തകരില്ല തളരില്ല ഫലസ്തീൻ സ്വപ്നം
text_fields30 നാളുകളായി ഇടതടവില്ലാതെ തുടരുന്ന ഭീകരാക്രമണം ആയിരക്കണക്കിന് ഫലസ്തീനികളുടെ ജീവനെടുത്തു, പക്ഷേ ആ ജനതയുടെ ആത്മവീര്യവും സ്വാതന്ത്ര്യദാഹവും ഇല്ലാതാക്കാൻ പോന്ന ആയുധങ്ങൾ യു.എസ്-ഇസ്രായേലി സഖ്യത്തിന്റെ ആയുധപ്പുരയിൽ ഇല്ല തന്നെ
ഇസ്രായേലിനും അവരുടെ യുദ്ധക്കുറ്റങ്ങൾക്ക് കൈയൊപ്പുചാർത്തുന്ന അമേരിക്കക്കും ഒരൊറ്റ ലക്ഷ്യം മാത്രമാണുള്ളത്; ഹമാസിനെ ഇല്ലാതാക്കി ഗസ്സയിൽ തങ്ങളുടെ ഇംഗിതത്തിനൊപ്പം നിൽക്കുന്ന ഭരണകൂടത്തെ പ്രതിഷ്ഠിക്കുക. മരണസംഖ്യ പതിനായിരത്തിലേക്ക് നീങ്ങുമ്പോഴും വെടിനിർത്തൽ ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനാണെന്നത് ഇസ്രായേലിനേക്കാൾ ഹമാസ്മുക്ത ഗസ്സ സ്വപ്നം കാണുന്നത് അമേരിക്കയാണെന്ന വസ്തുതയിലേക്ക് വിരൽചൂണ്ടുന്നു.
ഭരണകൂടങ്ങളെ പുറത്താക്കി തങ്ങൾക്ക് ഇഷ്ടമുള്ളവരെ തൽസ്ഥാനത്ത് നിയമിക്കുകയെന്നത് 1800കളുടെ ഒടുക്കം മുതൽ അമേരിക്ക നടപ്പാക്കിവരുന്ന പദ്ധതിയാണ്. ഒരു രാജ്യംപോലുമല്ലാത്ത ഗസ്സയിൽ കഴിഞ്ഞ 17 കൊല്ലമായി ഭരണം കൈയാളുന്ന ജനകീയ പോരാട്ടസംഘടനയെ നിഷ്കാസനം ചെയ്യാൻ ലോകത്തിലെ സൂപ്പർ ശക്തികൾ സയണിസ്റ്റ് കൊളോണിയൽ രാഷ്ട്രത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നത് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന സ്വപ്നം എന്നെന്നേക്കുമായി തല്ലിക്കെടുത്താനുദ്ദേശിച്ചാണ്.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണം ചൂണ്ടിക്കാട്ടിയാണ് ഗസ്സയെ തകർത്ത് തരിപ്പണമാക്കാനും ഹമാസിനെ ഉന്മൂലനം ചെയ്യാനുമുള്ള പദ്ധതി ഇസ്രായേലിനൊപ്പം ചേർന്ന് പാശ്ചാത്യർ തയാറാക്കിയിരിക്കുന്നത്. അതിന്റെ ആദ്യ പടിയായി ഐ.എസിനേക്കാൾ ഭീകരരാണ് ഹമാസെന്ന് പ്രചരിപ്പിച്ചു.
മിഡിലീസ്റ്റിന് അകത്തും പുറത്തും ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കുന്ന ആൾക്കൂട്ട കൊലയാളിസംഘമായ ഐ.എസുമായി ഹമാസിനെ സമീകരിക്കുന്നതിലെ ഉദ്ദേശ്യം വ്യക്തമാണ്. ഇസ്രായേൽ അധിനിവേശം ചെയ്തിരിക്കുന്ന പ്രദേശങ്ങളിലൊഴികെ ഒരിടത്തുപോലും പോരാട്ടം നടത്താത്ത ഹമാസിന്റെ ഏക അജണ്ട അധിനിവേശ ഭീകരതയിൽനിന്നുള്ള ഫലസ്തീന്റെ മോചനം മാത്രമാണ്. ഹമാസ് അധികാരത്തിലേറിയശേഷം ഗസ്സക്കെതിരെ ഇസ്രായേൽ നടത്തുന്ന അഞ്ചാമത്തെ യുദ്ധമാണിത്.
മൊസാദും ഷിൻബെറ്റും അറിയാതെ ഒരീച്ചപോലും ഇസ്രായേലി മണ്ണിൽ പ്രവേശിക്കില്ലെന്ന ധാരണയെ അട്ടിമറിച്ചാണ് ഹമാസിന്റെ പാരാഗ്ലൈഡർമാർ അവിടെ പറന്നിറങ്ങി രണ്ടു മണിക്കൂറിനിടയിൽ വലിയ ആൾനാശമുണ്ടാക്കിയതും 227 പേരെ ബന്ദികളാക്കിയതും. ഇത് ഇസ്രായേലിനെ മാത്രമല്ല, അവരുടെ എല്ലാ ക്രൂരതകൾക്കും കൂട്ടുനിൽക്കുന്ന പടിഞ്ഞാറൻ രാജ്യങ്ങളെയും ഞെട്ടിച്ചു.
