Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅവളിപ്പോഴും...

അവളിപ്പോഴും ചോരയൊലിപ്പിച്ച് നിൽക്കുന്നു, കൊല്ലപ്പെട്ടവരെ ഗുജറാത്ത് പൊലീസ് ഉപ്പിട്ട് കുഴിയിൽ മൂടി

text_fields
bookmark_border
അവളിപ്പോഴും ചോരയൊലിപ്പിച്ച് നിൽക്കുന്നു, കൊല്ലപ്പെട്ടവരെ ഗുജറാത്ത് പൊലീസ് ഉപ്പിട്ട് കുഴിയിൽ മൂടി
cancel

ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മകളെയും ബന്ധുക്കളെയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 11 കൊടും കുറ്റവാളികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് ഇന്ത്യ 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയിലാണ്. കുറ്റവാളികൾക്ക് വൻ സ്വീകരണമാണ് ഹിന്ദുത്വ സംഘടനകൾ ഗുജറാത്തിൽ ഒരുക്കിയത്. പ്രതികൾ ബ്രാഹ്മണരാണെന്നും അവർ സംസ്കാരമുള്ളവരാണെന്നും അതിനാലാണ് മോചിപ്പിച്ചതെന്നുമാണ് ബി.ജെ.പി എം.എൽ.എ പറഞ്ഞത്. രാജ്യത്ത് വിവിധയിടങ്ങളിൽ മോചനത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും ഭരണവർഗം അത് കണ്ട മട്ടില്ല.

പ്രതികൾക്ക് വൻ സ്വീകാര്യതയാണ് ബി.ജെ.പിയടക്കം നൽകുന്നത്. ഇതിൽ ഭയമുണ്ടെന്ന് ബലാത്സംഗത്തെ അതിജീവിച്ച ബിൽക്കീസ് ബാനു തന്നെ പറഞ്ഞു. ഇപ്പോൾ അതിനേക്കാൾ ഭീതിതമായ ചില വാർത്തകളാണ് പുറത്തുവരുന്നത്. കുറ്റവാളികൾ പുറത്തുവന്നതോടെ രൺധിക്പൂരിലെ നിരവധി മുസ്ലീം കുടുംബങ്ങൾ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ദാഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയ താലൂക്കിലെ റാഹി-മബാദ് റിലീഫ് കോളനിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. 2017 മുതൽ ബിൽക്കിസ് ബാനു ഇവിടെയാണ് താമസിക്കുന്നത്. 2002ലാണ് രൺധിക്പൂരിൽ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയായത്. അവർക്ക് അന്ന് 21 വയസ്സും അഞ്ച് മാസം ഗർഭിണിയുമായിരുന്നു. അവരുടെ കുടുംബത്തിലെ ഏഴുപേരെ കലാപകാരികൾ കൊലപ്പെടുത്തിയിരുന്നു.



ഇപ്പോൾ 'ദി ഇന്ത്യൻ എക്സ്പ്രസ്' ദിനപത്രം പ്രതിനിധികൾ ദുരിതാശ്വാസ കോളനി സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ആണ് വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രൺധിക്പൂരിലെ താമസക്കാർ ഉള്ള സാധനങ്ങളുമായി ഗ്രാമം വിട്ടുപോകുന്ന കാഴ്ചയാണ് 'ഇന്ത്യൻ എക്സ്പ്രസ്' പങ്കുവെക്കുന്നത്. എല്ലാവരും ദുരിതാശ്വാസ ക്യാമ്പിലെത്തി. കുറ്റവാളികളെ മോചിപ്പിച്ച കാര്യത്തിൽ ഒരു തീരുമാനം ആകുന്നതുവരെ ക്യാമ്പിൽ കഴിയാനാണ് ഇവരുടെ തീരുമാനം. ഗോധ്ര സബ് ജയിലിൽ നിന്നാണ് ഗുജറാത്ത് ബി.ജെ.പി സർക്കാർ കൊടും ക്രിമിനലുകളെ മോചിപ്പിച്ചത്. ഗുജറാത്ത് സർക്കാർ രൂപീകരിച്ച ജയിൽ ഉപദേശക സമിതിയുടെ ശിപാർശയെത്തുടർന്നാണ് മോചനം.

