ഇടത് സ്വയം തോൽപിക്കുകയാണ്
text_fieldsഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ എണ്ണത്തിലും സ്വാധീനത്തിലും ദുർബലപ്പെടാൻ കാരണം പാർട്ടിയും തത്ത്വശാസ്ത്രവും വളർത്തുന്നതിനു പകരം മറ്റുള്ളവരെ ചീത്തപറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണെന്ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആത്മകഥയിൽ കുറിക്കുന്നു. രാഷ്ട്രീയത്തിൽ തോൽക്കുേമ്പാൾ പാർട്ടിക്കകത്ത് അടച്ചിരുന്ന് അന്യോന്യം കരഞ്ഞുതീർക്കുകയും പുറത്തുവന്ന് അപരന്മാരെ അസഭ്യം പറഞ്ഞു ജാള്യം മറക്കുകയും ചെയ്യുന്ന രീതി കമ്യൂണിസ്റ്റുകാർക്ക് പണ്ടേയുള്ളതാണ് എന്നാണ് നെഹ്റു അനുഭവത്തിൽനിന്നു കുറിച്ചത്. സ്വാതന്ത്ര്യസമരത്തിെൻറ അക്രമരാഹിത്യത്തിൽ വിശ്വാസമില്ലാതിരുന്ന കമ്യൂണിസ്റ്റുകൾ ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്രബോസ് എന്നിവരെ ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളുടെ കൈയാളുകളെന്നു വിളിച്ചതും ബർദോളി സത്യഗ്രഹം, സൈമൺ കമീഷൻ ബഹിഷ്കരണം, ഉപ്പുസത്യഗ്രഹം തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രോജ്ജ്വല അധ്യായങ്ങളെ 'ബൂർഷ്വാ വഞ്ചന'യെന്നു പരിഹസിച്ചതും 'സ്വാതന്ത്ര്യത്തിനു ശേഷം' എന്ന കൃതിയിൽ ചെറിയാൻ ഫിലിപ് അനുസ്മരിക്കുന്നു. വിമർശകർക്കും പ്രതിയോഗികൾക്കുമെതിരായ ശകാരവർഷം ആദ്യകാലത്ത് പരിഷ്കരണവാദി, തിരുത്തൽവാദി, വിഘടനവാദി, പ്രതിക്രിയാവാദി, അഞ്ചാം പത്തി തുടങ്ങി സംസ്കൃത ഭാഷയിലായിരുന്നു. ഇപ്പോൾ അത് കുലംകുത്തി, പരനാറി, ചെറ്റ എന്നൊക്കെ പച്ചമലയാളത്തിലായിട്ടുണ്ട്.
രാഷ്ട്രീയ പ്രബുദ്ധതയിലും സാംസ്കാരിക സാക്ഷരതയിലും ഇത്തിരി മുന്നിലെന്നു ധരിക്കപ്പെടുന്ന മാർക്സിസ്റ്റുകാരിൽനിന്ന് ഇത്തരം മാനമര്യാദയില്ലായ്മ സംഭവിക്കുന്നതെന്തു കൊണ്ടാണ്? മാർക്സിസത്തെയും ൈക്രസ്തവതയെയും താരതമ്യം ചെയ്ത സ്കോട്ടിഷ് ദാർശനികൻ അലസ്ഡർ മാകിൻറയർ മുതൽ പൗരോഹിത്യ പാരമ്പര്യത്തിെൻറ ളോഹയൂരി കമ്യൂണിസത്തിലെത്തി, കേരളത്തിലെ ക്രൈസ്തവരുടെ കമ്യൂണിസ്റ്റ്വിരോധം അലിയിച്ചില്ലാതാക്കാൻ 'മതവും കമ്യൂണിസവും' എഴുതിയ സി.