ബാപ്പുജിയെ ഇപ്പോഴുമവർക്ക് ഭയമാണ്
text_fields1948 ജനുവരി 30 വെള്ളിയാഴ്ച- ബാപ്പുവിന്റെ ജീവിതത്തിലെ അവസാന ദിവസം. തലേ രാത്രി താൻതന്നെ തയാറാക്കിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കരട് ഭരണഘടനയിൽ ചില മാറ്റങ്ങൾ ഗാന്ധിജി വരുത്തി ഉച്ചയോടുകൂടി തന്റെ സെക്രട്ടറി പ്യാരേലാലിനെ ഏൽപിച്ചു.
അന്നേരം ഗാന്ധിജി ചോദിച്ചു: ‘ഇന്നലെ എന്താണ് ഡോ. ശ്യാമപ്രസാദ് മുഖർജി പറഞ്ഞത്?’ ഹിന്ദു മഹാസഭയുടെ ഒരു പ്രമുഖ നേതാവ് കുറച്ചു ദിവസം മുമ്പ് തങ്ങൾ ചില കോൺഗ്രസ് നേതാക്കളെ വധിക്കുമെന്ന് പ്രസംഗിച്ചിരുന്നു.
സ്പർധയുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളിൽനിന്ന് പാർട്ടി നേതാക്കളെ വിലക്കണമെന്ന ബാപ്പുവിന്റെ സന്ദേശവുമായാണ് പ്യാരേലാൽ, ശ്യാമപ്രസാദ് മുഖർജിയെ കാണാൻ ചെന്നത്. എന്നാൽ, അത് നിഷ്ഫലമായിരുന്നുവെന്ന് പ്യാരേലാൽ ഗാന്ധിജിയെ ധരിപ്പിച്ചു.
അന്ന് വൈകീട്ട് നാലു മണിക്ക് സർദാർ പട്ടേലുമായും ഏഴു മണിക്ക് ജവഹർലാൽ നെഹ്റുവും അബുൽ കലാം ആസാദുമായും കൂടിക്കാഴ്ചക്ക് ബാപ്പു സമയം നിശ്ചയിച്ചിരുന്നു. പട്ടേലും മകൾ മണിബെന്നും കൃത്യസമയത്തുതന്നെ എത്തി.
ദീർഘനേരം അവർ സംഭാഷണത്തിൽ ഏർപ്പെട്ടു. അതിനിടയിൽ മനു വന്ന് കത്യാവാറിൽനിന്നുള്ള ചിലർ കാണാൻ അനുവാദം ചോദിക്കുന്നതായി അറിയിച്ചപ്പോൾ ബാപ്പു പറഞ്ഞ മറുപടി പ്രാർഥനായോഗം കഴിഞ്ഞ് ഞാൻ ബാക്കിയുണ്ടെങ്കിൽ അവരെ കണ്ടിരിക്കുമെന്ന് അറിയിക്കൂ എന്നായിരുന്നു!
ഏഴ് അറകളുള്ള കറുത്ത ഇറ്റാലിയൻ ബാരറ്റ പിസ്റ്റളുമായി വന്ന് പഴയ ദില്ലി റെയിൽവേ സ്റ്റേഷനിൽ ആറാം നമ്പർ വിശ്രമ മുറിയിൽ കിടന്നുറങ്ങിയ തീവ്ര ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോദ്സെ ഉച്ചയോടുകൂടി സഹഗൂഢാലോചകർക്കൊപ്പം ബിർള ക്ഷേത്രത്തിലേക്ക് തിരിച്ചിരുന്നു.
