ഗസ്സയിലെ തുറമുഖത്തിനു പറയാനുണ്ട്
text_fieldsബൈഡൻ മുന്നോട്ടുവെച്ചത് പ്രശ്നപരിഹാരത്തിനുള്ള ഒരു ചട്ടക്കൂട് മാത്രമാണ്. ഇതുതന്നെയാണ് കഴിഞ്ഞ നാലുമാസത്തിലേറെയായി ഖത്തറിലും കൈറോയിലും മധ്യസ്ഥർ ചർച്ചചെയ്തുകൊണ്ടിരുന്നത്. അത് തടസ്സപ്പെടുത്തിയത് ഇസ്രായേലിന്റെ പിടിവാശിയായിരുന്നു
വെടി നിർത്തൽ കരാറിനായി ബൈഡൻ മുന്നോട്ടുവെച്ച നിർദേശം തെൽഅവീവിലെ ഭരണനിർവാഹകർക്ക് ഒരടിയായോ എന്ന് സംശയിച്ചവർ ഉണ്ടായിരുന്നു. അവർ ഓർമിച്ചെടുത്തത് ചെഗുവേരയുടെ വരികളാണ്, ‘അരികിൽ നില്ക്കുന്നവർ എളുപ്പം മുറിവേല്‍പ്പിക്കും.
അവരുടെ സാമീപ്യം തന്നെയാണതിനു കാരണം’. വാര്‍ത്ത പലവിധത്തിലുള്ള പ്രതികരണങ്ങൾ ഉളവാക്കുകയുണ്ടായി. ഹീബ്രു ചാനൽ 12ന്റെ രാഷ്ട്രീയ ലേഖകൻ ഒരു ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥനെ പേരുപറയാതെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു : ‘ബൈഡന്റെ വാക്കുകൾ നിർവീര്യമാണ്. അത് ഹമാസിന് വിജയം സമ്മാനിക്കുന്നു.
ബൈഡൻ ഇവിടെയുള്ള യാഥാർഥ്യങ്ങൾ അറിയുന്നില്ല എന്നുകൂടി ലേഖകൻ കൂട്ടിച്ചേർത്തു. എന്നാൽ, ബൈഡന്റെ വാക്കുകളിൽ പ്രതിഫലിച്ചത് ഇസ്രായേലി പക്ഷക്കാരും അമേരിക്കൻ ഭരണകൂട വൃത്തങ്ങളിൽ പിടിയുള്ളവരുമായ ആളുകൾക്കിടയിൽ വർധിച്ചുവന്ന ആശാഭംഗം ഒന്നു മാത്രമാണ്.
ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ സ്ഥിരം പ്രതിനിധി ലിൻറാ തോമസ് ഗ്രീൻഫീൽഡ് കരാറിന്റെ കോപ്പികൾ വിതരണം ചെയ്യവെ അംഗങ്ങളോടായി പറഞ്ഞു: പ്രസിഡന്റ് ബൈഡന്റെ സമാധാന നിർദേശം ഏറ്റക്കുറച്ചിലില്ലാതെ നടപ്പാക്കുന്നതിന് എല്ലാ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങളും സഹകരിക്കണം.
അവരുടെ അഭിപ്രായത്തിൽ ഫലസ്തീനിലെ മുഴുവൻ പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടുന്നതാണ്. ഈ ‘റോഡ് മാപ്പ്’ ഇസ്രായേലിന്റെ സുരക്ഷ ഉറപ്പുവരുത്തും, ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസം പകരും, അന്താരാഷ്ട്ര സഹായത്തോടെ ഗസ്സയുടെ പുനർനിർമാണം സാധ്യമാകും. ഇതിനുവേണ്ടി സെക്യൂരിറ്റി കൗൺസിൽ ഹമാസിനെ നിർബന്ധിക്കണം.
