കരിങ്കല്ല് പേറുന്ന മനസ്സുകൾ
text_fieldsഅതൊരു ഒളിവുജീവിതം തന്നെയാണ്. അതിൽ സംതൃപ്തിയുണ്ടെന്ന് വാദിക്കുമ്പോൾതന്നെ വീടിന്റെ വാതിലിലെ ഒാരോ മുട്ടിനെയും ഒാരോ ഫോൺ ബെല്ലടിയെയും അദ്ദേഹം അകാരണമായി ഭയപ്പെട്ടുകൊണ്ടിരുന്നു. ’80 കളിലെ മോഹൻലാൽ-ശ്രീനിവാസൻ ജോടിയുടെ ജനപ്രിയ ചിത്രം നാടോടിക്കാറ്റിലെ തിലകൻ അവതരിപ്പിച്ച അനന്തൻ നമ്പ്യാരെ പോലെ, സദാസമയം ഞെട്ടിവിറക്കുന്ന അവസ്ഥ!
നല്ല വിദ്യാഭ്യാസം നേടി ഉയർന്ന പദവികളിലും അഭിവൃദ്ധിയിലും എത്തിനിൽക്കെ, പൊടുന്നനെ വീണുപോകുന്ന, ഉൾവലിയുന്ന ചിലരുണ്ട്. ജീവിതത്തിൽ എവിടെയോ എങ്ങനെയോ സംഭവിച്ച പാകപ്പിഴകളുടെ ഭാരത്താലാകും ആ വീഴ്ചയും പിൻവലിയലും. എനിക്ക് അത്തരമൊരു പരിചയക്കാരന്റെ അനുഭവം പങ്കുവെക്കാനുണ്ട്. ഉന്നത വിദ്യാഭ്യാസം നേടി, സ്വദേശത്തും വിദേശത്തും ഉദ്യോഗതലത്തിൽ ഏറെ ഉയർന്ന വ്യക്തിത്വം.
തുടക്കകാലം മുതലേ സ്വന്തം ജോലിയുമായി ചേർന്നുപോകാത്ത, ശരിയുടെയും തെറ്റിന്റെയും നേർത്ത അതിർവരമ്പിലൂടെ കടന്നുപോകുന്ന ചില പ്രവൃത്തികളിൽ അദ്ദേഹം വ്യാപൃതനായിരുന്നു. അൽപം അപകടകരമായ സൗഹൃദങ്ങളിലേക്കും പലപ്പോഴും ചെന്നെത്തി. ദൂരെനിന്ന് ഇടക്കെങ്കിലും അത് വീക്ഷിച്ച ഞാൻ അന്നേ അതിലെ അപകടം മുൻകൂട്ടി കണ്ടിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കഴിവിലും പ്രാപ്തിയിലുമുള്ള മതിപ്പ് അന്നെനിക്ക് സമാശ്വാസം നൽകി.
ഗണ്യമായ സാമ്പത്തിക അഭിവൃദ്ധി അദ്ദേഹം കൈവരിച്ചു. അതിനിടെയാണ് അദ്ദേഹത്തെ ചുറ്റിപ്പറ്റി ചില കഥകൾ നാട്ടിൽ പരന്നുതുടങ്ങിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടത്തിനായുള്ള വഴിവിട്ട നീക്കങ്ങളുടെ കഥകളായിരുന്നു അതെല്ലാം. ശരിയാവാം തെറ്റാവാം അവയൊക്കെ. ഏതായാലും കുറച്ചുകാലം കഴിഞ്ഞ് അദ്ദേഹം വിദേശ ജോലി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയതായി അറിഞ്ഞു. പിന്നീട് കുറേക്കാലം അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലാതെയായി. ഇയാൾക്കെന്തു പറ്റിയെന്ന് ഞാൻ ബന്ധപ്പെട്ട ചിലരോട് തിരക്കി.
അകാരണമായ ഒരു ഭയത്തിന്റെ നിഴലിൽപെട്ട അദ്ദേഹം എല്ലാവരിൽനിന്നും അകന്നുകഴിയുകയാണ് എന്ന കൗതുകകരമായ മറുപടിയാണ് ലഭിച്ചത്. സാമൂഹികവും സാംസ്കാരികവുമായ മിക്കവാറും എല്ലാ ബന്ധങ്ങളും അദ്ദേഹം വിച്ഛേദിച്ചിരിക്കുന്നു. എന്തിനേറെ പറയുന്നു, സ്വന്തം വീട്ടിലേക്ക് വരുന്നവരെപോലും കാര്യമായ പരിശോധനക്കുശേഷമേ കടത്തിവിടുമായിരുന്നുള്ളൂ എന്ന് നാട്ടിൽ പൊതുവേ സംസാരം പ്രചരിച്ചു.
