ഭൂഗോളം പിന്നെയും വലത്തോട്ട്
text_fieldsതെരഞ്ഞെടുപ്പ് വർഷമായിരുന്നു 2024. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിനാണ് വിടപറയുന്ന വർഷം സാക്ഷ്യംവഹിച്ചത്. ഇന്ത്യ, അമേരിക്ക, റഷ്യ, ബ്രിട്ടൻ, പാകിസ്താൻ, ഫ്രാൻസ് തുടങ്ങി 80ലധികം രാജ്യങ്ങളിൽ ദേശീയ തെരഞ്ഞെടുപ്പ് നടന്നു. യൂറോപ്പിന്റെ രാഷ്ട്രീയ ഗതിവിഗതികളെ നിർണയിക്കുന്ന യൂറോപ്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പും ഈ വർഷമായിരുന്നു. 220 കോടിയിലധികം ജനങ്ങൾ പോളിങ് ബൂത്തിലെത്തിയ വർഷം. ലോകത്തിലെ ആകെ വോട്ടർമാരിൽ 60 ശതമാനത്തിനടുത്തുവരുമിത്; ആഗോള ജി.ഡി.പിയുടെ ശതമാനക്കണക്കിൽ പറഞ്ഞാൽ 50. ഈ തെരഞ്ഞെടുപ്പുകൾ ആഗോള രാഷ്ട്രീയത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത്? ഒറ്റപ്പെട്ട തുരുത്തുകൾ മാറ്റിനിർത്തിക്കഴിഞ്ഞാൽ, ലോക രാഷ്ട്രീയം പൊതുവിൽ തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ അപകടച്ചുഴിയിലേക്ക് നിപതിച്ചുകഴിഞ്ഞുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രാഥമികമായി വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്.
ഭൂമിയുടെ ചരിവ് ഇടത്തോട്ടാണെങ്കിലും, ലോക രാഷ്ട്രീയത്തിന്റെ ദിശ പൊതുവിൽ വലത്തോട്ടാണ്. പുതിയ സഹസ്രാബ്ദത്തിൽ അത് കൂടുതൽ വലത്തോട്ട് ചാഞ്ഞു. കേവലമായ വലതുപക്ഷ പ്രത്യയശാസ്ത്രം എന്നതിലുപരി, വംശീയതയിലധിഷ്ഠതമായ തീവ്ര വലതുപക്ഷ ആശയധാരകളാണിപ്പോൾ ലോകത്തെ നയിക്കുന്നതെന്ന് പറഞ്ഞാൽ തെറ്റാവില്ല. ‘നവനാസിസം’ എന്നൊക്കെ വിശേഷിപ്പിക്കാറുള്ള ഈ പ്രത്യയശാസ്ത്രമിപ്പോൾ ഭൂപടത്തിന്റെ സകല കോണുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ പാർലമെന്റിലും അവരുണ്ട്.
പട്ടാള അട്ടിമറിയിലൂടെയോ, അതുപോലുള്ള ജനാധിപത്യത്തിന്റെ അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമായ മാർഗങ്ങളിലൂടെയോ അല്ല ഈ അധികാരപ്രവേശം. മറിച്ച്, ജനാധിപത്യത്തിന്റെ സങ്കേതങ്ങളും സൗകര്യങ്ങളും പ്രചാരണരീതികളും മറ്റൊരു രീതിയിൽ ആവിഷ്കരിച്ച് തെരഞ്ഞെടുപ്പിലൂടെത്തന്നെയാണ് നവനാസി പാർട്ടികൾ ഭരണത്തിലെത്തിയത്. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ കാര്യംതന്നെ എടുക്കുക.
മോദിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷവക്താക്കൾ മൂന്നാമതും അധികാരമുറപ്പിച്ചിരിക്കുന്നു; രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങൾ ഭരിക്കുന്നതും തീവ്രഹിന്ദുത്വയുടെ ഉന്മാദ രാഷ്ട്രീയക്കാർതന്നെ. ലോകത്തെല്ലായിടത്തുമുണ്ട് ഈ പ്രതിഭാസം. പുതുനൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലാണ് ആദ്യം ദൃശ്യമായതെങ്കിലും 2016ൽ, അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിൽവന്നതോടെ ഈ പ്രത്യയശാസ്ത്രത്തിന് കൂടുതൽ ദൃശ്യത കൈവന്നു; അതോടെ അവർ കൂടുതൽ ആക്രമണോത്സുക രാഷ്ട്രീയം പ്രയോഗിക്കുകയും ചെയ്തു. കുടിയേറ്റ വിരുദ്ധത, ഇസ്ലാമോഫോബിയ തുടങ്ങിയവ മുഖമുദ്രയാക്കിയുള്ള ഈ പാർട്ടികൾ ഭൂപടത്തെ ഒന്നാകെ അസ്വസ്ഥമാക്കി. കുടിയേറ്റ -ഇസ്ലാംവിരുദ്ധ നയങ്ങളും പല രാജ്യങ്ങളുടെയും ഔദ്യോഗിക പരിപാടിയായി മാറുകയും ചെയ്തു.
ഇന്ത്യയിലെ സംഘ്പരിവാർ, അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി, ജർമനിയിലെ ‘ആൾട്ടർനേറ്റിവ് ഫോർ ജർമനി’ (എ.എഫ്.ഡി), സ്വീഡനിലെ ഡെമോക്രാറ്റ്സ് (എസ്.ഡി), എസ്തോണിയയിലെ കൺസർവേറ്റിവ് പീപ്ൾസ് പാർട്ടി (ഇ.കെ.ആർ.ഇ), ഫിൻലൻഡിലെ ഫിൻസ് പാർട്ടി (എഫ്.പി), ഫ്രാൻസിലെ നാഷനൽ റാലി പാർട്ടി (ആർ.എൻ)... 2024ലേക്ക് ലോകം പ്രവേശിക്കുമ്പോൾതന്നെ തീവ്രവലതുപക്ഷം ലോകം കൈയടക്കിയ മട്ടായിരുന്നു.
ചിലയിടങ്ങളിൽ അധികാരമില്ലെങ്കിലും പാർലമെന്റിലെ നിർണായക കക്ഷിയായി അവരുണ്ടായിരുന്നു. ആഗോള രാഷ്ട്രീയത്തിലുണ്ടായ ഈ തീവ്രവലതുപക്ഷ ചരിവ് ‘തെരഞ്ഞെടുപ്പ് വർഷാ’നന്തരം പിന്നെയും വലത്തോട്ടുതന്നെ കൂപ്പുകുത്തുമോ എന്നാണ് ലോകം സസൂക്ഷ്മം ശ്രദ്ധിച്ചത്. 80ൽപരം രാജ്യങ്ങളിലെ ജനഹിതം ഈ അന്വേഷണത്തെ ശരിവെക്കുന്നു. ഭൂഗോളം പിന്നെയും വലത്തോട്ട് ചാഞ്ഞിരിക്കുന്നു; വിവിധ രാജ്യങ്ങളിലെ പാർലമെന്റ് തെരഞ്ഞെടുപ്പുകളും യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പും നവനാസിപക്ഷത്തിന്റെ ജനാധിപത്യാധിനിവേശത്തിനാണ് വഴിതെളിച്ചത്.