ഒരിക്കൽ, ഇസ്രായേലും ഹമാസും തമ്മിൽ അനുരഞ്ജനം സാധ്യമായാൽ, അതോടെ സ്ഥിരമായ സമാധാനം കൈവരും. പൂര്‍ണമായും ശത്രുത കൈവെടിയുന്ന ഒരന്തരീക്ഷത്തിൽ ദ്വിരാഷ്ട്ര സങ്കൽപം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കാമെന്നും ഗസ്സയും വെസ്റ്റ് ബാങ്കും ഒരേ ഭരണത്തിനു കീഴിൽ കൊണ്ടുവരാമെന്നും അമേരിക്കൻ പ്രസിഡൻറ് അഭിപ്രായപ്പെടുന്നു.
നിർദേശങ്ങൾ വസ്തുനിഷ്ഠമാണെന്നും എന്നാൽ പ്രമേയം പൂര്‍ണമായി പഠിച്ചശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാൻ സാധിക്കുകയുള്ളൂവെന്നുമായിരുന്നു ഇതിനുനേരെയുള്ള ഹമാസിന്റെ പ്രതികരണം. ഏതാണ്ട് ഇതിനു സമാനമായ ഒരു നിർദേശം ഹമാസ് തന്നെ നേരത്തേ മധ്യസ്ഥരുടെ മുമ്പിൽ വെച്ചിരുന്നത്രേ. ചില നിരീക്ഷകരുടെ ഭാഷ്യം ഹമാസ് സൂത്രത്തിൽ പന്ത് നെതന്യാഹുവിന് കൈമാറിയെന്നാണ്.
അതുവഴി ബൈഡനെയും ഒന്നു സമ്മർദത്തിലാക്കാം എന്നവർ കണക്കു കൂട്ടിയിരിക്കണം. ഹമാസ് നേതൃനിരയിലുള്ള ഉസാമാ ഹംദാൻ പിന്നീട് അൽ ജസീറക്ക് നൽകിയ ഇൻറർവ്യൂവിൽ ബൈഡന്റെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും എന്നാൽ, ഇസ്രായേലിന്റെ പക്ഷത്തുനിന്നുള്ള പൂര്‍ണ സഹകരണംകൊണ്ടേ അത് നടപ്പിൽവരുത്താൻ സാധിക്കുകയുള്ളൂവെന്നും വ്യക്തമാക്കുകയുണ്ടായി.
ബൈഡൻ മുന്നോട്ടുവെച്ചത് പ്രശ്നപരിഹാരത്തിനുള്ള ഒരു ചട്ടക്കൂട് മാത്രമാണ്. ഇതുതന്നെയാണ് കഴിഞ്ഞ നാലുമാസത്തിലേറെയായി ഖത്തറിലും കൈറോയിലും മധ്യസ്ഥർ ചർച്ചചെയ്തുകൊണ്ടിരുന്നത്. അത് തടസ്സപ്പെടുത്തിയത് ഇസ്രായേലിന്റെ പിടിവാശിയായിരുന്നു.
ബൈഡന്റെ പ്രസ്താവന ഇസ്രായേലി ദിവാസ്വപ്നങ്ങൾ തുറന്നുകാട്ടുന്നതാണ്. യുദ്ധം സയണിസത്തിന്റെ ക്രൂരത വെളിവാക്കി. എന്നാൽ, അതിന് ഹമാസിനെ നശിപ്പിക്കാനോ നിരായുധീകരിക്കാനോ സാധിച്ചില്ല. യുദ്ധശേഷം ഗസ്സയുടെ ഭാവി തീരുമാനിക്കപ്പെടുന്നതും തടവുകാരെ കൈമാറുന്നതും ഹമാസിന്റെ ഇംഗിതമനുസരിച്ചേ നടക്കാൻ സാധ്യതയുള്ളൂ എന്നു കണ്ടെത്തിയതിന്റെ ഫലമാണ് ബൈഡന്റെ നിർദേശങ്ങളെന്നു കരുതുന്നവരെ തെറ്റുപറയാനാകില്ല.
നെതന്യാഹുവിന്റെ ക്രൂരതകൾ അരങ്ങേറിയത് അമേരിക്കയുടെ പൂര്‍ണ പിന്തുണയും മറ്റുള്ളവരുടെ മൗനാനുവാദവും കൊണ്ടാണ്. പക്ഷേ, മനുഷ്യഹത്യ ലോകശ്രദ്ധ അമേരിക്കൻ- ഇസ്രായേൽ അച്ചുതണ്ടിനെതിരെ തിരിച്ചുവിട്ടിരിക്കുന്നു. ഇതിന്റെയും ഫലമാണ് ബൈഡന്റെ പ്രസ്താവന. യുവാക്കളും വിദ്യാർഥികളും അർഥവത്തായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നു: എപ്പോഴും ബൈഡൻ ദ്വിരാഷ്ട്ര സങ്കൽപത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു.
