തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഫലം
text_fieldsകുറഞ്ഞപക്ഷം, ഈ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരമാധികാരത്തിന്റെ കുമിളയെയെങ്കിലും പൊട്ടിച്ചുകളയുന്നു. ചരിത്രത്തിലെ അജയ്യവേഷമോ ദൈവിക വ്യക്തിത്വമോ അല്ല അദ്ദേഹമിന്ന്, ജനങ്ങൾ വെട്ടിച്ചുരുക്കിവിട്ട വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രം
ഒരു മാസ്മരിക നിമിഷത്തിലാണ് നമ്മളിന്ന്. നിരാശയുടെ അന്തരീക്ഷവും സ്വേച്ഛാധിപത്യത്തിന്റെ ശ്വാസംമുട്ടിക്കുന്ന നിഴലും ഓക്കാനം വമിപ്പിക്കുന്ന വർഗീയതയുടെ കാറ്റും, ഏറ്റവും കുറഞ്ഞത് ഈ നിമിഷത്തേക്കെങ്കിലും ഇവിടെനിന്ന് മാറിനിൽക്കുന്നു.
മൂന്നാം തവണയും എൻ.ഡി.എ സർക്കാർ രൂപവത്കരിച്ചേക്കും. പക്ഷേ, ഇത്തവണ നടന്നത് വെറുമൊരു സാധാരണ തെരഞ്ഞെടുപ്പായിരുന്നില്ല. കുറഞ്ഞപക്ഷം, ഈ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരമാധികാരത്തിന്റെ കുമിളയെയെങ്കിലും പൊട്ടിച്ചുകളയുന്നു. ചരിത്രത്തിലെ അജയ്യവേഷമോ ദൈവിക വ്യക്തിത്വമോ അല്ല അദ്ദേഹമിന്ന്, ജനങ്ങൾ വെട്ടിച്ചുരുക്കിവിട്ട വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രം.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സമൂലമായ പുനഃക്രമീകരണത്തിലേക്ക് ഈ തെരഞ്ഞെടുപ്പ് വിരൽചൂണ്ടുന്നു. വിവിധ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ മികച്ച അധികാര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നു. ഇത്തരമൊരു തെരഞ്ഞെടുപ്പ് ഫലമല്ല വന്നതെങ്കിൽ രാജ്യം ബി.ജെ.പിയുടെ തടഞ്ഞുനിർത്താനാകാത്ത സർവാധിപത്യത്തിനു കീഴിലേക്ക് പോയേനെ.
രാഷ്ട്രീയത്തിന്റെ സകല സാധ്യതകളും ഇല്ലാതാക്കുകയും എതിരാളികളെ വിഴുങ്ങുകയും പൗരസമൂഹത്തെ മുഴുവൻ കോളനിവത്കരിക്കുകയും ചെയ്യുന്ന ഒരു ആധിപത്യമായിരുന്നു അത്. ഇന്ത്യക്ക് വീണ്ടും ആഴത്തിലുള്ളൊരു മത്സര രാഷ്ട്രീയ വ്യവസ്ഥയുണ്ടായിരിക്കുന്നു. അതോടൊപ്പം ചെറുത്തുനിൽപ്പിന്റെയും സന്തുലനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും സാധ്യതകൾ വന്നുചേരുന്നു. ഈ സന്തുലിതാവസ്ഥ ഭാഗികമായി സാധ്യമാക്കിയത് ഇൻഡ്യ സഖ്യമാണ്, വിശിഷ്യാ യു.പിയിൽ, അവർ അത്ഭുതകരമാംവിധം ഒന്നിച്ചുനിന്നു. ദേശീയതലത്തിൽ ബി.ജെ.പി വോട്ടുവിഹിതം നിലനിർത്തിയെങ്കിലും സീറ്റുകൾ ചോർന്നു. പ്രതിപക്ഷസഖ്യം ഒരുമ നിലനിർത്തിയാൽ അവർക്ക് സ്ഥിരമായ രാഷ്ട്രീയശക്തിയായി മാറാം. ബി.ജെ.പിയെ ചെറുക്കാൻ നല്ലൊരു ബദൽ ഇല്ല എന്ന പറച്ചിലിന് ഇനി പ്രസക്തിയില്ല. സദാ ഉന്നമിട്ട സർക്കാറിനും തികഞ്ഞ ശത്രുതയോടെ പെരുമാറിയ മാധ്യമങ്ങൾക്കും, സന്ദേഹങ്ങൾക്കുമെതിരെ ഉറച്ചുനിന്ന് പോരാടിയ പ്രതിപക്ഷത്തിന്റെ നിലപാടിനുള്ള ആദരം കൂടിയാണിത് എന്നു പറയേണ്ടിവരും. ഈ കുറിപ്പുകാരനടക്കമുള്ളവരുടെ സന്ദേഹങ്ങൾ തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് സഖ്യമുണ്ടാക്കുകയും വോട്ടുകൾ സ്വരുക്കൂട്ടുകയും ചെയ്ത രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനും ഇക്കാര്യത്തിൽ ഫുൾ മാർക്ക് നൽകണം.
