ദ കർണാടക സ്റ്റോറി
text_fieldsജനങ്ങളെ തമ്മിൽ തല്ലിക്കുന്ന വിദ്വേഷപ്പുക രാജ്യത്ത് പടർത്തുന്നത് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളുമാണെന്ന വിധത്തിൽ വർത്തമാനകാലം കാവിത്തിരുത്തലിന് വിധേയമാക്കുന്നതടക്കം പല വിഭാഗീയ സീനുകൾ നിറഞ്ഞ ‘ദ കർണാടക സ്റ്റോറി’യുടെ ക്ലൈമാക്സ് കാണാൻ ഉദ്വേഗപൂർവം കാത്തിരിക്കുകയാണ് ദേശീയ രാഷ്ട്രീയം. അടുത്ത ഒരു വർഷത്തെ രാഷ്ട്രീയ സർക്കസുകളിൽ കർണാടകത്തിലെ തെരഞ്ഞെടുപ്പു ഫലം ഏറെ നിർണായകം
ചരിത്രം തിരുത്തുന്നു എന്ന പരാതിയാണ് സർവത്ര. പ്രജകൾ കണ്ടുവളർന്ന പട്ടണത്തിനും നടന്നു തഴമ്പിച്ച റോഡിനും എന്തിനധികം, പൂന്തോട്ടത്തിനുപോലും പേരുമാറുന്നത് പൊടുന്നനെയാണ്. വെട്ടിത്തിരുത്തുകയാണ് പാഠപുസ്തകങ്ങൾ.
ഇത്തരത്തിൽ ചരിത്രം മാത്രമല്ല, കൺമുന്നിൽ നിൽക്കുന്ന വർത്തമാനകാലത്തെയും ഉളുപ്പില്ലാതെ തിരുത്തിപ്പറയാമെന്നായിട്ടുണ്ട് ‘പുതിയ ഇന്ത്യ’യിൽ. തിരുത്തുകയോ കത്രിക വെക്കുകയോ ചെയ്യരുതെന്ന നിർബന്ധം രാജ്യത്ത് സെൻസർ ബോർഡിന് മാത്രം.
അവർ കണ്ടു തല കുലുക്കിയാൽ, കോടതിപോലും പിന്നെ തിരുത്തില്ല. അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് ക്രിസ്തു വിളമ്പിയെന്നാണ് ഐതിഹ്യം. ‘ദ കേരള സ്റ്റോറി’ മൂന്നിനെ മുപ്പത്തീരായിരമാക്കിയാണ് പെരുപ്പിച്ചത്. കേരളത്തെ വരിഞ്ഞു മുറുക്കിയ ആ കെട്ടുകഥക്ക് ആധികാരിക ചരിത്രത്തിന്റെ പകിട്ട് നൽകാൻ ഇറങ്ങിയത് ചില്ലറക്കാരല്ല. സെൻസർ ബോർഡിനുപുറമെ, ചിത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സർട്ടിഫിക്കറ്റ് ലഭിച്ചു.
കർണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സർട്ടിഫിക്കറ്റ് വിതരണം നടന്നത്. ചിത്രത്തിന്റെ രാഷ്ട്രീയ ഗൂഢോദ്ദേശ്യം അതോടെ അഭ്രപാളികളിൽ തെളിഞ്ഞു. കേരള സ്റ്റോറി കേരളത്തിൽ നടക്കുന്ന ഭീകരവാദ ഗൂഢപദ്ധതികൾ തുറന്നുകാട്ടുന്ന സിനിമയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഭീകരവാദത്തിനെതിരായ ചിത്രത്തെ ചിലകൂട്ടർ എതിർക്കുന്നത് തീവ്രവാദത്തോടുള്ള മൃദുസമീപനവും വോട്ടുതട്ടാനുള്ള തന്ത്രവുമത്രേ. തീവ്രപക്ഷ ചായ്‍വുള്ളവരുമായി കോൺഗ്രസ് പിന്നാമ്പുറ രാഷ്ട്രീയ വിലപേശൽ വരെ നടത്തുന്നുണ്ടെന്നും മോദി പറഞ്ഞുവെച്ചു.