ജെ. തോമസ് വരെയുള്ളവർ കണ്ടെത്തിയത് ഒരേയുത്തരം. പൗരോഹിത്യമതത്തിനെതിരെ കലാപംകൂട്ടി വളർന്ന മാർക്സിസം കാലക്രമത്തിൽ അതിലും കൊടിയ രാഷ്ട്രീയ പുരോഹിതമതമായി മാറി. നിത്യസത്യത്തിെൻറ മൊത്തം കുത്തക അവകാശപ്പെട്ട നേതൃത്വം തെറ്റുപറ്റാത്ത പാപസുരക്ഷിതരെന്ന മട്ടിൽ പാർട്ടിയും പരിസരവും ഭരിച്ചതാണ് മാർക്സിസ്റ്റുകാരുടെ പരാജയമെന്ന് സ്പാനിഷ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സാൻറിയാഗോ കാറിലോ പറയുന്നു. കമ്യൂണിസത്തിെൻറ സ്വേച്ഛാധിപത്യത്തെ തൊലിയുരിച്ചു കാണിക്കുന്നുവെന്ന് സുകുമാർ അഴീക്കോട് അടക്കമുള്ളവർ ശ്ലാഘിച്ച 'ഫാഷിസ്റ്റു കമ്യൂണിസം' എന്ന പ്രബന്ധത്തിൽ സി.ജെ. തോമസ് തുറന്നടിച്ചതും അതുതന്നെ: ''നേതൃത്വം ഒരു പൗരോഹിത്യമായിത്തീരാമെന്ന കഥ മറന്നുകൂടാ. ജനങ്ങൾക്ക് സ്വയം എല്ലാക്കാര്യവും ചെയ്യാൻ കഴിവില്ലെന്ന വാസ്തവമാണല്ലോ നേതൃത്വത്തിെൻറ നീതീകരണം. അതുെകാണ്ടുതന്നെ ജനതയെ ഭ്രമിപ്പിച്ച് ചട്ടമ്പിത്തരത്തിനുപയോഗിക്കാനുള്ള സൗകര്യവും ലഭിക്കുന്നു.'' ഇൗ സൗകര്യം കമ്യൂണിസ്റ്റു നേതൃത്വം ഉപയോഗിച്ചത് സ്വയംകൃതാനർഥങ്ങൾ മറച്ചുവെക്കാനാണ്. അതിനു കണ്ടെത്തിയതാണ് കള്ളൻ, കള്ളൻ എന്നു വിളിച്ചാർത്തു മറ്റുള്ളവർക്കു പിറെക ആളെ ഇളക്കിവിടുന്ന പോക്കറ്റടിക്കാരുടെ ൈശലി.
ഇന്നത്തെ പാതകത്തിന് നാളെ കുമ്പസാരം എന്നതാണ് നാളിന്നോളമുള്ള ഇന്ത്യയിലെ കമ്യൂണിസത്തിെൻറ ചരിത്രം. ഡോ. ഹരിദേവ് ശർമയുമായുള്ള അഭിമുഖത്തിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ശിൽപികളായിരുന്ന എസ്.വി. ഘാെട്ടയും എസ്.എസ്. മിറാജ്കറും തുറന്നുപറഞ്ഞതാണിത്. ''എല്ലായ്പ്പോഴും ഞങ്ങൾ തെറ്റുകൾ ചെയ്തുകൊണ്ടേയിരുന്നു... തെറ്റുകൾ ചെയ്യുന്നു, എന്നിട്ട് ഞങ്ങൾക്കു തെറ്റുപറ്റിയെന്ന് എല്ലായ്പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു.'' എസ്.എസ്. മിറാജ്കർ അത് ഒന്നുകൂടി വിശദമാക്കി. ''ഇൗ വിഭാഗീയചിന്ത (ഇടതു തീവ്രവാദം എന്നു വിശദീകരണം)യും അന്നത്തെ നേതൃത്വത്തിെൻറ മനോഭാവവും പിൽക്കാലത്ത് ഞങ്ങൾക്ക് ഒേട്ടറെ വിഷമങ്ങളുണ്ടാക്കി. പിന്നീട് അത് തിരുത്തിയെന്നതു ശരി. എന്നാൽ, ഒരു തെറ്റ് തിരുത്താൻ ഞങ്ങൾ മറ്റൊരു തെറ്റു ചെയ്തു. നിർഭാഗ്യവശാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിെൻറയും കുഴപ്പം അതായിരുന്നു. ഒന്നുകിൽ തീവ്ര വലത് അല്ലെങ്കിൽ തീവ്ര ഇടത് എന്ന തെറ്റ് ആവർത്തിച്ചുകൊണ്ടിരുന്നു. പാർട്ടി അതിന് കനത്ത വില നൽകേണ്ടി വന്നു'' (ഫ്രണ്ട് ലൈൻ, മേയ് നാല്, 2012).
