നീതിതേടൽ എന്ന മഹാപരാധം
text_fieldsനീതി ചോദിച്ചതിന് പകപോക്കൽ! ബി.ജെ.പി സര്‍ക്കാറല്ല, നീതി ചോദിക്കുന്നവരോട് പകവീട്ടാന്‍ ആഹ്വാനംചെയ്യുന്നത് സാക്ഷാല്‍ സുപ്രീംകോടതി തന്നെയാണ്. കോടതികളില്‍ നടക്കുന്ന നീതിക്കുവേണ്ടിയുള്ള ദീര്‍ഘകാല പോരാട്ടങ്ങളെ ചില ഗൂഢലക്ഷ്യങ്ങള്‍ക്കുവേണ്ടി 'വിഷയം കത്തിച്ചുനിർത്താൻ' നടത്തുന്ന നീചമായ ശ്രമങ്ങളായി വ്യാഖ്യാനിക്കപ്പെടുകയാണ് ഇതിലൂടെ. അവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നുകൂടി പറയുന്നു. അധികാരികളെ ചോദ്യംചെയ്യാന്‍ ധൈര്യപ്പെടുന്നവരെ ശകാരിക്കുന്നത് സുപ്രീംകോടതിയാണ്. അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും കോടതി ആവശ്യപ്പെടുന്നു.
അനുസരണശീലം വേണ്ടുവോളമുള്ള ഗുജറാത്ത് പൊലീസ് കോടതിയുടെ ആവശ്യത്തെ യഥാവിധി നടപ്പാക്കിക്കൊണ്ട് ടീസ്റ്റ സെറ്റല്‍വാദിനെയും ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്.ബി. ശ്രീകുമാറിനെയും അതിവേഗത്തില്‍ അറസ്റ്റ് ചെയ്തു. കോടതിയുടെ ശകാരത്തിനൊപ്പംതന്നെ, മുഖ്യമന്ത്രിയെയും ഗുജറാത്ത് സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്താന്‍ അന്നുണ്ടായിരുന്ന ചില ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയതായി ആരോപിച്ചും ടീസ്റ്റ സെറ്റല്‍വാദിന്റെ സംഘടനയുടെ പേരെടുത്തുപറഞ്ഞും കേന്ദ്ര ആഭ്യന്തര മന്ത്രി നല്കിയ അഭിമുഖത്തെ തുടര്‍ന്നായിരുന്നു ആ അറസ്റ്റ്.
''മറ്റാരുടെയോ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സകിയ ജാഫരി പ്രവര്ത്തിച്ചുകൊണ്ടിരുന്നതെന്നാണ് സുപ്രീംകോടതി പറഞ്ഞത്. പല കലാപബാധിതരുടെയും സത്യവാങ്മൂലം ഒപ്പിട്ടത് ആ സംഘടനയാണ്. ടീസ്റ്റ സെറ്റല്‍വാദിന്റെ എന്‍.ജി.ഒ ആണതിന് പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. ടീസ്റ്റയുടെ എന്‍.ജി.ഒയെ കൈയയച്ച് സഹായിച്ചത് യു.പി.എ സര്‍ക്കാറാണെന്ന കാര്യം 'ലൂട്യെന്‍സ് ഡല്‍ഹി' (Lutyen's Delhi) ക്കാര്ക്കെല്ലാം അറിയാം. മോദിജിയെ താറടിച്ചുകാണിക്കുക എന്ന ഒറ്റലക്ഷ്യംവെച്ചായിരുന്നു അതെല്ലാം'' അമിത് ഷാ പറഞ്ഞു.
ആ അഭിമുഖസംഭാഷണവും ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിന്റെയും പേരിൽ ഗുജറാത്ത് പൊലീസിന്റെ എഫ്.ഐ.ആര് എഴുത്തും ഒരേസമയം നടന്നിരിക്കണം. ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും വീടിന് മുന്നില്‍ പൊലീസെത്തിയതിന് മറ്റെന്ത് വിശദീകരണമാണ് വേണ്ടത്.