ഞായറാഴ്ച അമ്മക്കും സഹോദരിക്കുമൊപ്പം കോളനിയിൽ എത്തിയ 24കാരിയായ സുൽത്താന മാധ്യമപ്രവർത്തകരോട് പറഞ്ഞതിങ്ങനെ -"കഴിഞ്ഞ ആഴ്‌ച മുതൽ സമൂഹത്തിൽ ഭയമാണ്. നേരിട്ടുള്ള ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ കുറ്റവാളികൾക്ക് ലഭിച്ച സ്വീകരണവും ഗ്രാമത്തിലെ ആഹ്ലാദവും ഭയപ്പെടുത്തുന്നു. ഞങ്ങൾക്ക് അവിടെ സുരക്ഷിതത്വം തോന്നാത്തതിനാൽ ഉത്കണ്ഠാകുലരായി അവിടെ നിന്ന് പോയി. അവർ പരോളിൽ പുറത്തിറങ്ങിയപ്പോൾ അത് വ്യത്യസ്തമായിരുന്നു. അവർ ആത്യന്തികമായി തടവുകാരാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷേ ഇപ്പോൾ അവരെ വിട്ടയച്ചു''. ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായക്കും ബഹുമാനത്തിനും കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ദഹോദിലെ മുസ്ലീം സമുദായാംഗങ്ങൾ തിങ്കളാഴ്ച ജില്ലാ കലക്ടർക്ക് പരാതി നൽകി. മോചനത്തിൽ പ്രതിഷേധിച്ച് റാലി സംഘടിപ്പിക്കാനുള്ള അനുമതിയും തേടുന്നുണ്ടെന്ന് സമുദായാംഗങ്ങൾ പറഞ്ഞു.

സുൽത്താനയും അമ്മയും ദിവസക്കൂലിക്കാരാണ്. 2002ൽ നാലുവയസ്സുകാരി സുൽത്താനയുമായി രൺധിക്പൂരിൽ നിന്ന് പലായനം ചെയ്തത് അവളുടെ അമ്മ ഓർക്കുന്നു. അവർ പറയുന്നു, "ഭയാനക ചിത്രങ്ങൾ ഓർമ്മയിൽ മിന്നിമറയുന്നു. അന്ന് രക്ഷപ്പെട്ടത് ഭാഗ്യമായി കരുതുന്നു. ഇപ്പോൾ ഈ ചെയ്തത് വിശ്വസിക്കാൻ കഴിയില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബിൽക്കിസ് കാണിച്ച ധൈര്യം ഞങ്ങളിൽ ആർക്കും ഇല്ല. ഇവിടേക്കുള്ള യാത്രാമധ്യേ, കേശർപുരക്ക് സമീപം ഭരണകക്ഷിയുടെ ഒരു വലിയ വാഹനവ്യൂഹത്തെ ഞങ്ങൾ കണ്ടു പരിഭ്രാന്തരായി. ഞാൻ എന്റെ മകളെ മുറുകെ പിടിച്ചു".

ബിൽക്കീസ് തളരില്ലെന്നും കൊടിയ അനീതിക്കെതിരെ അവൾ ഇനിയും യുദ്ധം തുടരുമെന്നും ഭർത്താവ് യാക്കൂബ് റസൂൽ പട്ടേൽ പറഞ്ഞു. 'ഞങ്ങൾ ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെയും അഭിഭാഷകരുടെയും ഉപദേശം തേടിയിട്ടുണ്ട്. അപ്പീലിൽ ഉടൻ തീരുമാനമെടുക്കും' -യാക്കൂബ് പറഞ്ഞു. "അവർ എന്റെ സഹോദരിമാരോടും അമ്മായിയോടും മറ്റുള്ളവരോടും എന്തെല്ലാം ചെയ്തിട്ടും അവരെ വിട്ടയച്ചു. അവർ ഗ്രാമത്തിലും മാർക്കറ്റ് ഏരിയകളിലും കറങ്ങിനടന്നു ഭയപ്പെടുത്തുന്നു. എനിക്ക് മറ്റൊരു വഴിയില്ല. എന്റെ വീട് വിട്ട് എന്റെ ഭാര്യയോടും കുഞ്ഞിനോടും ഒപ്പം ദുരിതാശ്വാസ കോളനിയിലേക്ക് മാറുകയല്ലാതെ മറ്റൊരു മാർഗവുമില്ല'' -ബിൽക്കിസിന്റെ മാതൃസഹോദരിയായ മറ്റൊരു ഗ്രാമീണൻ പറഞ്ഞു.



