വ്യാജസമ്മതിയിലേറി മുന്നേറുന്ന വലതുപക്ഷം
text_fieldsകർണാടകയിലെ ബി.ജെ.പി പതനത്തെത്തുടർന്ന് പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് അൽപം ജീവൻവെച്ചുവെങ്കിലും നരേന്ദ്ര മോദിയുടെ അജയ്യതാ പരിവേഷത്തിന് കുറവുവന്നിട്ടില്ല. മോദി... മോദി... മോദി എന്ന് ആർത്തുവിളിക്കുന്ന കൂട്ടത്തിെൻറ നിയന്ത്രണം മോദിയുടെ കൈകളിലുള്ളിടത്തോളം അതത്രയെളുപ്പം ഇല്ലാതാവുകയുമില്ല. അതെ, മാധ്യമങ്ങൾ ശ്രദ്ധാകേന്ദ്രമായി നിലനിർത്തുന്നിടത്തോളം മോദി അജയ്യനായി കാണപ്പെടും
ഈ മാസം ആദ്യം പുറത്തുവന്ന അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ജർമനിയിലെ തീവ്ര വലതുപക്ഷത്തിന് ഭയാനകമാംവിധം ജനപ്രീതി വർധിച്ചിരിക്കുന്നു. ഹിറ്റ്ലറുടെ ആത്മാവിനെ ആവാഹിച്ചുനടക്കുന്ന രാഷ്ട്രീയവർഗങ്ങളെ സംബന്ധിച്ചിടത്തോളം അമ്പരപ്പുണ്ടാക്കാത്ത ഒരു വാർത്തയാണത്.
യൂറോപ്യൻ യൂനിയനെ ചലിപ്പിക്കുന്ന ജർമൻ ഭരണവർഗം ഗ്രീസിലെ ഇടതുപക്ഷ പാർട്ടിയായ സിറിസ (Syriza)യെ കൊച്ചാക്കിയത് എങ്ങനെയെന്ന് ഓർക്കുക. 43 വയസ്സുള്ള അലക്സിസ് സിപ്രാസിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് ഗ്രീസ് ഒരു സോഷ്യലിസ്റ്റ് പരീക്ഷണത്തിന് ഒരുെമ്പട്ട സമയമായിരുന്നു അത്. അങ്ങനെ ഒരു നീക്കത്തെ വളരാൻ അനുവദിച്ചുകൂടെന്നായിരുന്നു യൂറോപ്യൻ യൂനിയെൻറയും ജർമനിയുടെയും തീരുമാനം. അവർ ആവുംവിധമെല്ലാം ഞെരുക്കിക്കൊണ്ടിരുന്നു.
ഷേക്സ്പിയറുടെ മാക്ബത്തിലെ ബാൻകോയുടെ പ്രേതത്തെപ്പോലെ ഏകാധിപതി ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഭൂതങ്ങൾ പൊതുജീവിതത്തിൽ ചുറ്റിത്തിരിയുന്ന സ്പെയിനിൽ, അനുസരണശീലരായിരുന്ന ജനങ്ങൾ പൊടുന്നനെ സാമർഥ്യം കാണിച്ചു.
വലതുപക്ഷ പീപ്ൾസ് പാർട്ടിക്കാരനായ പ്രധാനമന്ത്രി മറിയാനോ റജോയ് നിർമാണമേഖലയിലെ അഴിമതിയിൽ സകല റെക്കോഡുകളെയും മറികടന്നഘട്ടത്തിലാണത്. ആഗോളീകരണത്തിെൻറ ത്വരിതകാലത്ത് ഇത്തരം അഴിമതി ഒരു സാധാരണ സംഭവമാണെങ്കിലും റജോയ് സകല മര്യാദകളെയും കടത്തിവെട്ടി.
