പാലോളി കമ്മിറ്റി പറഞ്ഞത് സ്കോളർഷിപ് നൽകാൻ മാത്രമല്ലല്ലോ
text_fieldsന്യൂനപക്ഷ വിദ്യാർഥികൾക്കായി കേരള സർക്കാർ നടപ്പാക്കിയ മെറിറ്റ് കം മീൻസ് സ്കോളർഷിപ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്നും ഇക്കാലം വരെ തുടർന്ന 80: 20 അനുപാതത്തിന് നിയമ പിൻബലമില്ലെന്നും മേയ് 28ന് കേരള ഹൈകോടതി വിധിച്ചിരുന്നു. 1992 ലെ ദേശീയ ന്യൂനപക്ഷ കമീഷൻ ആക്ട്, 2014 ലെ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ആക്ട് എന്നിവയിലെ ഒമ്പതാം അനുച്ഛേദമനുസരിച്ച്ന്യൂനപക്ഷങ്ങൾക്കിടയിൽ വിവേചനം പാടില്ലെന്നും എല്ലാ ന്യൂനപക്ഷങ്ങളെയും തുല്യരീതിയിലാണ് പരിഗണിക്കേണ്ടത് എന്നുമാണ് കോടതി വിധിയുടെ കാതൽ.
വിധിക്കെതിരെ അപ്പീൽ പോവുന്നത് ഈ വർഷം സ്കോളർഷിപ് വിതരണം മുടങ്ങാനും നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കാനും വഴിവെച്ചേക്കും. അതുകൊണ്ടാവണം വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടവർ പിന്നീട് പിറകോട്ടടിച്ചത്.
ന്യൂനപക്ഷ സമുദായാംഗങ്ങളിൽ അർഹരായ അപേക്ഷകർക്കെല്ലാം സ്കോളർഷിപ് നൽകി 80:20 അനുപാതപ്രശ്നം തീർക്കാനാണ് മുഖ്യമന്ത്രി നിയോഗിച്ച നാല് ഐ.എ.എസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധസമിതി അനൗദ്യോഗികമായി മുന്നോട്ടുവെച്ച ശിപാർശ എന്നാണു വാർത്തകൾ. കോടതിവിധി കേവലം സ്കോളർഷിപ് വിതരണത്തിലെ അനുപാതത്തിൽ മാത്രമാണ് പ്രശ്നം കണ്ടെത്തിയതെന്ന ധാരണയിൽ അതിനൊരു താൽക്കാലിക ഫോർമുല കണ്ടെത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് ഇതിൽനിന്ന് വ്യക്തമാവുന്നത്. അത്തരത്തിൽ കോടതിവിധിയെ ചുരുക്കിക്കാണുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.
ഹൈകോടതി കേവലം സ്കോളർഷിപ് വിതരണത്തിലെ അനുപാതം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുക മാത്രമല്ല ചെയ്തത്. പാലോളി ശിപാർശകൾ പ്രകാരം സംസ്ഥാന സർക്കാർ 16/ 08 / 2008ന് പുറപ്പെടുവിച്ച ഉത്തരവിനെ ഒന്നാകെ റദ്ദ് ചെയ്തിട്ടുണ്ട്. പ്രസ്തുത ഉത്തരവ് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് സ്കോളർഷിപ് നൽകുന്നതിനെ കുറിച്ച് മാത്രമല്ല പറഞ്ഞിട്ടുള്ളത്. നിലവിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് പുതുതായി അപേക്ഷ ക്ഷണിച്ച പി.എസ്.സി -യു.പി.എസ്.സി പരിശീലനങ്ങൾക്കുവേണ്ടി പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും മദ്റസാധ്യാപക ക്ഷേമനിധി സ്ഥാപിക്കുന്നത് സംബന്ധിച്ചുമെല്ലാം പറയുന്നുണ്ട്. മാത്രവുമല്ല, ദേശീയ-സംസ്ഥാന ന്യൂനപക്ഷ കമീഷൻ ആക്ടുകളിലെ വകുപ്പുകളെ മറികടന്ന് കേവലമായ എക്സിക്യൂട്ടിവ് ഓർഡറുകൾ കൊണ്ട് സ്കോളർഷിപ് വിതരണത്തിലെ അനുപാതം നിശ്ചയിക്കാൻ കഴിയില്ല എന്നും ഹൈകോടതി വിധിയിലുണ്ട്.