ഹിറ്റ്ലർ തിരിച്ചുവരുന്നു
തീവ്രവലതുപക്ഷ കക്ഷികളും നവനാസികളും ഏറ്റവും നേട്ടം കൊയ്ത വർഷമായിരുന്നു 2024. ഇന്ത്യയിലും അമേരിക്കയിലും അത് പ്രകടം. ജൂണിൽ നടന്ന യൂറോപ്യൻ യൂനിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അവർ നിർണായക ശക്തിയായി മാറി. 720 അംഗ പാർലമെന്റിന്റെ ഏകദേശം നാലിലൊന്നു പേർ നവനാസി പാർട്ടികളിൽനിന്നുള്ളവരാണ്. 10 വർഷത്തിനുള്ളിൽ കൂടുതൽ രാജ്യങ്ങൾ ഈ പ്രത്യയശാസ്ത്രം കൈയടക്കുമെന്നതിന്റെ ഏറ്റവും വലിയ സൂചനയായി ഈ തെരഞ്ഞെടുപ്പ് ഫലം കണക്കാക്കപ്പെടുന്നു.
ഓസ്ട്രിയയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ഫ്രീഡം പാർട്ടിയാണ്. മുൻ നാസി നേതാക്കൾ രൂപംനൽകിയ പാർട്ടിയാണിത്. പോർചുഗൽ, റുമേനിയ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും ഇക്കുറി തീവ്രവലതുപക്ഷ തരംഗം ആഞ്ഞടിച്ചു. ഒരുവേള, ആ രാജ്യങ്ങളുടെ ഭരണം ആർക്ക് എന്ന് തീരുമാനിക്കാനും നയങ്ങൾ രൂപപ്പെടുത്താനും കഴിയുംവിധം നിർണായക ശക്തിയായി അവർ പാർലമെന്റിലുണ്ടാകും. ജർമനിയിൽ സ്റ്റേറ്റ് തെരഞ്ഞെടുപ്പിലും തീവ്രവലതുപക്ഷം വിജയ സാന്നിധ്യമറിയിച്ചു.
തീവ്രവലതുപക്ഷത്തോടൊപ്പം പോപുലിസ്റ്റ് ആശയങ്ങളും ഇക്കുറി തെരഞ്ഞെടുപ്പിൽ കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. ഫ്രാൻസിലും ഓസ്ട്രിയയിലുമെല്ലാം ഇതുകൂടിയാണ് സംഭവിച്ചത്. തങ്ങളുടെ കുടിയേറ്റ വിരുദ്ധ നയങ്ങളെയെല്ലാം ഈ രാജ്യങ്ങളിലെ നവനാസികൾ അവതരിപ്പിച്ചത് ഇത്തരത്തിലാണ്. മുസ്‍ലിം കുടിയേറ്റക്കാർ രാജ്യത്ത് വരുന്നതോടെ പാരമ്പര്യ സംസ്കാരത്തെ അത് ബാധിക്കുമെന്നായിരുന്നു പ്രചാരണം.
അലയടിച്ചു, ഭരണവിരുദ്ധ വികാരം
തെരഞ്ഞെടുപ്പ് വർഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അമേരിക്കയിലെ പ്യൂ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ പറയുന്നത് ഓരോ രാജ്യങ്ങളിലും അലയടിച്ച ഭരണവിരുദ്ധ വികാരമാണ്. 2024ലെ ‘ഹൈ പ്രൊഫൈൽ’ തെരഞ്ഞെടുപ്പുകളിലൊന്ന് അമേരിക്കയിലായിരുന്നു. അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടി റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ വന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് പ്രസിഡന്റ് ബൈഡന്റെ നയങ്ങളോടുള്ള എതിർപ്പായിരുന്നു. ബൈഡനെ മാറ്റി ഡെമോക്രാറ്റുകൾ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ സ്ഥാനാർഥിയാക്കിയെങ്കിലും വിജയിക്കാനായില്ല.
ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തിനും ഇക്കുറി അന്ത്യംകുറിച്ചു. പക്ഷേ, അവിടെ തീവ്രവലതുകക്ഷികളല്ല ഭരണത്തിൽ വന്നത്; ഇടതുപക്ഷക്കാരായ ലേബർ പാർട്ടിയാണെന്നുമാത്രം. ദക്ഷിണാഫ്രിക്കൻ വൻകരയിലെ ബൊട്സ്വാന, ദക്ഷിണ കൊറിയ, ഘാന, പാനമ, പോർചുഗൽ, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളിലും ഭരണവിരുദ്ധ വികാരത്താൽ ഭരണമാറ്റം സംഭവിച്ചു. ഭരണവിരുദ്ധ വികാരം ശക്തമായി ആഞ്ഞടിച്ചിട്ടും പിടിച്ചുനിന്ന സർക്കാറുകളുമുണ്ട്. ഇന്ത്യതന്നെയാണ് മികച്ച ഉദാഹരണം. പ്രതിപക്ഷം ഏറക്കുറെ ഒറ്റക്കെട്ടായി നിലയുറപ്പിച്ച് മോദിയെ നേരിട്ടപ്പോൾ ഭരണപക്ഷം ദുർബലമായി. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മൂന്നാമൂഴത്തിന് ശ്രമിച്ച ബി.ജെ.പിക്ക് അതോടെ ഭരണം നിലനിർത്താൻ സഖ്യകക്ഷികളുടെ സഹായം വേണമെന്ന അവസ്ഥയായി.
സമാനമാണ് ദക്ഷിണാഫ്രിക്കയുടെയും അവസ്ഥ. ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് പാർട്ടിക്ക് ഇതാദ്യമായി കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു. ജപ്പാനിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കും ഫ്രാൻസിൽ ഇമ്മാനുവൽ മാക്രോണിന്റെ ഭരണസഖ്യത്തിനും വലിയ തിരിച്ചടിയുണ്ടായി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ഭരണം നിലനിർത്തിയെങ്കിലും ഫ്രാൻസിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ വീണ്ടും തെരഞ്ഞെടുപ്പിനരികെയാണ്.
എന്തുകൊണ്ട് ഇങ്ങനെയൊരു ഭരണവിരുദ്ധ വികാരം എന്ന ചോദ്യത്തിന് ‘പ്യൂ റിസർച്ച്’ കണ്ടെത്തിയ ഉത്തരം പ്രധാനമായും സാമ്പത്തിക കാരണങ്ങളാണ്. ഭരണവിരുദ്ധ വികാരത്താൽ സർക്കാർ നിലംപതിക്കുകയോ, കേവലഭൂരിപക്ഷം നഷ്ടപ്പെടുകയോ ചെയ്ത 34 രാജ്യങ്ങളിൽ അവർ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത 64 ശതമാനം പേരും തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഭരണനയങ്ങളാൽ സുരക്ഷിതമല്ലാതായിരിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.
കോവിഡാനന്തര പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ ഈ രാജ്യങ്ങളെല്ലാം പരാജയപ്പെട്ടു. അതോടൊപ്പം, തങ്ങളുടെ രാജ്യത്ത് ജനാധിപത്യ സംവിധാനങ്ങൾ വേണ്ടത്ര കാര്യക്ഷമമല്ലെന്നും 54 ശതമാനം പേർ അഭിപ്രായപ്പെടുന്നു. സാമ്പത്തിക സുസ്ഥിരത കൈവരിച്ച രാജ്യങ്ങളിലും ഈ അതൃപ്തി പ്രകടമാണെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
● ജനുവരി 7 ബംഗ്ലാദേശ്
പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഞ്ചാമൂഴം. തെരഞ്ഞെടുപ്പ് ഒട്ടും സുതാര്യമായിരുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളിൽ പലരും ജയിലിലായി; വലിയ സംഘർഷങ്ങൾ അരങ്ങേറി. തെരഞ്ഞെടുപ്പാനന്തരം ഈ അതൃപ്തി വിദ്യാർഥി പ്രക്ഷോഭത്തിലൂടെ പ്രതിഫലിച്ചപ്പോൾ ഹസീന സ്ഥാനഭ്രഷ്ടയായി ഇന്ത്യയിൽ അഭയം തേടി. പകരം മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ.