കറപുരണ്ട ഭരണത്തിനുകീഴിൽ ഞരങ്ങേണ്ടി വന്ന ജനം അടുത്ത തെരഞ്ഞെടുപ്പിൽ ആ മാലിന്യത്തെ ഇല്ലാതാക്കാനായി കഠിന പരിശ്രമമാരംഭിച്ചു. 39കാരനായ പാബ്ലോ ഇഗ്ലേഷ്യസിെൻറ നേതൃത്വത്തിൽ കമ്യൂണിസത്തിെൻറ സ്പാനിഷ് വകഭേദങ്ങൾ പൊഡിമോസ് (നമുക്ക് സാധിക്കും എന്നർഥം) എന്ന ബാനറിൽ രംഗത്തവതരിച്ചു.
2015ലെ തെരഞ്ഞെടുപ്പിൽ വലതുപക്ഷ പീപ്ൾസ് പാർട്ടിയും സോഷ്യലിസ്റ്റുകളും പരാജയപ്പെട്ടെങ്കിലും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. എന്നാൽ, 50 ലക്ഷം വോട്ടുകളും 69 സീറ്റുകളും നേടി ഭൂകമ്പം തീർക്കാൻ പൊഡിമോസിന് സാധിച്ചു. സ്പെയിനിലെ ജനങ്ങൾ വിശ്വസിക്കാനാവാതെ കണ്ണുതിരുമ്മി നോക്കി.
യൂറോപ്പിലെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് വ്യവസ്ഥ കമ്യൂണിസ്റ്റുകൾ ഭാഗമായ ഒരു കൂട്ടുകക്ഷിയാൽ നിയന്ത്രിക്കപ്പെടുന്നതിനെ എങ്ങനെ വകവെച്ചു കൊടുക്കാനാവും? അങ്ങനെ വന്നാൽ ഫ്രാങ്കോ കുഴിമാടത്തിൽക്കിടന്ന് ഞെരിപിരികൊള്ളുമല്ലോ. അത്തരമൊരു നീക്കംതന്നെ അനുവദിക്കാനാവില്ല. പീപ്ൾസ് പാർട്ടിയും സോഷ്യലിസ്റ്റുകളും കൈകോർത്ത് ഗൂഢാലോചന തുടങ്ങി.
പൊഡിമോസ് ഉൾക്കൊള്ളുന്ന ഒരു കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ വരുന്നത് ഒഴിവാക്കാൻ അവർ വീണ്ടുമൊരു തെരഞ്ഞെടുപ്പിനായി നിർബന്ധിച്ചു. റജോയിയുടെ അതിരുവിട്ട അഴിമതി രാജ്യത്ത് സൃഷ്ടിച്ച പ്രക്ഷുബ്ധാവസ്ഥപോലും അവഗണിക്കപ്പെട്ടു. അയാൾ വീണ്ടും അവരോധിതനായി. ഇടതുപക്ഷ സത്വങ്ങളൊഴികെ ആരായാലും മതിയെന്ന സ്ഥിതിവന്നു രാജ്യത്ത്.
പൊഡിമോസിനെ വിജയകരമായി അകറ്റിനിർത്തിയതിനൊപ്പം യുവനേതാവ് ആൽബർട്ട് റിവേറ നയിച്ച സിറ്റിസൺസ് (Ciudadanos) പോലുളള പാർട്ടികൾക്ക് അന്ന് പ്രോത്സാഹനവും നൽകപ്പെട്ടു. അവർക്ക് പൊഡിമോസ് സമാനമായ വശ്യമായൊരു സൗന്ദര്യശാസ്ത്രമുണ്ടായിരുന്നു, പക്ഷേ മുതലാളിത്ത മൂശയിൽ വാർത്തതാണെന്നു മാത്രം. അവരെ വേണമെങ്കിൽ വലതുപക്ഷ പൊഡിമോസ് എന്നു വിളിക്കാം.
സോവിയറ്റ് യൂനിയെൻറ തകർച്ചക്കുശേഷം ത്വരിതപ്പെട്ട ആഗോളീകരണം മുതലാളിത്തത്തിെൻറ കൈയിലെ ആയുധമാണ്. ഇത്, തോമസ് പിക്കെറ്റി 21ാം നൂറ്റാണ്ടിലെ മൂലധനം (Capital in the 21st century) എന്ന പുസ്തകത്തിൽ വിശദമായി വിവരിക്കുന്ന തരം ഏകപക്ഷീയമായ അസമത്വങ്ങൾ സൃഷ്ടിച്ചു. ഈ അസമത്വങ്ങളാണ് ‘ഒക്യൂപൈ വാൾസ്ട്രീറ്റ്’ പോലുളള മുന്നേറ്റങ്ങൾക്ക് വഴിവെച്ചത്.
