ഇനിയും മരിക്കാത്ത നീതിയുടെ വെളിച്ചം
text_fieldsആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാവുന്നത് സെൻസർഷിപ്പിലൂടെ മാത്രമല്ല. രാജ്യത്തു നിലനിൽക്കുന്ന രാഷ്ട്രീയ കാലാവസ്ഥ, സർക്കാർ ഇതര നിലപാടുകൾ കൈക്കൊള്ളാൻ അനുവദിക്കാത്ത മൃദുവോ ദൃഢമോ ആയ മാധ്യമ നിയന്ത്രണത്തിലേക്കു കൊണ്ടുപോവുന്ന സാഹചര്യത്തിൽ, മാധ്യമങ്ങൾ സ്വയം അതിനു പാകപ്പെടുന്ന സെൽഫ് സെൻസർഷിപ്പിന്റെ അവസ്ഥയും ഫലത്തിൽ പത്രസ്വാതന്ത്ര്യമില്ലായ്മയുടെ തെളിവടയാളം തന്നെയാണ്
മീഡിയവൺ ചാനലിനെ നിരോധിക്കുന്നതിന് സർക്കാർ നടത്തിയ അതിഗുരുതരമായ ജനാധിപത്യവിരുദ്ധ നീക്കം രാജ്യത്തെ പൊതുവേയും ഇന്ത്യൻ മാധ്യമലോകത്തെ വിശേഷിച്ചും ഞെട്ടിച്ച സംഭവമായിരുന്നു. ഹൈകോടതിയെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ല എന്നതും ഭീതിയുടെ അന്തരീക്ഷത്തെ ഈ നീതിനിഷേധം കടുപ്പിച്ചു എന്നതും ലജ്ജാകരമായ ഒരു അവസ്ഥയാണ് സൃഷ്ടിച്ചിരുന്നത്.
നിരോധനം നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഈ നിർണായക സന്ദർഭത്തിൽ അത്യന്തം ആശ്വാസകരമാണ്. എങ്കിലും എന്താണ് മീഡിയവൺ നിയമയുദ്ധത്തിൽ അന്തർഭവിച്ചിരിക്കുന്ന അടിസ്ഥാന പ്രശ്നമെന്നത് നാം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. കേവലമായ പത്രസ്വാതന്ത്ര്യനിഷേധം എന്നതിനപ്പുറം ന്യൂനപക്ഷ സ്വാധീനമുണ്ടെന്നു സർക്കാർ ആരോപിക്കുന്ന ഒരു മാധ്യമസ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ശ്രമമായാണോ ഈ നീക്കം മനസ്സിലാക്കേണ്ടത് എന്ന ചോദ്യംകൂടി ഇതിൽ ശക്തമായി അന്തർലീനമായിട്ടുണ്ട്.
ലിബറൽ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രമായി കാണുകയും വ്യാഖ്യാനിക്കുകയും കോടതിവിധിയെ അത്തരത്തിൽമാത്രം ആഘോഷിക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. ഇതിനു തീർച്ചയായും സാധുതയുണ്ട്. കോടതിവിധിയിൽ വാചകങ്ങൾ ശക്തവും വ്യക്തവുമാണ്.
എന്നാൽ, സ്വാതന്ത്ര്യം ആർക്കാവാം എന്നൊരു ചോദ്യംകൂടി മീഡിയവൺ നിരോധനത്തിൽ അടങ്ങിയിരുന്നു എന്നത് പരക്കെ വിസ്മരിക്കപ്പെടുന്നു. ന്യൂനപക്ഷ സംഘടനകൾ പിന്തുണക്കുന്ന സ്ഥാപനം എന്ന ആരോപണം നിസ്സാരമായി ദേശസുരക്ഷയിലേക്കു വലിച്ചുനീട്ടാവുന്ന ഒന്നാണ് എന്നതിലെ വിഭാഗീയ രാഷ്ട്രീയം കോടതിവ്യവഹാരത്തിനുപുറത്ത് നമ്മെ ഇപ്പോഴും തുറിച്ചുനോക്കുന്നുണ്ട്.
സർക്കാർ ആരോപിച്ച മീഡിയവൺ-ജമാഅത്തെ ഇസ്ലാമി ബന്ധത്തെ നിരോധനത്തിനുള്ള അടിസ്ഥാനങ്ങളിലൊന്നായി കാണണമെന്ന വാദം സാങ്കേതികമായിത്തന്നെ കോടതി തള്ളിക്കളയുന്നുണ്ട്. പക്ഷേ, സർക്കാറിന്റെ പ്രശ്നം മാധ്യമങ്ങളുടെ സ്വാതന്ത്ര്യം എവിടെവരെ എന്ന ചോദ്യത്തിൽ ഒതുങ്ങുന്നില്ല എന്ന് ഈ ആരോപണം വ്യക്തമാക്കുന്നു.
