അരുതാത്തതെല്ലാം നടന്ന ‘അവസാന’ സമ്മേളനം
text_fieldsപാർലമെന്ററി ജനാധിപത്യത്തിൽ അരുതാത്തതെല്ലാം സംഭവിച്ച ഒരു സമ്മേളനത്തിനാണ് കഴിഞ്ഞ വ്യാഴാഴ്ച അറുതിയായത്. ബി.ജെ.പി എം.പി നൽകിയ സന്ദർശക പാസുമായി പാർലമെന്റിനകത്തേക്ക് കയറിപ്പറ്റിയ ആക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിൽ ഒതുങ്ങുന്നില്ല ഈ അരുതായ്മ. പാർലമെൻറിലെ സുരക്ഷ വീഴ്ചയെക്കുറിച്ച് ചോദിച്ച 150ഓളം പ്രതിപക്ഷ എം.പിമാരുടെ കൂട്ട സസ്പെൻഷൻ കൊണ്ടും അവസാനിച്ചില്ല അത്. രാജ്യമെന്നാൽ ഒരു പാർട്ടിയാണെന്നും രാജ്യത്തിന്റെ നിയമങ്ങളെന്നാൽ ആ പാർട്ടിയുടെ അജണ്ടകളാണെന്നുമുള്ള ഏകാധിപത്യ രീതിയിലേക്ക് പാർലമെന്ററി ജനാധിപത്യത്തെ ഏകപക്ഷീയമായി പരിവർത്തിപ്പിക്കുന്നതിലായിരുന്നു സമ്മേളനകാലത്ത് സർക്കാറിന്റെ ശ്രദ്ധ മുഴുവനും. അര ഡസനിലേറെ അതിനിർണായക നിയമങ്ങളും പ്രതിപക്ഷ സാന്നിധ്യമില്ലാതെ ചുട്ടെടുത്തു.
ജനാധിപത്യ ശ്രീകോവിലിൽ പാഞ്ചാലി വസ്ത്രാക്ഷേപം
സർക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കും അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ചങ്ങാത്ത മുതലാളിത്തത്തിനും എതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്ന ഒരു വനിതാ എം.പിയെ, അവർക്ക് പറയാനുള്ളത് കേൾക്കാതെ പടിയിറക്കിവിട്ട ശിക്ഷാവിധിയോടെയാണ് അരുതായ്മകളുടെ ഘോഷയാത്ര തുടങ്ങിയത്. കുറ്റവിചാരണ പൂർത്തിയാക്കാതെ പാർലമെന്റിൽനിന്നുതന്നെ അവഹേളിച്ചിറക്കി വിട്ടതിനെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ‘പാഞ്ചാലിയുടെ വസ്ത്രാക്ഷേപം’ എന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല. ആരോപിതക്ക് ഒരവസരം നൽകൂ എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന സ്പീക്കർ പ്രതിപക്ഷ ശബ്ദമുയരുമെന്ന് കണ്ടതോടെ കുറ്റവിചാരണ പാതിവഴിയിൽ നിർത്തി ശിക്ഷ വിധിക്കുകയായിരുന്നു. പ്രമുഖ വ്യവസായിയുടെ അടുത്തൂൺപറ്റുകാരൻ എന്ന ആക്ഷേപം നേരിടുന്ന ഒരു ഭരണപക്ഷ എം.പി വ്യവസായിക്കായി എഴുതിക്കൊടുത്ത ‘ചോദ്യത്തിന് കോഴ’പരാതിയിലെ ആരോപണം തീർപ്പാകാൻ കാത്തുനിൽക്കാതെയായിരുന്നു ശിക്ഷാവിധി. കുറ്റവിചാരണ പോകട്ടെ, ഒരു ആരോപണത്തിന്റെ നിജഃസ്ഥിതി അന്വേഷിക്കുകയെന്ന സാമാന്യനീതി പോലും നടപ്പാക്കിയില്ല. സർക്കാറിന് ഹിതകരമല്ലാത്തത് മിണ്ടിപ്പോയാൽ ലഭിക്കുക സസ്പെൻഷനാണെന്ന താക്കീതാണ് മഹുവക്കെതിരായ ശിക്ഷാവിധിയെന്ന് മുന്നറിയിപ്പ് നൽകിയപ്പോഴും ഈ ശിക്ഷ തങ്ങളെ ഒന്നടങ്കം കാത്തിരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ എം.പിമാർ കരുതിയിരുന്നില്ല.
