ജാതിക്കൊലയുടെ പ്രത്യയശാസ്ത്രം
text_fieldsഇന്ത്യൻ സമൂഹത്തെ അഗാധമായി സ്വാധീനിച്ചുപോരുന്ന ഒന്നാണ് ജാതിവ്യവസ്ഥ. നമ്മുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ജീവിതത്തിെൻറ ഗതി നിർണയിക്കുന്നതിൽ ജാതി- വർണ വ്യവസ്ഥ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ജാതിയും വർണക്രമങ്ങളും മറികടന്നുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളും വിവാഹവും പ്രാചീനകാലം മുതൽ ഇന്ത്യയിലെ ധർമശാസ്ത്ര കർത്താക്കൾ ശക്തിയുക്തം നിഷേധിക്കുന്നുണ്ട്. ജാതിവ്യവസ്ഥയെ ശാശ്വതമായി നിലനിർത്താനുതകുംവിധമാണ് സ്മൃതികർത്താക്കൾ വിവാഹസമ്പ്രദായങ്ങൾ ആവിഷ്കരിച്ചത്. ആയിരത്താണ്ടുകളായി ഇന്ത്യയിൽ നിലനിന്നുപോരുന്ന വർണസങ്കരം എന്ന ആശയത്തിെൻറ സാധൂകരണമായാണ് ആധുനികകാലത്തും ഇന്ത്യയിൽ ജാതിക്കൊലപാതകങ്ങൾ അരങ്ങേറുന്നത്. സവർണർ അവർണരെ വിവാഹം കഴിക്കുന്നത് (നേരെമറിച്ചും) വർണസങ്കരത്തിനിടയാക്കുമെന്ന വിശ്വാസധാരയിലാണ് ആധുനികകാലത്തും ഇന്ത്യയിൽ തുടർച്ചയായി ജാതിക്കൊലകൾ നടന്നുവരുന്നത്. കേരളത്തിൽ പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിൽ നടന്ന ജാതിക്കൊലയുടെ അടിസ്ഥാനം വർണധർമ പ്രത്യയശാസ്ത്രമാണ്.
എന്താണ് വർണസങ്കരം?
ബ്രാഹ്മണാദി വർണങ്ങളിൽപെട്ടവർ അന്യോന്യം വ്യഭിചരിക്കുന്നതുകൊണ്ടും ഏകഗോത്രവിവാഹംകൊണ്ടും സ്വകർമങ്ങളുടെ ത്യാഗംകൊണ്ടും വർണസങ്കരം ഉണ്ടാകുന്നു എന്ന് മനുസ്മൃതി (മനു.10.24). എന്താണ് മനു സ്വകർമം എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്? 'സ്വധർമം'തന്നെ. സ്വധർമം ആവട്ടെ, വർണധർമം അല്ലെങ്കിൽ 'ജാതിധർമ'മാണ്. 1950ൽ ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്ത് സഹോദരൻ അയ്യപ്പൻ നടത്തിയ പ്രഭാഷണത്തിൽ 'ധർമം ധർമം എന്നു പറയുന്നത് വർണാശ്രമധർമത്തെയാണ്' എന്ന് വ്യക്തമാക്കുന്നുണ്ട്. ഗുണഹീനമായാലും സ്വധർമമനുഷ്ഠിക്കുന്നതാണ് നല്ലതെന്നും പരധർമം ഗുണകരമായിരിക്കില്ലെന്നും പരധർമം അനുഷ്ഠിക്കുന്നവർ ജാതിയിൽ പതിതനാകുമെന്നും മനു സ്പഷ്ടമാക്കുന്നു.
