വിദ്വേഷ രാഷ്ട്രീയത്തിന് തടയിട്ടേ തീരൂ
text_fieldsവിവിധ മതങ്ങൾ, ജാതികൾ, സമുദായങ്ങൾ, ഭാഷാവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന ഒരു പ്രവർത്തനത്തിലും പാർട്ടികളും സ്ഥാനാർഥികളും ഏർപ്പെടരുതെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തിലെ ഒന്നാം വകുപ്പ് പറയുന്നത്. എന്നാൽ, രാജ്യത്തെ പ്രധാനമന്ത്രി ഇങ്ങനെ വിഷലിപ്ത പ്രചാരണം നടത്തുന്നത് ഇന്ത്യയിൽ അഭൂതപൂർവമാണ്. പെരുമാറ്റച്ചട്ടവും രാഷ്ട്രനിയമങ്ങളും നഗ്നമായി ലംഘിക്കുന്ന പ്രധാനമന്ത്രിയെ വെറുതെവിടുന്നതിന് ഒരു കാരണവും ന്യായീകരണവുമില്ല. അത്തരം കാര്യങ്ങളിൽ അദ്ദേഹത്തിന് ഒരു നിയമപരിരക്ഷയും ഉണ്ടാകില്ല. പ്രധാനമന്ത്രി നിയമത്തിന് അതീതനാണെന്ന സന്ദേശം രാജ്യത്തിന് നൽകാനും പാടില്ല. സുപ്രീംകോടതി അഭിഭാഷകൻ കാളീശ്വരം രാജ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത്.
1. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിദ്വേഷ പ്രസംഗവും ഭിന്നിപ്പിക്കൽ രാഷ്ട്രീയവും തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഈ നോട്ടീസ് വഴി ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ വ്യക്തമായ ലംഘനമാണ്.
2. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കൽ 1951ലെ ജനപ്രതിനിധി നിയമത്തിന്റെ 125ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് കുറ്റകൃത്യമാണ്. വിവിധ മതങ്ങൾ, ജാതികൾ, സമുദായങ്ങൾ, ഭാഷാവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന ഒരു പ്രവർത്തനത്തിലും പാർട്ടികളും സ്ഥാനാർഥികളും ഏർപ്പെടരുതെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തിലെ ഒന്നാം വകുപ്പ് പറയുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിമർശനങ്ങളും പാർട്ടികളും പ്രവർത്തകരും ഒഴിവാക്കണമെന്ന് രണ്ടാം വകുപ്പിൽ പറയുന്നു. മൂന്നാം വകുപ്പ് പറയുന്നത് പ്രകാരം വോട്ട് നേടാൻ സാമുദായങ്ങളെയും ജാതികളെയും പ്രീണിപ്പിക്കരുത്. പാർട്ടികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളിൽനിന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നും മാറിനിൽക്കണമെന്ന് നാലാം വകുപ്പ് പറയുന്നു.
3. മതസമുദായങ്ങളും വംശങ്ങളും മറ്റും തമ്മിൽ വിദ്വേഷം വളർത്തുന്നത് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം കുറ്റകരമാണ്. വിവിധ വിഭാഗങ്ങൾ തമ്മിൽ വിദ്വേഷവും ശത്രുതയുമുണ്ടാക്കുന്ന തരത്തിൽ ജാതീയവും മതപരവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് 153 വകുപ്പ് ബി പ്രകാരം ശിക്ഷാർഹമാണ്.
4. ശിക്ഷാഭീതിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിദ്വേഷ പ്രസംഗം നടത്തിയത് അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന കാര്യവും മുകളിൽ പറഞ്ഞതും സമാനമായ മറ്റു നിയമങ്ങൾക്കും വിരുദ്ധമാണ്
5. ‘നിങ്ങൾ കഠിനാധ്വാനം ചെയ്ത് നേടിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് നൽകണോ? എന്നാണ് ഏപ്രിലിൽ രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആൾക്കൂട്ടത്തോട് ചോദിച്ചത്. ‘കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ രാജ്യത്തിന്റെ വിഭവങ്ങളിൽ ആദ്യ അവകാശം മുസ്ലിംകൾക്കാണെന്നാണ് അവർ പറഞ്ഞത്. അവർ നിങ്ങളുടെ മുഴുവൻ സമ്പത്തും പിടിച്ചെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യും’ എന്ന പ്രസ്താവനയും അദ്ദേഹം നടത്തി. ഹിന്ദു സ്ത്രീകൾ ധരിച്ചിരിക്കുന്ന ‘മംഗൾസൂത്ര’ കോൺഗ്രസ് പിടിച്ചെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
6. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസിനെ ഛത്തിസ്ഗഢിലെ ബസ്റ്ററിൽ നടന്ന റാലിയിൽ അദ്ദേഹം ആക്രമിച്ചു. മുസ്ലിം ലീഗിന്റെ ഭാഷയിലാണ് കോൺഗ്രസ് പ്രകടന പത്രിക തയാറാക്കിയതെന്ന് മറ്റൊരു സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പിൽ അധികാരം നേടാൻ കോൺഗ്രസിന് പാകിസ്താൻ നേതാക്കളുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മറ്റൊരവസരത്തിൽ, ‘വോട്ട് ജിഹാദിനെ’ വിമർശിക്കുന്നതിന്റെ മറവിൽ, അദ്ദേഹം വർഗീയ ആരോപണങ്ങളും പ്രകോപനപരമായ പ്രസംഗങ്ങളും നടത്തി. പിന്നാക്ക വിഭാഗങ്ങൾക്കുള്ള ക്വോട്ട കോൺഗ്രസ് പിടിച്ചെടുത്ത് പിൻവാതിൽ വഴി മുസ്ലിംകൾക്ക് നൽകിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു പരസ്യ പ്രസ്താവന.