നികുതി കുറച്ചും സർക്കാർ ചെലവ് നിയന്ത്രിച്ചും ദേശീയ കടവും ഫെഡറൽ ബജറ്റ് കമ്മിയും കുറക്കണമെന്ന് വാദിച്ച റിപ്പബ്ലിക്കൻ ടീ പാർട്ടിയും അതിെൻറ പ്രതികരണമായിരുന്നു. മാറ്റങ്ങൾ അവലംബിക്കാൻ ജനം തയാറാണെന്ന് വരുേമ്പാഴും സ്ഥാപനങ്ങളും വ്യവസ്ഥകളും അതിനെ ശക്തമായി പ്രതിരോധിക്കും. മാധ്യമങ്ങളെ നിയന്ത്രിക്കാനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമുള്ള അധികാരം മുതലാക്കി സംഭവഗതികളെ രൂപപ്പെടുത്താൻ അവർക്ക് സാധിക്കും.
കോർപറേറ്റുകളെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ ന്യൂനപക്ഷങ്ങൾ, കുടിയേറ്റക്കാർ, വംശം അല്ലെങ്കിൽ ജാതി, വർഗീയത തുടങ്ങിയ വിഷയങ്ങളിലേക്ക് തിരിക്കാൻ സാധ്യമായ എല്ലാ തന്ത്രങ്ങളും, അതിലുപരിയായി മാധ്യമങ്ങളെയും ഉപയോഗിക്കുന്നത് പതിവു രീതിയാണ്.
തദ്ഫലമായി പേശിമിടുക്കും തിണ്ണബലവുമുള്ളവർ അധികാരത്തിലേക്കെത്തുന്നു. ജനാധിപത്യം എന്ന് നാം കൊട്ടിഘോഷിക്കപ്പെടുന്ന ഇടങ്ങളിൽ ഇല്ലാതെ പോകുന്ന കാര്യം ജനകീയ ഇച്ഛാശക്തിയാണ്. നാം ജീവിക്കുന്നത് പൊള്ളയായ ജനാധിപത്യ വ്യവസ്ഥകൾക്കുള്ളിലാണ്.
വിദൂരമായ യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം സംഭവിക്കുന്ന സംഗതിയല്ല ഇതൊന്നും. കർണാടകയിലെ ബി.ജെ.പി പതനത്തെത്തുടർന്ന് പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് അൽപം ജീവൻവെച്ചുവെങ്കിലും നരേന്ദ്ര മോദിയുടെ അജയ്യതാ പരിവേഷത്തിന് കുറവുവന്നിട്ടില്ല.
മോദി... മോദി... മോദി എന്ന് ആർത്തുവിളിക്കുന്ന കൂട്ടത്തിെൻറ നിയന്ത്രണം മോദിയുടെ കൈകളിലുള്ളിടത്തോളം അതത്രയെളുപ്പം ഇല്ലാതാവുകയുമില്ല. അതെ, മാധ്യമങ്ങൾ ശ്രദ്ധാകേന്ദ്രമായി നിലനിർത്തുന്നിടത്തോളം മോദി അജയ്യനായി കാണപ്പെടും. മോദിയുടെ കൈവശമുള്ള വമ്പൻ ബിസിനസുകാരുടെ (തിരിച്ചും പറയാം) കൈവശമാണല്ലോ മാധ്യമങ്ങളുള്ളത്.