സകിയ ജാഫരിയെ ശിശുവത്കരിച്ച് കാണിച്ചത് ആഭ്യന്തരമന്ത്രി മാത്രമല്ല, അവര്‍ക്ക് സ്വന്തമായി കാര്യങ്ങള്‍ നീക്കാനുള്ള ശേഷിയില്ലെന്നും ടീസ്റ്റയും മറ്റും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയോട് കണക്കുതീര്‍ക്കാന്‍ അവരെ പഠിപ്പിച്ചുവിടുന്നതാണെന്നും പറഞ്ഞത് സുപ്രീംകോടതിയാണ്. മുസ്ലിം വിരുദ്ധ വംശഹത്യയുടെ ആദ്യദിവസമായ 2002 ഫെബ്രുവരി 28ന് അഹ്മദാബാദ് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ തന്റെ വീട്ടില്‍ വെച്ച് കലാപകാരികളാല്‍ ആക്രമിക്കപ്പെടുകയും ചുട്ടുകൊല്ലപ്പെടുകയും ചെയ്ത ഇഹ്സാന്‍ ജാഫരിയുടെ ഭാര്യയാണ് നീതിതേടി കോടതി കയറിയിറങ്ങുന്ന സകിയ . വലിയ അതിക്രമസംഭവങ്ങള്ക്കിടെ നടന്ന ആ കൊലപാതകം ഒരു ഗൂഢാലോചനയില്ലാതെ നടക്കില്ലെന്നവര്‍ തറപ്പിച്ചുപറഞ്ഞു.
പ്രത്യേക അന്വേഷണസംഘം 2012ല്‍ സംസ്ഥാന സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കുകയും സകിയ ജാഫരിയുടെ ഗൂഢാലോചന ആരോപണത്തെ പുച്ഛിച്ച് തള്ളുകയും ചെയ്തു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നറിയിച്ച്, പുനരന്വേഷണം ആവശ്യപ്പെട്ട് സകിയ ജാഫരി വീണ്ടും കോടതിയെ സമീപിച്ചു. ആ ഹരജിയാണ് ഇപ്പോള്‍ കോടതി ചവറ്റുകൊട്ടയില്‍ എറിഞ്ഞിരിക്കുന്നത്. അതുമാത്രമല്ല, സകിയയെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചതാണെന്ന് പറയുകയുമുണ്ടായി. 'സംസ്ഥാനത്തുടനീളം വ്യാപിച്ച കലാപത്തിലേക്ക് നയിച്ച സംഭവങ്ങളെ നിയന്ത്രിക്കുന്നതില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് പരിമിതമായ അറിവുകൊണ്ടും അല്ലെങ്കില്‍, അടിസ്ഥാന യാഥാര്‍ഥ്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്യാതെയും അത്തരമൊരു ഭയാനക സാഹചര്യത്തില്‍ സംസ്ഥാന ഭരണകൂടത്തിന് സംഭവിച്ച പരാജയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഓഫിസുകള്‍ക്കുള്ളില്‍ തങ്ങളുടെ സുരക്ഷിതസ്ഥാനങ്ങളിലിരിക്കുന്ന നീതിയുടെ പോരാളികള്‍ വിജയിച്ചിരിക്കാം' അവരാണ് സകിയ ജാഫരിയെ ഇതിന് പ്രേരിപ്പിക്കുന്നത്.
'എയര്‍ കണ്ടീഷന്‍ ചെയ്ത ഓഫിസുകള്‍' എന്ന പ്രയോഗം ശ്രദ്ധിക്കൂ. ഈ വിധിയെഴുതുന്ന സമയത്ത് കൂടുതല്‍ സത്യസന്ധതയും ആത്മാര്‍ഥതയും കിട്ടാന്‍ ജഡ്ജിമാര്‍ എ.സി ഓഫ് ചെയ്തിട്ടുണ്ടാവില്ലെന്ന് കരുതട്ടെ. 2015 ഏപ്രിലില്‍ നമ്മുടെ പ്രധാനമന്ത്രി ജഡ്ജിമാരുമായുള്ള ഒരു യോഗത്തില്‍ നടത്തിയ ഒരു താക്കീതാണ് ഈ പ്രയോഗം കേട്ടപ്പോള്‍ ഓര്മ വരുന്നത്. ഫൈവ് സ്റ്റാര്‍ ആക്ടിവിസ്റ്റുകളെ കരുതിയിരിക്കുക എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്: 'നിയമവും ഭരണഘടനയുമടിസ്ഥാനമാക്കി വിധിപ്രസ്താവിക്കുന്നത് വളരെ എളുപ്പമാണ്. ധാരണകളെയടിസ്ഥാനമാക്കി വിധി പറയുന്നതിനെക്കുറിച്ച് കരുതല്വേണം... പലപ്പോഴും ധാരണകള്‍ ഇട്ടുതരുന്നത് ഫൈവ് സ്റ്റാര്‍ ആക്ടിവിസ്റ്റുകളായേക്കാം'.