ഗുണഹീനമായാലും സ്വധർമമനുഷ്ഠിക്കുകയാണ് നല്ലത്; അല്ലാതെ എത്ര നന്നായി അനുഷ്ഠിച്ചാലും പരധർമം ഗുണകരമാവില്ല. എന്തെന്നാൽ, അന്യജാതിയുടെ വൃത്തികളനുസരിച്ച് ജീവിക്കുന്നവർ അപ്പോഴേ ജാതിഭ്രഷ്ടരായിത്തീരുന്നു (മനു.10.970). എവിടെയാണോ ജാതിശുദ്ധി നശിപ്പിക്കുന്ന ഈ വർണസങ്കരമുണ്ടാവുന്നത് ആ രാജ്യം രാജ്യവാസികളോടൊപ്പം ക്ഷിപ്രം നശിക്കുമെന്നും മനു (10.61) പറയുന്നു. ചുരുക്കത്തിൽ, ജാതി മാറി വിവാഹത്തെയും സ്ത്രീ-പുരുഷ ബന്ധങ്ങളെയും ശക്തമായി തടയുന്നതാണ് മനുവിെൻറ 'വർണസങ്കരം' എന്ന ആശയം. ഇൗ ആശയത്തിെൻറ വിപുലരൂപമാണ് ഭഗവദ്ഗീതയിൽ അർജുനവിഷാദത്തിൽ തെളിയുന്നതും (ഗീത.1.40): ''അല്ലയോ കൃഷ്ണ, അധാർമികതക്ക് അധീനപ്പെട്ട് കുലസ്ത്രീകൾ ദുഷിക്കുന്നു. സ്ത്രീകൾ ചീത്തയാകുമ്പോൾ ഹേ വൃഷ്ണിവംശജാ, വർണസങ്കരം ഉണ്ടാകുന്നു.''
വർണക്രമം തെറ്റിയുള്ള വിവാഹത്തെയാണ് ഇവിടെ അർജുനനും അപലപിക്കുന്നത്. അതതു വർണക്രമത്തിെൻറ നിയമങ്ങൾ പാലിക്കാതെ സ്ത്രീകൾ മറ്റു വർണത്തിൽ പെട്ടവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ആ സ്ത്രീകൾ ദുഷിക്കുമെന്നാണ് അർജുനൻ പറയുന്നത്. വർണസങ്കരത്തിെൻറ ഫലമായുണ്ടായ സങ്കരജാതികളുടെ പട്ടികതന്നെ മനു അവതരിപ്പിക്കുന്നുണ്ട്. 'സങ്കരജാതി' എന്നാൽ ഒരേ ജാതിയിൽപെടാത്ത മാതാപിതാക്കൾക്കു ജനിച്ചവരെന്നാണ് അർഥം. വർണസങ്കരത്തിെൻറ ഫലമായുണ്ടായവരാണ് ചണ്ഡാളർ. ചണ്ഡാളരെ നായ്ക്ക് സമമായും സഞ്ചരിക്കുന്ന പട്ടടയായുമാണ് മനു വിലയിരുത്തുന്നത്.
വർണസങ്കര ഫലമായുണ്ടാകുന്ന മിശ്രസന്തതി നരകത്തിനായിത്തന്നെ ഭവിക്കുമെന്ന് ഗീത (1.41) പറയുന്നതിെൻറ അർഥവും മറ്റൊന്നല്ല. വർണസങ്കരമുണ്ടാക്കുന്ന, കുലം നശിപ്പിക്കുന്നവരുടെ ഈ ദോഷങ്ങളാൽ എന്നും നിലനിൽക്കേണ്ട ജാതിധർമങ്ങളും കുലധർമങ്ങളും വേരറുക്കപ്പെടുമെന്നും അർജുനൻ ദുഃഖിക്കുന്നു (ഗീത.1.42) വേദേതിഹാസ പുരാണപാഠപാരമ്പര്യങ്ങളും മനുവും ഗീതാകാരനും എല്ലാം സ്ഥാപിക്കാൻ ശ്രമിക്കുന്നത് 'മിശ്രവിവാഹം' അനുവദനീയമല്ലെന്നും പാപമാണെന്നും രാജ്യത്തെയും ജാതിവ്യവസ്ഥയെയും മിശ്രവിവാഹം നശിപ്പിക്കുമെന്നുമാണ്. മിശ്രജാതികൾ നിലവിൽ വന്നതിനുള്ള സാധൂകരണമാണ് വർണസങ്കരത്തിലൂടെ മനു ആവിഷ്കരിക്കുന്നതെന്ന് ഡോ. ബി.ആർ. അംബേദ്കർ എഴുതുന്നു. ചാതുർവർണ്യത്തിെൻറയും ജാതിവ്യവസ്ഥയുടെയും കോട്ട തകർക്കാതെ മിശ്രജാതികളെ നിലനിർത്താനും, അതേസമയം ചാതുർവർണ്യത്തെ തകരാതെ കാക്കാനുമുള്ള ആശയമായിരുന്നു വർണസങ്കരം. വർണസങ്കരം പാപമാണെന്നും, അതിൽ ജനിക്കുന്ന കുട്ടികൾ നരകത്തിലേക്കുള്ള വാതിലാണെന്നും പറയുന്നതിലൂടെ വർണസങ്കരത്തിനിടയാക്കുന്ന സമ്പ്രദായങ്ങളെ തടയിടാനാണ് ബ്രാഹ്മണ്യം ശ്രമിച്ചത്. 'മിശ്രവിവാഹം വർണാശ്രമത്തിെൻറ വേരറുക്കും' എന്ന് സഹോദരൻ അയ്യപ്പൻ പറയുന്നത്, ഈ വർണസങ്കരത്തിെൻറ കുടിലയുക്തി മനസ്സിലാക്കിയാണ്.
