ആ കശ്മീരി സമ്മാനപ്പൊതിയിൽ അനുനയത്തിന്റെ കസ്തൂരിയോ?
text_fieldsഏതുവിഷയവുമായി ബന്ധപ്പെട്ടാണെങ്കിലും തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നത് നല്ലതാണ്. അത് വ്യക്തികളാണെങ്കിലും സ്ഥാപനങ്ങളാണെങ്കിലും, അതുമല്ല ദേശങ്ങൾ തമ്മിലാണെങ്കിലും. പക്ഷേ, ഗവർണർ-മുഖ്യമന്ത്രി തർക്കത്തിൽ, അതിന് കാരണമായ സർവകലാശാല ബിൽ ഉൾപ്പെടെ മുഖ്യവിഷയങ്ങളിലൊന്നും ഇരുവരും വിട്ടുവീഴ്ച ചെയ്തിട്ടില്ല. അങ്ങനെയെങ്കിൽ പെട്ടെന്നുണ്ടായ മനംമാറ്റത്തിന്റെ കാരണം എന്തെന്നുള്ള ജിജ്ഞാസ സ്വാഭാവികമാണ്
‘പെട്രോളും തീപ്പെട്ടിയും പോലെ’ എന്നുപറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. അത്രത്തോളമായിരുന്നല്ലോ പോർവിളി. ഏതുനിമിഷവും ഏറ്റുമുട്ടി പൊട്ടിച്ചിതറുമെന്നതായിരുന്നല്ലോ മട്ടും ഭാവവും. ഇനി പറയാനും പരസ്പരം എറിയാനും വാക്കുകളുമില്ല. പിപ്പിടി വിദ്യ ഇങ്ങോട്ട് വേണ്ടെന്നും ചെപ്പടിവിദ്യ കാട്ടുന്നവരെ നിയന്ത്രിക്കാന് പിപ്പിടി വേണ്ടിവരുമെന്നുമെല്ലാം ഉരുളയും ഉപ്പേരിയുമായി പൂരക്കളിയിലും ചവിട്ടുനാടകത്തിലും തുടങ്ങി ഒടുവിൽ ഓണാഘോഷത്തിന് വിളിച്ചില്ലെന്ന നാട്ടുകുന്നായ്മയും പായാരവും വരെ ഈ രംഗവേദിയിൽ മൂക്കത്ത് വിരൽവെച്ച് കേരളം കണ്ടുനിന്നു. ഡിസംബറിലെ മഞ്ഞുമാറി ജനുവരിയിലെ ഇളംചൂടിലേക്കെത്തിയപ്പോൾ ചെപ്പടിക്കും പിപ്പിടിക്കും ഇടയിലെ കനംവെച്ചുതുടങ്ങിയ മഞ്ഞ് ഉരുകിത്തുടങ്ങിയോ...
പരസ്പരം കടന്നാക്രമിക്കാൻ വാളും പരിചയുമായി നിന്നിരുന്നവർ പൊടുന്നനെ ആയുധങ്ങളെല്ലാം വലിച്ചെറിഞ്ഞ് കൈകോർക്കാനൊരുങ്ങുമ്പോൾ മറ്റ് വ്യാഖ്യാനങ്ങൾ അപ്രസക്തമെന്നത് കട്ടായം. എന്നാൽ, പൊടുന്നനെയുണ്ടായ ഈ അനുരഞ്ജനത്തിന് പിന്നിലെ സീക്രട്ട്... അത് അറിയാനുള്ള കൗതുകം ആർക്കെങ്കിലും ഉണ്ടായാൽ കുറ്റം പറയാനാവില്ല.
കക്ഷിരാഷ്ട്രീയത്തിലും അധികാരരാഷ്ട്രീയത്തിലും ഇനി കക്ഷിക്കും മുന്നണികൾക്കുമുള്ളിലുമെല്ലാം ഇത്തരം കൈകോർക്കലുകൾ പലപ്പോഴും സംഭവിക്കാറുണ്ട്. മിക്കവാറും അതൊക്കെ അധികാരവുമായി ബന്ധപ്പെട്ട നീക്കുപോക്കുകളുടെ ഭാഗമാകും. പക്ഷേ, കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന കൈകോർക്കൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലായിരുന്നു. സാധാരണ ഇരുസംവിധാനങ്ങളും ഒരുമിച്ച് നീങ്ങുന്നത് സ്വാഭാവികതയും കീഴ്വഴക്കവുമാണ്.