ഈ തെരഞ്ഞെടുപ്പ് ഒരു പരിധിവരെ ജനാധിപത്യവും ഭരണഘടനയും നേരിടുന്ന അപകടാവസ്ഥ, ജനാധിപത്യ സ്ഥാപനങ്ങളുടെ അപചയം എന്നീ വിഷയങ്ങളിലൂന്നിയുള്ള പോരാട്ടം കൂടിയായിരുന്നു. കൂടുതൽ സമതുലിതമായ രാഷ്ട്രീയ സാഹചര്യം സ്ഥാപനപരമായ പുനരുജ്ജീവനത്തിനും സാധ്യത സൃഷ്ടിക്കും. അത് സ്വതന്ത്ര സ്ഥാപനങ്ങളെയും സിവിൽ സമൂഹത്തെയും കൂടുതൽ ശാക്തീകരിക്കും. വ്യക്തികളുടെ ശക്തി ചോർത്തുംവിധത്തിലെ തെറ്റായ സാമൂഹിക സമവായം ഉണ്ടാക്കൽ എളുപ്പമല്ലാതാകും. പാർലമെന്റിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നത് കഠിനമായി മാറും. യു.പിയിൽ പകുതി സീറ്റുകൾ നഷ്ടമായത് ബി.ജെ.പിക്കുള്ളിൽ ചേരിപ്പോരിനും ഭിന്നതക്കും സാധ്യത തുറക്കുന്നു. പാർട്ടിയിൽതന്നെ കൂടുതൽ കൂടിയാലോചനകളുമുണ്ടാകാം. അത്തരം ഒരു ചർച്ച നടത്താൻ മോദിക്ക് സാധിക്കുമോ എന്നത് മറ്റൊരു ചോദ്യമാണ്. 1989നും 2014നും ഇടയിൽ നാം കണ്ടിരുന്ന പ്രവണതകളിലേക്ക് തിരിച്ചുവരാനും ഈ തെരഞ്ഞെടുപ്പ് സാധ്യത തുറക്കുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സാമൂഹിക ഭാവനയെ മാറ്റിപ്പണിയുകയായിരുന്നു കഴിഞ്ഞ ദശകത്തിൽ ബി.ജെ.പി. ആദ്യമവർ ശ്രമിച്ചത് ഹിന്ദുത്വ സ്വത്വത്തെ ഏകീകരിക്കാനാണ്. പിന്നാക്ക വിഭാഗങ്ങളെയും ദലിതരെയും ഉൾപ്പെടുത്തി അതുവഴി തങ്ങളുടെ സാമൂഹിക അടിത്തറ വിശാലമാക്കാൻ അവർ ശ്രമിച്ചു. ന്യൂനപക്ഷ വോട്ടുകൾ അപ്രസക്തമാക്കാനുള്ള തന്ത്രങ്ങളും അവർ ഉപയോഗിച്ചു. എന്നാൽ ഈ തന്ത്രങ്ങൾ ഇപ്പോൾ കാലഹരണപ്പെട്ടിരിക്കുന്നു. ദലിതർ ബി.ജെ.പിയിൽ നിന്ന് അകന്നതിനും ഇൻഡ്യ സഖ്യത്തിനൊപ്പം നീങ്ങിയതിനും തെളിവുകളുണ്ട്. ന്യൂനപക്ഷങ്ങൾ കോൺഗ്രസിലും എസ്.പിയിലും ദൃഢത കണ്ടെത്തി. രണ്ടാമത്തേത് ഹിന്ദി ഹൃദയഭൂമിയിലെ സാംസ്കാരിക അമർഷത്തിലൂന്നി പ്രാദേശിക രാഷ്ട്രീയത്തെ ഒപ്പം ചേർക്കുകയായിരുന്നു. ഹിന്ദു സമൂഹത്തിന്റെ മൂന്നിലൊന്നിനെ സമൂലമായി മാറ്റാൻ ഇതു വഴി സാധിച്ചേനെ. പ്രതിപക്ഷം ദുർബലവും ഭിന്നിപ്പുള്ളതുമായിരിക്കെ രാഷ്ട്രീയ നേട്ടങ്ങൾക്ക് അത് പലപ്പോഴും ധാരാളമായിരുന്നു.