7. ഉന്നയിച്ച ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും വ്യക്തമായും അടിസ്ഥാനരഹിതമോ വളച്ചൊടിച്ചതോ ആയതിനാൽ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. മതഭ്രാന്തിന്റെ അടിസ്ഥാനത്തിലുള്ളവയാണ് ഈ പ്രസ്താവനകൾ. അവ ഭിന്നിപ്പിക്കുന്നതും പ്രകോപിപ്പിക്കുന്നതും അപകീർത്തികരവുമാണ്. വോട്ടർമാരെ ആകർഷിക്കാൻ വിലകുറഞ്ഞ പദാവലി ഉപയോഗിക്കുന്നത് വ്യക്തമായി അപലപനീയമാണ്. രാജ്യത്തെ പ്രധാനമന്ത്രിയുടെ ഇത്തരമൊരു വിഷലിപ്തമായ പ്രചാരണം ഇന്ത്യയിൽ അഭൂതപൂർവമാണ്. പെരുമാറ്റച്ചട്ടവും രാഷ്ട്രനിയമങ്ങളും നഗ്നമായി ലംഘിക്കുന്ന പ്രധാനമന്ത്രിയെ വെറുതെ വിടുന്നതിന് ഒരു കാരണവും ന്യായീകരണവുമില്ല. അത്തരം കാര്യങ്ങളിൽ അദ്ദേഹത്തിന് ഒരു നിയമപരിരക്ഷയും ഉണ്ടാകില്ല. പ്രധാനമന്ത്രി നിയമത്തിന് അതീതനാണെന്ന സന്ദേശം രാജ്യത്തിന് നൽകാനും പാടില്ല. നിങ്ങൾക്കറിയാവുന്നതുപോലെ, നിയമങ്ങൾക്കുമുന്നിൽ സമത്വവും നിയമങ്ങളുടെ തുല്യ സംരക്ഷണവും ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്നു.
8. മേൽപറഞ്ഞ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളും വ്യക്തികളും നിങ്ങളുടെ മുന്നിൽ നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അറിയിപ്പും ഇതുമായി ബന്ധപ്പെട്ട പരാതിയായി കണക്കാക്കാം.
9. തെരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടി ജനങ്ങളുടെ സാഹോദര്യത്തെ തകർക്കാനുള്ള ഏതൊരു നീക്കവും, അതും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായാൽ, അത് നിരാകരിക്കപ്പെടേണ്ടതാണ്.
10. അനൂപ് ബാരൻവാൾ (2023) കേസിൽ, തെരഞ്ഞെടുപ്പ് പ്രക്രിയ നീതിപൂർവമായി നിയന്ത്രിക്കാൻ ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷന്റെ ആവശ്യകത ബഹുമാനപ്പെട്ട സുപ്രീംകോടതി അടിവരയിടുന്നുണ്ട്. പ്രസ്തുത വിധിയുടെ അനുപാതം ലംഘിച്ച് തെരഞ്ഞെടുപ്പ് കമീഷനെ നിയമിച്ചത് തുടർന്നുള്ള കേസുകളിൽ (ജയ താക്കൂർ-യൂനിയൻ ഓഫ് ഇന്ത്യ, ബന്ധപ്പെട്ട കേസുകളും) ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്, അവ ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
11. മേൽപറഞ്ഞ കാര്യങ്ങളിൽ നിങ്ങളുടെ പ്രവർത്തനവും നിഷ്ക്രിയത്വവും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിയമവാഴ്ചയുടെ ഒരു പരീക്ഷണമായേക്കാം. പ്രധാനമന്ത്രിയുടെ തുടർച്ചയായ കുറ്റകരമായ പ്രസംഗങ്ങൾ തടയാൻ നിങ്ങൾ ഇതുവരെ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രധാനമന്ത്രി വ്യക്തിപരമായി പരാമർശങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടി അധ്യക്ഷന് നോട്ടീസ് നൽകുന്നത് പര്യാപ്തമായ നടപടിയല്ല.
12. അതിനാൽ, ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും കാര്യങ്ങൾ ശരിയായി ക്രമീകരിക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഈ നോട്ടീസിലൂടെ ആവശ്യപ്പെടുന്നു. മുകളിൽ സൂചിപ്പിച്ച ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ മുമ്പാകെ നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരത്തിൽ, ഉചിതമായ ഇടപെടലിലൂടെ, ഈ പ്രശ്നം അവതരിപ്പിക്കാൻ എനിക്ക് അവകാശമുണ്ട്. ദയവായി ഈ അറിയിപ്പ് തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ സമർപ്പിക്കുകയും സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.