അങ്ങനെ അമേരിക്കയുടെ അവസാന മിസൈലിനും ലക്ഷ്യം തെറ്റി
text_fields20 വർഷം നീണ്ട അധിനിവേശത്തിനൊടുവിൽ അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തൊടുത്ത അവസാന മിസൈലിനും ലക്ഷ്യം തെറ്റിയതായി തെളിയുന്നു. ആഗസ്റ്റ് 29ന് വൈകുന്നേരം കാബൂളിൽ നടത്തിയ േഡ്രാൺ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റിെൻറ കൊടുംഭീകരനെ വകവരുത്തിയെന്നായിരുന്നു അമേരിക്ക അവകാശപ്പെട്ടിരുന്നത്. എന്നാൽ, 'ന്യൂയോർക് ടൈംസ്' നടത്തിയ അേന്വഷണത്തിൽ അമേരിക്കൻ ജീവകാരുണ്യ സംഘടനക്ക് വേണ്ടി പ്രവർത്തിക്കുന്ന യുവാവും അയാളുടെ കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. ഇൗ േഡ്രാൺ ആക്രമണത്തെ ന്യായീകരിച്ച് അമേരിക്ക ആ ദിവസങ്ങളിൽ ഉന്നയിച്ച വാദങ്ങളെല്ലാം 'ന്യൂയോർക് ടൈംസിന്' വേണ്ടി അവരുടെ നാലു റിപ്പോർട്ടർമാർ നടത്തിയ അന്വേഷണത്തിൽ പൊളിഞ്ഞുവീഴുകയാണ്. കഴിഞ്ഞ രണ്ടുദശകങ്ങളിൽ അഫ്ഗാനിസ്താനിൽ അമേരിക്ക നടത്തിയ ലക്ഷ്യംതെറ്റിയ ആയിരക്കണക്കിന് ഡ്രോൺ ആക്രമണങ്ങളുടെ പട്ടിക ഇതോടെ പൂർത്തിയായി.
പകൽ മുഴുവൻ നീണ്ട നിരീക്ഷണം, ഉന്നം തെറ്റിയ ആയുധം
ഒരു പകൽ മുഴുവൻ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് വെള്ള സെഡാൻ കാറിലേക്ക് മിസൈൽ തൊടുത്തതെന്നായിരുന്നു ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ അവകാശവാദം. കാബൂൾ വിമാനത്താവളത്തിന് നേർക്ക് നടക്കാനിരുന്ന വലിയൊരു ആക്രമണത്തെ ഇതുവഴി തടഞ്ഞുവെന്നും സൈന്യം വ്യക്തമാക്കി. യഥാർഥത്തിൽ ന്യൂട്രീഷ്യൻ ആൻഡ് എഡ്യൂക്കേഷൻ ഇൻറർനാഷനൽ എന്ന കാലിഫോർണിയ ആസ്ഥാനമായ എയ്ഡ് ഗ്രൂപ്പിനൊ പ്പം 2006 മുതൽ പ്രവർത്തിക്കുന്ന സിമാരി അഹ്മദി (43) ആണ് മരിച്ചതെന്നാണ് 'ന്യൂയോർക് ടൈംസ്' കണ്ടെത്തിയത്. സംശയാസ്പദ യാത്രകളെന്ന് അമേരിക്ക പറഞ്ഞ അഹ്മദിയുടെ ആ ദിവസത്തെ യാത്രകൾ അയാളുടെ പതിവ് ദിനചര്യയുടെ ഭാഗമാണെന്നും വ്യക്തമായി. എയ്ഡ് ഗ്രൂപ്പിന്‍റെ ഓഫീസിലേക്കും തിരിച്ചും ജീവനക്കാരെ കൊണ്ടുപോകുന്ന ചുമതലയായിരുന്നു അഹ്മദിക്ക്. കാറിന്‍റെ ഡിക്കിയിലേക്ക് സ്ഫോടക വസ്തുക്കൾ കയറ്റിയതിന്‍റെ തെളിവായി അമേരിക്ക ചൂണ്ടിക്കാട്ടിയ ദൃശ്യങ്ങൾ യഥാർഥത്തിൽ വീട്ടിലേക്കുള്ള വലിയ വെള്ളക്കുപ്പികൾ കയറ്റുന്നതാണെന്നും തെളിഞ്ഞിരിക്കുകയാണ്.