മോങ്ങാനിരുന്നപ്പോൾ ചാടിവീണ ആക്രമികൾ
മാധ്യമങ്ങളെ കൈപ്പിടിയിലാക്കി എതിരാളികളുടെ ശബ്ദം കേൾക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന സർക്കാറിന് ഭീഷണിയായി പരിമിതികളോടെയെങ്കിലും രാജ്യത്ത് അവശേഷിച്ച ഏക ഇടമായിരുന്നു പാർലമെന്റ്. പാർലമെന്റിന്റെ ഇരു സഭകളിലും ആനുപാതികമായ സമയം പ്രതിപക്ഷ എം.പിമാർക്ക് നൽകാൻ നിർബന്ധിതമാണെന്നതും പ്രതിപക്ഷ ഇടപെടലുകൾ ചരിത്രരേഖയായി പാർലമെന്ററി റെക്കോഡുകളിൽ ഇടംപിടിക്കുമെന്നതും ആ നടപടികൾ ലൈവായി ജനം കാണുമെന്നതും സർക്കാറിന് ഭീഷണിയാണ്. അതിലുപരി സൈനികരുടെ സുരക്ഷാകവചവും ആശ്രിതരുടെ വലയങ്ങളുമില്ലാതെ ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ നേതാക്കളും മാധ്യമപ്രവർത്തകരുമായി പാർലമെന്റ് വളപ്പിൽ തുറന്നു സംസാരിക്കുന്നതും ഇടപഴകുന്നതും സർക്കാറിന് സഹിക്കാവുന്നതല്ല. പാർലമെന്റേറിയന്മാരും മാധ്യമപ്രവർത്തകരും തമ്മിലെ പാരസ്പര്യം ഒഴിവാക്കാനായിരുന്നു പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലേക്ക് മാധ്യമപ്രവർത്തകരെ വിലക്കിയത്. ഇരുകൂട്ടരിൽനിന്നും അവശേഷിക്കുന്ന ഭീഷണി എങ്ങനെ നേരിടണമെന്ന് തലപുകഞ്ഞ് ആലോചിക്കുന്ന സർക്കാറിന്റെ തലക്ക് മുകളിലേക്കാണ് ബി.ജെ.പി എം.പി പ്രതാപ് സിംഹ കൊടുത്ത സന്ദർശക പാസിലൂടെ ലോക്സഭ ഗാലറിയിലേക്ക് കയറിയ ഉത്തർപ്രദേശിലെ സാഗർ ശർമയും കർണാടകയിലെ മനോരഞ്ജൻ ഗൗഡയും പുകത്തോക്കുകളുമായി ചാടി വീണത്.