● ജനുവരി 13 തായ്‍വാൻ
ജനാധിപത്യപക്ഷത്തുള്ള ലെയ് ചിങ് തെ പ്രസിഡന്റ്. ഇതോടെ ചൈനയുടെ ഭീഷണിയും രാഷ്ട്രീയ സമ്മർദ്ദങ്ങളും കുടുതൽ ശക്തമായി. സൈനിക നടപടിക്കുവരെ സാധ്യത.
● ജനുവരി 14 കോമോറാസ്
കിഴക്കൻ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ കോമോറോസിൽ പ്രസിഡന്റ് അസാലി അസുമാനിക്ക് നാലാമൂഴം. 1999ൽ, പട്ടാള അട്ടിമറിക്കുശേഷം പ്രസിഡന്റാവുകയും പിന്നീട് തെരഞ്ഞെടുപ്പിൽ വിജയം കാണുകയും ചെയ്ത അസാലി നേരത്തെ ആഫ്രിക്കൻ യൂനിയന്റെ തലപ്പത്തിരുന്നിട്ടുണ്ട്.
● ജനുവരി 28 ഫിൻലൻഡ്
നാറ്റോയിൽ അംഗമായതിനുശേഷമുള്ള ആദ്യ പ്രഡിന്റ് തെരഞ്ഞെടുപ്പ്. മുൻ പ്രധാനമന്ത്രി അലക്സാണ്ടർ സ്റ്റബ് വിജയിച്ചു. മധ്യ-വലതുപക്ഷ രാഷ്ട്രീയക്കാരൻ.
● ഫെബ്രു. 4 എൽ സാൽവദോർ
മധ്യ അമേരിക്കയിലെ എൽ സാൽവദോറിൽ പ്രഡിന്റ് നയീബ് ബുകേലക്ക് രണ്ടാമൂഴം. 60 അംഗ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നയീബിന്റെ പാർട്ടി 54സീറ്റ് നേടി. നയീബിന്റെ ഏകാധിപത്യ ഭരണമായിരിക്കുമോ ഇനി എൽ സാൽവദോറിലെന്ന് ആശങ്കപ്പെടുന്നവരുണ്ട്.
● ഫെബ്രു. 7 അസർബൈജാൻ
പ്രസിഡന്റ് ഇൽഹാം അലിയേവിന് അഞ്ചാമൂഴം. 90 ശതമാനത്തിലേറെ വോട്ടുനേടിയ അദ്ദേഹത്തിന്റെ വിജയം അംഗീകരിക്കാൻ പ്രതിപക്ഷം തയാറായില്ല.
● ഫെബ്രു. 8 പാകിസ്താൻ
തഹ്‍രീക്കെ ഇൻസാഫ് പാർട്ടി നേതാവ് ഇംറാൻ ഖാനെ ജയിലിലടച്ചിട്ടും അദ്ദേഹത്തിന്റെ പാർട്ടി പിന്തുണയോടെ 93 സ്വതന്ത്രർ വിജയിച്ച തെരഞ്ഞെടുപ്പ്. പാക് മുസ്‍ലിം ലീഗ് പാർട്ടിക്ക് 98 സീറ്റ്. പി.പി.പിക്ക് 68ഉം. തഹ്‍രീക്ക് സ്വതന്ത്രരുടെയും മറ്റു പാർട്ടികളുടെയും പിന്തുണയോടെ മുസ്‍ലിം ലീഗിന്റെ ശഹ്ബാസ് ശരീഫ് പ്രധാനമന്ത്രി പദത്തിലേക്ക്. ധാരണ അനുസരിച്ച് ആസിഫ് അലി സർദാരി പ്രസിഡന്റും.
● ഫെബ്രു. 14 ഇന്തോനേഷ്യ
പ്രബാവോ സുബിയാന്തോ പ്രസിഡന്റ്.
