നീതിക്കായുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ
text_fieldsകന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കോടതിവിധി സ്ത്രീസമൂഹത്തിനെതിരായ അധർമ പ്രഖ്യാപനമാണ്. കോടതിയെന്നാൽ നീതിയുടെ ഗേഹമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് നാം അവിടേക്ക് പരാതിയുമായി കയറി ചെല്ലുന്നത്. കോടതിയെ ദൈവതുല്യമായി കാണുന്ന രാജ്യമാണിത്. നീതിക്കായി തേടുന്ന ഒരു സ്ത്രീയുടെ നിലവിളി കേൾക്കാൻ കോടതിക്ക് കഴിഞ്ഞില്ല എന്നു വന്നാൽ, നീതി ദേവതയുടെ ഉയിരറ്റു പോയിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ.
പീഡനത്തിനിരിയായ, പരിഹസിക്കപ്പെട്ട, മരിച്ചു ജീവിച്ചിട്ടും പൊരുതിനിന്ന സിസ്റ്ററും അവർക്കൊപ്പം നിന്നവരും മാത്രമല്ല അതു കേട്ട് വേദനിക്കുന്നത്. അധികാരവും സമ്പത്തും അധീനതയിൽ ഉണ്ടെങ്കിൽ ഏത് തെറ്റ് ചെയ്താലും രക്ഷപ്പെടാമെന്ന തികച്ചും തെറ്റായ സന്ദേശം കൈമാറുന്ന ഈ വിധി പ്രസ്താവ്യം കേട്ട് മനസാക്ഷിയുള്ള ഏതൊരു വ്യക്തിയും അക്ഷരാർഥത്തിൽ നടുങ്ങിയിട്ടുണ്ട്.
ഉന്നത പദവിയിലിരിക്കുന്നവർക്ക് തങ്ങളുടെ ചുവട്ടിലുള്ളവർക്കുനേരെ ഇഷ്ടമുള്ളതെല്ലാം ചെയ്യാനും ലൈംഗിക അടിമകളാക്കാനുമുള്ള ലൈസൻസ് ആയി ഇത്തരം വിധികൾ മാറുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെറ്റു ചെയ്തയാൾ ശരിയാംവിധം ശിക്ഷിക്കപ്പെടാതിരിക്കുന്നത് അത്തരക്കാർക്ക് സ്ത്രീകളെ വീണ്ടും പീഡിപ്പിക്കാൻ പ്രചോദനമാകും.
കുട്ടികളെയും സ്ത്രീകളെയുമാണ് ഇത് ഭീഷണിയുടെ മുനമ്പിലെത്തിക്കുന്നത്. കേരളം നേരിടേണ്ടിവരുന്ന കടുത്ത സാമൂഹിക പ്രശ്നമായി വേണം അതിനെ കാണാൻ. രണ്ടായിരം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. ഇരയായ കന്യാസ്ത്രീയെ പന്ത്രണ്ട് ദിവസം വിസ്തരിച്ചു. കൂറുമാറാത്ത മുപ്പത്തി ഒൻപത് സാക്ഷികൾ മൊഴി നൽകി. എന്നിട്ടും നീതി ലഭിച്ചില്ല. സത്യത്തിനുമേൽ സമ്പത്തും സ്വാധീനവും ഉള്ളവർ വിജയം നേടി ആഹ്ലാദിക്കുന്നു. സ്ത്രീയുടെ വേദനയും നിലവിളിയും അടിച്ചമർത്തപ്പെട്ട ദിവസം എന്ന് മാത്രമല്ല, നീതിദേവത കൊലചെയ്യപ്പെട്ട ദിനമെന്നാണ് 2022 ജനുവരി 14നെ ഇന്ത്യൻ നീതിന്യായ ചരിത്രം രേഖപ്പെടുത്തിവെക്കുക.
പക്ഷേ, ഭയന്നോ, നിരാശപ്പെട്ടോ പിന്നാക്കം പോവുകയില്ല നീതിക്കുവേണ്ടിയുള്ള പോരാളികൾ. ഇരുപത്തി എട്ട് വർഷം നീണ്ട നിരന്തര പോരാട്ടത്തിന് ശേഷമാണ് അഭയ കേസിൽ നീതി ലഭിച്ചത്. ലൈംഗിക അതിക്രമിയായ ഫ്രാങ്കോക്കെതിരെ പൊരുതിയ കന്യാസ്ത്രീകൾ അനന്യസാധാരണമായ ധീരതയാണ് പുലർത്തിയത്. സത്യം പറയാനും നീതിക്കായി വാദിക്കാനും മുന്നോട്ടു വന്നതിെൻറ പേരിൽ അവർ ഒറ്റപ്പെടുത്തപ്പെട്ടു. വ്യാജ ആരോപണങ്ങൾ അവർക്കുമേൽ കെട്ടിയേൽപിക്കപ്പെട്ടു. സകല അവകാശങ്ങളും നിഷേധിച്ച് തലചായ്ക്കാൻ ഒരിടം മാത്രം നൽകി വലിച്ചെറിയപ്പെട്ടു.
എന്നാൽ, മനസ്സാക്ഷിയുള്ള പൊതു സമൂഹം അവർക്കൊപ്പം ഉറച്ചുനിന്നു, കരുത്തു പകർന്നു. ലോകത്തിന് സേവനം ചെയ്യാൻ പ്രതിജ്ഞ ചെയ്താണ് പതിനഞ്ചാം വയസ്സിൽ കന്യകാമഠത്തിൽ അവർ ചേർന്നത്. അനീതിക്കെതിരെ അവരുയർത്തിയ ശബ്ദവും ചൂണ്ടുവിരലും മുഴുലോകങ്ങളിലെയും ഓരോ പെൺകുഞ്ഞിനും വേണ്ടിയാണ്, വേട്ടയാടപ്പെടുന്ന സ്ത്രീകളുടെ അന്തസ്സ് വീണ്ടെടുക്കുവാനാണ്. അതുകൊണ്ടു തന്നെ പോരാട്ടം തുടരണം.
സർക്കാർ അപ്പീൽ പോകുമെന്നും പോരാടുന്ന കന്യാസ്ത്രീകൾക്ക് എല്ലാ പിന്തുണയും തുടർന്ന് നൽകാൻ മനസ്സാക്ഷിയുള്ളവർ തയാറാകുമെന്നും ഞാൻ വിശ്വസിക്കുന്നു. ദൗത്യം തുടങ്ങിയിട്ടേയുള്ളൂ, നീതി സാധ്യമാവുന്ന ദിനം വരെ അതു തുടരുകതന്നെ വേണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.