'ആർഷഭാരത പാരമ്പര്യ'ത്തിെൻറ അടിയടരായ വർണസങ്കരത്തിെൻറ നിലനിൽപിനായി പരിശ്രമിക്കുന്നവരാണ് വിവാഹത്തിെൻറ പേരിൽ നിഷ്ഠുര കൊലകൾ നടത്തുന്നത്. ''മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് ഒരു ദോഷവുമില്ല'' എന്ന് നാരായണഗുരുവിന് വിളംബരപ്പെടുത്തേണ്ടി വരുന്നത് വർണധർമത്തിൽ അധിഷ്ഠിതമായ വിവാഹസമ്പ്രദായങ്ങൾ ജാതിവ്യവസ്ഥയെ നീതീകരിച്ച് ശാശ്വതമായി അതിനെ നിലനിർത്തുമെന്നു ബോധ്യമായതിനാലാണ്.
ജാതിശുദ്ധി തകരുമെന്ന ധാരണ
വിവാഹത്തിെൻറ പേരിൽ ദലിതർ കൊല്ലപ്പെടുന്നതിന് മുഖ്യകാരണം സവർണ -അവർണ വിവാഹത്തിലൂടെ ജാതിശുദ്ധി തകരുമെന്ന ധാരണയാണ്. ജാതിവ്യവസ്ഥയുടെ മഹനീയത വിധ്വംസകമായി തകർക്കുന്ന ഒന്നാണ് അവർണപുരുഷൻ സവർണസ്ത്രീയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിെൻറ പേരിൽ നടക്കുന്ന കൊലകൾ 'ദുരഭിമാനക്കൊലകളായി' അറിയപ്പെടുന്നത്, അവ ജാത്യഭിമാനഹേതുവായിരിക്കുന്നതിനാലാണ്. സവർണ സ്ത്രീയെ വിവാഹം കഴിച്ച അവർണ പുരുഷനെ കൊലപ്പെടുത്തുന്നതിലൂടെയോ ക്രൂരമായി ഹിംസിക്കുന്നതിലൂടെയോ ജാതിമാറി വിവാഹത്തെ കഠിനഭയം സൃഷ്ടിച്ച് തടയിടാനാണ് ബ്രാഹ്മണ്യാചാരവ്യവസ്ഥയുടെ പാലകർ നിരന്തരം ശ്രമിക്കുന്നത്.
തെലങ്കാനയിലെ നൽഗൊണ്ടയിൽ സവർണ പെൺകുട്ടിയെ വിവാഹം ചെയ്തതിെൻറ പേരിലാണ് പ്രണയ്കുമാർ എന്ന ദലിത് യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനും കൂടി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. 2020 ജൂണിൽ മഹാരാഷ്ട്രയിലെ പുണെയിൽ ജാതിമാറി പ്രണയിച്ച വിരാജ് ജഗ്പഥ് എന്ന ദലിത് യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ക്രൂരമായി കൊന്നു. ഉദുമൽപേട്ടയിൽ മകളെ പ്രണയിച്ചു വിവാഹം കഴിച്ച ദലിതനായ ശങ്കറിനെ വെട്ടിയും ചവിട്ടിയും കൊന്നു. 2019ൽ ആന്ധ്രയിലെ ചിറ്റൂരിൽ ജാതിമാറി വിവാഹം ചെയ്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ചു കൊന്ന് മൃതദേഹം ചുട്ടെരിച്ചു.
കേരളത്തെ നടുക്കിയ വിവാഹക്കൊലയായിരുന്നു ആതിരയുടേത്. കെവിെൻറ കൊലപാതകവും ഇത്തരത്തിലൊന്നുതന്നെയാണ്. പട്ടികജാതിക്കാരനായ ബ്രിജേഷിനെ മകൾ വിവാഹം കഴിക്കുന്നതിൽ, നാട്ടുകാരുടെ പരിഹാസം സഹിക്കാതെയാണ് ആതിരയെ പിതാവ് കൊലപ്പെടുത്തിയത്.
