വോട്ട് ഗുജറാത്തിൽ, കൊട്ട് മഹാരാഷ്ട്രയിൽ
text_fieldsമഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും മുഖത്തെ ചമ്മൽ ശ്രദ്ധിച്ചോ? 1.79 ലക്ഷം കോടി രൂപ വിലയുണ്ട് ആ ചമ്മലിന്. ഗുജറാത്തിനുവേണ്ടി മഹാരാഷ്ട്രക്ക് നഷ്ടമായ നാലു വമ്പൻ പദ്ധതികളുടെ തുകയാണത്. അതിൽ രണ്ടെണ്ണം കൈവിട്ടുപോയത് ഷിൻഡെ-ഫഡ്നാവിസ് സംഘം അധികാരമേറിയശേഷമാണ്.
വേദാന്തയുടെ ഫോക്സ്കോൺ ചിപ് ഉൽപാദന പദ്ധതി, ബൃഹത്തായ ഒരു മരുന്നുൽപാദന പദ്ധതി, മെഡിക്കൽ പാർക്ക് എന്നിവക്കു പുറമെ സൈനികഗതാഗതത്തിനായി വിമാനങ്ങൾ നിർമിക്കാനുള്ള ടാറ്റ-എയർബസ് പദ്ധതിയാണ് അവസാനമായി ഗുജറാത്തിലേക്കു മാറ്റപ്പെട്ടിരിക്കുന്നത്.
സമയമാണ് കാര്യം, ഗുജറാത്ത് പോളിങ് ബൂത്തിലേക്കു പോകാൻ തയാറെടുക്കുകയാണ്. ഈ ഘട്ടത്തിൽ ഇത്തരം കുറച്ച് വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രിയുടെ തട്ടകത്തിൽ വന്ന് അരവിന്ദ് കെജ്രിവാൾ നടത്തുന്ന പ്രചാരണവേലകളെ പൊളിക്കാൻ ഉപകരിച്ചേക്കും.
മൂന്നു മുഖ്യ പ്രതിപക്ഷപാർട്ടികൾ ചേർന്ന് ഭരിച്ചുപോന്ന സർക്കാറിനെ താഴെ വലിച്ചിട്ടാണ് ഷിൻഡെ-ഫഡ്നാവിസ് സംഘം അധികാരം പിടിച്ചത്. സാമ്പത്തിക തലസ്ഥാനം എന്ന സ്ഥാനംപോലും മുംബൈക്കു നഷ്ടപ്പെടുന്ന അവസ്ഥ സൃഷ്ടിച്ചതിന് ഇരുവരും സമാധാനം പറയണമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആവശ്യപ്പെടുന്നു. തമിഴ്നാടിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വ്യവസായവത്കൃത സംസ്ഥാനമാണ് മഹാരാഷ്ട്ര, എന്നിട്ടെന്തു കാര്യം? ഗുജറാത്താണ് കാര്യമായ വ്യവസായങ്ങൾ നടത്തുന്നത്.
ഷിൻഡെയും മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കളും പാർട്ടി അണികളെയും വോട്ടർമാരെയും അനുരഞ്ജിപ്പിക്കാൻ നോക്കുന്നുണ്ട്. പക്ഷേ, സർക്കാറിനുതന്നെ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥപോലുണ്ട്. ഈ കുറിപ്പ് എഴുതുന്നതിന്റെ ഭാഗമായി ശിവസേന ഉദ്ധവ്-ഷിൻഡെ വിഭാഗങ്ങൾ, എൻ.സി.പി, ബി.ജെ.പി, കോൺഗ്രസ് എന്നിവയുടെ നേതാക്കളുമായി ഞാൻ സംസാരിച്ചിരുന്നു.
'മഹാരാഷ്ട്രയുടെ ചെലവിൽ ഗുജറാത്തിന് സേവ ചെയ്യുന്നത് അവസാനിപ്പിക്കാത്തപക്ഷം മുംബൈ നഗരസഭ തെരഞ്ഞെടുപ്പിലും 2024ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലും മഹാരാഷ്ട്രക്കാരുടെ രോഷം നേരിടേണ്ടിവരും' എന്ന കാര്യത്തിൽ കേന്ദ്രമന്ത്രിമാരുൾപ്പെടെ ബി.ജെ.പിക്കാർക്ക് മറ്റൊരഭിപ്രായമില്ല. വേദാന്തയുടെ ചിപ് ഫാക്ടറി ഗുജറാത്തിലേക്കു പറിച്ചുനടപ്പെട്ടതിന്റെ സങ്കടം മാറ്റാൻ ടാറ്റയുടെ വലിയ ഒരു പദ്ധതി തന്റെ മണ്ഡലമായ നാഗ്പുരിൽ കൊണ്ടുവരാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒരുപാട് പണിപ്പെട്ടതാണ്. ടാറ്റാ സൺസ് അധ്യക്ഷൻ എൻ. ചന്ദ്രശേഖരന് കത്തുകളയക്കുകവരെ ചെയ്തു അദ്ദേഹം. ഭഗീരഥ പ്രയത്നങ്ങൾക്കൊടുവിലും ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മറവിൽ നാഗ്പുരിന് പദ്ധതി നഷ്ടമായി.