ഐക്യരാഷ്ട്രസഭയിൽ അങ്ങനെയൊരു പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോൾ സെക്യൂരിറ്റി കൗൺസിലിലെ ഭൂരിപക്ഷവും അതിനെ പിന്തുണച്ചിട്ടും പിന്നെ എന്തിനാണ് അമേരിക്ക എതിര്‍ത്തത്? ക്രൂരമായ യുദ്ധത്തിൽ വംശഹത്യക്ക് കൂട്ടുനിന്നുകൊണ്ട് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വെടിക്കോപ്പുകളും ബോംബുകളും ബില്യൻ കണക്കിനു ഡോളറുകളും നൽകി ഇസ്രായേലിനെ സഹായിച്ചു. സ്വാഭാവികമായും നിരീക്ഷകർക്കിതിൽ പല സംശയങ്ങളുമുണ്ട്.
അമേരിക്കയിലെ ‘പൊളിട്ടികോ’ മാഗസിൻ പുറത്തുവിട്ട വാർത്ത നയതന്ത്ര വൃത്തങ്ങളിൽ ചര്‍ച്ചയായിരിക്കുന്നു. യുദ്ധം അവസാനിക്കുന്നവേളയിൽ നിയമിതരാകുന്ന സമാധാന സേനക്ക് ബൈഡൻ ഒരു മേൽനോട്ടക്കാരനെ നിയമിക്കുമത്രേ. ‘പൊളിട്ടികോ’യുടെ നിഗമനമനുസരിച്ച് യുദ്ധശേഷം ഗസ്സയുടെ നിയന്ത്രണത്തിൽ അമേരിക്ക കാര്യമായ പങ്കുവഹിക്കാൻ ആഗ്രഹിക്കുന്നുണ്ട്.
അമേരിക്കൻ പ്രതിനിധിയും സമാധാന സേനയുടെ കമാൻഡറും ഒത്തുചേർന്നാണ് കാര്യങ്ങൾ തീരുമാനിക്കുക. അതായത്, യുദ്ധമവസാനിച്ചാലും ഗസ്സയെ സ്വതന്ത്രമായി വിടാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല! വൈറ്റ്ഹൗസും പെൻറഗണും തമ്മിൽ നടത്തിയ ഇതുസംബന്ധിച്ച ചര്‍ച്ചകൾ മാസങ്ങൾക്കു മുമ്പേതന്നെ അമേരിക്കയുടെ ആഭ്യന്തര ഇടനാഴികളിൽ ചര്‍ച്ചയായിരുന്നു എന്നാണ് മാഗസിൻ സൂചന നല്‍കുന്നത്.
ഗസ്സയുടെ തീരത്ത് അമേരിക്ക ഒരു ‘ഫ്ലോട്ടിങ് തുറമുഖം’ നിർമിച്ചത് ലോകശ്രദ്ധ നേടിയിരിക്കുകയാണല്ലോ. നിരാലംബരായ ഗസ്സയിലെ പാവം കുഞ്ഞുങ്ങൾക്ക് ഭക്ഷ്യസുരക്ഷക്ക് ഉപയോഗപ്പെടുത്തുന്നതിനാണിതെന്ന്
കരുതിയവർക്ക് തെറ്റുപറ്റി. ഇത് അമേരിക്കൻ സേനക്ക് ഗസ്സയിൽ പ്രവേശിക്കുന്നതിനുള്ള മുന്നൊരുക്കമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതൊക്കെ മുൻകൂട്ടിക്കണ്ടുകൊണ്ടാകണം, വിവിധ ഫലസ്തീൻ കക്ഷികൾ ‘ഫ്ലോട്ടിങ് തുറമുഖ’ത്തിന്റെ ഭവിഷ്യത്തുകൾക്കെതിരെ വിരൽചൂണ്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.