അത്ര ലഘുവല്ല ഇടതിെൻറ തെറ്റുകൾ
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ചെയ്ത ആ തെറ്റുകൾ നിസ്സാരമല്ല. മിറാജ്കറും പിന്നീട് ജ്യോതിബസുവും പറഞ്ഞത് അത് 'ചരിത്രപരമായ വങ്കത്തങ്ങൾ'തന്നെ എന്നായിരുന്നു- ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും നേതാക്കളെയും ഒറ്റുകൊടുത്തു, ഹിറ്റ്ലറെ പിന്തുണച്ചു, ക്വിറ്റിന്ത്യ സമരത്തെ വഞ്ചിച്ചു, പാകിസ്താൻവാദത്തിെൻറ പ്രചാരകരായി, രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ അത് വെറും തട്ടിപ്പാണ് (യേ ആസാദി ഝൂഠീ ഹേ) എന്നു പ്രചാരണം നടത്തി, സായുധഭീകരവാദത്തിലൂടെ തെലങ്കാനയിലെ പാർട്ടിസഖാക്കളെയും സാധാരണക്കാരെയും കുരുതികൊടുത്തു. അങ്ങനെയങ്ങനെ...
മൗലാന അബുൽകലാം ആസാദ് വിശദീകരിക്കുന്നു: ''രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ ഹിറ്റ്ലറും സ്റ്റാലിനും അനാക്രമണസന്ധിയിൽ ഒപ്പുവെച്ചത് കമ്യൂണിസ്റ്റുകാരെ കടുത്ത ചിന്താകുഴപ്പത്തിലാക്കി.....സ്റ്റാലിൻ ചെയ്തത് ഭീമാബദ്ധമാണെന്ന് ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് ഉള്ളിെൻറയുള്ളിൽ ബോധ്യമുണ്ടായിരുന്നു. എന്നാൽ, ലോകത്തിെൻറ ഇതരഭാഗങ്ങളിലെ കമ്യൂണിസ്റ്റുകാരെപ്പോലെ അത് തുറന്നുപറയാൻ അവർക്കു ധൈര്യമുണ്ടായില്ല. അതുകൊണ്ട് സാമ്രാജ്യത്വയുദ്ധം എന്നു പറയപ്പെട്ട രണ്ടാം ലോകയുദ്ധം കൂടുതൽ വ്യാപിപ്പിക്കാതിരിക്കാനുള്ള ശ്രമമായി അവർ ഇൗ ഉടമ്പടിയെ വ്യാഖ്യാനിച്ചു. അവർ ഏറക്കുറെ നിസ്സഹായരായിരുന്നു. തങ്ങളുടെ നിലപാട് ന്യായീകരിക്കാൻ അവർ ഹിറ്റ്ലറെ ചെറുതിന്മയായി പ്രഖ്യാപിച്ച് പ്രചാരണം നടത്തി. എന്നാൽ, ഹിറ്റ്ലർ റഷ്യ ആക്രമിച്ചതോടെ കമ്യൂണിസ്റ്റുകാർ കരണം മറിഞ്ഞു. അതോടെ, യുദ്ധം ജനകീയയുദ്ധമാണെന്ന് പ്രഖ്യാപിച്ച് അവർ എല്ലാ പിന്തുണയും ബ്രിട്ടന് പതിച്ചുകൊടുത്തു. ഇന്ത്യയിലെ യുദ്ധപ്രചാരണ പരിപാടികളിൽ പരസ്യമായി പെങ്കടുത്ത അവർ ബ്രിട്ടെൻറ യുദ്ധപരിശ്രമങ്ങൾക്ക് എല്ലാവിധ സഹായവും ചെയ്തുകൊടുത്തു. എം.