''ഈ കുട്ടികളിൽ ഭൂരിഭാഗവും ഇവിടെയാണ് ജനിച്ചത്. ഒരു ജീവിതം പുനർനിർമ്മിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ ഗ്രാമത്തിലേക്ക് ഞങ്ങൾ തിരിച്ചുവന്നത്. 74 വീട്ടുകാർ ഉണ്ടായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പായി കുറ്റാരോപിതർ ശിക്ഷിക്കപ്പെട്ടപ്പോൾ ഞങ്ങൾ വീണ്ടും ഗ്രാമത്തിൽ മടങ്ങിയെത്തിയതാണ്. ബിൽക്കീസിന്റെ ധൈര്യത്തിൽ ഞങ്ങൾക്കെല്ലാം ആശ്വാസമായിരുന്നു. ഇപ്പോൾ, കുറ്റവാളികൾ മോചിതരായപ്പോൾ, ഞങ്ങൾ തകർന്നിരിക്കുന്നു. ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാൽ ആരും ആ ഭീകരതയിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്നില്ല'' -മറ്റൊരു അന്തേവാസിയായ അബ്ദുൽ റസാഖ് പറയുന്നു.

മറ്റൊരു ഗ്രാമവാസിയായ സബേര പട്ടേൽ-ഘഞ്ചിക്ക് പറയാനുള്ളത് വ്യത്യസ്തമായ കാര്യമാണ്. കേസിലെ മുഖ്യപ്രതികളായ രാധേഷ്യാം, മിതേഷ് ഭട്ട് എന്നിവർ 2017 ജൂണിൽ പരോളിൽ ഇറങ്ങിയപ്പോൾ പട്ടേലിന്റെ സഹോദരനെ ആക്രമിച്ചിരുന്നു. അതിന്റെ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. സബേര പട്ടേലും ഇപ്പോൾ വീട് വിട്ട് ദേവഗഡ് ബാരിയയിൽ എത്തിയിട്ടുണ്ട്. "എനിക്ക് ഒരു മകളും നാല് പേരക്കുട്ടികളുമുണ്ട്. അവരെ വിട്ടയച്ചാൽ, കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ അവർ ധൈര്യപ്പെടില്ല എന്നതിന് എന്താണ് ഉറപ്പ്? ഞങ്ങൾക്ക് ഒരു സുരക്ഷയുമില്ല " -സബേര പറഞ്ഞു.

തിങ്കളാഴ്ച, 11 കുറ്റവാളികളിൽ പലരും അവരുടെ വീടുകളിൽ ഉണ്ടായിരുന്നില്ല. കുറ്റവാളികളിൽ ഒരാളായ രാധേഷ്യാം ഷായുടെ സഹോദരൻ ആശിഷിന്റെ വാക്കുകൾ ഇങ്ങനെ: ''മോചിതരായതുമുതൽ, എന്റെ സഹോദരൻ ഉൾപ്പെടെ 11പേർ ആരുടേയും പ്രവർത്തനങ്ങളിൽ ഇടപെടാതെ ഗ്രാമത്തിൽ സമാധാനപരമായി കഴിയുകയാണ്. എന്റെ സഹോദരൻ ഇപ്പോൾ ഒരു ടൂറിലാണ്. വിട്ടയച്ചവരിൽ നിന്ന് ചില ആളുകൾക്ക് ഭീഷണി തോന്നുന്നുവെങ്കിൽ, അവർക്ക് അധികാരികളെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ട്''.

കുറ്റവാളികൾ ആഗസ്റ്റ് 15ന് ഗ്രാമത്തിലേക്ക് മടങ്ങിയതിന് ശേഷം ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് രന്ധിക്പൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഡി.ജി വോഹാനിയ പറഞ്ഞു. ഒരാഴ്ചയായി ഗ്രാമത്തിൽ പൊലീസ് വ്യാപകമായ പട്രോളിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീഷണിയെത്തുടർന്ന് മുസ്ലീം കുടുംബങ്ങൾ ഗ്രാമം വിട്ടുപോകുന്നതിനെക്കുറിച്ച് പൊലീസിന് അറിയില്ല എന്നാണ് വോഹാനിയ പറയുന്നത്. "ഗ്രാമം ശാന്തമാണ്, പതിവ് കാര്യങ്ങൾ നടക്കുന്നു'' -വോഹാനിയ പറയുന്നു.

ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ ദിവസം ഗോധ്ര ജയിലിനു മുന്നിൽ അവർ 11 പേർ നിരന്നുനിന്നത് സ്വീകരണം ഏറ്റുവാങ്ങാൻ വേണ്ടി ആയിരുന്നു. വനിതകൾ തിലകം തൊടുകയും ആരതി ഉഴിയുകയും ചെയ്തു. ചിലർ കാൽതൊട്ട് വന്ദിച്ചു. തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പിന്നീട് സ്വീകരണസ്ഥലത്തേക്ക് എല്ലാവരും നീങ്ങി. ദീൻദയാൽ ഉപാധ്യായ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അവർക്ക് സ്വീകരണം നൽകി. 2002 മാർച്ച് രണ്ടിന് ബിൽക്കീസ് ബാനു എന്ന ഗർഭിണിയായ 21കാരിയെ കൂട്ടബലാത്സംഗം നടത്തിയ കേസിൽ സി.ബി.ഐ കുറ്റക്കാരാണെന്ന് കണ്ടെത്തി, കോടതി ശിക്ഷിച്ചവരായിരുന്നു എല്ലാവരും. ഗുജറാത്ത് സർക്കാർ നിയോഗിച്ച മൂന്ന് പേരടങ്ങുന്ന സമിതി, അവർ 14 വർഷത്തോളം ജയിലിൽ കഴിഞ്ഞുവെന്നും നല്ല നടപ്പുകാർ ആയിരുന്നു എന്നുമാണ് കണ്ടെത്തിയത്.

നീതിന്യായ വ്യവസ്ഥയുടെ മുഖത്തേറ്റ അടി എന്നാണ് ചരിത്രകാരന്മാരും ആക്ടിവിസ്റ്റുകളും നിയമവിദഗ്ധരും ഉൾപ്പെടെ ആറായിരത്തോളം പേർ സുപ്രീം കോടതിക്ക് എഴുതിയ കത്തിൽ ഈ മോചനത്തെ വിശേഷിപ്പിച്ചത്. കൊടുംകുറ്റവാളികളെ മാലയിട്ട് ഹിന്ദുത്വ ഭീകരർ സ്വീകരിക്കുന്ന ആദ്യത്തെ കാഴ്ചയല്ല ഇത്. ഇതിനുമുമ്പും വിവിധ കേസുകളിൽ രാജ്യം അത് കണ്ടു. നിങ്ങൾ അവർക്കെതിരെ എന്തും ചെയ്തിട്ട് വരൂ. ആരതിയുഴിഞ്ഞ് വരവേൽക്കാൻ ഞങ്ങളുണ്ടിവിടെ എന്നാണ്

കൊടും ക്രിമിനലുകളോട് ഇവർ പറയാതെ പറയുന്നത്. ലോകം ഉറ്റുനോക്കിയ സംഭവത്തിലാണ് ഒരു കുറ്റബോധവുമില്ലാതെ ഇപ്പോൾ കുറ്റവാളികളെ സ്വൈര്യവിഹാരത്തിന് അയച്ചിരിക്കുന്നത്. ബിൽക്കീസ് ബാനു വീണ്ടും ചോരയൊലിപ്പിച്ച് ഇന്ത്യയുടെ മനസാക്ഷിക്ക് മുന്നിൽവന്ന് നിൽക്കുകയാണ്. അവരുടെ കുടുംബത്തിലെ കൊല്ല​പ്പെട്ട ഏഴുപേരെ അതിവേഗം ഒരു കുഴിയിൽ ഉപ്പിട്ട് മൂടുകയായിരുന്നു ഗുജറാത്ത് പൊലീസ്. കൊല്ലപ്പെട്ട ശേഷവും നീതിയെന്ന പ്രതീക്ഷപോലും അവർക്കൊക്കെ എത്രയോ വിദൂരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bilkis bano casegujrat bjp
News Summary - ‘There is fear’: Muslim families flee village, take shelter in relief colony
Next Story