നാരായൺ ആപ്തെയും വിഷ്ണു കാർക്കറെയും വിഗ്രഹത്തിനു മുന്നിൽ നിന്ന് പ്രാർഥിച്ചപ്പോൾ ഗോദ്സെ അത് ചെയ്തില്ല. 10 ദിവസങ്ങൾക്കുമുമ്പ് ഗാന്ധിജിക്കു നേരെയുണ്ടായ വധശ്രമത്തെ തുടർന്ന് ബിർള മന്ദിരത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
എന്നിട്ടും കാര്യമായ പരിശോധനകളേതുംകൂടാതെ അവർ മുൻവാതിലിലൂടെ അകത്തേക്കു പ്രവേശിച്ചു. സാധാരണ അഞ്ചു മണിക്ക് ആരംഭിക്കാറുള്ള പ്രാർഥനായോഗം അന്ന് 10 മിനിറ്റ് വൈകിയാണ് ആരംഭിച്ചത്. മുറിയിൽനിന്ന് പുറത്തിറങ്ങാൻ നേരം ഗാന്ധി പട്ടേലിനെയും മകളെയും നോക്കി പറഞ്ഞു- ഞാൻ ചിന്നിച്ചിതറാൻ പോകുന്നു!
മനുവിന്റെയും ആഭയുടെയും തോളുകളിൽ കൈവെച്ച് ബാപ്പു 200 വാര അകലെയുള്ള പുൽത്തകിടി ലക്ഷ്യമാക്കി അവസാന നടത്തത്തിന് തുടക്കംകുറിച്ചു. ഗ്രൗണ്ടിലെത്താൻ ഏതാനും വാരകൾ മാത്രം ബാക്കിനിൽക്കെ ആൾക്കൂട്ടത്തിനിടയിൽനിന്ന് അയാൾ ഗാന്ധിജിക്കുനേരെ നടന്നുവന്നു.
‘നമസ്തേ ഗാന്ധിജി’ എന്നു പറഞ്ഞ് കൈകൾ കൂപ്പി. പിന്നെ പാദങ്ങളിലേക്കു കുനിഞ്ഞു. മനു വിചാരിച്ചു അയാൾ ഗാന്ധിജിയുടെ പാദങ്ങളെ മുത്തുകയാണെന്ന്. നിവർന്നുനിൽക്കുന്നതിനിടയിൽ പൊടുന്നനെ തന്റെ കാക്കി പാന്റിന്റെ വലതു പോക്കറ്റിൽനിന്ന് കറുത്ത പിസ്റ്റൾ പുറത്തെടുത്ത് ബാപ്പുവിന്റെ നെഞ്ചിൻകൂടിനുനേരെ രണ്ടു വെടിയുണ്ടകൾ ഉതിർത്തു.
മറ്റൊരെണ്ണം ഉപവസിച്ച് ശുഷ്കിച്ചുപോയ അടിവയർ പിളർന്ന് കടന്നുപോയി. ഹേ റാം! എന്ന മന്ത്രധ്വനിയോടെ ബാപ്പു കൂപ്പുകൈകളുമായി നിലംപതിച്ചു. ആ ഹൃദയമിടിപ്പ് നിലയ്ക്കുമ്പോൾ സമയം വൈകീട്ട് അഞ്ചു മണി കഴിഞ്ഞ് 17 മിനിറ്റ്! അസത്യത്തിൽനിന്ന് സത്യത്തിലേക്ക്, ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക്, നശ്വരതയിൽനിന്ന് അനശ്വരതയിലേക്ക് സഞ്ചരിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി അക്ഷരാർഥത്തിൽ മഹാത്മാ ഗാന്ധിയായി മാറി.
ഗാന്ധിസ്മൃതിയിലെ അട്ടിമറി
1977 ഒക്ടോബർ 8- പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി ഗാന്ധിസ്മൃതി സന്ദർശിക്കുന്നു, കേന്ദ്ര ഭവനനിർമാണ വകുപ്പ് മന്ത്രി സിക്കന്ദർ ഭക്തുണ്ട് കൂടെ.
അവിടെ ഗൈഡായിരുന്ന മലയാളി പി.എൻ. ദാമോദരൻ നായർ സന്ദർശകർക്കായി ഗാന്ധിജിയുടെ അവസാന നിമിഷങ്ങൾ ഇപ്രകാരം വിശദീകരിച്ചുകൊടുത്തു: ‘1948 ജനുവരി 30ന് ബാപ്പു പ്രാർഥനായോഗത്തിനായി നടന്നുപോവുന്നതിനിടെയാണ് തൊട്ട് മുന്നിൽ വന്ന് ഒരാൾ റിവോൾവറിൽനിന്ന് മൂന്നു വെടിയുണ്ടകൾ ഉതിർന്നത്.
