പ്രളയക്കെടുതിയും വിവാദപ്പെരുമഴയും
text_fieldsചെന്നൈയിലെ വെള്ളപ്പൊക്കവും തെക്കൻ തമിഴകത്തെ കനത്തമഴയും സംസ്ഥാനത്ത് വ്യാപക നാശം വിതച്ചതിനുപിന്നാലെ കേന്ദ്ര -സംസ്ഥാന സർക്കാറുകൾ തമ്മിലാരംഭിച്ച വാക്പോര് രാഷ്ട്രീയവിവാദമായി വളരുന്നു.
ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ വടക്കൻ ജില്ലകൾ മഴക്കെടുതിയിൽനിന്ന് ക്രമേണ കരകയറിവരവേയാണ് ഡിസംബർ മധ്യത്തിനുശേഷം തെക്കൻ ജില്ലകൾ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് വലഞ്ഞത്. നിരവധി ജീവൻ അപഹരിക്കപ്പെട്ടു. പ്രളയദുരിതം വിതച്ച മഴ ശമിച്ചെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് ഇനിയും തിരിച്ചുവന്നിട്ടില്ല. പല ജില്ലകളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു.
ചെന്നൈ നഗരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ മാത്രം നാലായിരം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയതായി സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ വെള്ളപ്പൊക്കം വൻ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്.
മുൻകരുതൽ സ്വീകരിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർക്കാർ മെഷനറിയും ചെന്നൈ കോർപറേഷനും ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയത് ഡി.എം.കെ സർക്കാറിനെതിരായ സ്വാഭാവിക ജനരോഷത്തിന് കാരണമായെങ്കിലും സർക്കാർ പിന്നീട് അവസരത്തിനൊത്തുയർന്ന് ജനങ്ങൾക്ക് ആശ്വാസം പകർന്നു.
ജയലളിത സർക്കാറിന്റെ കാലത്ത് 2015ലുണ്ടായ വെള്ളപ്പൊക്കത്തിന് വ്യത്യസ്തമായി രണ്ടുദിവസത്തിനകം ചെന്നൈ നഗരത്തിലെ 80 ശതമാനം ഇടങ്ങളിലെയും വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ കഴിഞ്ഞത് സ്റ്റാലിൻ സർക്കാർ ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതികൾ മൂലമാണെന്ന് ഡി.എം.കെ മന്ത്രിമാർ അവകാശപ്പെട്ടപ്പോൾ ഇതിന്റെ പേരിൽ കോടികളാണ് ഡി.എം.കെ കേന്ദ്രങ്ങൾ തട്ടിയതെന്ന് അണ്ണാ ഡി.എം.കെയും ബി.ജെ.പിയും ആരോപിക്കുന്നു.
പേമാരി സംസ്ഥാനത്തെ കാർഷിക മേഖലയെ അപ്പാടേ തകർത്തു. തൂത്തുക്കുടി ജില്ലയിൽ മാത്രം 1.48 ലക്ഷം ഹെക്ടർ കൃഷിയാണ് നശിച്ചത്. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലെ 515 ജലസേചന ബണ്ടുകളും തകർന്നു.
തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി, രാമനാഥപുരം തുടങ്ങിയ ജില്ലകളിൽ റോഡുകളും റെയിൽവേ പാതകളും വെള്ളത്തിനടിയിലായി. നാൽപതിനായിരത്തിലധികം പേരെയാണ് ഇതിനകം രക്ഷപ്പെടുത്തിയത്. പലയിടങ്ങളിലും ഇന്ത്യന് വ്യോമസേനയും നാവികസേനയുമാണ് രക്ഷാപ്രവർത്തനം നിർവഹിച്ചത്.
സന്നദ്ധ പ്രവർത്തകർ ട്രാക്ടറുകളും ബോട്ടുകളും ഉപയോഗിച്ചാണ് ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്തത്. സംസ്ഥാനത്താകെ 40 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് കണക്കാക്കുന്നത്. 160 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപതിനായിരത്തോളം പേരെയാണ് താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
പ്രളയത്തിൽ തകർന്ന റോഡുകൾ ഏറക്കുറെ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. 95 ശതമാനം സ്ഥലത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെന്നാണ് അധികൃതർ പറയുന്നത്. ട്രെയിൻ ഗതാഗതം ഏറക്കുറെ സാധാരണ നിലയിലായിട്ടുണ്ട്.
