മഹാ കവി ഇനി ഇതിഹാസം
text_fields'തൊണ്ണൂറ് വയസ്സാകരുത്. എൺപതിനു മുമ്പ് പോകണം. അല്ലെങ്കിൽ എത്ര നിയന്ത്രിച്ചാലും ആരോഗ്യം ബുദ്ധിമുട്ടിക്കും'
അതായിരുന്നു അക്കിത്തത്തിന് പ്രായത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്. എന്നിട്ടും തൊണ്ണൂറു കടന്നും ആ കാവ്യജീവിതം മലയാളത്തിന് കാവൽനിന്നു. ഒടുവിലിപ്പോൾ, കേരളത്തിെൻറ മുറ്റത്ത് ആറാംവട്ടം ജ്ഞാനപീഠ പുരസ്കാരത്തെ കുടിയിരുത്തിയ മഹാകവി വിടവാങ്ങുന്നു.
മലയാള കവിതയെ കാൽപനികതയുടെ കത്രികപ്പൂട്ടിൽ നിന്നുണർത്തി ആധുനികതയിലേക്ക് ആനയിച്ചവരിൽ അക്കിത്തത്തിെൻറ കവിതകൾക്ക് നിർണായക പങ്കുണ്ടായിരുന്നു. ഏഴാം വയസ്സിൽ ക്ഷേത്രച്ചുമരിൽ എഴുതിവെച്ച നാലുവരിയിലുടെ കവിതയെഴുത്തിെൻറ തഴക്കം ബോധ്യപ്പെടുത്തിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കടന്നുവരവ്.
കവിയല്ലെങ്കിലാര്...?
കവിയായില്ലെങ്കിൽ പിന്നെയാരാകുമായിരുന്നു എന്ന ചോദ്യത്തിന് കവിയല്ലാതെ മറ്റാരാകാൻ എന്ന് ഒരായിരം വട്ടം മറുപടി പറഞ്ഞിട്ടുണ്ട് അക്കിത്തം. എന്തിനെക്കുറിച്ചെങ്കിലും ആലോചിക്കുമ്പോൾ തന്നെ കവിത വന്ന് നിറയുന്ന മനസ്സിന് കവിയാവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.
പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനക്കല്‍ പാർവതി അന്തർജനത്തിെൻറയും മകനായി ജനിച്ച അച്യുതന് ചെറുപ്പത്തിൽ കമ്പം വരയോടായിരുന്നു. ബന്ധുവായ സ്ത്രീയുടെ ചിത്രം കുളപ്പുരക്കടവിൽ വരച്ചുവെച്ചതിെൻറ കോലാഹലത്തോടെ ചിത്രകലയോട് വിട പറയേണ്ടിവന്നു. അനിയൻ അക്കിത്തം നാരായണൻ ലോകമറിയുന്ന ചിത്രകാരനായി മാറിയത് പാരമ്പര്യമായി ഉള്ളിലുള്ള ചിത്രകാരെൻറ തെളിവാണ്.
അമ്പലച്ചുമരുകളെ കരിക്കട്ടകളാൽ അലേങ്കാലമാക്കിയതു കണ്ടപ്പോൾ അതേ ചുമരിൽ അച്യുതൻ എന്ന ഏഴുവയസ്സുകാരൻ നാലുവരി കുറിച്ചുവെച്ചു...
'അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകിൽ
വമ്പനാം ഈശ്വരൻ വന്നി-
ട്ടെമ്പാടും നാശമാക്കിടും'
ഈണവും പ്രാസവും മുറിയാതെ എഴുതിയ ആ നാലുവരികൾക്ക് കിട്ടിയത് ശാസനയായിരുന്നില്ല; അഭിനന്ദനങ്ങളായിരുന്നു. തെൻറയുള്ളിൽ ഒരു കവി പതുങ്ങിക്കിടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
ചെറുപ്പത്തില്‍തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അക്കിത്തം കുമരനല്ലൂർ ഹൈസ്കൂളിൽ നിന്നും സ്കൂൾവിദ്യാഭ്യസം പൂർത്തിയാക്കി. ഇൻറർമീഡിയറ്റിന് കോഴിേക്കാട് സാമൂതിരി കോളജിൽ ചേർെന്നങ്കിലും പഠനം പൂർത്തിയാക്കിയില്ല.