എൻ. റോയ് ബ്രിട്ടീഷ് ഗവൺമെൻറിൽനിന്നു പരസ്യമായി ഫണ്ട് വാങ്ങി ബ്രിട്ടനനുകൂലമായി പ്രചാരണം നടത്തി. കമ്യൂണിസ്റ്റുകാർ നാനാവഴികളിലൂടെയും ഗവൺമെൻറ് സഹായം കൈപ്പറ്റി. കമ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള നിരോധനം നീങ്ങിക്കിട്ടുകയും പാർട്ടി അംഗങ്ങൾ വിവിധ മാർഗേണ ബ്രിട്ടീഷ് അനുകൂല യുദ്ധപ്രചാരണത്തിൽ സഹായികളാവുകയും ചെയ്തു. (India Wins Freedom പേജ്: 133).
1930കളിൽ ഉപ്പുസത്യഗ്രഹവും നിസ്സഹകരണ പ്രസ്ഥാനവുമായി ഇന്ത്യൻ സ്വാതന്ത്ര്യസമരം കത്തിജ്ജ്വലിക്കുേമ്പാൾ ഗാന്ധിയെ സാമ്രാജ്യത്വത്തിെൻറ ഏജെൻറന്നു വിളിച്ച് ജനങ്ങെള അതിൽനിന്നു പിന്തിരിപ്പിക്കാൻ കിണഞ്ഞുശ്രമിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാർ. ഇൗ 'ഇടതുതീവ്രവാദം' ദേശീയ പ്രസ്ഥാനത്തിനകത്തെ ഇടതു ചിന്താധാരയെ നിരാശപ്പെടുത്തുകയും അവരെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് എം.ആർ. മസാനി രേഖപ്പെടുത്തുന്നു. മുതലാളിത്ത ലൈനിലായിരുന്നുവെങ്കിലും ഗാന്ധിയോടും ദേശീയ പ്രസ്ഥാനത്തോടും ചെയ്തത് അതിരുകടന്ന മഹാപാതകമായെന്ന് ഉപരിസൂചിത അഭിമുഖത്തിൽ മിറാജ്കർ കുമ്പസരിക്കുന്നുണ്ട്.
1939 ആഗസ്റ്റ് 23ന് കമ്യൂണിസ്റ്റ് സമഗ്രാധിപതി ജോസഫ് സ്റ്റാലിനും നാസിജർമനിയുടെ തലവൻ അഡോൾഫ് ഹിറ്റ്ലറും പരസ്പര സഹായസഹകരണ ഉടമ്പടിയിൽ ഒപ്പുവെച്ചത് പാശ്ചാത്യ യൂറോപ്യൻ കമ്യൂണിസ്റ്റുകളുടെ വൻതോതിലുള്ള കുടിയൊഴിഞ്ഞുപോക്കിനിടയാക്കി. എങ്കിലും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ മൗലാന ആസാദ് പറഞ്ഞപോലെ അതുമായി രാജിയായി. രണ്ടുകൊല്ലം കഴിഞ്ഞ് 1941 ൽ ജർമനി സോവിയറ്റ് യൂനിയനെ ആക്രമിച്ചതോടെ അവർ സോവിയറ്റ് യൂനിയനും ബ്രിട്ടനും