ജനാധിപത്യമെന്ന വാഗ്ദാനം
text_fields1941ലെ ഫ്രാൻസിന്റെ മേലുള്ള നാസി അധിനിവേശത്തിനെതിരെയുള്ള പ്രതിരോധ മുന്നണികളിൽ സജീവ സാന്നിധ്യമായിരുന്നുകൊണ്ട് സാർത്ര് ഇപ്രകാരം സൂചിപ്പിക്കുകയുണ്ടായി. ‘ജർമൻകാർക്ക് കീഴിലെന്നതിനേക്കാൾ സ്വാതന്ത്ര്യനഷ്ടം നമുക്ക് ഒരിക്കലുമുണ്ടായിട്ടില്ല. നമ്മുടെ എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടു. ദിനേനയെന്നവണ്ണം നമ്മൾ അപമാനിതരായി. നമ്മൾ എന്താണോ എന്നതിനെപ്പറ്റിയുള്ള യഥാർഥ വസ്തുതയെ മാറ്റിവെച്ചിട്ട്, നമ്മളെപ്പറ്റിയുള്ള ഒരു മലിനമായ പ്രതിബിംബത്തെ വിശ്വസിക്കണമെന്നാണ് മർദകർ ആഗ്രഹിച്ചത്. അതിനാൽ നോക്കുന്നിടത്തെല്ലാം -പത്രങ്ങളിലും ചുവരുകളിലും വെള്ളിത്തിരകളിലും- അങ്ങനെയൊരു പ്രതിബിംബത്തെ കാണാൻ നമ്മൾ നിർബന്ധിതരായി.’ ഇതേസമയം, അധിനിവേശത്തിനെതിരെയുള്ള നിശ്ശബ്ദവും അല്ലാത്തതുമായ പ്രതിരോധങ്ങൾ ‘നിഴലിൽനിന്നും വേദനയിൽനിന്നും റിപ്പബ്ലിക്കിനെ വീണ്ടെടുത്തു’ എന്ന് സാർത്ര് തുടർന്ന് സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയമായ സ്വേച്ഛാധിപത്യത്തെ നേരിട്ട് അഭിമുഖീകരിച്ച സന്ദർഭമായിരുന്നു അടിയന്തരാവസ്ഥ. പ്രാഥമികമായ പൗരാവകാശങ്ങളും മാധ്യമ-അഭിപ്രായ സ്വാതന്ത്ര്യവും വിലക്കപ്പെട്ട ആ കാലത്ത് അടിത്തട്ടിലെ ജനതക്കും നിയമപരമായ പരിരക്ഷകൾ നിഷേധിക്കപ്പെട്ടു. ഇത്തരമൊരു അവസ്ഥയെ ഇന്ത്യയിലെ ജനങ്ങൾ തകർത്തെറിഞ്ഞത് ഒരു പൊതു തെരഞ്ഞെടുപ്പിലൂടെയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരഗാന്ധിയുടെ ഭരണത്തിന് അന്ത്യംകുറിക്കുമെന്നോ, ജനവികാരം തങ്ങൾക്ക് എതിരാകുമെന്നോ അന്നത്തെ ഭരണകൂടം കണക്കാക്കിയിരുന്നില്ല.
കഴിഞ്ഞ പത്തുവർഷമായി തുടരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാർ ഭരണത്തെ ഒരു ആഭ്യന്തര ശക്തിയുടെ ആധിപത്യം എന്നതിനുപരി, ഒരു വൈദേശിക ശക്തിയുടെ അധിനിവേശം പോലുള്ള ഭീകരമായൊരു ദേശീയ ദുരന്തമായിട്ടാണ് ഇന്ത്യയിലെ സാധാരണ ജനങ്ങൾ ഓർക്കാനിടയുള്ളത്. ജനാധിപത്യമെന്നോ മതേതരത്വമെന്നോ സാമുദായിക സഹവർത്തിത്വമെന്നോ സാമൂഹിക മൈത്രിയെന്നോ നമ്മൾ കണക്കാക്കുന്ന മുഴുവൻ സങ്കൽപങ്ങളും ഇത്രമാത്രം അപമാനവീകരിക്കപ്പെട്ട മറ്റൊരു സന്ദർഭം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല.
ഇതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അന്നത്തെ ഭരണകർത്താക്കളെപ്പോലെത്തന്നെ നരേന്ദ്ര മോദി ഭരണകൂടവും ഇന്ത്യയിൽ സംഘ്പരിവാർ ഭരണത്തിന് അന്ത്യം കുറിക്കപ്പെടുമെന്ന് സ്വപ്നത്തിൽപോലും കരുതുന്നുമില്ല. മാത്രമല്ല, തങ്ങൾക്ക് എതിരെയുള്ള ഭരണവിരുദ്ധ വികാരം നിശ്ശബ്ദമായൊരു തരംഗമായി സമൂഹത്തിനകത്ത് പ്രതിപ്രവർത്തിക്കുന്നതിനെക്കുറിച്ചും അവർക്ക് കരുതൽ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ മോദിയും കൂട്ടരും തങ്ങൾ വിജയശ്രീലാളിതരായി മാറിയെന്ന മട്ടിലുള്ള സ്വയം പ്രഖ്യാപനങ്ങളാണ് നടത്തിയത്. അവരുടെ വിജയപ്രതീക്ഷകളെ വാനോളമുയർത്താനായി ഇന്ത്യയിലും വിദേശത്തുമുള്ള സംഘ്പരിവാർ നിയന്ത്രണമുള്ള മാധ്യമങ്ങൾ രംഗത്തുവന്നു.
ഭരണകൂടം വിലക്കുവാങ്ങിയ തെരഞ്ഞെടുപ്പ് അവലോകന ‘വിദഗ്ധരും’ അസംഖ്യം നക്ഷത്ര വാരഫലക്കാരും ഇവർക്കൊപ്പം അണിനിരന്നു. മൂന്നാംവട്ടവും മോദിതന്നെ ഇന്ത്യ ഭരിക്കുമെന്ന് പ്രവചിച്ചുകൊണ്ടുള്ള സർവേ ഫലങ്ങളുടെ പ്രളയമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം മുതൽ ദേശീയ-പ്രാദേശിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കവിഞ്ഞൊഴുകിയത്. മിക്ക സർവേകളും തങ്ങൾക്ക് നാനൂറിലധികം സീറ്റുകൾ കിട്ടുമെന്ന് ബി.ജെ.പിയുടെ കേന്ദ്ര നിർവഹണ യോഗത്തിൽ മോദി പ്രഖ്യാപിച്ചതിന്റെ ചുവടൊപ്പിച്ചതായിരുന്നു.
എന്നാൽ, ഇത്തരം സർവേകളുടെ ‘ലോജിക്കൽ കൺക്ലൂഷൻ’ മിക്കവാറും ഹിന്ദുത്വ സയൻസ് പോലെ അസംബന്ധം നിറഞ്ഞതായിരുന്നു. ഉദാഹരണത്തിന് ഈ സർവേകളിൽ അധികവും പ്രവചിച്ചിട്ടുള്ളത് കേരളത്തിൽനിന്ന് ബി.ജെ.പിക്ക് നാലോ അതിലധികമോ സീറ്റുകൾ ഉറപ്പാണെന്നാണ്. കർണാടകത്തിലും ആന്ധ്രയിലും തെലങ്കാനയിലും ഭൂരിപക്ഷം സീറ്റുകളും അവർക്ക് തന്നെയായിരിക്കുമെന്നും പ്രവചിക്കപ്പെട്ടു. തമിഴ്നാട്ടിലും ബി.ജെ.പിക്ക് ഗണ്യമായ സീറ്റ് വർധന ഉണ്ടാവുമെന്നും കണക്കുകൂട്ടി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിലെ ഏറക്കുറെ മുഴുവൻ സീറ്റുകളും ബി.ജെ.പി തൂത്തുവാരുമെന്നാണ് പറഞ്ഞത്.
ഇത്തരത്തിലുള്ള ഏകപക്ഷീയമായ കണക്കുകൂട്ടലിലേക്ക് അവർ പോയത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരത്തെ ഉൾക്കൊള്ളാതെയും മോദിഭരണത്തോട് സാധാരണക്കാരിലും മധ്യവർഗത്തിലുമുള്ളത് അന്ധമായ ഭക്തിയും വിധേയത്വവുമാണെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം മേൽപറഞ്ഞ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യമായിമാറിക്കഴിഞ്ഞിട്ടുള്ള പ്രതിപക്ഷ സഖ്യം ഒരു തെരഞ്ഞെടുപ്പ് മുന്നണി നിലയിൽനിന്ന് ഉയർന്ന് ഒരു പ്രതിരോധ മുന്നണിയായി മാറിയിട്ടുണ്ട് എന്ന വസ്തുതയെ അവർ ഉൾക്കൊള്ളാൻ വൈകിയെന്നതാണ്.
പൊതുതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടവും രണ്ടാംഘട്ടവും പിന്നിട്ടതോടെ സംഘ്പരിവാർ കേന്ദ്രങ്ങൾ പുലർത്തിയ ആത്മവിശ്വാസം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. നാനൂറിലധികം സീറ്റുകൾ തങ്ങൾക്ക് കിട്ടുമെന്നും ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടാകുമെന്നുമുള്ള പ്രചാരണം ജനസംഖ്യയിൽ ഗണ്യമായ വിഭാഗമായ ആദിവാസി-ദലിത്-പിന്നാക്ക സമുദായങ്ങളിൽ സംശയങ്ങൾ രൂപപ്പെടാൻ കാരണമായി മാറി. അതായത്, കേവല ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടനയെ മാറ്റാനും സംവരണമടക്കമുള്ള സാമൂഹിക കരാറുകൾ റദ്ദുചെയ്യാനും സാധ്യതയുള്ളതായി മേൽപറഞ്ഞ വിഭാഗങ്ങളിൽ പൊതുബോധം ശക്തിപ്പെട്ടു.
ഇതോടെ തങ്ങൾക്ക് കിട്ടിയേക്കാവുന്ന ഭൂരിപക്ഷത്തെക്കുറിച്ചുള്ള അവകാശവാദമൊഴിവാക്കി സംഘ്പരിവാറിന്റെ യഥാർഥ സ്വത്വമായ മുസ്ലിം വെറുപ്പിനെ സർവശക്തിയോടെയും സാർവത്രികമായും പുനരുൽപാദിപ്പിക്കുകയാണ് സംഘ്പരിവാർ ബുദ്ധികേന്ദ്രങ്ങൾ ചെയ്തത്.
എന്തുകൊണ്ടാണ് ബി.ജെ.പി അവരുടെ വികസന അജണ്ടകളും രാമക്ഷേത്ര നിർമാണവും ഒഴിവാക്കി മുസ്ലിം വെറുപ്പിലേക്ക് മാത്രം സകലശ്രദ്ധയും കേന്ദ്രീകരിക്കുന്നത്?
നമുക്കറിയാം, സ്വാതന്ത്ര്യത്തിനുശേഷം ചെറുതും വലുതുമായ നൂറുകണക്കിന് വംശീയ അതിക്രമങ്ങൾ വർഗീയ കലാപങ്ങൾ എന്നപേരിൽ മുസ്ലിം സമുദായത്തിനെതിരെ ഹിന്ദുത്വവാദികൾ നടത്തിയിട്ടുണ്ട്. അവയുടെ ലക്ഷ്യം മുസ്ലിം ജനതയെ ഒറ്റതിരിക്കുക എന്നതിനൊപ്പം ആ സമുദായങ്ങൾ കാലങ്ങളായി സമാർജിച്ച സ്വത്തുക്കൾ നശിപ്പിക്കുകയോ പിടിച്ചടക്കുകയോ എന്നതും കൂടിയായിരുന്നു. മുസ്ലിംകൾ വേറിട്ടും കൂട്ടമായും താമസിക്കുന്ന ഇടങ്ങളിൽ വീടുകൾക്ക് തീവെക്കുക, വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കുക മുതലായ പ്രവർത്തനങ്ങളിലൂടെ അവരെ ഗെറ്റോകളിലേക്ക് പുറംതള്ളുകയാണ് ഉദ്ദേശിക്കപ്പെടുന്നത്.
2006ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരായ ആദിവാസികൾക്കും ദലിതർക്കും പിന്നാക്കക്കാർക്കുമൊപ്പം മുസ്ലിം ന്യൂനപക്ഷങ്ങളെയും വിഭവവിതരണത്തിലെ മുൻഗണനപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞതിനെ വളച്ചൊടിച്ചുകൊണ്ടാണ് മോദി തന്റെ വംശീയ കടന്നാക്രമണത്തിന് തീകൊളുത്തിയത്. യഥാർഥത്തിൽ മൻമോഹൻ സിങ് മാത്രമല്ല, വിവിധ സംസ്ഥാന സർക്കാറുകൾ നിയോഗിച്ച അന്വേഷണ കമീഷനുകളും ദേശീയ പിന്നാക്ക സമുദായ കമീഷനും സച്ചാർ കമീഷൻ റിപ്പോർട്ടും മുസ്ലിംകളുടെ സാമൂഹികമായ പിന്നാക്കാവസ്ഥയെ വെളിപ്പെടുത്തിയിട്ടുണ്ട്.