ചുരുക്കിപ്പറഞ്ഞാൽ, ദേശതാൽപര്യവും ദേശീയതയും സംരക്ഷിക്കാൻ ബി.ജെ.പി പെടാപ്പാട് നടത്തുമ്പോൾ തീവ്രവാദികൾക്ക് ഒത്താശ ചെയ്യുകയാണ് കോൺഗ്രസ്. തീവ്രവാദികൾ ഏതു സാമുദായിക ഇനത്തിൽ പെട്ടതാണെന്ന് എടുത്തു പറയേണ്ടതില്ല. ഇതൊക്കെ മുൻനിർത്തി തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ടുചെയ്യണമെന്ന് ഇനി ജനങ്ങൾക്ക് തീരുമാനിക്കാം.
കേരള സ്റ്റോറി പുറത്തെടുക്കുന്നതിനു തൊട്ടു മുമ്പായിരുന്നു പ്രധാനമന്ത്രിയുടെ ഹനുമൽസേവ. ബജ്റംഗ്ബലി എന്നു പറഞ്ഞാൽ ഹനുമാനാണെന്നും ബജ്റംഗ് ദൾ എന്നു പറഞ്ഞാൽ ഹിന്ദുത്വ തീവ്രവാദ സംഘടനയാണെന്നും തിരിച്ചറിഞ്ഞാൽ മാത്രമാണ് ഹനുമൽസേവ തിരിച്ചറിയാനാവുക.
കോൺഗ്രസ് അധികാരത്തിൽവന്നാൽ ആ തീവ്രവാദ സംഘടനയെ പോപുലർ ഫ്രണ്ടിനെപ്പോലെ കണ്ട് നിരോധിക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിലെ ഒരു വാഗ്ദാനം. ബജ്റംഗ് ദളിനെയും പോപുലർ ഫ്രണ്ടിനെയും സമീകരിച്ചത് ബി.ജെ.പി വലിയ വിഷയമാക്കി മാറ്റി.
ബജ്റംഗ്ബലിയുടെ ഭക്തഗണങ്ങളെ അഴിക്കുള്ളിലാക്കാൻ തീരുമാനിച്ചവരെ ‘ജയ് ബജ്റംഗ്ബലി’ വിളികളോടെ ശിക്ഷിക്കാനാണ് മോദി പ്രചാരണ വേദികളിൽ ആഹ്വാനം ചെയ്തത്. ‘ആദ്യം അവർ ശ്രീരാമനെ (അയോധ്യ) പൂട്ടിയിട്ടു. ഇപ്പോൾ ഹനുമാനെ...’ എന്നുകൂടി കൂട്ടിച്ചേർക്കുകയും ചെയ്തു.
ബട്‍ല ഹൗസിൽ ഏറ്റുമുട്ടൽ കൊല നടന്നപ്പോൾ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് (സോണിയ ഗാന്ധി) നിലവിളിച്ചത് നിങ്ങൾ ഓർക്കുന്നില്ലേ? -അദ്ദേഹം ചോദിച്ചു. ഇതിനെല്ലാം മുന്നിൽ തെരഞ്ഞെടുപ്പു കമീഷന്റെ പെരുമാറ്റച്ചട്ടം ഓച്ഛാനിച്ചു മാറിനിന്നു. ഭൂരിപക്ഷ വർഗീയതക്ക് ഉണർത്തു പാട്ടുമായി പ്രധാനമന്ത്രി ദിനേന കർണാടകയിൽ പറന്നു പ്രസംഗിക്കുന്നത്, കത്തിയാളുന്ന മണിപ്പൂരിനെ കണ്ടില്ലെന്നുനടിച്ചു കൂടിയാണെന്നത് മറ്റൊരു വശം.