● ഫെബ്രു. 25 കംബോഡിയ
ഭരണകകക്ഷിയായ സി.പി.പിക്ക് ആധികാരിക ജയം. ഹുൻ സെൻ വീണ്ടും മുഖ്യധാരയിലേക്ക്
● മാർച്ച് 1 ഇറാൻ
1979ലെ ഇസ്‍ലാമിക വിപ്ലവത്തിനുശേഷം ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ്. 290 മജ്‍ലിസ് സീറ്റിൽ 107ഉംനേടിയത് കൗൺസിൽ ഓഫ് ഇസ്‍ലാമിക് റവല്യൂഷൻ ഫോഴ്സ് സഖ്യം.
● മാർച്ച് 10 പോർചുഗൽ
തീവ്രവലതുപക്ഷം നേട്ടം കൊയ്ത തെരഞ്ഞെടുപ്പ്. സോഷ്യലിസ്റ്റ് സർക്കാറിന് അന്ത്യം. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും ചെറുകക്ഷികളും ചേർന്ന് സർക്കാറിന് രൂപം നൽകി. സർക്കാറിൽ ഇപ്പോഴും അനിശ്ചിതത്വം ബാക്കി. സർക്കാർ നിലനിൽക്കണമെങ്കിൽ ഒന്നുകിൽ തീവ്രവലതുപക്ഷത്തിന്റെ പിന്തുണ വേണം; അല്ലെങ്കിൽ സോഷ്യലിസ്റ്റുകളുടെ.
● മാർച്ച് 15-17 റഷ്യ
വ്ലാദിമർ പുടിന് അഞ്ചാമൂഴം. കൃത്രിമത്വം ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ പുടിൻ 87 ശതമാനം വോട്ടുനേടി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യപ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലായിരുന്നു.
● മാർച്ച് 23 സ്ലോവാക്യ
ഇടതുപക്ഷാഭിമുഖ്യമുള്ള പീറ്റർ പിലെഗ്രിനിക്ക് പ്രസിഡന്റ്. റഷ്യ-യുക്രെയിൻ വിഷയത്തിൽ പിലെഗ്രിനിയുടെ പാർട്ടി റഷ്യക്കും പുടിനും പിന്തുണ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പില പ്രതിഫലിച്ചു.
● മാർച്ച് 24 സെനഗാൾ
ബസീറോ ദിയോ മായേ ഫായേ എന്ന ഇടതുപക്ഷ സഹയാത്രികൻ രാജ്യത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജയിലിൽനിന്നിറങ്ങി പത്താം നാളാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്.
● ഏപ്രിൽ 10 ദ. കൊറിയ
പ്രതിപക്ഷ പാർട്ടികൾക്ക് വിജയം. പ്രസിഡന്റ് യൂൻ സുക് യിയോലിനും പാർട്ടിക്കും കനത്ത നഷ്ടം. 254ൽ 161 സീറ്റ് ഡെമോക്രാറ്റിക് പാർട്ടിക്ക്.
● ഏപ്രിൽ 17 ക്രൊയേഷ്യ
എച്ച്.ഡി.ഇസഡ് പാർട്ടി ഭരണം നിലനിർത്തിയെങ്കിലും ഭൂരിപക്ഷം നന്നേ കുറഞ്ഞു. പ്രധാനമന്ത്രി ആന്ദ്രേ പ്ലെങ്കോവിച്ചിന്റെ ജനപ്രീതി ഇടിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്ക് തീവ്രവലതുപക്ഷത്തിന്റെ പിന്തുണ അത്യാവശ്യമായി.
● ഏപ്രിൽ-ജൂൺ ഇന്ത്യ
നരേന്ദ്ര മോദിക്ക് മൂന്നാമൂഴം. മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് സംഘ്പരിവാറിന് കനത്ത തിരിച്ചടി. കേവല ഭൂരിപക്ഷം നിലനിർത്താൻ സഖ്യകക്ഷികളുടെ സഹായം വേണം. പ്രതിപക്ഷകൂട്ടായ്മയായ ഇൻഡ്യ മുന്നണിയുടെ മികച്ച പ്രകടനത്തിനും തെരഞ്ഞെടുപ്പ് സാഷ്യം വഹിച്ചു.