താക്കറെ അനുകൂലികൾക്കുള്ളിലും രോഷം പ്രകടമാണ്. താക്കറെയുടെ അടുത്ത അനുയായികളിലൊരാൾ പറഞ്ഞത്, ''ഉദ്ധവ്ജി സൗമ്യമനസ്കനായത് ബി.ജെ.പിയുടെയും കേന്ദ്ര നേതാക്കളുടെയും ഭാഗ്യമെന്നു കൂട്ടിയാൽ മതി; ബാലാസാഹെബ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ കാണിച്ചു കൊടുത്തേനെ, ഗുജറാത്ത് അനുകൂലികളെ മുംബൈയിൽ താമസിക്കാൻപോലും അദ്ദേഹം അനുവദിക്കുമായിരുന്നില്ല.''
സൗമ്യനാണെങ്കിലും അല്ലെങ്കിലും മഹാരാഷ്ട്രക്ക് നഷ്ടം വരുത്തി ഗുജറാത്തിനോട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആഖ്യാനത്തെ ഉദ്ധവ് നന്നായി മുതലാക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ മത്സരാധിഷ്ഠിതമായ ഒരു ഉപദേശീയ വികാരം എന്നും നിലനിൽക്കുന്നുണ്ട്. മറാത്താ മണ്ണിന്റെ മക്കളായി സ്വയം പ്രതിഷ്ഠിച്ചിരിക്കുന്ന സേനയും എൻ.സി.പിയും മഹാരാഷ്ട്രമക്കൾ കബളിപ്പിക്കപ്പെടുന്നുവെന്ന വാദത്തിന് വിത്തുപാകുന്നുമുണ്ട്.
സ്വന്തം പാർട്ടിക്കാരാൽ വഞ്ചിക്കപ്പെട്ട് അധികാരം ഒഴിയേണ്ടിവന്ന നേതാവ് എന്ന ധാരണ വളർത്താനുള്ള സാഹചര്യമുണ്ടെന്നും ഉദ്ധവിനറിയാം. മഹാമാരി അതിന്റെ തീവ്രതയിൽ നിന്ന ഘട്ടത്തിൽപോലും ഒരു ജനപ്രിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഉദ്ധവിനോടുള്ള സഹതാപം അന്ധേരി ഉപതെരഞ്ഞെടുപ്പിൽ പ്രകടമാവുമെന്നും മുംബൈ നഗരസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നഷ്ടം വരുന്നത് ഇഷ്ടമില്ലാത്തതിനാലാണ് ബി.ജെ.പി അവരുടെ സ്ഥാനാർഥിയെ ഊരിയതെന്നും മഹാരാഷ്ട്ര നേതാക്കൾ കരുതുന്നു.
എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രധാനമന്ത്രിയും ബി.ജെ.പി നേതാക്കളും ഊന്നിപ്പറയുന്ന ഒരു കാര്യം കേന്ദ്രത്തിലും സംസ്ഥാനത്തും അവരുടെ പാർട്ടിയെ വിജയിപ്പിക്കുകവഴി കേന്ദ്ര-സംസ്ഥാന നേതാക്കൾ ഏകോപിച്ച് ഇരട്ട എൻജിൻപോലെ പ്രവർത്തിക്കുമെന്നാണ്. പക്ഷേ, ഗുജറാത്തിന് മുൻഗണന നൽകുകയും മഹാരാഷ്ട്രയെ തുടർച്ചയായി ചവിട്ടിത്തേക്കുകയും ചെയ്യുകവഴി 'ഇരട്ട എൻജിൻ' വാഗ്ദാനം ഇപ്പോൾ വഞ്ചനാത്മകമായി മാറിയിരിക്കുന്നുവെന്നാണ് ആദിത്യ താക്കറെ കുറ്റപ്പെടുത്തിയത്.