വിഭാഗീയത വിറ്റു കാശാക്കുന്നത് ആരാണെന്ന് വർത്തമാനകാലത്തിലൂടെ കടന്നുപോകുന്നവർക്കൊരു പൊതുബോധമുണ്ട്. ആ വർത്തമാന കാലത്തെത്തന്നെ തിരുത്തി വ്യാഖ്യാനിക്കുകയാണ് മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി. കേരള സ്റ്റോറിയും ബജ്റംഗ് ദളുമൊക്കെ കർണാടകത്തിലെ തെരഞ്ഞെടുപ്പാലയിൽ ഊതിയൂതി പഴുപ്പിക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇറങ്ങുന്നു.
സ്വയം പുതച്ച വിഭാഗീയതയുടെ കരിമ്പടം രാഷ്ട്രീയ പ്രതിയോഗികളുടെ ചുമലിലേക്ക് എടുത്തെറിയുന്നു. ന്യൂനപക്ഷ വിരുദ്ധതയിൽ ഊതിക്കാച്ചുന്ന ഭൂരിപക്ഷ വർഗീയത മുതലാക്കാനുള്ള ശ്രമമാണ് ഒരു വശത്ത്. വർഗീയ ധ്രുവീകരണത്തിന്റെ പൂർണ ഉത്തരവാദിത്തം എതിരാളികളിൽ ആരോപിച്ച്, എല്ലാവരും കണ്ടറിയുന്ന വർത്തമാന കാലത്തിന്റെ കഥ തന്നെ തിരുത്തിയെടുക്കാനുള്ള ശ്രമം മറുവശത്ത്.
ഗുജറാത്തും യു.പിയുമെന്ന പോലെ തെക്കേ ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാക്കി കർണാടകത്തെ മാറ്റാൻ പണ്ടേ തുടങ്ങിയ ശ്രമത്തിനൊപ്പമാണ് ഈ പ്രതിച്ഛായ നിർമാണം. കർണാടക തെരഞ്ഞെടുപ്പ് ലാക്കാക്കി ബി.ജെ.പി ആവിഷ്കരിച്ച പദ്ധതികൾ ചില്ലറയല്ല.
ഹിജാബിന് തീ കൊളുത്തി. കാലിക്കശാപ്പിന് കർക്കശ നിരോധനം കൊണ്ടുവന്നു. മതംമാറ്റ നിരോധന നിയമം പാസാക്കി ക്രൈസ്തവരോടുള്ള രോഷം തിളപ്പിച്ചു. മുസ്‍ലിംകൾക്ക് നൽകിപ്പോന്ന നാലു ശതമാനം സംവരണം എടുത്തുകളഞ്ഞ് ഭൂരിപക്ഷ വർഗീയതക്ക് രോമാഞ്ചം പകർന്നു.
ടിപ്പു സുൽത്താനെ കൊന്നത് ബ്രിട്ടീഷുകാരല്ല, രണ്ട് വൊക്കലിംഗക്കാരാണെന്ന പ്രചാരണം ഉയർത്തിവിട്ടു. സ്വന്തം പാർട്ടിയിലും സർക്കാറിലുമുള്ള തീവ്രപ്രശ്നങ്ങൾ തെരഞ്ഞെടുപ്പു തോൽവിയിലേക്ക് നയിക്കുമെന്ന ഉത്കണ്ഠ ഉറക്കം കളയുന്നതിനൊത്ത് വിഭാഗീയത വളർത്താനുള്ള പുതിയ പദ്ധതികൾ ഉണ്ടായിവരുന്നു.
ജനം തെരഞ്ഞെടുത്ത സർക്കാറിനെ അട്ടിമറിച്ച് ഭരണം പിടിച്ചതല്ലാതെ നേരെചൊവ്വേ ഭരിക്കാൻ പറ്റാതെ പോയത് ചരിത്രത്തിന്റെയല്ല, വർത്തമാന കാലത്തിന്റെ കാവ്യനീതി. ആദ്യം അവരോധിച്ച മുഖ്യമന്ത്രിയെ മാറ്റി. നാലു വർഷത്തിനിടയിൽ രണ്ടു മുഖ്യമന്ത്രിമാർ; മൂന്ന് ഉപമുഖ്യമന്ത്രിമാർ.