● ഏപ്രിൽ 21 മാലദ്വീപ്
പ്രസിഡന്റ് മുഹമ്മദ് മുഇസ്സുവിന്റെ പാർട്ടിക്ക് പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷം. 86ൽ 66 സീറ്റ്. ഇന്ത്യയാണോ ചൈനയാണോ കൂട്ടാളി എന്നുകുടി തീരുമാനിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ജനം മുഇസ്സുവിനൊപ്പം ചൈനീസ് പക്ഷത്ത് നിലയുറപ്പിച്ചു.
● മെയ് 6 ഛാഡ്
ജുൻഡ നേതാവ് മുഹമ്മദ് ഇദ്‍രീസ് ദെബെ പ്രസിഡന്റ്. 2021ൽ, പ്രസിഡന്റ് ഇദ്‍രീസിനെ വിമതർ കൊലപ്പെടുത്തിയതോടെയാണ് ദെബെ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റത്. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് 61 ശതമാനം വോട്ട് ലഭിച്ചു.
● മെയ് 19 ഡൊമിനിക്കൻ റിപ്പബ്ലിക്
ലൂയിസ് അബിനാദർ പ്രസിഡന്റ്. രാജ്യത്ത് അബിനാദർ നടത്തിയ കോവിഡ് രക്ഷാ പ്രവർത്തനങ്ങൾ ആഗോളതലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
● മെയ് 29 മഡഗാസ്കർ
ആൻഡ്രി രജോലിന വീണ്ടും പ്രസിഡന്റ്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ പാർലമെന്റ് ഇലക്ഷനിൽ കുറഞ്ഞ പോളിങ്.
● മെയ് 29 ദക്ഷിണാഫ്രിക്ക
ആഫ്രിക്കൻ നാഷനൽ പാർട്ടി വിജയിച്ചുവെങ്കിലും കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു.
● ജൂൺ 2 മെക്സിക്കോ
രാജ്യത്തിന് ആദ്യമായി ഒരു വനിത പ്രസിഡന്റ്. ക്ലോഡിയ ഷെയിൻബോമിന്റെ വിജയം ഇടതുപക്ഷ രാഷ്ട്രീയത്തിനും ഹരിത രാഷ്ട്രീയത്തിനും ഒരുപോലെ ആവേശം പകർന്നു.
● ജൂൺ 9 ബെൽജിയം
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി അലക്സാണ്ടർ ഡീ ക്രൂവിന്റെ ഓപൺ വി.എൽ.ഡി പാർട്ടിക്ക് കനത്ത പരാജയം സംഭവിച്ചു. ന്യൂ ഫ്ലെമിഷ് അലയൻസ് എന്ന നവനാസി പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യ ചർച്ച തുടരുന്നു.
● ജൂലൈ 4 ബ്രിട്ടൻ
14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം. ലേബർ പാർട്ടിയുടെ കൈർ സ്റ്റാർമർ പ്രധാനമന്ത്രി. പാർലമെന്റിലെ 60 ശതമാനം സീറ്റുകളും ലേബർ പാർട്ടിക്ക്.
● ജൂലൈ 7 ഫ്രാൻസ്
ഇടതുപക്ഷ സഖ്യത്തിന് വിജയം. തീവ്രവലതുപക്ഷ കക്ഷികൾക്ക് നേരിയ വ്യത്യാസത്തിന് ഭരണം കിട്ടിയില്ല. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക്.
● ജൂലൈ 15 റുവാണ്ട
30 വർഷമായി അധികാരത്തിൽ തുടരുന്ന പ്രസിഡന്റ് പോൾ കഗാമെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
● ജൂലൈ 28 വെനസ്വേല
സംഘർഷ ഭരിതമായ തെരഞ്ഞെടുപ്പിൽ മദൂറോ വീണ്ടും അധികാരത്തിൽ.