ചേർന്നുള്ള 'ജനകീയ യുദ്ധ'ത്തിെൻറ ഭാഗമായി. അങ്ങനെ ബ്രിട്ടീഷുകാരോട് ഒട്ടിനിന്ന പാപത്തിനുള്ള പ്രതിഫലമായി പാർട്ടി നിരോധനം നീക്കിക്കിട്ടി. യുദ്ധമുന്നണിയിലെ പട്ടാളക്കാരെ ആവേശംകൊള്ളിക്കാൻ പെൺസ്ക്വാഡുകളെ അയച്ചത്, ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കുന്ന സ്വാതന്ത്ര്യസമര ഭടന്മാരെക്കുറിച്ചുള്ള വിവരം കൈമാറിയത്, കോൺഗ്രസ്, കോൺഗ്രസ് േസാഷ്യലിസ്റ്റ് പാർട്ടി തുടങ്ങി സ്വാതന്ത്ര്യത്തിനു മുന്നിട്ടിറങ്ങിയ പ്രസ്ഥാനങ്ങൾക്കെതിരെ ബ്രിട്ടീഷുകാർക്ക് അനുകൂലമായി പ്രചണ്ഡമായ പ്രചാരവേലകൾ നടത്തിയത്- ബ്രിട്ടീഷുകാർക്ക് കമ്യൂണിസ്റ്റുകാർ ചെയ്തുകൊടുത്ത സഹായങ്ങൾ മിറാജ്കർ എണ്ണിപ്പറഞ്ഞു.
അക്കാലത്തെ പാർട്ടി ജനറൽ സെക്രട്ടറി പി.സി. ജോഷിയും ബ്രിട്ടീഷ് അധികാരികളുമായി നിലനിന്ന പരസ്പരസഹകരണത്തിെൻറ കഥ പറയുന്ന കത്തിടപാടുകൾ ഇന്ത്യയിലെ കമ്യൂണിസത്തിെൻറ ആദർശപാപ്പരത്തം വിളിച്ചോതുന്നതാണ്. 1944 ജൂൺ 11ന് പി.സി. ജോഷിക്ക് എഴുതിയ കത്തിൽ ഇതേക്കുറിച്ച് മഹാത്മഗാന്ധി ചോദിച്ചു: ഇൗ പറയുന്ന 'ജനകീയയുദ്ധ'ത്തിലെ 'ജനം' എന്നതിെൻറ അർഥമെന്താണ്? കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിലെ ഇന്ത്യയിലെ തൊഴിൽസമരങ്ങളുടെ സംഘാടകരെയും നേതാക്കളെയും അറസ്റ്റു ചെയ്യാൻ കമ്യൂണിസ്റ്റ് പാർട്ടി, ബ്രിട്ടീഷ് ഭരണകൂടത്തെ സജീവമായി സഹായിച്ചതായി വാർത്തയുണ്ടല്ലോ? ഗൂഢോദ്ദേശ്യത്തോടെ കോൺഗ്രസിലേക്ക് നുഴഞ്ഞുകയറുന്നത് കമ്യൂണിസ്റ്റ് പാർട്ടി നയമായി സ്വീകരിച്ചിരിക്കുന്നുവെന്നുണ്ടോ? കമ്യൂണിസ്റ്റ് പാർട്ടിയുടെ നയം വിദേശത്തുനിന്നല്ലേ രൂപവത്കരിക്കുന്നത്? കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം പബ്ലിക് ഒാഡിറ്റിന് വിധേയമാണോ? അങ്ങനെയെങ്കിൽ അതൊന്നു കാണാനൊക്കുമോ? (The Collected Works of Mahatma Gandhi. വാള്യം 84, പേജ് 100).