ഡ്രോൺ ആക്രമണത്തിൽ മൂന്നുപേർ മരിച്ചുവെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്. എന്നാൽ ജനസാന്ദ്രതയേറിയ റെസിഡൻഷ്യൽ ബ്ലോക്കിൽ ഉണ്ടായ ആക്രമണത്തിൽ ഏഴു കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചതായും 'ന്യൂയോർക് ടൈംസ്' വെളിപ്പെടുത്തുന്നു. കാബൂൾ വിമാനത്താവളത്തിന് അഞ്ചുകിലോമീറ്റർ അകലെയുള്ള കുടുസുവീട്ടിൽ തന്‍റെ മൂന്നുസഹോദരൻമാർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമായിരുന്നു അഹ്മദിയുടെ താമസം. ന്യൂട്രീഷ്യൻ ആൻഡ് എഡ്യുക്കേഷൻ ഇൻറർനാഷനലിന്‍റെ (എൻ.ഇ.െഎ) അഫ്ഗാൻ ഓഫീസ് മേധാവി ആ ദിനം രാവിലെ 8.45നാണ് അഹ്മദിയെ വിളിക്കുന്നത്. തന്‍റെ ലാപ്ടോപ് എടുത്തുകൊണ്ടുവരണമെന്ന് പറയാനായിരുന്നു ഇത്. ഒമ്പതുമണിയോടെ അഹ്മദി ജീവിതത്തിൽ അവസാനമായി വീടുവിട്ടിറങ്ങി. എൻ.ഇ.ഐയുടെ '96 മോഡൽ വെള്ള കൊറോള കാറിലാണ് യാത്ര.
ഈ സമയം മുതലാണ് അഹ്മദിയും വെള്ള കാറും അമേരിക്കൻ റഡാറിൽ പെടുന്നത്. ഓഫീസിലേക്കുള്ള വഴിയിൽ മൂന്നിടത്ത് അഹ്മദി കാർ നിർത്തി. ദുരൂഹമായ നിർത്തലുകളെന്ന് അമേരിക്ക വ്യാഖ്യാനിച്ച ഈ ഇടവേളകൾ രണ്ടു സഹപ്രവർത്തകരെ കയറ്റാനും ബോസിന്‍റെ വീട്ടിൽ നിന്ന് അദ്ദേഹത്തിന്‍റെ ലാപ്ടോപ് എടുക്കാനുമായിരുന്നു. എൻ.ഇ.ഐ മേധാവിയുടെ ഈ വീടിന് അടുത്തുനിന്നാണ് ഐ.എസ് ഭീകരർ അടുത്തിടെ ടൊയോട്ട കൊറോള കാറിന് പിന്നിൽ ഒളിപ്പിച്ച ലോഞ്ചറിൽ നിന്ന് കാബൂൾ വിമാനത്താവളത്തിന് നേർക്ക് ഒരു മിസൈൽ പ്രയോഗിച്ചത്. ഇതാണ് അമേരിക്കൻ നിരീക്ഷണ സംഘത്തിന് സംശയമായത്. എൻ.ഇ.ഐ മേധാവിയുടെ ഈ വീട് 'ന്യൂയോർക് ടൈംസ്' സംഘം കഴിഞ്ഞദിവസം സന്ദർശിച്ചു. 40 വർഷമായി കുടുംബം താമസിക്കുന്ന വീടാണെന്ന് വീട്ടുകാർ വ്യക്തമാക്കി.
