ഓർമയിലെന്നും ഒരേയൊരു ലീഡർ
text_fieldsചിത്രം വര പഠിക്കാന്‍ കണ്ണൂരില്‍നിന്ന് തൃശൂരെത്തി കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതിയ ചാണക്യന്‍. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഒരാള്‍. അനുയായികള്‍ മാത്രമല്ല, എതിരാളികള്‍ പോലും ലീഡര്‍ എന്ന് വിളിച്ചിരുന്ന ഒരേയൊരാള്‍. കണ്ണോത്ത് കരുണാകരനെ രാജ്യപ്രജാമണ്ഡലത്തില്‍ ചേര്‍ത്തത് വി.ആര്‍. കൃഷ്ണന്‍ എഴുത്തച്ഛനാണ്.
സീതാറാം മില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ അയച്ചത് രാഷ്ട്രീയ ഗുരുനാഥന്‍ പനമ്പിള്ളി ഗോവിന്ദമേനോനും. കെ. കരുണാകരനു പകരം വെക്കാന്‍ കേരള രാഷ്ട്രീയത്തില്‍ മറ്റൊരാളില്ല. കെ. കരുണാകരന്‍ എന്നത് കേരളത്തിന്റെ വികസന കാഴ്ചപ്പാടിനെ മാറ്റിമറിച്ച അസാധാരണ ഇച്ഛാശക്തിയുടെ പേരു കൂടിയാണ്.
രാഷ്ട്രീയ ജീവിതകാലമാകെ വെല്ലുവിളികളെ പരവതാനിയാക്കിയാണ് ലീഡര്‍ പ്രവര്‍ത്തിച്ചത്. പരാജയം അദ്ദേഹത്തെ ഒരു കാലത്തും തളര്‍ത്തിയില്ല. പകരം അതിനെ വിജയത്തിലേക്കുള്ള വഴിയാക്കാന്‍ ലീഡര്‍ക്ക് അസാമാന്യ ശേഷിയുണ്ടായിരുന്നു.
സംസ്ഥാന രൂപവത്കരണം മുതല്‍ 1980കള്‍ വരെ കേരളം കണ്ടതില്‍ ഏറെയും അസ്ഥിരമായ സര്‍ക്കാറുകളെയാണ്. കെ. കരുണാകരന്‍ എന്ന കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരുടെ ആശയമായിരുന്നു യു.ഡി.എഫ്. 1982ല്‍ ലീഡറുടെ നേതൃത്വത്തിലാണ് ആദ്യമായി ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നത്.
അടിമുടി കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും രാഷ്ട്രീയ എതിരാളികളെ ഒരു ദയയും ഇല്ലാതെ വിമര്‍ശിക്കുമ്പോഴും ജാതി മത പരിഗണനകളൊന്നും ഇല്ലാതെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയ നേതാവായിരുന്നു ലീഡര്‍. കണ്ണിറുക്കിയുള്ള ലീഡറുടെ ചിരിയില്‍ അലിയാത്തവരായി ആരുമുണ്ടായിരുന്നില്ല. ഗുരുവായൂരപ്പന്റെ ഉറച്ച ഭക്തന്‍. പക്ഷേ, എല്ലാ ജാതി മത വിശ്വാസികള്‍ക്കും ഒരുപോലെ സ്വീകാര്യന്‍.
ആര്‍ക്കും എപ്പോഴും സമീപിക്കാവുന്നയാള്‍. മതേതരത്വത്തിന്റെ അടിയുറച്ച വക്താവായിരുന്നു ലീഡര്‍. സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കുമ്പോഴും അതു മറ്റൊരാളെയും നോവിക്കുന്നതാകരുതെന്നും മറ്റു മതസ്ഥരുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി മുന്നില്‍ നില്‍ക്കുകയാണ് ഉത്തമനായൊരു ഭരണാധികാരിയുടെ ഗുണമെന്നും ഞാന്‍ പഠിച്ചത് ലീഡറിന്‍നിന്നാണ്.
ഇന്ദിര ഗാന്ധിക്കൊപ്പം അടിയുറച്ചുനിന്ന കെ. കരുണാകരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിങ് മേക്കറായിരുന്നു. തീരുമാനം എടുക്കുന്നതിലെ അസാമാന്യ വേഗവും അതു നടപ്പാക്കുന്നതിലെ ഇച്ഛാശക്തിയുമാണ് ലീഡറെന്ന ഭരണാധികാരിയുടെ സവിശേഷത. സംസ്ഥാനം ഇന്നു കാണുന്ന വികസനപദ്ധതികളില്‍ മിക്കതിലും ലീഡറുടെകൈയൊപ്പുണ്ട്.
കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, നെടുമ്പാശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, പരിയാരം മെഡിക്കൽ കോളജ്, ഗോശ്രീ പാലങ്ങള്‍ ഉള്‍പ്പെടെ എത്രയെത്ര പദ്ധതികള്‍. എതിര്‍പ്പുകളെ അതിജീവിച്ചും തൃണവത്ഗണിച്ചും ലീഡര്‍ യാഥാർഥ്യമാക്കിയതാണ് അവയൊക്കെ.
കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെ അത്രയേറെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ഭരണാധികാരിയായിരുന്നു കെ. കരുണാകരന്‍. വിശ്വാസത്തിന്റെയും വിശ്വസിച്ചതിന്റെയും പേരില്‍ ലീഡര്‍ പഴി കേട്ടിട്ടുണ്ട്. പക്ഷേ, അതൊന്നും തീരുമാനങ്ങളുടെ വേഗത്തെ ബാധിച്ചില്ല.
കെ. കരുണാകരന്‍ എക്കാലത്തും ഒരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും കരുത്തും വികാരവുമാണ്. കേരളത്തിൽ ‘ലീഡർ’ എന്ന പേരിന് അവകാശി ഒരേ ഒരാള്‍ മാത്രമാണ്. അത് കണ്ണോത്ത് കരുണാകരനാണ്. ബാക്കിയുള്ളവര്‍ അദ്ദേഹത്തിന്റെ അനുയായികളും ആ പാത പിന്തുടരുന്നവരും മാത്രം. ലീഡറുടെ ഓര്‍മകള്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും ആവേശവും കരുത്തുമാണ്. ഓർമകള്‍ക്കു മുന്നില്‍ പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.