പാകിസ്താൻവാദത്തിലും ഒരു മുഴം മുേമ്പ
ചരിത്രപരമായ മറ്റൊരു മണ്ടത്തരമായിരുന്നു പാകിസ്താനുവേണ്ടി വിഭജനവാദികളേക്കാൾ ആവേശത്തിൽ വാദിച്ചതും പ്രചാരണം സംഘടിപ്പിച്ചതും. സ്വയംഭരണം മുസ്ലിം ദേശീയതകളുടെ ചെറുതിന്മയായല്ല, അവകാശമായാണ് കാണേണ്ടത് എന്നായിരുന്നു പാർട്ടിയിലെ ഏറ്റവും മികച്ച മാർക്സിസ്റ്റ് പണ്ഡിതനായി അറിയപ്പെട്ട ഡോ. ഗംഗാധർ അധികാരി 'പാകിസ്താനും ദേശീയ െഎക്യവും' എന്ന പ്രമേയത്തിൽ അനുയായികളെ പഠിപ്പിച്ചത്. രാജ്യത്തെ ഹിന്ദു-മുസ്ലിം പ്രശ്നത്തിനുള്ള പരിഹാരമായാണ് അദ്ദേഹം പാകിസ്താൻവാദത്തെ കണ്ടത്. പാർട്ടി വേറെതന്നെ യോഗങ്ങൾ സംഘടിപ്പിച്ച് വിഭജനത്തെ പിന്തുണച്ചു. തങ്ങളുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നാണ് മിറാജ്കർ പാർട്ടിയുടെ പാകിസ്താൻ വാദത്തെ അനുസ്മരിച്ചത്.
സായുധവിപ്ലവത്തിെൻറ രണദിവെ ലൈൻ
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ് ജവഹർലാൽ നെഹ്റുവിെൻറ കോൺഗ്രസ് ഗവൺമെൻറിനെ പിന്തുണച്ച് പാർട്ടി വളർത്തണമെന്നായിരുന്നു അന്നത്തെ നേതാവ് പി.സി.ജോഷിയുടെ അഭിപ്രായം. 1948 ഫെബ്രുവരി 28ന് കൽക്കത്തയിൽ ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസിൽ പക്ഷേ, ഇൗ അഭിപ്രായവും ജോഷിയും ഒന്നടങ്കം തള്ളിപ്പോയി. ഇന്ത്യ ഗവൺമെൻറിനെതിരെ സായുധസമരം പ്രഖ്യാപിച്ച ബി.ടി. രണദിവെയും പ്രമേയവും അംഗീകാരം നേടി. ജോഷിയെ നീക്കി രണദിവെ ജനറൽ സെക്രട്ടറിയായി. വരാൻ പോകുന്ന വിപ്ലവത്തിനുവേണ്ടി സമരങ്ങളും കലാപങ്ങളും ഇളക്കിവിടാൻ പാർട്ടി അംഗങ്ങൾക്ക് ആഹ്വാനമുണ്ടായി. ബംഗാളിനു തീെകാടുക്കുക, കോൺഗ്രസ് ഗവൺമെൻറിനെ നശിപ്പിക്കുക തുടങ്ങിയ ബുള്ളറ്റിനുകളും പോസ്റ്ററുകളും പുറത്തിറങ്ങിയെന്ന് ചരിത്രപണ്ഡിതൻ രാമചന്ദ്രഗുഹ. ബ്രിട്ടീഷുകാരുടെ അധികാരക്കൈമാറ്റം ബൂർഷ്വാപ്രീണനനയമാണ്. നിലവിലെ കേന്ദ്രഭരണം തൊഴിലാളികളുടെയും കർഷകരുടെയും അടിച്ചമർത്തപ്പെട്ട മധ്യവർഗക്കാരുടെയും ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിനു വഴിമാറുമെന്നായിരുന്നു രണദിവെ വരച്ച സ്വപ്നം. ഹൈദരാബാദിലെ നൈസാം ഭരണത്തിനെതിരെ കലാപം കൂട്ടിയ തെലങ്കാന കർഷകപ്രക്ഷോഭത്തെ മാവോ സ്വപ്നവുമായി രക്തരൂഷിത സായുധസമരത്തിലേക്കു നയിക്കുകയായിരുന്നു പാർട്ടി ചെയ്തത്-പാർട്ടി സാരഥിയായിരുന്ന എം. ബസവപുന്നയ്യ പ്രമുഖ എഴുത്തുകാരൻ എ.