ദിവസത്തിന് നീളം കൂടുേമ്പാഴും എം ക്യു - 9 റീപ്പർ ഡ്രോൺ അഹ്മദിയുടെ കാറിനെ പിന്തുടർന്നുകൊണ്ടേയിരുന്നു. 9.35ന് അഹ്മദിയുടെ കാർ എൻ.ഇ.ഐ ഓഫീസിലെത്തി. അൽപം കഴിഞ്ഞ്, അഹ്മദിയും ചില സഹപ്രവർത്തകരും കാബൂൾ ഡൗൺടൗണിലെ താലിബാൻ നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷനിലേക്ക് പോയി. സമീപത്തെ പാർക്കിൽ തമ്പടിച്ചിരിക്കുന്ന അഭയാർഥികൾക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള അനുമതി വാങ്ങാനായിരുന്നു അത്. ഉച്ചക്ക് രണ്ടുമണിയോടെ അവിടെ നിന്ന് ഓഫീസിൽ തിരിച്ചെത്തി. അര മണിക്കൂറിന് ശേഷമുള്ള ക്യാമറ ഫൂേട്ടജിൽ അഹ്മദി വെള്ളമൊഴുകുന്ന ഹോസുമായി ഓഫീസ് വാതിലിന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളുണ്ട്. ഓഫീസ് ഗാർഡിന്‍റെ സഹായത്തോടെ പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ വെള്ളം നിറച്ചു. വീട്ടിലേക്കുള്ള കുടിവെള്ളമാണ് അഹ്മദി നിറക്കുന്നത്. അഫ്ഗാൻ സർക്കാർ വീണതിന് പിന്നാലെ അഹ്മദി താമസിക്കുന്ന പ്രദേശത്ത് ജലവിതരണം നിലച്ചിരുന്നു. ഈ വെള്ള ക്യാനുകളെയാണ് സ്ഫോടക വസ്തുക്കളായി അമേരിക്ക വ്യാഖ്യാനിച്ചത്.
3.38 ന് ഗാർഡും മറ്റൊരു സഹപ്രവർത്തകനും കയറിയ കാർ അഹ്മദി മാറ്റിയിട്ടു. 'ന്യൂയോർക് ടൈംസ്' സമാഹരിച്ച ക്യാമറ ഫുേട്ടജ് അവിടെ അവസാനിക്കുന്നു. അധികം കഴിയുംമുമ്പ് ജനറേറ്ററുകൾ ഓഫ് ചെയ്യപ്പെട്ടു. ഓഫീസ് അടച്ചു. അഹമദിയും രണ്ടു സഹപ്രവർത്തകരും കാറിൽ മടക്കയാത്ര തിരിച്ചു. അമേരിക്കൻ വ്യാഖ്യാനത്തിൽ കാർ നിറയെ സ്ഫോടക വസ്തുക്കളുമായി ലക്ഷ്യം തേടിയുള്ള യാത്ര ആരംഭിച്ചിരിക്കുന്നു. വെള്ള ക്യാനുകൾക്ക് പുറമേ, രണ്ട് ഓഫീസ് ലാപ്ടോപുകൾ മാത്രമാണ് കാറിൽ ആകെയുണ്ടായിരുന്നത്. സാധാരണ യാത്രകളിൽ നല്ല പാട്ടുകൾ ഇടുമായിരുന്നു അഹ്മദി. താലിബാൻ മേൽക്കൈ നേടിയ ശേഷം അഹ്മദിയുടെ കാർ സ്റ്റീരിയോ മിണ്ടിയിട്ടില്ല. താലിബാന് സംഗീതം ഇഷ്ടമല്ലെന്ന് അഹ്മദിക്ക് നന്നായി അറിയാം. പോകുന്ന വഴിയെ മൂന്നു സഹപ്രവർത്തകരെയും അഹ്മദി അവരുടെ വീടുകളിൽ ഇറക്കി. വീട്ടിൽ കയറിയിട്ട് പോകാമെന്ന് അവസാനത്തെയാൾ ക്ഷണിച്ചു. ക്ഷീണിച്ചിരിക്കുകയാണ്, പിന്നെയാകാമെന്നായിരുന്നു അഹ്മദിയുടെ മറുപടി.