സഖ്യങ്ങൾ തമ്മിലെ വിശ്വാസരാഹിത്യംമൂലം ഷിൻഡെ സർക്കാർ ആകപ്പാടെ ആടിയുലയുന്ന അവസ്ഥയാണ്. ഷിൻഡെ വിഭാഗം ബി.ജെ.പിയിൽ ലയിച്ചിട്ടു വേണം തന്റെ കളികൾ പുറത്തെടുക്കാൻ എന്ന് കരുതിയിരിക്കുന്ന ഫഡ്നാവിസിന് സഹികെട്ടിരിക്കുന്നു. ഷിൻഡെയാവട്ടെ തന്റെ പാർട്ടിയെ ലയിപ്പിക്കാനും സ്വന്തം സർക്കാറിൽ തന്നെയൊരു കാഴ്ചക്കാരനായി ഒതുക്കാനുമുള്ള നീക്കങ്ങളിൽ വല്ലാതെ പരിഭ്രാന്തിപൂണ്ട് നിൽക്കുന്നു. 10 ദിവസം മുമ്പ് തന്റെ പക്ഷത്തുള്ള എം.എൽ.എമാരെ രാജസ്ഥാനിലെ ഒരു റിസോർട്ടിൽ ഒരുമിച്ചുചേർത്ത് തനിച്ച് സംസാരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നാണ് ചില വാർത്താകേന്ദ്രങ്ങൾ എന്നോട് പറഞ്ഞത്. ഉദ്യോഗസ്ഥർ ഫഡ്നാവിസിന്റെ ആജ്ഞകളാണ് നടപ്പാക്കുന്നതെന്നും മന്ത്രിമാർക്ക് താന്താങ്ങളുടെ മന്ത്രാലയത്തിലും മണ്ഡലത്തിൽപോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും ഷിൻഡെ പക്ഷത്തെ എം.എൽ.എമാർതന്നെ പറയുന്നു. തുടരത്തുടരെ സംഭവിച്ച നഷ്ടത്തെ മറികടക്കാനായേക്കുമെന്ന പ്രതീക്ഷയിൽ സഹസ്രകോടീശ്വരനായ ഒരു വ്യവസായിയെ ഷിൻഡെ തുടരത്തുടരെ വിളിക്കുന്ന കാര്യമാണ് ഒരു മുതിർന്ന എൻ.സി.പി നേതാവ് വെളിപ്പെടുത്തിയത്.
ഷിൻഡെ-ബി.ജെ.പി സഖ്യം പാളുന്നുവെന്ന സാഹചര്യത്തിൽ ഷിൻഡെയുടെ കൂടെപ്പോയ ഒരു സംഘം എം.എൽ.എമാർ ഇപ്പോൾ ഉദ്ധവുമായി ചർച്ചയിലാണെന്നും കേൾക്കുന്നുണ്ട്. അധികാരത്തിൽനിന്ന് വീഴുന്നതോടെ കോൺഗ്രസും എൻ.സി.പിയും ഉദ്ധവിനെ കൈയൊഴിയുമെന്നാണ് ഫഡ്നാവിസ് കേന്ദ്ര ബി.ജെ.പി നേതൃത്വത്തോട് ഉറപ്പുപറഞ്ഞിരുന്നത്. പക്ഷേ, അതുണ്ടായില്ലെന്നു മാത്രമല്ല, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെത്തുമ്പോൾ മൂന്നു പാർട്ടികളുടെയും നേതാക്കൾ അതിനോട് ഐക്യപ്പെട്ട് ഒപ്പം നടക്കാൻപോലും പരിപാടിയുണ്ട്.
അതേസമയം, അധികാരമേറ്റ് നാലു മാസം പിന്നിട്ടപ്പോഴേക്ക് ഷിൻഡെ-ഫഡ്നാവിസ് ഐക്യം ഏറക്കുറെ അവസാനിച്ച മട്ടാണ്. സർക്കാറുകൾ ആടിയുലയുന്നതിന്റെ ലക്ഷണം കാണിക്കുമ്പോൾ അവയെ നിലക്കുനിർത്താനുള്ള ഏർപ്പാടുകളാണ് ബി.ജെ.പി ചെയ്യുക. ഈ ഘട്ടത്തിൽ അവർ നടത്താൻ പോകുന്ന ചികിത്സ ഷിൻഡെയെ സംബന്ധിച്ചിടത്തോളം സുഖകരമാകണമെന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്നത് ഗുജറാത്തിലായിരിക്കാം, പക്ഷേ അതിന്റെ അനുരണനങ്ങൾ മുഴുവൻ മഹാരാഷ്ട്രയിലാണ്.
(ദേശീയ മാധ്യമപ്രവർത്തകയും I Am A Troll എന്ന ശ്രദ്ധേയ കൃതിയുടെ രചയിതാവുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.