എന്നാൽ ഭൂരിപക്ഷം ഹിന്ദുക്കളെയും എക്കാലത്തും തീവ്ര നിലപാടുകാരാക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. പകയുടെയും വിദ്വേഷത്തിന്റെയും പ്രമേയം നിരന്തരം പ്രയോഗിക്കുന്ന പ്രധാനമന്ത്രി അതിനു ശ്രമിച്ചു. അത് കുറെയേറെ വിജയകരമായിരുന്നു. ഹിന്ദി ഹൃദയഭൂമിയെ അജയ്യമായ ഒരു ബ്ലോക്കായി കണക്കാക്കി, പകരമായി വടക്ക്-തെക്ക് വിഭജനം ഉണ്ടാക്കാനും നോക്കി. ഈ കെട്ടുകഥയെ പൊളിച്ചുകളഞ്ഞുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ തകർപ്പൻ കഥ. രാഷ്ട്രീയം സാമൂഹിക സ്വത്വത്താൽ അമിതമായി നിർണയിക്കപ്പെടുന്നില്ലെന്നും വ്യത്യസ്ത സന്ദർഭങ്ങളിൽ അതിനെ പുനർരൂപകൽപന ചെയ്യൽ സാധ്യമാണെന്നതുമാണ് വലിയ പാഠം.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വിഷമംപിടിച്ച പ്രശ്നങ്ങളുമുണ്ട്. ബി.ജെ.പിയുടെ സാമ്പത്തിക പ്രകടനത്തോടുള്ള പൂർണാർഥത്തിലുള്ള നിരാകരണമല്ല ഈ ജനവിധി. എന്നാൽ, ക്ഷേമസഖ്യങ്ങൾക്ക് പരിധിയുണ്ടെന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കോൺഗ്രസ് ഒരു പതിറ്റാണ്ടു മുമ്പ് നടത്തിയ ക്ഷേമപദ്ധതികൾ രാഷ്ട്രീയനേട്ടം എടുക്കാൻ കൂടുതൽ കഴിവുള്ള ബി.ജെ.പിയും ത്വരിതഗതിയിൽ പരീക്ഷിച്ചു. അടിസ്ഥാനപരമായ ഘടനമാറ്റമില്ലാതെ വന്നാൽ ക്ഷേമസഖ്യങ്ങൾ ഒന്നോ രണ്ടോ കാലാവധിക്കുശേഷം വഴിമുട്ടും. അത് ഏതൊരു സർക്കാറിനെയും ദുർബലമാക്കും. പ്രധാനമന്ത്രി മോദി ഇപ്പോഴും ജനങ്ങളെ ആകർഷിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണ കാലത്ത് ആളുകൾ കണ്ടത് ഒരു നേതാവിനെയല്ല, മറിച്ച് സ്വയം പുകഴ്ത്തുന്ന വ്യക്തിത്വത്തെയാണ്, ദൈവികത സംബന്ധിച്ച സ്വന്തം വ്യാമോഹങ്ങളുടെ തടവുകാരനെ. ആ ആത്മസ്നേഹമാണ് അദ്ദേഹത്തിന്റെ ദൗർബല്യവും. ഇത്തരം ഫലങ്ങളുടെ നയപരമായ പ്രത്യാഘാതങ്ങൾ വ്യാഖ്യാനിക്കൽ പ്രയാസകരമാണ്. ശ്രീ മോദി ഒരൽപം ഒതുങ്ങിയിട്ടുണ്ട്. പക്ഷേ, അദ്ദേഹം വരുത്തിവെച്ച വർഗീയതയുടെ സാമൂഹിക പശ്ചാത്തലം എളുപ്പത്തിൽ ഇല്ലാതാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.