'ജാതിയില്ലാ കേരള'ത്തിലെ ജാതിക്കൊലകൾ കേരളത്തെ ബാധിച്ചിരിക്കുന്ന ജാതിജീർണതയുടെ മറ്റൊരു മുഖമാണ് തെളിയിച്ചുകാട്ടുന്നത്. പാലക്കാട് തേങ്കുറിശ്ശിയിൽ നടന്ന ജാതിക്കൊല ഇതിെൻറ അവസാന ഉദാഹരണമാണ്. ജാതിതന്നെയായിരുന്നു അനീഷ് എന്ന ചെറുപ്പക്കാരെൻറ ജീവൻ അപഹരിക്കാൻ ഇടയാക്കിയത്.
ജാതിയുടെ പേരിൽ നടക്കുന്ന കൊലകളെ ദുരഭിമാനക്കൊലകളായി പറയുന്നത് എന്തുകൊണ്ടാണെന്ന് കാഞ്ച ഐലയ്യ ചോദിക്കുന്നുണ്ട്. ജാതിയുടെ പേരിൽ നടക്കുന്ന കൊലകളെ ജാതിക്കൊലകളെന്നാണ് വിളിക്കേണ്ടതെന്ന് കാഞ്ച ഐലയ്യ പറയുന്നു. വർണസങ്കരം എന്ന ബ്രാഹ്മണ്യാശയം ആധുനികസമൂഹത്തിൽ തുടരുന്നതിെൻറ ദൃഷ്ടാന്തമാണ് ഈ ജാതിക്കൊലപാതകങ്ങൾ.
'മനു മരിച്ചിട്ടില്ല' എന്ന അംബേദ്കറുടെ വാക്കുകളെ ശരിവെക്കുന്നതാണ് ഇപ്പോഴും അരങ്ങേറുന്ന ജാതിക്കൊലപാതകങ്ങൾ. ''ജാതിയെന്നത് ബ്രാഹ്മണ്യത്തിെൻറ അവതാരമല്ലാതെ മറ്റൊന്നുമല്ല'' എന്ന് 'അനിഹിലേഷൻ ഓഫ് കാസ്റ്റ്' എന്ന വിഖ്യാതഗ്രന്ഥത്തിൽ അംബേദ്കർ രേഖപ്പെടുത്തുന്നു. ''ജാതി ഒരു ധാരണയാണ്. അതൊരു മാനസികഭാവമാണ്. അതിനാൽ, ജാതിനശീകരണം എന്നതിന് ഭൗതികപ്രതിബന്ധത്തിെൻറ തകർക്കൽ എന്നർഥമില്ല. അത് അർഥമാക്കുന്നത് ധാരണയുടെ മാറ്റം''എന്നാണെന്നും അംബേദ്കർ വ്യക്തമാക്കുന്നു. ഇന്ത്യൻ സാമൂഹികജീവിതത്തിൽ ജാതിമാറിയുള്ള വിവാഹത്തെ തടയുന്നത് 'വർണസങ്കരം' എന്ന ആശയത്തിെൻറ ധാരണയിലാണ്. ഈ ധാരണയാണ് വെറിപൂണ്ട കൊലപാതകങ്ങൾക്ക് േപ്രരിപ്പിക്കുന്നത്. 'ജാതിയുടെ ഉന്മൂലനം' എന്നതുകൊണ്ട് അംബേദ്കർ വിവക്ഷിച്ചത് യുക്തിവത്കരണവും സാംസ്കാരികസാമാന്യബോധത്തിെൻറ മതനിരപേക്ഷവത്കരണവുമാണെന്ന് ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ മീരാനന്ദ നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യൻ സാമൂഹികജീവിത്തിെൻറ ഹൃദയഭാവമായി ജാതിനിർമൂലനം പ്രവർത്തിച്ചാൽ മാത്രമേ ജാതിയുടെ കൊടിയ അനുഭവരൂപമായ ജാതിക്കൊലപാതകങ്ങൾ ഇന്ത്യയിൽ എന്നേക്കുമായി അവസാനിക്കൂ. അതിന് ഇന്ത്യയുടെ സാംസ്കാരിക അബോധത്തിൽ നിലീനമായ ജാതിയുടെ ആചാരാനുഷ്ഠാന -കഥാരൂപങ്ങൾ ക്രമേണയെങ്കിലും സമ്പൂർണമായി നിഷ്കാസനം ചെയ്യപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.