ഓഹരി ഉടമകളുടെ മതവിശ്വാസവും മതസംഘടന ബന്ധവും, അത് വസ്തുതാപരമോ അല്ലയോ എന്നതിനപ്പുറം, ഒരു മാധ്യമസ്ഥാപനത്തിന്റെ നിരോധനത്തിന് കാരണമാക്കാവുന്ന നിയമപ്രശ്നമായി ഉയർത്തുന്നതിലൂടെ എന്താണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നത് പകൽപോലെ വ്യക്തമാണ്. 2022ലെ ലോകമാധ്യമ സ്വാതന്ത്ര്യസൂചിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം 142ൽനിന്ന് കുത്തനെ 150ആയി നിപതിച്ചിട്ടുണ്ട്.
ഇതൊരു യാഥാർഥ്യമായിരിക്കെത്തന്നെ, ന്യൂനപക്ഷ ഉടമസ്ഥതയുണ്ട് എന്ന് സർക്കാർ ആരോപിക്കുന്ന ഒരു സ്ഥാപനത്തിന്റെ നിലനിൽക്കാനുള്ള അവകാശം ഭരണഘടനാസിദ്ധമായ അവകാശങ്ങളിൽനിന്ന് അടർത്തിമാറ്റാനുള്ള ഒരു പരസ്യനീക്കം കൂടിയാണ്, മീഡിയവണിന്റെ കാര്യത്തിൽ സർക്കാർ നടത്തിയത്. ആ നീക്കം വിജയിച്ചിരുന്നെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യ നിഷേധം മാത്രമായി അത് മനസ്സിലാക്കപ്പെടണമായിരുന്നോ എന്ന പ്രതിചിന്ത ഞെട്ടലുളവാക്കുന്നതാണ്.
ദുർനീതിക്ക് തടയിട്ടപ്പോൾ
മീഡിയവൺ പ്രശ്നത്തിൽ സുപ്രീംകോടതി പത്രസ്വാതന്ത്ര്യവുമായും സാമാന്യനീതിയുമായും ബന്ധപ്പെട്ട ശരിയായ ചോദ്യങ്ങൾ ഉന്നയിക്കുകയും ശരിയായ നിഗമനങ്ങളിൽ നിസ്സംശയം എത്തിച്ചേരുകയും ചെയ്തു എന്ന കാര്യത്തിൽ തർക്കമില്ല. സർക്കാർ സ്ഥാപനവത്കരിക്കാനും ശീലമാക്കാനും ആഗ്രഹിച്ചതായിരുന്നു മുദ്രവെച്ച കവറിൽ ആരോപണങ്ങൾ കോടതിക്ക് നൽകുകയും കുറ്റാരോപിതർക്കു സ്വയം പ്രതിരോധിക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്യുക എന്ന സമീപനം.
അങ്ങേയറ്റത്തെ ദുർനീതി എന്നതിനെ വിളിക്കാൻ കഴിയും. ആ നീതിവിരുദ്ധ നീക്കത്തിന് തടയിടാൻ സുപ്രീംകോടതി തയാറായി എന്നത് ഏറ്റവും ശ്ലാഘനീയമായ കാര്യമാണ്. അതുകൊണ്ടുതന്നെ, ഇന്നത്തെ രാഷ്ട്രീയാവസ്ഥയിൽ ഈ വിധിക്കുള്ള അസാമാന്യമായ ശക്തിയും പ്രാധാന്യവും ചരിത്രപരമാണ്.
ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ഈ വിധി നൽകുന്ന സാന്ത്വനവും ആത്മവിശ്വാസവും ഒരിക്കലും കുറച്ചുകാണാൻ കഴിയില്ല. എന്നാൽ അതിനപ്പുറത്തു, ലിബറൽ നിയമസംഹിതയുടെ സാധ്യതകൾക്കപ്പുറത്ത് ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശങ്ങളോടുള്ള മാറുന്ന സമീപനംകൂടി ഈ പ്രശ്നത്തിൽ അന്തർഭവിച്ചിരുന്നു എന്നത് വിസ്മരിക്കാൻ കഴിയുന്നതല്ല. മീഡിയവൺ പ്രതിസന്ധി കേവലമായ പത്രസ്വാതന്ത്ര്യ പ്രതിസന്ധി ആയിരുന്നില്ല.
അത് ന്യൂനപക്ഷ രാഷ്ട്രീയവും പൗരജീവിതവും നേരിടുന്ന സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായ ജൈവാസ്തിത്വ പ്രതിസന്ധികളുടെ ഏറ്റവും പ്രകടമായ ഉദാഹരണം കൂടിയായിരുന്നു. സി.എ.എയിൽനിന്ന് മീഡിയവൺ നിരോധനത്തിലേക്കു അത്രയൊന്നും അദൃശ്യമല്ലാത്ത ഒരു ചരട് നീണ്ടുപോയിട്ടുണ്ട്.
ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാവുന്നത് സെൻസർഷിപ്പിലൂടെ മാത്രമല്ല. രാജ്യത്തു നിലനിൽക്കുന്ന രാഷ്ട്രീയ കാലാവസ്ഥ, സർക്കാർ ഇതര നിലപാടുകൾ കൈക്കൊള്ളാൻ അനുവദിക്കാത്ത മൃദുവോ ദൃഢമോ ആയ മാധ്യമ നിയന്ത്രണത്തിലേക്കു കൊണ്ടുപോവുന്ന സാഹചര്യത്തിൽ, മാധ്യമങ്ങൾ സ്വയം അതിനു പാകപ്പെടുന്ന സെൽഫ് സെൻസർഷിപ്പിന്റെ അവസ്ഥയും ഫലത്തിൽ പത്രസ്വാതന്ത്ര്യമില്ലായ്മയുടെ തെളിവടയാളം തന്നെയാണ്.
ഇന്ത്യയിൽ അങ്ങനെ ഒരവസ്ഥ എല്ലാകാലത്തും വിദേശനയത്തിന്റെ കാര്യത്തിൽ നിലനിന്നിരുന്നു. പക്ഷേ, ആഭ്യന്തര കാര്യങ്ങളിൽ അടിയന്തരാവസ്ഥയുടെ കേവലം 19 മാസങ്ങൾ ഒഴിച്ചുനിർത്തിയാൽ പത്രസ്വാതന്ത്ര്യം സ്ഥൂലതലത്തിൽ ഹനിക്കപ്പെടുന്ന സാഹചര്യങ്ങൾ അധികമുണ്ടായിട്ടില്ല.
എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ലാ ആഭ്യന്തര രാഷ്ട്രീയ വിമർശന വ്യവഹാരങ്ങളെയും രാജ്യരക്ഷ, ദേശവിരുദ്ധത തുടങ്ങിയ കടുത്ത ആരോപണങ്ങളിലൂടെ ആക്രമിക്കുന്ന പ്രവണത നിസ്സങ്കോചം വളർന്നുവരുകയായിരുന്നു.
ഇതിന്റ മറപറ്റി സർക്കാറുകൾ ജനങ്ങളുടെ മുന്നിൽ വികൃതമാവുന്ന തങ്ങളുടെ മുഖംരക്ഷിക്കാനും മിനുക്കാനും ശ്രമിക്കുന്ന സമീപനം വ്യാപകമാവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ താരതമ്യേന മൃദുവായ വിമർശനങ്ങൾക്കെതിരെപ്പോലും ദേശസുരക്ഷയുടെയും തീവ്രവാദത്തിന്റെയും ആരോപണം ഉന്നയിക്കാൻ അന്വേഷണ ഏജൻസികളോ സർക്കാറുകളോ മടിക്കാത്ത സാഹചര്യം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലാണ് ശക്തമായത്.
പൗരത്വ നിഷേധത്തിനെതിരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആഞ്ഞടിച്ച രാഷ്ട്രീയസമരവും പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച്, വിവേകപൂർവമായ എതിർപ്പുകളെ മറികടന്ന്, പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന ധീരമായ ജനകീയ സമരവുമെല്ലാം ഇത്തരത്തിൽ ദേശവിരുദ്ധത എന്ന ഒറ്റവാക്കുകൊണ്ട് പൈശാചികവത്കരിക്കപ്പെട്ടിട്ടുണ്ട്.
അത് മാത്രമല്ല, യു.എ.പി.എ പോലുള്ള ഡ്രാക്കോണിയൻ നിയമങ്ങൾ തലങ്ങുംവിലങ്ങും ചുമത്തുന്ന രീതിയും അടുത്തകാലത്തായി പ്രബലമായി വരുന്നു. 2018നും 2020നും ഇടയിൽ 4690 പേരെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തു ജയിലിലടച്ചത്.
വിചാരണക്കാലം മുഴുവൻ ജാമ്യം ലഭിക്കാതെ പ്രതികളായി കണക്കാക്കപ്പെടുന്നവർ കഴിയേണ്ടിവരുന്ന കർക്കശമായ ജാമ്യവിരുദ്ധ നിബന്ധനകളുള്ള യു.എ.പി.എ ചാർത്തപ്പെട്ടവരിൽ കേവലം മൂന്ന് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത് എന്നാണ് ലഭ്യമായ വിവരം.