‘ഡബിൾ എൻജിൻ സർക്കാർ’ മുടന്തി നീങ്ങുന്നതിനിടയിൽ, പദ്ധതികൾക്ക് 40 ശതമാനം കമീഷനടിച്ചെന്ന അഴിമതി ആരോപണത്തിനുമുന്നിൽ ഈശ്വരപ്പേരുള്ള മന്ത്രിയൊരാളെ കസേരയിൽനിന്ന് ഇറക്കേണ്ടിവന്നു. അയാളുടെ വോട്ടുതേടാൻ പ്രധാനമന്ത്രി തന്നെ നേരിട്ടു വിളിച്ചു സംസാരിക്കുന്നത് ലോകം കേട്ടു. ഭരണവിരുദ്ധ വികാരം അത്രമേൽ രൂക്ഷമായതുകൊണ്ട് തെരഞ്ഞെടുപ്പു കളം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്നാണ്.
ഏക സിവിൽ കോഡും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം. ബി.ജെ.പി വീണ്ടും വന്നാൽ മുസ്‍ലിം സംവരണം ഇല്ലാതാക്കുമെന്നാണ് ആഭ്യന്തര മന്ത്രിയുടെ വാക്ക്. കോൺഗ്രസാണ് ജയിക്കുന്നതെങ്കിൽ കർണാടകത്തിൽ കലാപമുണ്ടാകുമെന്ന അമിത്ഷായുടെ മുന്നറിയിപ്പും ഒപ്പമുണ്ട്. ഭാഗ്യം, വോട്ട് വേണ്ടവിധം കിട്ടിയില്ലെങ്കിൽ പ്രതികരിക്കാൻ ബുൾഡോസർ ഇറക്കുമെന്ന യു.പിയിലെ ഭീഷണി ഇതുവരെ കർണാടകത്തിൽ കേട്ടില്ല; പ്രചാരണ ദിവസങ്ങൾ തീർന്നിട്ടില്ല.
ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന വിദ്വേഷപ്പുക രാജ്യത്ത് പടർത്തുന്നത് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളുമാണെന്ന വിധത്തിൽ വർത്തമാനകാലം കാവിത്തിരുത്തലിന് വിധേയമാക്കുന്നതടക്കം പല വിഭാഗീയ സീനുകൾ നിറഞ്ഞ ‘ദ കർണാടക സ്റ്റോറി’യുടെ ക്ലൈമാക്സ് കാണാൻ ഉദ്വേഗപൂർവം കാത്തിരിക്കുകയാണ് ദേശീയ രാഷ്ട്രീയം. അടുത്ത ഒരു വർഷത്തെ രാഷ്ട്രീയ സർക്കസുകളിൽ കർണാടകത്തിലെ തെരഞ്ഞെടുപ്പു ഫലം ഏറെ നിർണായകം.
അടുത്ത മേയ് മാസത്തിലാണ് കേന്ദ്രത്തിൽ പുതിയ സർക്കാർ ഉണ്ടാകേണ്ടത്. അതിനുമുമ്പ് നവംബറിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന എന്നിങ്ങനെ നിയമസഭ തെരഞ്ഞെടുപ്പുകൾ. അതിലേക്കുള്ള ചുവടുവെപ്പുകളിൽ സ്വീകരിക്കേണ്ട നിലപാടുകളുടെ ഉരകല്ലുകൂടിയാണ് കർണാടക ഫലം. ദക്ഷിണേന്ത്യയിൽ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാനുള്ള ബി.ജെ.പിയുടെ വ്യഗ്രതക്കുള്ള മറുപടി കൂടിയായിരിക്കും കർണാടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.