ഹമാസ് മാത്രമല്ല, ഫലസ്തീനിൽ വിമോചന പോരാട്ടം നടത്തിയ എല്ലാ സംഘടനകളും സായുധ പോരാട്ടത്തിൽ ഏർപ്പെട്ടവരാണ്. 1959ൽ പിറവിയെടുത്ത ഏറ്റവും പഴക്കമുള്ള ഫത്ഹ് മുതൽ 2021ൽ വെസ്റ്റ്ബാങ്കിലെ ജെനിനിൽ രൂപംകൊണ്ട ഗ്രൂപ്പുകൾ വരെ ഇതിൽപെടും. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപിക്കാത്ത ഇസ്രായേലിനോട് അഹിംസാസിദ്ധാന്തം പ്രസംഗിക്കുന്നതിൽ അർഥമില്ലെന്ന് ദീർഘകാല അനുഭവങ്ങളിലൂടെ അവർക്ക് ബോധ്യം വന്നതാണ്.
1987ൽ ഹമാസ് രൂപവത്കരിക്കപ്പെടുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇസ്രായേലിന്റെ പിറവിയെ, അറബ്, മുസ്ലിം രാജ്യങ്ങളും തള്ളിപ്പറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരുന്നല്ലോ യു.എന്നിന്റെ വിഭജന പദ്ധതിയെ അവർ അംഗീകരിക്കാതിരുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ഇതേ നിലപാടായിരുന്നു.
2006ൽ നടന്ന ഫലസ്തീൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച് 132 സീറ്റുകളിൽ 74ലും (57.6 ശതമാനം) വിജയംകൊയ്ത് സാമ്രാജ്യത്വ, അധിനിവേശശക്തികളെ ഞെട്ടിച്ച സംഘടനയാണ് ഹമാസ്. ഇസ്രായേലും അമേരിക്കയും ആഗ്രഹിച്ചത് തങ്ങളുടെ ഇംഗിതങ്ങൾക്ക് എന്നും വഴങ്ങിയ ചരിത്രമുള്ള ഫത്ഹ് പാർട്ടി അധികാരത്തിലേറുമെന്നായിരുന്നു. ഫത്ഹിന് 45 സീറ്റുകളേ ലഭിച്ചുള്ളൂ.
പതിനാറ് കൊല്ലമായി തുടരുന്ന ഉപരോധവും ഒരു ദിവസവുമൊഴിയാതെ ഫലസ്തീനികളെ കൊല്ലുന്നതും മസ്ജിദുൽ അഖ്സയുടെ വിശുദ്ധി തകർക്കുന്നതുമൊക്കെ കൈയുംകെട്ടി നോക്കിനിൽക്കാൻ ഹമാസ് ഒരുക്കമല്ല. അതിനോടൊക്കെ രാജിയാവാൻ ശ്രമിക്കുന്ന ഫത്ഹിൽനിന്ന് അവരെ വേർതിരിച്ചുനിർത്തുന്നതും ഈ ഘടകമാണ്.
ഗസ്സയിൽ സയണിസ്റ്റ് സേന പുനരധിനിവേശം നടത്തിയാലും ഹമാസിനെ ഇല്ലായ്മചെയ്യൽ സാധ്യമല്ല. കാരണം, ഗസ്സയിലെ ഓരോ മണൽത്തരിയിലും ഹമാസുണ്ട്. ഗസ്സയിൽ മാത്രമല്ല, വെസ്റ്റ്ബാങ്കിലും അവർ ശക്തിപ്പെട്ടുവരുകയാണെന്ന് മറ്റാരേക്കാളും ഇസ്രായേലിന് അറിയാം.
സ്ഥാപകനേതാക്കളായ ശൈഖ് അഹ്മദ് യാസീൻ, ഡോ. അബ്ദുൽ അസീസ് രൻതീസി, സൈനിക വിങ്ങിനെ നയിച്ച യഹ്യ അയ്യാശ്, സലാഹ് ശഹാദ, ഇമാദ് അഖിൽ തുടങ്ങിയ നിരവധി പേരെ ഇസ്രായേൽ സൈന്യം നിഷ്ഠുരമായി വധിച്ചിട്ടും ആ സംഘത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ഇസ്രായേലിന്റെ ലക്ഷ്യം ഗസ്സയോ ഹമാസോ അല്ല, മുഴുവൻ ഫലസ്തീനുമാണെന്ന് ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ നടന്ന രക്തച്ചൊരിച്ചിൽ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിനുനേരെ ഒരു റോക്കറ്റാക്രമണംപോലും നടക്കാത്ത വെസ്റ്റ് ബാങ്കിൽ ഇതിനകം നൂറ്റമ്പതിലേറെ പേരെയാണ് സൈന്യവും കുടിയേറ്റ തീവ്രവാദികളും കൊന്നത്.
ഗസ്സയിൽ പാവസർക്കാറിനെ വാഴിക്കാൻ കൂട്ടുനിൽക്കുന്നവരൊക്കെ ആത്യന്തികമായി സ്വതന്ത്ര ഫലസ്തീൻ സ്വപ്നത്തെ തല്ലിക്കെടുത്തുന്നവരായിരിക്കും. റോക്കറ്റുകൾക്കും ബോംബുകൾക്കും തകർക്കാൻ കഴിയാത്ത ഫലസ്തീനികളുടെ ഇച്ഛാശക്തിയെയും സ്വാതന്ത്ര്യമോഹത്തെയും ഇല്ലാതാക്കുക എന്ന ദുഷ്ടലാക്ക് നടപ്പാവില്ലെന്നുമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.