കേന്ദ്രത്തിലായാലും കേരളത്തിലായാലും യു.എ.പി.എ നിയമം സ്വേച്ഛാപരമായും അടിസ്ഥാനരഹിതമായും ഉപയോഗിക്കുന്ന സമീപനത്തിനെതിരെ ഈ പംക്തിയിൽ പലതവണ ഞാൻ എഴുതിയിട്ടുണ്ട്. ആ നിയമംതന്നെ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ് എന്നതും ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്.
യഥാർഥത്തിൽ ദേശസുരക്ഷയുടെ പേരിൽ 1967ൽ കൊണ്ടുവന്നതാണ് യു.എ.പി.എ നിയമം. എന്നാൽ, അതു പിന്നീട് ആഭ്യന്തര രാഷ്ട്രീയത്തിൽ പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് സംജാതമായത്.
സിദ്ദീഖ് കാപ്പന് ജാമ്യം നൽകിക്കൊണ്ടുള്ള കോടതിവിധിയിൽ പറഞ്ഞ ചില കാര്യങ്ങളുമായി മീഡിയവൺ വിധിക്കു സമാനതകളുണ്ട്. എല്ലാവർക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്നതും ഭരണകൂടത്തെ തുറന്നെതിർക്കാനും വിമർശിക്കാനുമുള്ള അവകാശം നിഷേധിക്കാൻ കഴിയില്ല എന്നതും കാപ്പന്റെ ജാമ്യവിധിയിൽ സുപ്രീംകോടതി എടുത്തുപറഞ്ഞ കാര്യമാണ്. മീഡിയവൺ വിധിയിലും ഇക്കാര്യങ്ങൾ കൂടുതൽ ശക്തിയോടെ സുപ്രീംകോടതി ആവർത്തിക്കുന്നുണ്ട്.
ജുഡീഷ്യറിയെയോ സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കുന്ന വാർത്തകളോ സർക്കാർ നിലപാടുകൾക്കെതിരെയുള്ള ജനകീയ സമരങ്ങളെക്കുറിച്ചുള്ള വാർത്തകളോ നൽകുന്നത് ദേശദ്രോഹമാണെന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല എന്നാണ് കോടതി അസന്നിഗ്ധമായി പറഞ്ഞിരിക്കുന്നത്.
എന്നാൽ, സിദ്ദീഖ് കാപ്പന്റെ കേസുമായിത്തന്നെ ഒരർഥത്തിൽ ഇതിനു സാമ്യതയുണ്ട് എന്നതാണ് പ്രധാനം. മതവിശ്വാസം, പൗരത്വ സാധ്യതകളെയും സ്ഥാപന സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഭരണഘടനാതീതമായ ഒരു പരിഗണനയാവുന്നു എന്നതാണ് നമ്മെ കൂടുതൽ വ്യാകുലപ്പെടുത്തേണ്ടത്. സുപ്രീംകോടതി വിധിയിലൂടെ ഇപ്പോൾ റദ്ദുചെയ്യപ്പെട്ടത് വിഭാഗീയതയുടെ മറ്റൊരു പരീക്ഷണം കൂടിയാണ്.
പോരാട്ടത്തിന്റെ ഊർജം
നിരോധനത്തിന്റെ ദിവസംമുതൽ അനിതരസാധാരണമായ സ്ഥിതപ്രജ്ഞതയോടെയാണ് മീഡിയവൺ മാനേജ്മെന്റും ജീവനക്കാരും ഈ നിയമനിഷേധത്തെ നേരിട്ടത്. ഹൈകോടതിയിലെ അപ്രതീക്ഷിതമായ തിരിച്ചടിയോടുപോലും ധീരമായും ശാന്തമായുമാണ് അവർ പ്രതികരിച്ചത്.
അങ്ങേയറ്റത്തെ നിരാശയുടെയും അസ്ഥിരത്വത്തിന്റെയും സന്ദർഭത്തിൽ, അനിവാര്യമായൊരു നിയമവിജയത്തെ മുന്നിൽക്കണ്ടുകൊണ്ടെന്നവണ്ണം സുതാര്യതയും പ്രതിബദ്ധതയും നിലനിർത്തിക്കൊണ്ട്, ശുഭാപ്തിവിശ്വാസത്തോടെയാണ് മീഡിയവൺ പോരാട്ടത്തിനിറങ്ങിയത്. ഒടുവിൽ അവർ നേടിയ വിജയം, ഒരു രാഷ്ട്രത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെ, അനീതിക്കെതിരായ സമരവീര്യത്തെ, സ്വാതന്ത്ര്യ പ്രബുദ്ധതയെ ഊട്ടിയുറപ്പിക്കുന്നതുകൂടിയായി എന്നതിൽ തീർച്ചയായും മീഡിയവണിന് അഭിമാനിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.