ഇത്തരം ആക്ടിവിസ്റ്റുകളെ ഭയക്കണമെന്നും അല്ലെങ്കില്‍, സ്വതന്ത്രമായി വിധിപറയാന്‍ ആവില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ടീസ്റ്റയുടെയും മറ്റും അറസ്റ്റുകൊണ്ട് പരമോന്നത നീതിപീഠം ആദരിച്ചതോടെ അദ്ദേഹം സംപൂജ്യനായിട്ടുണ്ടാകും ഇപ്പോള്‍. കോടതികള്‍ ശരിക്കും ഭയരഹിതരായി മാറിയിരിക്കുന്നല്ലോ. നീതി ചോദിക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടാനുള്ള ധൈര്യം അവര്‍ സംഭരിച്ചിരിക്കുന്നു. സകിയ ജാഫരിക്ക് ഈ ഉദ്യമം ഒറ്റക്ക് നടത്താന്‍ തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ടാവില്ല.
2002ല്‍ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഓടുന്നതിനിടെ കൂട്ട ബലാത്സംഗത്തിനിരയായി 15 വര്‍ഷം നീതിക്ക് വേണ്ടി പോരാടേണ്ടിവന്ന ബില്‍കീസ് ബാനുവിനോട് ന്യായാധിപര്‍ക്ക് ചോദിക്കാമായിരുന്നു. തന്റെ വിലാസം നിരന്തരം മാറ്റിക്കൊണ്ട് ആ സംസ്ഥാനത്തുനിന്ന് അവര്‍ക്ക് രക്ഷതേടി ഓടേണ്ടിവന്നു. സ്വന്തം സംസ്ഥാനത്ത് നിഷ്പക്ഷമായൊരു വിധി അവര്‍ക്ക് അപ്രാപ്യമായേക്കുമെന്നുകണ്ട് ബില്‍കീസ് ബാനുവിന്റെ കേസ് ഗുജറാത്തിന് പുറത്തേക്ക് മാറ്റുകപോലുമുണ്ടായി.
എന്താണ് നീതിപീഠം മനസ്സിലാക്കിവെച്ചിരിക്കുന്നത്? അക്രമം സ്വാഭാവികമാണെന്നും അതിന് പിന്നില്‍ ഭരണകൂട ഗൂഢാലോചന ഇല്ലെന്നും സുപ്രീംകോടതി വിശ്വസിക്കുന്നത് നമ്മള് അംഗീകരിച്ചാലും, തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്നിന്ന് ഭരണകൂടം വിമുഖത കാണിക്കുന്നതിലൂടെ എന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കലാപശേഷം അക്രമം നടന്നിട്ടില്ലെന്ന് നിഷേധിക്കുന്ന അവസ്ഥയിലേക്ക് തന്റെ വോട്ടര്‍മാരെ മാറ്റിയെടുക്കാന്‍ 'ഗൗരവ് യാത്ര' എന്ന പേരില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നടത്തിയ പ്രചാരണത്തെ കോടതി എങ്ങനെയാണ് കാണുന്നത്? ഇതിനെക്കുറിച്ച് സംസാരിക്കുന്നവരും കേസിനു പോകുന്നവരും ഗുജറാത്ത് ജനതയെ അവമതിക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞ അവരുടെ മേല്‍ അദ്ദേഹം സമ്മര്ദംചെലുത്തിയതിന്റെ യുക്തിയെന്താണ്?
2004ല്‍ ഗുജറാത്ത് ഭരണാധികാരികളെ നീറോയുമായി തുലനംചെയ്ത് സംസാരിക്കാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമായത് എന്തുകൊണ്ടാണ്? ബെസ്റ്റ് ബേക്കറി കേസ് വിസ്താരത്തിനിടെ കോടതി പറഞ്ഞു: 'ബെസ്റ്റ് ബേക്കറിയും നിരപരാധികളായ കുഞ്ഞുങ്ങളും വെന്തെരിയുമ്പോള്‍ ആധുനിക കാലത്തെ നീറോകള്‍ മറ്റെവിടെയോ നോക്കിനടക്കുകയായിരുന്നു, കുറ്റവാളികളെ എങ്ങനെ സംരക്ഷിക്കാമെന്ന് ആലോചിക്കുകയായിരുന്നിരിക്കാം അവര്‍'.
ആ കൊലയും കൊള്ളിവെപ്പും ഭരണകൂടസമ്മതത്തോടെ നടന്നതാണെന്ന സത്യം മറച്ചുവെക്കാന്‍ ഒരു കോടതിവിധിക്കും കഴിയില്ല. ഇഹ്സാന്‍ ജാഫരി ഒരു സാധാരണക്കാരനായ മുസല്മാനല്ലായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവും സംസ്ഥാനത്തെ സമുന്നതനായ രാഷ്ട്രീയക്കാരനുമായിരുന്നു. അതുതന്നെയാണ് കലാപകാരികളിൽനിന്ന് രക്ഷതേടി അദ്ദേഹത്തിന്റെ വീട്ടില്‍ അഭയംപ്രാപിക്കാന്‍ ഒട്ടേറെ മുസ്ലിംകളെ പ്രേരിപ്പിച്ചതും.