ചെറുപ്പത്തിൽതന്നെ കവിതകൾ അയച്ചുകൊടുത്തെങ്കിലും വളരെ കുറച്ചുമാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇടശ്ശേരി, ബാലാമണിയമ്മ, കുട്ടികൃഷ്ണ മാരാർ, വി.ടി. ഭട്ടതിരിപ്പാട് എന്നിവരുടെ ശിക്ഷണം തെൻറ കവിതയെ പരിപോഷിപ്പിച്ചതായി അക്കിത്തം തന്നെ പറഞ്ഞിട്ടുണ്ട്...
ഇ.എം.എസും അക്കിത്തവും
നമ്പൂതിരി സമുദായത്തിലെ നവീകരണ പ്രസ്ഥാനമായ യോഗക്ഷേമ സഭക്കൊപ്പവും അക്കിത്തമുണ്ടായിരുന്നു. 'ഉണ്ണിനമ്പൂതിരി' മാസികയുടെ പ്രസാധകനായും മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്ത് വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ് എന്നിവരുടെ പേഴ്സനൽ സെക്രട്ടറികൂടിയായിരുന്നു അക്കിത്തം. ഇ.എം.എസിെൻറ ആത്മകഥയുടെ കുറെ ഭാഗങ്ങൾ കേട്ടെഴുതിയത് അക്കിത്തമാണ്. ഇ.എം.എസുമായുള്ള അടുപ്പം അക്കിത്തത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പിച്ചു. വേദങ്ങളുടെ സമത്വദർശനത്തിൽ വിശ്വസിച്ചിരുന്ന തനിക്ക് കമ്യൂണിസത്തിെൻറ സമഭാവനാ ദർശനം സ്വീകാര്യമാവുകയായിരുന്നു എന്ന് അക്കിത്തം ഈ അടുപ്പത്തെ നിർവചിച്ചു.
ആകാശവാണി, കോഴിക്കോട്...
1956ൽ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിക്കാൻ കിട്ടിയ അവസരം അക്കിത്തത്തിലെ സാഹിത്യകാരനെ ഏറെ സഹായിച്ചു. ഉറൂബ്, തിക്കോടിയൻ, എൻ.എൻ. കക്കാട്, കെ.എ. കൊടുങ്ങല്ലൂർ എന്നീ സഹപ്രവർത്തകരും പുറത്ത് എസ്.കെ. പൊെറ്റക്കാട്ട്, എൻ.പി. മുഹമ്മദ്, കവി ആർ. രാമചന്ദ്രൻ, എം.ടി. വാസുദേവൻ നായർ... സാഹിത്യ സൗഹൃദത്തിെൻറ അതിവിശാലമായ ഒരു ലോകത്തേക്കുള്ള വിക്ഷേപണമായിരുന്നു അത്. ആ സൗഹൃദം കവിതക്കും കാഴ്ചപ്പാടിനും ഏറെ പ്രയോജനം ചെയ്തു. പ്രത്യേകിച്ച് ഉറൂബിനൊപ്പമുള്ള സൗഹൃദം പൊന്നാനി കളരിയുമായി ഏറെ അടുപ്പിക്കുകയും ചെയ്തു. കവിതയും സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത 'വയലും വീടും'പരിപാടിയുടെ സ്‌ക്രിപ്റ്റ് രചനയായിരുന്നു അക്കാലത്ത് കോഴിക്കോട് ആകാശവാണിയിൽ ചെയ്തതെന്ന് അക്കിത്തം തമാശയായി പറഞ്ഞിട്ടുണ്ട്.
- 18.3.1926 -പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനനം
- 1946 - ഉണ്ണിനമ്പൂതിരി മാസിക പ്രസാധകൻ.
- 1949- വിവാഹം.
- 1956 - കോഴിക്കോട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ്
- എഴുത്തുകാരൻ.
- 1975 -ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്റർ.
- 1973- 76 - സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ.
- 1948- ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' പ്രസീദ്ധീകരിച്ചു.
- 1972 - 'ബലിദര്‍ശന'ത്തിന് കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
- 1973- ഒാടക്കുഴൽ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.
- 1994- ആശാൻ പുരസ്കാരം, ഉള്ളൂർ പുരസ്കാരം.
- 1996 - വള്ളത്തോൾ പുരസ്കാരം, ലളിതാംബിക അന്തർജജനം പുര്സകാരം
- 1998- സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം.
- 2003- സഞ്ജയന്‍ പുരസ്‌കാരം,പത്മപ്രഭ സാഹിത്യ പുരസ്കാരം.
- 2004- അമൃതകീര്‍ത്തി പുരസ്‌കാരം.
- 2006- ജ്ഞാനപ്പാന പൂന്താനം പുരസ്കാരം.