ദു:ഖങ്ങളുടെയും ദുരിതങ്ങളുടെയും നടുവിലും മനുഷ്യർ പരസ്പരം ചേർത്തുപിടിക്കുന്ന കാഴ്ചകൾക്ക് ഈ പ്രളയകാലവും സാക്ഷിയായി. വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട 30 ഹൈന്ദവ കുടുംബങ്ങൾക്കായി പള്ളി അധികൃതരും മത-യുവജന സംഘടനകളും മുൻകൈയെടുത്ത് തിരുനെൽവേലി-തൂത്തുക്കുടി ജില്ലകളിലെ അമ്പതിലേറെ മസ്ജിദുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റി.
പതിവ് പ്രാർഥനകൾ മറ്റിടങ്ങളിലേക്ക് മാറ്റിയാണ് ജാതിയോ മതമോ നോക്കാതെ കുടുംബങ്ങൾക്ക് താമസവും ഭക്ഷണവും വസ്ത്രവും മരുന്നുകളുമെല്ലാം ഇവിടെ ഒരുക്കിയത്.
പ്രളയക്കെടുതി ശ്രദ്ധയിൽപെടുത്തുന്നതിനും കൂടുതൽ കേന്ദ്രസഹായം തേടുന്നതിനുമായി മുഖ്യമന്ത്രി സ്റ്റാലിൻ ഡൽഹിയിൽ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തിന് സ്ഥിരം ദുരിതാശ്വാസ നിധിയായി 12,659 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട സ്റ്റാലിൻ അടിയന്തര സഹായമായി 7033 കോടി രൂപ തേടിക്കൊണ്ട് നിവേദനവും നൽകി.
2018ലെ പ്രളയകാലത്ത് കേരളത്തോട് പുലർത്തിയ അതേ സമീപനമാണ് കേന്ദ്ര സർക്കാർ തമിഴ്നാടിനോടും പ്രകടിപ്പിച്ചത്. ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലെ പഴിചാരലുകളും തമിഴ്നാട് സർക്കാർ- ഗവർണർ പോരും രൂക്ഷമായി. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കാത്തതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ സ്വന്തം ഫണ്ടാണ് ഉപയോഗപ്പെടുത്തുന്നതെന്ന് എം.കെ. സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
മുൻകരുതൽ സ്വീകരിക്കുന്നതിൽ തമിഴ്നാട് സർക്കാർ വീഴ്ച വരുത്തിയെന്നും ചെന്നൈ നഗര വികസനത്തിന് അനുവദിച്ച ഫണ്ട് കൃത്യമായി ചെലവഴിച്ചിരുന്നെങ്കിൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം ലഘൂകരിക്കാമായിരുന്നുവെന്നുമുള്ള വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി.
സംസ്ഥാനത്തെ നാല് തെക്കൻ ജില്ലകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ ന്യൂഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ താൽപര്യം കാണിച്ചതെന്നും അവർ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ബി.ജെ.പി നേതാവായിരുന്ന തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ പ്രളയ മേഖലകൾ സന്ദർശിച്ച് തനി രാഷ്ട്രീയക്കാരിയുടെ ശൈലിയിൽ പ്രതികരണങ്ങൾ നടത്തിയതും കേന്ദ്ര-സംസ്ഥാന വാഗ് വാദങ്ങൾക്ക് മൂർച്ചകൂട്ടി.
നേരത്തേ, കേന്ദ്ര- സംസ്ഥാന ഏജൻസികളുടെ രക്ഷാപ്രവർത്തനം അവലോകനം ചെയ്യാൻ ഗവർണർ ആർ.എൻ. രവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തമിഴ്നാട് സർക്കാർ ബഹിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.