നന്നായി പഠിച്ച്, നല്ല നിലയിൽ എത്തുകയും സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കുകയും ചെയ്ത ഒരാളുടെ ജീവിതം ഇത്തരത്തിൽ ആയത് എന്നെ ദുഃഖിതനാക്കി. സന്ദർഭവശാൽ ഒരിക്കൽ കാണാൻ അവസരമുണ്ടായെങ്കിലും ഒന്നും വിട്ടുപറയാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇപ്പോൾ എങ്ങനെ ജീവിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി രസകരമായിരുന്നു- ‘‘ആരെയും ഉപദ്രവിക്കാതെ, സ്വൈരമായി കഴിയുന്നു, അതാണല്ലോ വലിയ ഭാഗ്യം’’.
ആ വർത്തമാനത്തിന്റെ ഭംഗികൊണ്ടോ എന്തോ ഞാൻ അത് ശരിവെച്ചു. ഇത്രത്തോളം ഭാഗ്യം സിദ്ധിച്ച താങ്കൾക്ക് സമൂഹ നന്മക്കായി ചിലത് ചെയ്യരുതോ എന്ന് ഞാൻ ചോദിച്ചു. പ്രയാസമനുഭവിക്കുന്നവർക്ക് സാമ്പത്തിക പിന്തുണ നൽകിക്കൂടേ എന്ന എന്റെ ചോദ്യത്തോട് നിഷേധാത്മകമായിരുന്നു മറുപടി. ആ മനോഗതി മനസ്സിലാക്കിയ ഞാൻ യാന്ത്രികമായ ഹസ്തദാനത്തോടെ പിരിയുകയും ചെയ്തു. അദ്ദേഹത്തിന്റെ ചില പഴയകാല സുഹൃത്തുക്കളെ പിന്നീട് കണ്ടപ്പോഴാണ് അവരുമായും പഴയ ചങ്ങാത്തമില്ല എന്ന് മനസ്സിലായത്.
സമ്പത്ത്, പദവി തുടങ്ങിയ ഭൗതികമായ നേട്ടങ്ങൾ ആത്യന്തികമായി ഒരു മനുഷ്യന് സമ്മാനിക്കേണ്ടത് സമാധാനവും സ്വസ്ഥതയുമാണ്. ഇദ്ദേഹത്തിന് അത് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് എനിക്ക് ബോധ്യമായത്. അക്ഷരാർഥത്തിൽ അതൊരു ഒളിവുജീവിതം തന്നെയാണ്.
അതിൽ സംതൃപ്തിയുണ്ടെന്ന് വാദിക്കുമ്പോൾതന്നെ വീടിന്റെ വാതിലിലെ ഒാരോ മുട്ടിനെയും ഒാരോ ഫോൺ ബെല്ലടിയെയും അദ്ദേഹം അകാരണമായി ഭയപ്പെട്ടുകൊണ്ടിരുന്നു. ’80 കളിലെ മോഹൻലാൽ-ശ്രീനിവാസൻ ജോടിയുടെ ജനപ്രിയ ചിത്രം നാടോടിക്കാറ്റിലെ തിലകൻ അവതരിപ്പിച്ച അനന്തൻ നമ്പ്യാരെ പോലെ, സദാസമയം ഞെട്ടിവിറക്കുന്ന അവസ്ഥ!
ഇങ്ങനെ അർഥരഹിതമായ ഭയത്തിന് അടിപ്പെട്ട ഒരുപാടുപേരെ നമുക്കുചുറ്റും കാണാനാകും. ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽ സംഭവിച്ചുപോയ ഒരു കുറ്റത്തിന്റെ, പിഴവിന്റെ പാപഭാരമാണ് പലരെയും ആ അവസ്ഥയിലേക്ക് നയിക്കുന്നത്. ഈ അവസ്ഥ പ്രായഭേദമന്യേ നമ്മിൽ പലർക്കുമുണ്ട്.
കുറ്റബോധം മനസ്സിൽനിന്ന് മായ്ച്ചുകളയാൻ എന്തെല്ലാം പരിഹാരമാർഗങ്ങൾ നമുക്ക് മുന്നിലുണ്ട്! തെറ്റ് ചെയ്യാത്ത മനുഷ്യരില്ലല്ലോ. തെറ്റ് തിരിച്ചറിയുകയും അത് തിരുത്തുകയും അതിൽനിന്ന് പാഠം ഉൾക്കൊള്ളുകയും കൂടുതൽ ആർജവത്തോടെ മുന്നോട്ടുപോവുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം അവനവൻ തന്നെ നിർമിച്ച കൂടിനകത്ത് സ്വയം ബന്ധനസ്ഥനാകുന്ന സ്ഥിതിയിലേക്ക് നാം മാറും.