ജി. നൂറാനിയോട് പറഞ്ഞു (ഫ്രണ്ട് ലൈൻ ജനുവരി 13, 2012). ഒടുവിൽ 1948 സെപ്റ്റംബറിൽ ഹൈദരാബാദ് ആക്ഷനു വേണ്ടി ഇന്ത്യൻസേന ഇരച്ചുകയറിയതിൽ പിന്നെ പോരാട്ടം ഇന്ത്യൻ സൈന്യവും കമ്യൂണിസ്റ്റ് സായുധതീവ്രവാദികളും തമ്മിലായി. മൂന്നു മാസംകൊണ്ട് തീർക്കാമെന്നു കരുതിയത് മൂന്നു വർഷമെടുത്തു, കമ്യൂണിസ്റ്റുകാർ കീഴടങ്ങിക്കൊടുക്കാൻ എന്ന് ബസവപുന്നയ്യ. 'കമ്യൂണിസ്റ്റ് വീക്ഷണകോണിൽകൂടി നോക്കിയാലും ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ഭീകരവാദത്തിെൻറയും അട്ടിമറിയുടെയും തെറ്റായ രീതിയാണ് സ്വീകരിച്ചതെന്ന്' തെലങ്കാന പ്രക്ഷോഭത്തെ നെഹ്റു വിലയിരുത്തി. ഒടുവിൽ വൻതോതിൽ സഖാക്കളെ കുരുതികൊടുക്കുകയും പതിനായിരം പേരെ തടങ്കൽപാളയങ്ങളിലയക്കുകയും ആയിരക്കണക്കിനു സ്ത്രീകളുടെ മാനം കവരുകയും ഒരു ലക്ഷത്തോളം പേരെ മാസങ്ങളോളം കോൺസൻട്രേഷൻ ക്യാമ്പുകളിലിടുകയും ചെയ്ത ശേഷം പാർട്ടിക്കു ബോധ്യമായി, സായുധഭീകരത തെറ്റായി എന്ന്. 1950ൽ രണദിവെ ലൈൻ പാർട്ടി തള്ളി. 1952ൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ പെങ്കടുത്തു. പിന്നീട് പശ്ചിമബംഗാളിൽ മൂന്നര ദശകം നീണ്ട ഭരണത്തിനു തുടക്കമിട്ട ശേഷവും, പാർലമെൻററി ജനാധിപത്യത്തിെൻറ വഴിയാണ് കമ്യൂണിസത്തിന് അഭികാമ്യം എന്നു പറഞ്ഞ സ്പാനിഷ് പാർട്ടി സെക്രട്ടറിയെ കുലംകുത്തിയെന്നു ശകാരിച്ചു ബി.ടി. രണദിവെ. അതിനു പ്രത്യാഖ്യാനം എഴുതിയ രാമചന്ദ്രഗുഹയെ പിൽക്കാല ജനറൽ െസക്രട്ടറി പ്രകാശ് കാരാട്ടും വെറുതെ വിട്ടില്ല. അഥവാ, പാർലമെൻററി ജനാധിപത്യത്തെ പുണർന്ന് ദശാബ്ദങ്ങൾ പിന്നിട്ടശേഷവും കമ്യൂണിസ്റ്റ് തീവ്രവാദികളെ പാർട്ടി തള്ളിപ്പറയുകയും സ്റ്റേറ്റ് പിന്തുണയിൽ കൊലക്കു കൊടുക്കുകയും ചെയ്തിട്ടും പഴയ രീതി പാടെ കൈയൊഴിയാൻ കമ്യൂണിസ്റ്റ് സമഗ്രാധിപത്യ മനസ്സ് അറച്ചുനിന്നു.