രോഷം മാധ്യമങ്ങളോടും പ്രതിപക്ഷ
ത്തോടും 22,000 കോടി രൂപ ചെലവിട്ട് നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കൊട്ടിഗ്ഘോഷിച്ച അഞ്ചിരട്ടി സുരക്ഷ സംവിധാനം ആർക്കും മറികടക്കാൻ കഴിയും വിധം ദുർബലമാണെന്ന് കാണിച്ചവരോടായിരുന്നില്ല, അത് തുറന്നുപറഞ്ഞ പ്രതിപക്ഷ എം.പിമാരോടും മാധ്യമങ്ങളോടുമായിരുന്നു സർക്കാറിന്റെ രോഷമത്രയും. അതിക്രമം നടത്താൻ ആക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പിയുടെ പ്രവൃത്തിയിൽ ഒരു അപാകവും തോന്നാത്തവർക്ക് സന്ദർശക പാസ് മൊബൈലിൽ പകർത്തിയ പ്രതിപക്ഷ എം.പി ഡാനിഷ് അലി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യ കവാടമായ ‘മകര ദ്വാറി’ൽ അത് മാധ്യമങ്ങളുമായി പങ്കുവെച്ചത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഒന്നും മറച്ചുവെക്കാനിട കൊടുക്കാതെ ഡാനിഷ് അലി ആ ചിത്രം മാധ്യമങ്ങൾക്ക് നൽകിയില്ലായിരുന്നുവെങ്കിൽ സന്ദർശക പാസ് കൊടുത്ത ബി.ജെ.പി എം.പിയുടെയും ആ പാസിൽ ചാടിവീണ അതിഥികളുടെയും പേരുകൾ ആരുമറിയില്ലായിരുന്നു. ഇതിനുമുമ്പ് ഇത്തരം 47 സുരക്ഷാ വീഴ്ചകളുണ്ടായെന്ന് പറഞ്ഞ് പാർലമെൻറിനകത്തെ അതിക്രമത്തെ ഒരുഭാഗത്ത് ചുരുക്കിക്കാണിച്ച അതേ സർക്കാർ എം.പിമാരുമായി സ്വതന്ത്രമായി ഇടപഴകാൻ കഴിയാത്ത തരത്തിൽ ‘മകര ദ്വാർ’ പരിസരം മാധ്യമപ്രവർത്തകർക്ക് നിരോധിത മേഖലയാക്കി മാറ്റി. ബി.ജെ.പി എം.പിയുടെ അതിഥികൾ ലോക്സഭയിൽ പൊട്ടിച്ച പുകത്തോക്ക് ഷൂവിൽനിന്ന് ഊരിയെടുത്തതിനാൽ ഷൂ അഴിച്ചുമാറ്റി കാണിച്ചുകൊടുത്ത ശേഷമേ മാധ്യമപ്രവർത്തകരെയും പാർലമെന്റിനകത്തേക്ക് കയറ്റിവിട്ടുള്ളൂ.
സുപ്രീംകോടതി വിധി മറികടന്ന സഭാധ്യക്ഷന്മാർ
പാർലമെന്റിനകത്ത് നടന്ന അതിക്രമമല്ല, മറിച്ച് അതൊരു സുരക്ഷവീഴ്ചയായി ഉയർത്തിക്കാണിക്കുന്നതാണ് തെറ്റ് എന്ന് കൂട്ട സസ്പെൻഷനിലൂടെ പ്രതിപക്ഷത്തെയും സർക്കാർ പഠിപ്പിച്ചു. സംഭവിച്ച വീഴ്ചയിൽ ഡൽഹി പൊലീസിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുസഭകളിലുമെത്തി പ്രസ്താവന നടത്തിയശേഷം മതി പാർലമെന്റ് നടപടികൾ എന്നുപറഞ്ഞതാണ് പ്രതിപക്ഷം ചെയ്ത തെറ്റ്. അതിൽപിന്നെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മൈക്ക് 21ന് സമ്മേളനം അവസാനിപ്പിക്കുന്നതുവരെ ഓണാക്കിക്കൊടുത്തിട്ടേയില്ല. ആ ആവശ്യമുന്നയിച്ച് സഭാനടപടികൾ സ്തംഭിപ്പിച്ചതിന് 146 എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തു. നടപ്പുസമ്മേളനത്തിനപ്പുറത്തേക്ക് എം.പിമാരെ സസ്പെൻഡ് ചെയ്യാൻ സഭാധ്യക്ഷന്മാർക്ക് അധികാരമില്ലെന്ന സുപ്രീംകോടതി വിധി മറികടന്ന് 14 എം.പിമാരെ അവകാശലംഘന കമ്മിറ്റി റിപ്പോർട്ട് വരുന്നതുവരെ സസ്പെൻഡ് ചെയ്ത് പുറത്തുനിർത്തി. പ്രതിഷേധത്തിന്റെ ഭാഗമാണ് സഭ സ്തംഭിപ്പിക്കലെന്ന് പ്രതിപക്ഷത്തായിരിക്കെ അന്തരിച്ച ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലി പഠിപ്പിച്ചത് എൻ.ഡി.എയുടെ പഴയ സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന്റെ ഹർസിമ്രത് കൗർ ഓർമിപ്പിച്ചത്, ഭരണത്തിലെത്തിയതോടെ തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് സർക്കാർ.