സാമൂഹികവും സാംസ്കാരികവുമായ എല്ലാ ബന്ധങ്ങളിൽനിന്നും പിൻവലിഞ്ഞുള്ള രഹസ്യജീവിതത്തിലൂടെ നാം സ്വയം അപ്രസക്തരാവുകയും ചെയ്യും. ഒരു രാത്രി പോലും സമാധാനമായി ഉറങ്ങാൻ കഴിയാത്ത സ്ഥിതിയുമുണ്ടാകും. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ വേറെയും.
കഠിനാധ്വാനത്തിലൂടെ നാം നേടിയ വിദ്യാഭ്യാസ യോഗ്യതകൾ, അതുവഴി കരസ്ഥമാക്കിയ പദവികൾ, സാമ്പത്തിക അഭിവൃദ്ധി ഇതെല്ലാം ഒടുവിൽ നമുക്ക് ബാക്കിവെച്ചത് ഒരു ഒളിവ് വാസമാണെങ്കിൽ ആ ജീവിതത്തിന് പിന്നെ എന്തർഥമാണുള്ളത്? നമ്മൾ അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്ക് അക്കൗണ്ടിന് കനം നൽകുമായിരിക്കാം, അതുമല്ലെങ്കിൽ നമ്മുടെ നോമിനികൾക്ക് സുരക്ഷിതത്വം സമ്മാനിക്കുമായിരിക്കാം.
ചിതലിന് തിന്നുതീർക്കാവുന്ന നോട്ടുകെട്ടുകളും തെളിച്ചം മങ്ങിപ്പോകുന്ന സ്വർണ ശേഖരവും ക്ലാവ് പിടിച്ചുപോകുന്ന അലങ്കാര ശിൽപങ്ങളും മാത്രമാണ് അവർക്ക് ചുറ്റുമുള്ളത്. പക്ഷേ, അതുകൊണ്ട് അവർക്ക് എന്ത് നേട്ടമുണ്ടായി?
വിദ്യാർഥി കാലത്തോ യൗവനകാലത്തോ തെറ്റുകൾ പലർക്കും സംഭവിച്ചിരിക്കാം. എക്കാലവും അത് മനസ്സിൽ ഒരു ഭാരമായി പേറാതെ പ്രായശ്ചിത്തത്തിന്റെ വഴികൾ നാം കണ്ടെത്തണം. ചിലപ്പോൾ സൽകർമങ്ങളിലൂടെ ആ പാപബോധത്തെ മറികടക്കാൻ കഴിഞ്ഞേക്കാം. നാം ചെയ്ത തെറ്റ് ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെട്ടതാണെങ്കിൽ അവരോട് മാപ്പ് തേടാൻ മടിച്ചുനിൽക്കരുത്. വിശ്വാസികൾക്കാവട്ടെ ആത്മീയതയിൽ അധിഷ്ഠിതമായ പരിഹാരമാർഗങ്ങൾ ഏറെയുണ്ട്.
അതുവഴി വലിയൊരു കരിങ്കൽപാളി തലയിൽനിന്ന് ഇറക്കി താഴെവെക്കുന്ന തരത്തിലുള്ള ആശ്വാസവും നിർവൃതിയും നമുക്ക് ലഭിക്കും. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ചിലരെങ്കിലും ഇപ്പോഴും കരിങ്കൽപാളി ചുമക്കാൻ താൽപര്യപ്പെടുന്നു. അവർക്കും അർഥസമ്പുഷ്ടമായ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എല്ലാ അവസരവുമുണ്ട്.
വീഴ്ചകളിൽനിന്ന് നമ്മെ കൈപിടിച്ചുയർത്താൻ അദൃശ്യകരങ്ങളുമേറെയുണ്ട്. ആ കരങ്ങൾ സ്നേഹത്തിന്റെയും സഹാനുഭൂതിയുടേതുമാണ്. നിരാശയുടെ ആഴങ്ങളിലേക്ക് സ്വയം ആഴ്ന്നുപോകാതെ, പ്രത്യാശയോടെ, പ്രതീക്ഷാ നിർഭരമായ ജീവിതം നയിക്കുക. 18ാം നൂറ്റാണ്ടിലെ ജീവിതത്തെ ഉൽകൃഷ്ട ചിന്തകൾകൊണ്ട് ധന്യമാക്കിയ പ്രശസ്ത കവി അലക്സാണ്ടർ പോപ്പിന്റെ വാക്കുകൾ കടമെടുക്കാം.‘‘തെറ്റുപറ്റുക മാനുഷികം, പൊറുക്കുക ദൈവികവും!’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.