പക്ഷേ, എപ്പോഴെങ്കിലും പരസ്പരം കൈകൊടുത്തുപോയാൽ വലിയ വാർത്തയാകും വിധമായിരുന്നല്ലോ ഇവിടത്തെ ‘ഊഷ്മളത’. തലേന്ന് രാത്രിവരെ ഇടഞ്ഞുനിന്ന ഇരുവരും നേരം പുലർന്നപ്പോൾ അടുത്തുവെന്ന് മാത്രമല്ല സമ്മാനം കൊടുത്തുവിടുന്ന തരത്തിൽ ബന്ധം ഊഷ്മളവുമായി.
ഗവർണർ ആരിഫ് മുഹമ്മദ്ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നല്ല ബന്ധമാണ് പുലർത്തിയിരുന്നത്. ഇടക്ക് ന്യൂനപക്ഷ വിഷയത്തിൽ ചെറുതായൊന്ന് ഇടഞ്ഞെങ്കിലും പ്രതിപക്ഷം മുതലെടുക്കാൻ രംഗത്തുവന്നതോടെ അവർ വീണ്ടും ഒരുമിച്ചു. ചാൻസലർ എന്ന നിലയിൽ സർവകലാശാല വിഷയങ്ങളിൽ ഗവർണർ ഇടപെടാൻ തുടങ്ങിയതോടെയാണ് വീണ്ടും അകൽച്ച തുടങ്ങിയത്.
ഒടുവിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്ന നിലയിലേക്ക് സാഹചര്യം വളർന്നതോടെ കേവലം അകൽച്ചയിൽനിന്ന് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തി. ഇരുവരും പരസ്യമായിത്തന്നെ പരസ്പരം കടന്നാക്രമിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാതെ മാറ്റിവെച്ചപ്പോൾ നിയമനങ്ങളിൽ ഉൾപ്പെടെ രാജ്ഭവനിൽ നടത്തുന്ന അനധികൃത ഇടപാടുകൾ പുറംലോകത്ത് എത്തിച്ചായിരുന്നു സർക്കാറിന്റെ തിരിച്ചടി. എന്തിനേറെ, ഇരുവരും സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷച്ചടങ്ങിൽപോലും അകൽച്ചയുടെ ആഴം തെളിഞ്ഞു.
ഗവർണറും മുഖ്യമന്ത്രിയും പോര് തുടർന്നതോടെ, നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കുന്നതിനുള്ള കുറുക്കുവഴിയെന്ന നിലയിൽ ഡിസംബർ 13ന് അവസാനിച്ച നിയമസഭ സമ്മേളനം പിരിഞ്ഞതായി ഗവർണറെ രേഖാമൂലം അറിയിക്കാൻപോലും സർക്കാർ തയാറായില്ല.
അതിനിടെയാണ് ഭരണഘടനയെ അവഹേളിച്ചതിന് മന്ത്രിസഭയിൽനിന്ന് നേരത്തെ രാജിവെക്കേണ്ടിവന്ന സജി ചെറിയാനെ തിരികെ വീണ്ടും മന്ത്രിസ്ഥാനത്ത് തിരികെയെത്തിക്കാൻ ഭരണപക്ഷം തീരുമാനിച്ചത്. സത്യപ്രതിജ്ഞക്ക് സൗകര്യപ്രദമായ തീയതി ഉൾപ്പെടെ സർക്കാർ അറിയിച്ചെങ്കിലും ഗവർണർ ആദ്യം അനുകൂലിച്ചില്ല.
ഇക്കാര്യത്തിൽ വിശദ പരിശോധന വേണ്ടിവരുമെന്ന അദ്ദേഹത്തിന്റെ പരസ്യനിലപാടോടെ സത്യപ്രതിജ്ഞ നീക്കം കുഴഞ്ഞുമറിഞ്ഞെന്ന് എല്ലാവരും ഏകദേശം ഉറപ്പിച്ചു. പക്ഷേ, മുഖ്യമന്ത്രിയും ഗവർണറും നടത്തിയ ഫോൺവിളിയോടെ സാഹചര്യം മാറി. പൊടുന്നനെ ആദ്യത്തെ കർക്കശനിലപാടിൽനിന്ന് പിൻവാങ്ങിയ ഗവർണർ സർക്കാർ നാൾകുറിച്ച അന്നുതന്നെ സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിച്ചു.