നേരെ വീട്ടിലേക്കായിരുന്നു പിന്നീട് യാത്ര. 4.50. വീടിന്‍റെ ഗേറ്റിന് മുന്നിൽ കാർ നിർത്തി. ഡ്രോൺ കമാൻഡ് സെൻററിൽ ടാക്റ്റിക്കൽ കമാൻഡർ ആക്രമണത്തിനായി ഒരുങ്ങി. ജനവാസ മേഖലയാണ്. ഡ്രോൺ ഓപററ്റേർമാർ പ്രദേശം അതിവേഗം സ്കാൻ ചെയ്തു. ഒരേയൊരു പുരുഷൻ മാത്രമാണ് കാറിന് തൊട്ടടുത്ത് ഉള്ളതെന്നാണ് നിരീക്ഷണം. വനിതകളില്ല, കുട്ടികളില്ല. മറ്റാരുമില്ല പരിസരത്ത്. ഓപറേറ്റർ സ്ഥിരീകരിച്ചു. പക്ഷേ, അഹ്മദിയുടെ കുടുംബം പറയുന്നത് മറ്റൊരു കഥയാണ്: അഹ്മദിയുടെ കാർ വന്ന് നിന്നതും അദ്ദേഹത്തിന്‍റെയും സഹോദരൻമാരുടെയും മക്കൾ കാറിനടുത്തേക്ക് ഓടിയെത്തി. കാർ തിരിച്ചിടാൻ അഹ്മദി ശ്രമിക്കുേമ്പാഴേക്കും പിള്ളേർ സെറ്റ് കാറിന്‍റെ പിൻ സീറ്റിലേക്ക് ഓടിക്കയറി. അഹ്മദിയുടെ കസിൻ നാസർ ഡിക്കിയിലെ വെള്ളകുപ്പികൾ എടുക്കാൻ കാറിനടുത്തേക്ക് വന്നു. കാർ ഓഫ് ചെയ്യാൻ അഹ്മദി കൈനീട്ടി.
അതിനും മുേമ്പ, കമാൻഡ് സെൻററിൽ ഒരു സ്വിച്ച് അമർത്തപ്പെട്ടു. റീപ്പർ ഡ്രോണിൽ നിന്ന് ഹെൽഫയർ മിസൈൽ വിക്ഷേപിക്കപ്പെട്ടു. കണ്ണടച്ചുതുറക്കും മുമ്പ് അഹ്മദിയുടെ കാർ അയാളെയും കുട്ടികളെയും കൊണ്ട് ഒരു തീഗോളമായി മാറി. ഭൂമികുലുങ്ങുന്നത് പോലൊരു ഭീകരശബ്ദത്തിനൊപ്പം വീടിനകത്തേക്ക് ചില്ലുകഷ്ണങ്ങൾ ആഞ്ഞുപതിച്ചുവെന്ന് കോലായയിൽ നിൽക്കുകയായിരുന്ന അഹ്മദിയുടെ സഹോദരൻ റുമാൽ ഒാർത്തു. അഹ്മദിക്കൊപ്പം അദ്ദേഹത്തിന്‍റെ മൂന്നുമക്കൾ, റുമാലിന്‍റെ മൂന്നുമക്കൾ, വെള്ളം ക്യാൻ എടുക്കാൻ വന്ന കസിൻ നാസർ എന്നിവരുൾപ്പെടെ 10 പേരുടെ മൃതദേഹങ്ങൾ അടുത്തദിവസം കുടുംബം ഖബറടക്കി. 'നിരപാധികളായിരുന്നു എല്ലാവരും. നിങ്ങൾ പറയുന്നു, അഹ്മദി ഐ.എസാണെന്ന്. പക്ഷേ, അവൻ ജോലി ചെയ്തിരുന്നത് അമേരിക്കക്ക് വേണ്ടിയായിരുന്നു.'- അഹ്മദിയുടെ സഹോദരൻ ഇമാൽ കണ്ണീർ വാർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.