സർക്കാറിനുമുന്നിലെ ബദൽ നിർദേശങ്ങൾ
സംവരണം ഉൾപ്പെടെ സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം സംഘടന നേതാക്കൾ വിധി വന്ന ഉടനെതന്നെ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം വികസന കോർപറേഷൻ, പരിവര്‍ത്തിത ക്രിസ്ത്യന്‍ കോര്പറേഷന് പോലെ പരിവര്‍ത്തിത മുസ്ലിംകളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പരിവര്‍ത്തിത മുസ്ലിം വികസന കോര്പറേഷന് തുടങ്ങിയ നിർദേശങ്ങൾ.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശിയെ അധ്യക്ഷനാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ നിയോഗിച്ച കമീഷന്റെ മാതൃകയിൽ മുസ്ലിംകൾക്കായി ഒരു കമീഷനെ സർക്കാർ ഉടൻ നിയോഗിക്കണമെന്നാണ് മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) സമർപ്പിച്ച നിർദേശങ്ങളിൽ പ്രധാനം. സച്ചാർ -പാലോളി റിപ്പോർട്ടുകൾ കഴിഞ്ഞ പത്തുവർഷം കേരളത്തിൽ നടപ്പാക്കിയതിന്റെ പുരോഗതി വിലയിരുത്താനും അവർ ആവശ്യപ്പെടുന്നു.
ജൂൺ നാലിന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ മുസ്ലിംലീഗ് നിവേദനമായി സമർപ്പിച്ച നിർദേശങ്ങൾ ഇവയാണ്
1.സച്ചാർ കമ്മിറ്റി സ്കീമുകൾ നടപ്പാക്കുന്നതിന് പുതിയതായി പ്രത്യേക ബോർഡ് ഉണ്ടാക്കി നൂറു ശതമാനവും പിന്നാക്കം നിൽക്കുന്ന മുസ്ലിം സമുദായത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കണം
2.ന്യൂനപക്ഷ സമുദായങ്ങൾക്ക് പൊതുവായി നൽകുന്ന ആനുകൂല്യങ്ങൾ 2021 സെൻസസിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായി അർഹതയുള്ളവർക്ക് നിലവിലുള്ള ന്യൂനപക്ഷ കമീഷനുകളിലൂടെയും ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയും പരാതികൾക്ക് ഇടനൽകാത്തവിധം നടപ്പാക്കുക
3. മതവിഭാഗങ്ങൾ തമ്മിലെ സ്പർധ ഒഴിവാക്കാനായി ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതിൽ സുതാര്യത ഉറപ്പുവരുത്താനും പൊതുസമൂഹത്തിന് ലഭ്യമാകുന്ന തരത്തിൽ നൽകുന്ന ആനുകൂല്യങ്ങൾ ഏതു സ്കീമിന്റെ അടിസ്ഥാനത്തിലാണെന്നു പരസ്യപ്പെടുത്താനും അനാവശ്യ വിവാദങ്ങളിലേക്ക് കാര്യങ്ങൾ വലിച്ചിഴച്ച് സൗഹാർദം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കുക.
പാലോളി റിപ്പോർട്ടും സി.പി.എമ്മും
2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിലെ 35 ശതമാനം പേരാണ് ഇടതുപക്ഷത്തെ പിന്തുണച്ചതെങ്കിൽ 2021 അത് 39 ശതമാനമായി വർധിച്ചു. അതിൽ തന്നെ പാവപ്പെട്ടവരും താഴ്ന്ന വർഗക്കാരുമായ മുസ്ലിംകളുടെ വോട്ടു ശതമാനം 35ൽനിന്ന് 46ശതമാനമായി ഉയർന്നുവെന്നും ലോക്നിതി-സി.എസ്.ഡി.എസിൽ ഗവേഷകനായ ശ്രേയസ്സ് സർദേശായി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത് 'ദി ഹിന്ദു'വിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം മുന്നോട്ടുവെച്ച ഇലക്ഷൻ മാനിഫെസ്റ്റോയിലെ 'മറ്റു സാമൂഹിക വിഭാഗങ്ങൾ' എന്ന തലക്കെട്ടിനു കീഴിൽ ന്യൂനപക്ഷ ക്ഷേമം സംബന്ധിച്ച ഭാഗത്ത് 261ാമത് വാഗ്ദാനമായി പറയുന്നത് 'സച്ചാര്‍ കമ്മിറ്റി ശിപാര്‍ശയുടെ ഭാഗമായുള്ള പാലോളി കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കും' എന്നാണ്. മുസ്ലിം സമുദായത്തിലെ പാവപ്പെട്ട ആളുകളിൽ പകുതിയോടടുത്ത ആളുകളുടെ വോട്ട് നേടിയ മുന്നണി ഭരിക്കുന്ന സർക്കാറിന് ഈ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളെ പരിഗണിക്കാൻ ബാധ്യതയില്ലേ? അതല്ല ന്യൂനപക്ഷ സ്കോളർഷിപ് പദ്ധതി വിതരണത്തിലെ അനുപാതം പരിഹരിക്കുന്നതോടെ കേരളത്തിലെ മുസ്ലിം സമുദായത്തിന് അർഹമായ എല്ലാ അവകാശങ്ങളും നൽകി എന്ന് സർക്കാർ കരുതുന്നുണ്ടോ ?