ഗുല്‍ബര്‍ഗ് സൊസൈറ്റി മുഴുവന്‍ കലാപകാരികള്‍ വളഞ്ഞു. അന്നേരം അക്രമം തടയാന്‍ ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയെയടക്കം സകലരേയും ഇഹ്സാന്‍ ജാഫരി വിളിച്ചുനോക്കിയെന്ന് സകിയ പറയുന്നു. എന്നിട്ടും ആ സൊസൈറ്റി ആക്രമിക്കപ്പെട്ടു, കത്തിച്ചാമ്പലാക്കി, അദ്ദേഹത്തെ വലിച്ചുപുറത്തിട്ട് ക്രൂരമായി കൊലപ്പെടുത്തി.കൊല്ലപ്പെടുംമുമ്പ് ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു, ആ ഉദ്യോഗസ്ഥന് മടങ്ങിയയുടനെയാണ് ആക്രമണമുണ്ടായത്. ജാഫരി കൊല്ലപ്പെടുകയായിരുന്നു. കോടതി വിശ്വസിക്കുന്നതുപോലെ ഇതെല്ലാം സ്വാഭാവികമായി സംഭവിച്ചതാണെന്നാണോ? ആ വിധിയെ ഞങ്ങള്‍ വിശ്വാസത്തിലെടുക്കണമെന്നാണോ?
നീതിക്കുവേണ്ടി പൊരുതാന്‍ സകിയ ജാഫരി തീരുമാനിച്ചു. ആര്‍ക്കെതിരെയാണ് താന്‍ നില്‍ക്കുന്നതെന്ന് അവര്‍ക്ക് ഉറച്ച ബോധ്യവുമുണ്ടായിരുന്നു. എന്നാലും അവര്ക്കാ പോരാട്ടം ഒറ്റക്ക് മുന്നോട്ടുകൊണ്ടുപോകാനായില്ല. അവിടെയാണ് ടീസ്റ്റയെപ്പോലുള്ള ആക്ടിവിസ്റ്റുകളുടെ പങ്ക് പ്രസക്തമാകുന്നത്. മുമ്പ് പറഞ്ഞതുപോലെ, ബില്‍കീസിനോട് ചോദിക്കൂ, ബെസ്റ്റ് ബേക്കറിയും നരോദ പാട്യയുമടക്കമുള്ള എണ്ണമറ്റ അക്രമങ്ങളിലെ ഇരകളോട് ചോദിക്കൂ, അവരൊറ്റക്കായിരുന്നോ എന്ന്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരുന്നോ എന്ന്.
മാപ്പര്‍ഹിക്കാത്ത പ്രവൃത്തിയാണ് ഇപ്പോഴത്തെ സുപ്രീംകോടതിയില്‍നിന്നുണ്ടായത്. ഭരണകൂട ഭീകരതയുടെ ഇരകളെ കോടതി ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. അവര്‍ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായംതേടാന് കഴിയാത്തവിധം കോടതി ഭീഷണി മുഴക്കുകയാണ് ചെയ്തത്. മാത്രമല്ല, നിങ്ങള്‍ നിങ്ങളുടെ പണി സ്വന്തം ഉത്തരവാദിത്തത്തില്‍ ചെയ്യുക എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരോട് കോടതി താക്കീത് ചെയ്യുകയാണ്.
എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരെയും അപകടത്തിലാക്കുന്ന നടപടിയാണിത്. കോടതിയുടെ വാക്കുകള്‍തന്നെ കടമെടുത്താല്‍, 'അധികാരികളെ ചോദ്യംചെയ്യാന്‍ ധൈര്യം കാണിക്കുന്നവരെ' പ്രതിക്കൂട്ടില്‍ കയറ്റാനാണ് കോടതി ആവശ്യപ്പെടുന്നത്. മുംബൈ, ഭീവണ്ടി, ഭഗല്‍പുര്‍, നെല്ലി, ഡല്‍ഹി തുടങ്ങി ഏത് അക്രമമെടുത്താലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ അവിടത്തെ ഇരകള്‍ക്ക് പ്രതികാരഭരണകൂടത്തോട് ചെറുത്തുനില്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലായിരുന്നു. തെറ്റുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിലകൊണ്ടവരോട് പകവീട്ടുന്നത് മുമ്പൊക്കെ ഭരണകൂടങ്ങളായിരുന്നു. എന്നാല്‍, ഇന്നത് സുപ്രീംകോടതിയാണ്. പുരോഗതിതന്നെ, പറയാതിരിക്കാനാവില്ല.
(ഡൽഹി സർവകലാശാല ഹിന്ദിവിഭാഗം അധ്യാപകനും സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.