സവിശേഷമായ സാമൂഹിക സുരക്ഷ പദ്ധതികളും വിഭവ വിതരണത്തിലെ പരിഗണനയും പ്രാതിനിധ്യ ജനാധിപത്യ പങ്കാളിത്തവും നൽകിക്കൊണ്ട് അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നുതന്നെയാണ് മേൽപറഞ്ഞ സമിതികൾ എല്ലാംതന്നെ നിർദേശിച്ചിട്ടുള്ളത്. ഇത്തരത്തിൽ നിലനിൽക്കുന്ന സമുദായത്തെ തിരസ്കരിച്ചുകൊണ്ട് മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരും ദേശത്തിന്റെ അധികപ്പറ്റുകളുമായി ചിത്രീകരിക്കുക എന്ന നാസി പ്രചാരണമാണ് മോദിയും കൂട്ടരും തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അഴിച്ചുവിട്ടത്. ഒപ്പം മുസ്ലിംകൾക്ക് ചില സംസ്ഥാനങ്ങൾ നൽകുന്ന നാമമാത്രമായ സംവരണത്തെ റദ്ദാക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാത്തിനും അകമ്പടിയായി പാകിസ്താൻ ഭയപ്പാടും കെട്ടഴിച്ചുവിട്ടു. ഇത്തരത്തിലുള്ള നാസി പ്രചാരണങ്ങൾക്ക് പാകപ്പെടാത്ത പ്രതിപക്ഷ കക്ഷികളെ കുറ്റാരോപിത സ്ഥാനത്തു നിർത്തുക എന്നതാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.
ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ ദലിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും ലഭിക്കുന്ന സംവരണം മുസ്ലിംകൾക്ക് വീതിച്ചുനൽകും എന്ന ഏറ്റവും നെറികെട്ട പ്രചാരണവും നടത്തുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം ദലിത് ബഹുജനങ്ങൾക്ക് മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളോട് സ്വാഭാവികമായിട്ടുള്ള സാഹോദര്യത്തിൽ വിള്ളലേൽപിച്ച് അവരെ പരസ്പരം എതിരാക്കുക എന്നതാണ്. ഹിന്ദു ഭൂരിപക്ഷം എന്ന കൃത്രിമ ആശയമാണ് ഇതിന് പകരമായി അവർ മുന്നോട്ടുവെക്കുന്നത്.
എന്നാൽ, ബി.ജെ.പിയും സംഘ്പരിവാറും ഉൾക്കൊള്ളുന്ന ഹിന്ദുത്വ ഏകീകരണമെന്ന സങ്കൽപനം ദലിത് ബഹുജനങ്ങൾ തിരസ്കരിച്ചിരിക്കുന്നു എന്നാണ് കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. സമൂഹത്തിൽ അതിശക്തമായി തുടരുന്ന സവർണ മേധാവിത്വത്തോടും ബ്രാഹ്മണിത്ത വംശീയതയോടും കുത്തക മുതലാളിത്തവത്കരണത്തോടും കീഴ്പ്പെടാൻ വിസമ്മതിച്ചുകൊണ്ടുതന്നെയാണ് ഇപ്പോഴും മേൽപറഞ്ഞ ജനസഞ്ചയം നിലകൊള്ളുന്നത്. അവരുടെ പ്രതിരോധത്തിന്റെ ഊർജം കേവല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം കടന്ന് ഇൻഡ്യ മുന്നണിയിലേക്കും പടർന്നുകയറിയിട്ടുണ്ട്. ഇതിന്റെ ഫലമായി ബി.ജെ.പിയുടെ ഭൂരിപക്ഷം കുറയുമെന്നല്ല, അവർ കേന്ദ്രഭരണത്തിൽനിന്ന് പുറത്താകും എന്നുതന്നെയാണ് വിചാരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.