- 2007- മധ്യപ്രദേശ് സർക്കാർ ദേശീയ കബീർ പുരസ്കാരം,ബാലാമണിയമ്മ പുരസ്കാരം.
- 2008- സമഗ്രസംഭാവനയ്ക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം,മാതൃഭൂമി സാഹിത്യ പുരസ്‌കാരം
- 2012- വയലാർ അവാർഡ്.
- 2017 -പത്മശ്രീ
- 2019 - ജ്ഞാനപീഠം
നൂറ്റാണ്ടിെൻറ ഇതിഹാസം
വേദ പാരമ്പര്യത്തിലെ സമാനത എന്ന ആശയത്തിൽനിന്ന് സമത്വത്തിലേക്ക് പരിവർത്തിക്കപ്പെടുന്നതിനിടെ കമ്യൂണിസത്തിൽ ആകൃഷ്ടനായ കവിയായിരുന്നു അക്കിത്തം. എന്നാൽ, അക്രമോത്സുകതയുടെ പാതയിലേക്ക് ആ ആശയം വഴിമാറുന്നുവെന്ന് തോന്നിയപ്പോൾ താൻ പുറപ്പെട്ട വേരുകളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
അക്രമാത്മകതയെ അതിരൂക്ഷമായി വിമർശിക്കുന്ന 'ഇരുപതാം നൂറ്റാണ്ടിെൻറ ഇതിഹാസം' എന്ന കൃതി അക്കിത്തത്തിെൻറ നയപ്രഖ്യാപനമാണ്. കാൽപനികതയിൽനിന്ന് ആധുനികതയിലേക്ക് മലയാള കവിതയെ ആനയിച്ച ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും തുടർച്ചയിൽ ആധുനികതയെ ഉത്സവമാക്കിയത് അക്കിത്തമാണ്.
വേദത്തിലെ സംവാദ സൂക്തമാണ് ആദ്യത്തെ കമ്യൂണിസ്റ്റ് കൃതി എന്നു പറഞ്ഞ കവിയാണ് അക്കിത്തം. ആ ദർശനം അക്രമോത്സുകതയിലേക്ക് വഴുതുന്നു എന്ന് സന്ദേഹിച്ച് അകന്നു മാറിയ അക്കിത്തം ഏറ്റവും അക്രമോത്സുകമായ ഹിന്ദുത്വ രാഷ്ട്രീയത്തോടും അതിെൻറ ചോരചൊരിഞ്ഞ വർത്തമാനങ്ങളോടും നിസ്സംഗത പുലർത്തുകയും അതിനോട് കലഹിക്കാതെ ഓരം ചേർന്നുപോവുകയും ചെയ്തു എന്ന രൂക്ഷമായ വിമർശനം മറുവശത്തുമുണ്ട്. തപസ്യ പോലുള്ള സംഘ്പരിവാർ സാംസ്കാരിക സംഘങ്ങളുടെ നേതൃത്വം വഹിക്കുന്നതിൽ അദ്ദേഹം വൈമനസ്യം കാണിക്കുകയും ചെയ്തില്ല.
'ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം' എന്ന് അനുതാപപ്പെട്ട കവിയുടെ മാനവികതാബോധത്തെ ആസ്തിക്യ ബോധം വിഴുങ്ങുകയും ഭാവിയിലേക്ക് വളരാതെ ഭൂതത്തിലേക്ക് തിരിച്ചുപോകുകയും ചെയ്യുകയായിരുന്നു എന്ന അതിശക്തമായ വിമർശനം അവസാന നാളുകളിൽ നേരിടുകയുണ്ടായി. പക്ഷേ, എല്ലാ വിമർശനങ്ങളോടും നിസ്സംഗമായ പ്രതികരണമായിരുന്നു അക്കിത്തത്തിന്.
ആറാമത്തെ ജ്ഞാനപീഠം
ജി. ശങ്കരകുറുപ്പ്, എസ്.കെ. പൊെറ്റക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുേദവൻ നായർ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കുശേഷം മലയാളത്തിലേക്ക് ആറാം തവണ ജ്ഞാനപീഠം എത്തിയത് 2019ൽ അക്കിത്തത്തിലൂടെയാണ്. സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. പുരസ്കാരങ്ങളുടെ അതിദീർഘമായ നിരതന്നെ അക്കിത്തത്തെ തേടിവന്നിട്ടുണ്ട്. 2017ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. കേരള - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ, വള്ളത്തോൾ, ആശാൻ, വയലാർ, ഓടക്കുഴൽ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.