വിഘ്നങ്ങൾ നീക്കാനുള്ള നിർണായക നിയമങ്ങൾ
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതി നിർണയിക്കുന്ന സുപ്രധാന ബില്ലുകൾ എതിർ ശബ്ദമുയർത്താൻ പ്രതിപക്ഷമില്ലാതായ ഇരുസഭകളിലും ഏകപക്ഷീയമായി പാസാക്കിയെടുക്കുന്നതാണ് പിന്നീട് കണ്ടത്. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പുതിയൊരു ഇന്ത്യയുടെ നിർമിതിക്കായി എത്ര സമർഥമായാണ് സർക്കാർ പണിയെടുക്കുന്നതെന്ന് ഒരിക്കലും പരസ്പരബന്ധമില്ലെന്ന് നാം കരുതുന്ന പുതിയ നിയമങ്ങളെ പ്രത്യേകം ചേർത്ത വകുപ്പുകളിലൂടെയും വിശദീകരണങ്ങളിലൂടെയും ബന്ധിപ്പിച്ചത് പരിശോധിച്ചാൽ മനസ്സിലാകും. ഭീകരപ്രവർത്തനവും തീവ്രവാദ പ്രവർത്തനവും വ്യാഖ്യാനിച്ച ഭാരതീയ ന്യായ സംഹിത പാസാക്കിയതിനുശേഷം കൊണ്ടുവന്ന പത്ര, ആനുകാലിക രജിസ്ട്രേഷൻ ബില്ലിൽ അതുമായി ബന്ധിപ്പിച്ചുണ്ടാക്കിയ വകുപ്പും അനുബന്ധമായി ചേർത്ത വിശദീകരണവും ഒരു ഉദാഹരണം മാത്രം.
ഇന്ത്യ ഇനി എന്നെന്നും ഭരിക്കുന്നത് ബി.ജെ.പി മാത്രമായിരിക്കുമെന്ന ധാർഷ്ട്യത്തോടെ പ്രതിപക്ഷമില്ലാതെ ചുട്ടെടുക്കുന്ന നിയമങ്ങൾ ഓരോന്നും നിങ്ങളെത്തന്നെ തിരിഞ്ഞുകൊത്തുമെന്ന് ഡി.എം.കെയുടെ തിരുച്ചി ശിവ മൈക്കില്ലാതെ രാജ്യസഭയിലും എം.ഐ.എമിന്റെ അസദുദ്ദീൻ ഉവൈസി മൈക്കിലൂടെ ലോക്സഭയിലും നൽകിയ മുന്നറിയിപ്പ് ഭരണപക്ഷ ബെഞ്ചുകളുടെ പരിഹാസച്ചിരിയിലമർന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയമനം പൂർണമായും പ്രധാനമന്ത്രിയിലും മാധ്യമങ്ങളുടെ നിയന്ത്രണം അപ്പാടെ കേന്ദ്ര സർക്കാറിലും നിക്ഷിപ്തമാക്കുന്ന നിയമങ്ങൾ അവസാന ദിവസം പാർലമെന്റ് കടത്തിയപ്പോഴും മുഴങ്ങിയത് ആ പരിഹാസച്ചിരിയുടെ മാറ്റൊലിയാണ്. ഇതിനിടയിൽ പ്രതിപക്ഷത്തിന്റെ ആവലാതി കേൾക്കാൻ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയല്ലാതെ മറ്റാരുമില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.