മേൽചോദ്യങ്ങൾക്ക് ഇല്ല എന്നാണ് ഉത്തരമെങ്കിൽ പാലോളി റിപ്പോർട്ടിലെ നിർേദശങ്ങൾക്കനുസൃതമായി നടപ്പാക്കപ്പെട്ടതും ഇപ്പോൾ ഹൈകോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടതുമായ പദ്ധതികൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഒപ്പം, പാലോളി റിപ്പോർട്ടിലെ ഇനിയും നടപ്പാകാത്ത മുഴുവൻ ശിപാർശകളും സമയബന്ധിതമായി നടപ്പാക്കുന്നതിന് കുറ്റമറ്റതും സമഗ്രവുമായ നിയമനിർമാണത്തിന് സർക്കാർ മുൻകൈയെടുക്കുകയും വേണം.
സച്ചാർ നിർദേശങ്ങൾക്കനുസൃതമായി ചില സംസ്ഥാനങ്ങൾ ആവിഷ്കരിച്ച സ്കോളർഷിപ് പദ്ധതികൾ അടക്കമുള്ളവയെ ചോദ്യംചെയ്ത് പല ഹരജികളും മുമ്പുണ്ടായിട്ടുണ്ട്.
ഒരു മതസമൂഹത്തിന് എന്ന നിലയിൽ പദ്ധതികൾ ആവിഷ്കരിക്കുന്നത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതരത്വത്തിനെതിരാണ് എന്നതായിരുന്നു ഈ ഹരജികളുടെയെല്ലാം പ്രധാന വാദം. ഏറ്റവുമൊടുവിൽ 2019 ൽ കഴിഞ്ഞ സർക്കാർ പാസാക്കിയ കേരള മദ്റസ അധ്യാപക ക്ഷേമനിധി ആക്ടിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ചിലർ സമർപ്പിച്ച ഹരജിയിലെയും പ്രധാന വാദം ഇതുതന്നെയാണ്. ഇത്തരം ഹരജികളിൽ ഒരു ന്യൂനപക്ഷ മതസമൂഹമെന്ന നിലയിലല്ല, കൃത്യമായി നടത്തിയ പഠനത്തിൽ പിന്നാക്കാവസ്ഥ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം സമുദായത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചത് എന്നാണ് ബോംബെ ഹൈകോടതിയും, ഗുജറാത്ത് ഹൈകോടതിയുടെ അഞ്ചംഗ ബെഞ്ചിേൻറയും വിധികൾ പറഞ്ഞുവെച്ചത്.
ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായി തീർന്ന സ്കോളർഷിപ് കൂടാതെ മത്സരപരീക്ഷ കോച്ചിങ് സെൻററുകൾ, മദ്റസാധ്യാപക ക്ഷേമനിധി, യു.ഡി.എഫ് സർക്കാറിന്റെ അവസാന കാലത്ത് ഏറെ വിവാദങ്ങൾക്ക് കാരണമായിത്തീർന്ന അറബിക് സർവകലാശാല, ഈ നാലു കാര്യങ്ങളിൽ ഒതുങ്ങുന്ന ഒന്നാണോ പാലോളി റിപ്പോർട്ട്? 2021 നവംബർ 30ന് സച്ചാർ റിപ്പോർട്ട് വെളിച്ചം കണ്ടതിന് 15 വർഷം തികയാനിരിക്കെ പാലോളി റിപ്പോർട്ടിലെ ശിപാർശകൾ എന്തൊക്കെയാണ്, അവയിൽ ഏതെല്ലാം നടപ്പാക്കി, ഏതെല്ലാം ഇനി നടപ്പാക്കാനുണ്ട്, എന്തുകൊണ്ട് അവയിൽ പലതും നടപ്പായില്ല തുടങ്ങിയ രാഷ്ട്രീയമായി മൂർച്ചയേറിയ ചോദ്യങ്ങൾ കേരളത്തിലെ മുസ്ലിം സമുദായം രാഷ്ട്രീയ നേതൃത്വങ്ങളോടും ഭരണകൂടത്തോടും ചോദിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.