ഫാഷിസം എന്ന ചെറുതിന്മയെ വിട്ട്
ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണങ്ങളിൽ ഇക്കണ്ട മഹാപരാധങ്ങളെല്ലാം ചെയ്തുകൂട്ടിയ കമ്യൂണിസ്റ്റുകാർ അപരർക്കു തീവ്രവാദത്തിെൻറയും വിഭജനവാദത്തിെൻറയും വർഗീയതയുടെയുമൊക്കെ മുദ്രചാർത്തുന്നതിലും ജനാധിപത്യ, സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അപരരുടെ പങ്കിനെ പരിഹസിക്കുന്നതിലും കവിഞ്ഞ വിരോധാഭാസമുണ്ടോ? പാർട്ടിയുടെ ചരിത്രപരമായ വങ്കത്തരങ്ങളെക്കുറിച്ച് 1957ൽ പുറത്തിറങ്ങിയ 'കേരളത്തിലെ ദേശീയ പ്രസ്ഥാനം' എന്ന കൃതിയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഏറ്റുപറയുന്നു: ''അത്ര ഉയർന്ന തരത്തിലുള്ള ഒരു രാഷ്ട്രീയപരിപക്വത കമ്യൂണിസ്റ്റ് പാർട്ടിക്കു കാണിക്കാൻ കഴിഞ്ഞില്ലെന്നതു നിസ്സംശയമാണ്. 1942ലെ പ്രേക്ഷാഭത്തിെൻറ സാമ്രാജ്യവിരോധപരമായ ഉള്ളടക്കത്തെ വിലയിരുത്തുന്നതിലും ആ സമരത്തിൽ നിന്നുയർന്നുവന്ന സോഷ്യലിസ്റ്റുകാരുടെയും ഇടതുപക്ഷക്കാരുടേയും പ്രാധാന്യത്തെ കാണുന്നതിലും മുസ്ലിംലീഗിെൻറ പങ്കും അതിെൻറ പാകിസ്താൻ മുദ്രാവാക്യവും മനസ്സിലാക്കുന്നതിലും തൊഴിലാളി വർഗരംഗത്തും മറ്റു ബഹുജന മുന്നണികളിലുമുള്ള സമരത്തിെൻറ അടവുകളിലും കമ്യൂണിസ്റ്റുകാർ അനേകം തെറ്റുകൾ ചെയ്തു. ഇൗ തെറ്റുകളുടെയെല്ലാം സത്ത്, തീർച്ചയായും വിപ്ലവത്തിെൻറ അടവുകൾ രൂപവത്കരിക്കുന്നതിൽ ദേശീയ സ്വാതന്ത്ര്യത്തിെൻറ പ്രാധാന്യം കുറച്ചുകണ്ടതാണ് (പേജ്: 283). ഇൗ പക്വത ഇപ്പോഴും പാർട്ടി ആർജിച്ചുകഴിഞ്ഞോ? രാഷ്ട്രഗാത്രത്തെ മുച്ചൂടും കർസേവക്കു വിധേയമാക്കുന്ന ഹിന്ദുത്വഫാഷിസത്തെ ഹിറ്റ്ലറെയും പാകിസ്താൻവാദത്തെയും കണ്ടപോലെ ചെറുതിന്മയായി കണ്ട് വെറുതെ വിടുകയും ന്യൂനപക്ഷങ്ങളിൽ നിന്നു സങ്കൽപശത്രുവിനെ ഉയർത്തിക്കാട്ടി കാറ്റാടിയുദ്ധം നടത്തുകയുമാണ് മാർക്സിസ്റ്റുകാർ. ഇൗ പാതകത്തിെൻറ വില നാട് ഒടുക്കിക്കഴിഞ്ഞ ശേഷം പഴയപടി കുമ്പസാരവുമായി എഴുന്നേറ്റുനിൽക്കാൻ ബാക്കിയുണ്ടാവുമോ എന്ന് പാർട്ടിയെ സ്നേഹിക്കുന്നവർ ആലോചിക്കുന്നത് നന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.