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ തികച്ചും സൗജന്യമായി വാക്സിൻ നൽകുന്നുണ്ട് യു.എ.ഇ പോലുള്ള രാജ്യങ്ങൾ. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് തിരിച്ചെത്താൻ തടസ്സങ്ങളായ ഇഖാമ ,റീ എൻട്രി, സന്ദർശക വിസ എന്നിവയുടെ കാലാവധി സൗദി സൽമാൻ രാജാവ് സൗജന്യമാക്കിയതും പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസകരമായ വാർത്തയാണ്. നേരത്തേ യു.എ.ഇ യും ഇത്തരം ഇളവുകളും സൗജന്യങ്ങളും നൽകിയിരുന്നു.
ഗൾഫ് രാജ്യങ്ങൾ ഇത്തരം അനുകൂലമായ തീരുമാനങ്ങൾ എടുക്കുമ്പോഴാണ് പ്രവാസികൾക്ക് സ്വന്തം രാജ്യത്ത് കടുത്ത അവഗണനകൾ നേരിടേണ്ടി വരുന്നത്. എല്ലാ രീതിയിലും മലയാളികളുടെ ഗൾഫ് പ്രവാസം കടുത്ത പ്രതിസന്ധികളിലാണ്. ഈ സമയത്ത് കഴിഞ്ഞകാലങ്ങളിൽ പ്രവാസികൾ നാട്ടിൽ അയച്ച പണത്തിെൻറയും അതുണ്ടാക്കിയ സാമൂഹിക, സാമ്പത്തിക പുരോഗതികളെക്കുറിച്ചുള്ള പാടിപ്പുകഴ്ത്തലല്ല കേന്ദ്ര, സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. പകരം, എല്ലാ രാഷ്ട്രീയ, സാമൂഹിക സംഘടനകളും സാമൂദായിക പ്രസ്ഥാനങ്ങളും മാധ്യമങ്ങളും പ്രവാസികളുടെ പ്രതിസന്ധികളെ പഠിച്ച് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കണം.
ഇനി ഒട്ടും വൈകാതെ തുടർ യാത്രക്ക് സഹായകമാകുന്ന വിഷയങ്ങളിൽ കേന്ദ്രത്തിെൻറ അധികാരപരിധിയിലുള്ള വിഷയത്തിൽ എം. പിമാർ ഇടപെടേണ്ടതുമുണ്ട്. അതേപോലെ, ലോക കേരളസഭയിലെ അംഗങ്ങൾക്ക് അതത് രാജ്യത്തെ തൊഴിൽ സംബന്ധമായ പരിതഃസ്ഥിതികളെ മുഖ്യമന്ത്രിയെ അറിയിക്കാൻ കഴിയണം. ഒപ്പം വെർച്വൽ പ്ലാറ്റ്ഫോമിൽ ലോക കേരള സഭ വിളിച്ചുചേർത്ത് നിലവിലെ അവസ്ഥകൾ ചർച്ച ചെയ്യണം. പല കാരണത്താൽ തിരിച്ചുവരാൻ കഴിയാത്ത പ്രവാസികളുടെ പുനരധിവാസം കേവലം ബാങ്ക് വായ്പയിൽ ഒതുങ്ങരുത്. അവരുടെ തൊഴിൽ നൈപുണ്യത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാവണം. അത് ഇനിയും വൈകാതെ നടപ്പാക്കാനുള്ള സമ്മർദ ശക്തിയായി ഇനിയെങ്കിലും പ്രവാസി സംഘടനകൾ മാറണം. ഇപ്പോൾ അത്തരം കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്നതാണ് പ്രവാസികൾ ചോദിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.