ആഗോള മാധ്യമങ്ങളും പ്രധാനമന്ത്രിയുടെ ഭൃത്യജനങ്ങളും ഒരേ മൊട്ടിൽ പിറന്ന സഹോദരങ്ങളാണ്. സോവിയറ്റ് യൂനിയെൻറ പതനം ഒരു ആഗോള മാധ്യമം ആവശ്യം ബോധ്യപ്പെടുത്തുന്ന സൂപ്പർ പവർ നിമിഷം കൊണ്ടുവന്നു. സി.എൻ.എൻ മാധ്യമപ്രവർത്തകനായിരുന്ന പീറ്റർ ആർനെറ്റ് 1992ൽ ഗൾഫ് യുദ്ധത്തിനിടെ ബഗ്ദാദിലെ ഹോട്ടൽ അൽ റാഷിദിെൻറ ടെറസിൽനിന്ന് അതിെൻറ ഉദ്ഘാടനവും നിർവഹിച്ചു.
ഏതാനും വർഷം മുമ്പുവരെപ്പോലും ആഗോള മാധ്യമങ്ങൾ ഇന്ത്യയിലേക്ക് ശ്രദ്ധവെച്ചിരുന്നില്ല. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് ധ്വംസനം നടന്നപ്പോൾ ഇന്ത്യ ടുഡേ ഗ്രൂപ്പിെൻറ പ്രതിവാര വിഡിയോ മാഗസിനായിരുന്ന ന്യൂസ് ട്രാക്ക് മാത്രമാണ് അത് പൂർണമായി കവർ ചെയ്തത്.
സ്വതന്ത്ര സ്വകാര്യ ചാനലുകൾ മുളച്ചുപൊന്താൻ തുടങ്ങിയത് തൊണ്ണൂറുകളുടെ മധ്യത്തിലാണ്. പി.വി. നരസിംഹ റാവുവിെൻറയും മൻമോഹൻ സിങ്ങിെൻറയും നവ ഉദാരീകൃത സാമ്പത്തിക നയങ്ങളിൽ വളർച്ച പ്രാപിച്ച വ്യവസായങ്ങൾക്ക് പരസ്യം നൽകാൻ ചാനലുകൾ ആവശ്യമായി വന്നതോടെയാണിത്.
ടെലിവിഷൻ ചാനൽ മേഖലയാൽ വിപുലീകൃതമായ ഉപഭോക്തൃ സമൂഹത്തിലേക്കാണ് പുതിയ സമ്പദ്വ്യവസ്ഥ കുതിക്കുന്നത് . സമ്പത്തും ക്ഷേമവും തമ്മിൽ വലിയ വിടവ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ബഹുഭൂരിപക്ഷവും ദരിദ്ര ജനങ്ങൾ പാർക്കുന്ന ഒരു വികസ്വര രാജ്യത്തിെൻറ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, വീട്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിൽ നിന്നെല്ലാം മാറി കോർപറേറ്റുകൾക്കനുസൃതമായാണ് അവ തയാറാക്കപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയക്കാരും, കോർപറേറ്റ് മുതലാളിമാരും ചാനലുകളും ചേർന്ന് പാവപ്പെട്ടവരുടെ അസ്ഥിത്വം തന്നെ നിഷേധിക്കുന്നു. അവരെ മറ്റൊരു വംശത്തിൽനിന്നോ മറ്റൊരു രാജ്യത്തുനിന്നോ കുടിയേറിയ ‘അപരർ’ ആയി ചിത്രീകരിച്ച് അവകാശങ്ങളെ മനഃപൂർവം ഇല്ലാതാക്കുന്നു.
അനന്തമായി നീളുന്ന യുക്രെയ്ൻ യുദ്ധം അടിച്ചേൽപ്പിക്കുന്ന പുത്തൻ കൂട്ടുകെട്ടുകൾ തീവ്ര വലതുപക്ഷത്തിന് ജർമനിയിലും, അതിവലതുപക്ഷ പാർട്ടിയായ വോക്സിന് സ്പെയിനിലുമുൾപ്പെടെ എല്ലായിടത്തും പടർന്നുപന്തലിക്കാൻ പാകത്തിന് മണ്ണൊരുക്കുന്നു. അതുകൊണ്ടും അവസാനിക്കുന്നില്ല, ഹൂസ്റ്റണിലെ ഹൗഡി മോദി ആർപ്പുവിളികൾക്കിടയിലെ ട്രംപിനെ ആർക്കാണ് അവഗണിക്കാനാവുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.