വെടിയേറ്റ ബാപ്പു നിലത്തുവീണു. ആർ.എസ്.എസുകാരനായിരുന്ന നാഥുറാം വിനായക് ഗോദ്സെ ആയിരുന്നു കൊലപാതകി. ഒരു പത്രത്തിന്റെ എഡിറ്ററുമായിരുന്നു ഇയാൾ. ഇത് കേട്ടപാടെ ഈ വിശദീകരണം നിർത്തലാക്കണമെന്ന് സിക്കന്ദർ ഭക്ത് പ്രധാനമന്ത്രിയോട് അവിടെവെച്ചുതന്നെ അഭ്യർഥിച്ചു.
പക്ഷേ, മൊറാർജിയുടെ ഉടനടിയുള്ള മറുപടി ഇത് ചരിത്രസത്യമാണ്, ആർക്കും ഇതിനെ മായ്ക്കാനാവില്ല എന്നായിരുന്നു. എന്നാൽ, പ്രധാനമന്ത്രിയും മന്ത്രിയും ഗാന്ധിസ്മൃതിയിൽനിന്ന് തിരിച്ചുപോയ അതേ ദിവസം അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി) പ്രവർത്തകരുടെ ക്രൂരമർദനത്തിന് ദാമോദരൻ നായർ ഇരയായി.
സിക്കന്ദർ ഭക്ത് കൈകാര്യംചെയ്യുന്ന മന്ത്രാലയത്തിന് നിയന്ത്രണമുള്ള ഗാന്ധിസ്മൃതിയിലെ ഗൈഡ് ജോലിയിൽനിന്ന് ദാമോദരൻ നായർ പിരിച്ചുവിടപ്പെട്ടു.
വിഷയം അന്നത്തെ പാർലമെന്റിൽ ചൂടേറിയ വിവാദത്തിന് തിരികൊളുത്തിയപ്പോൾ സിക്കന്ദർ ഭക്തിനോട് ചരിത്രം മാറ്റിമറിക്കാനാവില്ലെന്ന് രാജ്ഘട്ടിൽവെച്ച് പറഞ്ഞ അതേ പ്രധാനമന്ത്രി തന്റെ നിലപാടിൽ വെള്ളംചേർത്ത് സംഘ്പരിവാർ അജണ്ടക്കു മുന്നിൽ കീഴടങ്ങി. പിന്നീട് ഇന്നേവരെ ഗാന്ധിസ്മൃതിയിൽ ആ ഓർമപ്പെടുത്തൽ മുഴങ്ങിയിട്ടില്ല.
കൊന്നിട്ടും കൊതിയടങ്ങാതെ
1993 നവംബർ 17ന് ബോംബെയിൽ ചേർന്ന നാഥുറാം ഗോദ്സെ അനുസ്മരണ സമ്മേളനത്തിൽ ഗാന്ധിജിയെ അപകീർത്തിപ്പെടുത്തിയും ഗോദ്സെയെ പ്രകീർത്തിച്ചും ഹിന്ദുത്വ നേതാക്കൾ നടത്തിയ പ്രസംഗങ്ങൾ ഭാരതീയ ജനത പാർട്ടിയെ വലിയതോതിൽ പ്രതിരോധത്തിലാക്കി.