അതിനുപിന്നാലെ ഇരുവർക്കിടയിലെയും അകലം വളരെവേഗമാണ് അലിഞ്ഞുതുടങ്ങിയത്. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭ ചേരാനുള്ള നീക്കം ഉപേക്ഷിച്ച സർക്കാർ, ഡിസംബർ 13ന് അവസാനിച്ച കഴിഞ്ഞ സഭ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിച്ചു.
കഴിഞ്ഞ സഭസമ്മേളന കാലയളവിൽ ഒപ്പുവെച്ച 17 ബില്ലുകളിൽ 16ലും ഒപ്പുവെച്ചു. സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കുന്ന ബില്ല് മാത്രമാണ് ഇനി ശേഷിക്കുന്നത്. തന്നെ ബാധിക്കുന്ന വിഷയമായതിനാൽ ആ ബില്ലിൽ രാഷ്ട്രപതി തീരുമാനമെടുക്കട്ടെ എന്നാണ് ഗവർണറുടെ നിലപാട്. അകൽച്ച കുറഞ്ഞതോടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കശ്മീരിൽനിന്നുള്ള വിശേഷ വസ്തുക്കൾ കൊടുത്തുവിട്ട് ബന്ധം കൂടുതൽ ഊഷ്മളമാക്കാനും ഗവർണർക്ക് സാധിച്ചു.
ഏതുവിഷയവുമായി ബന്ധപ്പെട്ടാണെങ്കിലും തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നത് നല്ലതാണ്. അത് വ്യക്തികളാണെങ്കിലും സ്ഥാപനങ്ങളാണെങ്കിലും, അതുമല്ല ദേശങ്ങൾ തമ്മിലാണെങ്കിലും. പക്ഷേ, ഗവർണർ-മുഖ്യമന്ത്രി തർക്കത്തിൽ, അതിന് കാരണമായ സർവകലാശാല ബിൽ ഉൾപ്പെടെ മുഖ്യവിഷയങ്ങളിലൊന്നും ഇരുവരും വിട്ടുവീഴ്ച ചെയ്തിട്ടില്ല.
അങ്ങനെയെങ്കിൽ പെട്ടെന്നുണ്ടായ മനംമാറ്റത്തിന്റെ കാരണം എന്തെന്നുള്ള ജിജ്ഞാസ സ്വാഭാവികമാണ്. കാരണങ്ങൾ പലതും വാമൊഴിയായി പറന്നുനടക്കുമെങ്കിലും വസ്തുത തൽക്കാലം അവർക്കിടയിൽ മാത്രം ഒതുങ്ങാനാണ് സാധ്യത. ഗവർണർക്കെതിരെ വലിയ പ്രചാരണം സി.പി.എം തുടങ്ങിയതിനിടെയാണ് സമവായം രൂപപ്പെട്ടിരിക്കുന്നത്. സ്വന്തം അണികൾക്കിടയിൽപോലും അത് സംശയങ്ങൾക്ക് വിത്തുപാകുന്നതാണ്.
സർക്കാറും ഗവർണറും തമ്മിൽ ഒത്തുകളിയാണെന്ന പ്രതിപക്ഷ ആക്ഷേപത്തിന് ശക്തിപകരുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. സർക്കാറും ഗവർണറും പരസ്പരം പോരടിക്കുന്നതായി വരുത്തുന്നത് യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് ഇനി ആരെങ്കിലും ചിന്തിച്ചാലും കുറ്റപ്പെടുത്താനാവില്ല.
ചുരുക്കത്തിൽ, ഇപ്പോഴത്തെ ഗവർണർ-മുഖ്യമന്ത്രി വെടിനിർത്തൽ സർക്കാറിനും ഭരണപക്ഷത്തിനും രാഷ്ട്രീയമായി നേട്ടമാകുന്നതിനേക്കാൾ നഷ്ടം തന്നെയാകാനാണ് സാധ്യത. ഇനിയും ഗവർണറുമായി ഏറ്റുമുട്ടേണ്ട ഒരു സാഹചര്യം വന്നാലും സ്വന്തം അണികളെപ്പോലും അത് വിശ്വസിപ്പിക്കാനും അവരെ ഒപ്പംനിർത്താനും സർക്കാറിന് ഏറെ വിയർക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.