● ആഗസ്റ്റ് 19 കിരിബാത്തി
തനേറ്റി മമാവു മൂന്നാമതും പ്രസിഡന്റ്.
● സെപ്റ്റംബർ 7 അൽജീരിയ
പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂൻ 95 ശതമാനം വോട്ട് നേടി വീണ്ടും അധികാരത്തിൽ. വ്യാപകമായ തെരഞ്ഞെടുപ്പ് കൃത്രിമത്വം ആരോപിക്കപ്പെട്ടു.
● സെപ്റ്റംബർ 10 ജോർഡൻ
ഗസ്സയിലെ ഇസ്രായേൽ അധിനിവേശം പ്രതിഫലിച്ച തെരഞ്ഞെടുപ്പ്. പാർലമെന്റ് തെരതഞ്ഞെടുപ്പിൽ ഇസ്‍ലാമിക കക്ഷികൾക്ക് വിജയം.
● സെപ്റ്റംബർ 21 ശ്രീലങ്ക
സാമ്പത്തിക പ്രതിസന്ധിയിൽ ഭരണത്തകർച്ച നേരിട്ട ശ്രീലങ്കയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിജയം. അനുര കുമാര ദിസനായകെ പ്രസിഡന്റ്. മുൻ പ്രധാനമന്ത്രി റിനിൽ വിക്രമസിംഗയെ ആണ് അദ്ദേഹം തോൽപിച്ചത്.
● സെപ്റ്റംബർ 29 ആസ്ട്രിയ
തികഞ്ഞ തീവ്രവലതുപക്ഷ കക്ഷിയായ ഫ്രീഡം പാർട്ടി 29 ശതമാനം വോട്ട് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തെരഞ്ഞെടുപ്പ്.
● ഒക്ടോബർ 6 തുനീഷ്യ
കേവലം 11 ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഖൈസ് സഈദിന് വിജയം.
● ഒക്ടോബർ 26 ജോർജിയ
റഷ്യൻ അനുകൂല ജോർജിയൻ ഡ്രീം സഖ്യത്തിന് വിജയം. പ്രധാനമന്ത്രി ഇറാക്‍ലി കൊബാകിദ്സെ ഭരണം നിലനിർത്തി.
● ഒക്ടോബർ 27 ജപ്പാൻ
ഭരണകക്ഷിക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി. പ്രതിപക്ഷ സഖ്യം അധികാരത്തിൽ വരാൻ സാധ്യത.
● നവംബർ 5 അമേരിക്ക
ട്രംപിന്റെ തിരിച്ചുവരവ്; ഒപ്പം, തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെയും. കമല ഹാരിസിന് തോൽവി.
● നവംബർ 30 മൗറീഷ്യസ്
2009 മുതൽ ഭരണം കൈയിൽവെച്ച പ്രവിന്ദ് ജുഗ്നോഥിനെ തൂത്തെറിഞ്ഞ് നവീൻ രാംഗൂലം നയിക്കുന്ന എ.ഡി.സി അധികാരത്തിൽ.
● നവംബർ 30 ഐസ്‍ലാൻഡ്
ഏഴുവർഷമായി അധികാരം വാണ ഭരണസഖ്യത്തെ പടിയിറക്കി ക്രിസ്റ്റ്റൺ ഫ്രോസ്റ്റാഡോട്ടിർ നയിക്കുന്ന ഇടത് അനുകൂല സോഷ്യൽ ഡെമോക്രാറ്റിക് സഖ്യം അധികാരത്തിൽ.
● ഡിസംബർ 7 ഘാന
ഭരണകക്ഷിയായ എൻ.പി.പിക്ക് ജനം കടുത്ത തിരിച്ചടി നൽകിയ തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിച്ച് മുൻ പ്രസിഡന്റ് ജോൺ ഡ്രമനി മഹാമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.