അതിനെ മറികടക്കാൻ അന്ന് ബി.ജെ.പി അധ്യക്ഷനായിരുന്ന എൽ.കെ. അദ്വാനി ഇറക്കിയ വാർത്തക്കുറിപ്പിൽ നാഥുറാം ഗോദ്സെ ആർ.എസ്.എസ് വിമർശകനായിരുന്നു എന്ന് അവകാശപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിൽ അരവിന്ദ് രാജഗോപാൽ നാഥുറാം വിനായക് ഗോദ്സെയുടെ സഹോദരനും ഗാന്ധിവധക്കേസിലെ മറ്റൊരു പ്രതിയുമായിരുന്ന ഗോപാൽ ഗോദ്സെയുമായി നടത്തിയ അഭിമുഖം ഗാന്ധികൊലക്കേസ് പ്രതികളും ആർ.എസ്.എസും തമ്മിലെ ബന്ധം ഏതുവിധത്തിലായിരുന്നു എന്ന് വിശദമാക്കുന്നുണ്ട്. (അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ 28 ജനുവരി 2023ലെ മാധ്യമം നിലപാട് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
മുംബെയിലെ അഭിനവ് ഭാരത് സംഘടന നേതാവ് പങ്കജ് ഫട്നിസ് 2017ൽ സുപ്രീംകോടതിയിൽ ഒരു ഹരജി നൽകിയിരുന്നു- ഗാന്ധിജിയുടെ ശരീരത്തിൽ നാലാമതൊരു വെടിയുണ്ടകൂടി ഉണ്ടായിരുന്നുവെന്നും അത് ഉതിർത്തത് ഏതോ അജ്ഞാതനായിരുന്നുവെന്നും അതിനാൽ ഗാന്ധി വധക്കേസ് പുനരന്വേഷണത്തിന് വിധേയമാക്കണമെന്നുമായിരുന്നു ആവശ്യം.
ഗാന്ധിജിയെ വെടിവെച്ചുകൊന്ന് 70 വർഷത്തിനിപ്പുറം ഇങ്ങനെയൊരു ഹരജി വന്നപ്പോൾ ജസ്റ്റിസ് എസ്.എ. ബോബ്ഡയും എൽ. നാഗേശ്വര റാവുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ അമരേന്ദ്ര ശരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത് നാഥുറാം വിനായക് ഗോദ്സെയെന്ന തീവ്ര ഹിന്ദുത്വവാദിയല്ലാത്ത മറ്റൊരാളാണ് ഗാന്ധിയെ കൊന്നതെന്നതിന് ഒരു തെളിവും ലഭ്യമല്ല എന്നായിരുന്നു.
2018 മാർച്ചിൽ സുപ്രീംകോടതി ഫട്നിസിന്റെ ഹരജി തള്ളിക്കൊണ്ട് നടത്തിയ നിരീക്ഷണം ഗാന്ധിയെ കൊല്ലാൻ തുനിഞ്ഞ ആശയവും അതിനാസ്പദമായ ഗൂഢാലോചനയും ഗാന്ധിയുടെ കൊലപാതകികളും കൊല്ലാനുപയോഗിച്ച ആയുധവും ലോകത്തിനു മുന്നിൽ തെളിയിക്കപ്പെട്ടതാണ് എന്നായിരുന്നു. ഈ വിധി പുനഃപരിശോധിക്കാൻ 2018 ഒക്ടോബറിൽ റിവ്യൂ ഹരജി നൽകിയെങ്കിലും 2019 മാർച്ചിൽ സുപ്രീംകോടതി അതും തള്ളുകയായിരുന്നു.
ഗുജറാത്ത് ഗാന്ധിനഗറിലെ ദണ്ഡി കുടിർ ആണ് ബാപ്പുവിന്റെ ജീവിതത്തെയും കാലത്തെയും സംബന്ധിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം. ആ മ്യൂസിയത്തിലും ബാപ്പുവിനെ വെടിവെച്ചുകൊന്ന തീവ്ര ഹിന്ദുത്വവാദിയെക്കുറിച്ച് പരാമർശം കാണാനാവില്ല.
ഗാന്ധിജിയെയും ആശയങ്ങളെയും ഇല്ലാതാക്കാൻ അദ്ദേഹത്തിന്റെ ജീവനെടുത്തവർ ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഭയക്കുന്നതിന്റെ തെളിവുകളാണ് മേൽപറഞ്ഞതെല്ലാം. മായ്ക്കാനാവാത്ത ചരിത്രസത്യങ്ങൾക്കു മേലെ ചരിത്ര അപനിർമാണത്തിന്റെ കരിമ്പടം പുതപ്പിക്കാൻ അവർ ഇത്രമാത്രം പണിപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.