അവരിനി തിരിച്ചുവരില്ല സർ
text_fieldsജൂലൈയുടെ തുടക്കത്തിൽ ഡൽഹിയിലുണ്ടായ വെള്ളപ്പൊക്കത്തിനും മൂന്നാഴ്ചക്ക് ശേഷം ഹരിയാനയിൽ നടമാടിയ വർഗീയ സംഘർഷത്തിനും ഒരുകാര്യത്തിൽ സമാനതയുണ്ടായിരുന്നു: സാധാരണഗതിയിൽ, പ്രകൃതിക്ഷോഭങ്ങളുടെയും മനുഷ്യനിർമിത ദുരന്തങ്ങളുടെയും ഭാരം പേറുന്നത് പാവപ്പെട്ടവരാണെങ്കിൽ ഇക്കുറി ഇവ സമ്പന്നരെയും ബാധിച്ചു.
കഴിഞ്ഞ 45 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ യമുനാതീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടതിനൊപ്പം സമ്പന്നപ്രദേശങ്ങളിലെ വീടുകളിലും റോഡുകളിലും ഓഫിസുകളിലും വെള്ളം കയറി മധ്യ, വടക്കൻ ഡൽഹിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനജീവിതം തടസ്സപ്പെട്ടു.
അതേപോലെ തന്നെ നൂഹിലെ ബജ്റംഗ്ദൾ ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത അതിക്രമങ്ങൾ മേവാത്തിന്റെ ഉൾദേശങ്ങളിൽ മാത്രമല്ല, ഗുരുഗ്രാമിലെ സമ്പന്നർക്കിടയിലും അതിന്റെ സാന്നിധ്യം അറിയിച്ചു.
ജൂലൈ 31ന് രാത്രി, വടികളും തോക്കുകളും മറ്റ് ആയുധങ്ങളും കൈയിലേന്തിയ, കാവിയണിഞ്ഞ ആൾക്കൂട്ടം ഒരു മസ്ജിദിന് തീവെക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ഗുരുഗ്രാമിൽ മുസ്ലിം ഉടമസ്ഥതയിലുള്ള നിരവധി കടകൾ കത്തിക്കുകയും ചെയ്തു. കൊള്ളിവെപ്പും അതിക്രമങ്ങളും പിറ്റേന്നാളും തുടർന്നതോടെ സ്കൂളുകൾ അടക്കാൻ നിർബന്ധിതമായ ജില്ല ഭരണകൂടം ബഹുരാഷ്ട്ര കമ്പനികളിലും ഓഫിസുകളിലും പ്രവർത്തിക്കുന്നവരോട് കുറച്ച് ദിവസത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനും ആവശ്യപ്പെട്ടു.
ഈ ആക്രമണങ്ങളിൽ ഉന്നംവെക്കപ്പെട്ടത് ഗുരുഗ്രാമിലെ മുസ്ലിം സമുദായമാണ്, അവരിൽ ഭൂരിഭാഗംപേരും ദിവസജോലിക്കാരോ, പഴം കച്ചവടക്കാരോ, ചെറുഭക്ഷണശാല നടത്തിപ്പുകാരോ ഓക്കെയാണ്.
തീപിടിത്തം പ്രത്യക്ഷത്തിൽ ‘പ്രതികാര’മായിരുന്നു, അങ്ങനെ, ചില വളച്ചൊടിച്ച കാരണങ്ങളാൽ, ‘ന്യായീകരിക്കപ്പെട്ടു’.
മുറാദാബാദിൽനിന്ന് 2021ൽ ഗുരുഗ്രാമിലെത്തിയ കല്ലു മിയ എന്ന വയോധികൻ ഏതാനും ദിവസം മുമ്പുവരെ സെക്ടർ 66ൽ ഒരു കിടക്കക്കടയുടെ ഉടമസ്ഥനായിരുന്നു. ഇപ്പോഴദ്ദേഹം അയൽപക്കത്തെ ഒരു ചെറിയ ഷെഡിന്റെ തണലിലിരുന്ന് തന്റെ കടയുടെ പുകയുന്ന അവശിഷ്ടങ്ങളിലേക്ക് നോക്കുന്നു. ആഗസ്റ്റ് ഒന്നിന് ഉച്ചകഴിഞ്ഞ്, പ്രദേശത്തെ ഡസൻ കണക്കിന് ബഹുനില അപ്പാർട്മെന്റുകളുടെ കാഴ്ചവട്ടത്തുവെച്ച്, പത്തോളം പേരടങ്ങുന്ന ഒരു സംഘം കല്ലു മിയയുടെ കടക്ക് പെട്രോൾ ഒഴിച്ച് തീയിട്ടു. നഗരം വിട്ടുപോയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സമീപത്തെ തകര ഷെഡുകളിൽ താമസിക്കുന്ന മുസ്ലിംകളെ അവർ ഭീഷണിപ്പെടുത്തി.
നഷ്ടത്തിന്റെ വ്യാപ്തി ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
‘‘കുറഞ്ഞത് മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു.’’
ഞാൻ കല്ലു മിയയോട് സംസാരിച്ചുകൊണ്ടിരിക്കെ, പ്രദേശത്തെ ഒരു പാൽക്കാരൻ കത്തിക്കരിഞ്ഞ കടയുടെ അവശിഷ്ടങ്ങൾക്കരികിൽ തന്റെ ടെമ്പോ കൊണ്ടുവന്ന് നിർത്തി, ഞങ്ങളുടെ അടുത്തേക്ക് വന്ന് സംഭാഷണം തടസ്സപ്പെടുത്തി ഉറക്കെ പ്രഖ്യാപിച്ചു,- “ഒരു ജനക്കൂട്ടത്തിന് മുഖമില്ല! കട ആക്രമിച്ചവർ ഹിന്ദുക്കളായിരുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? അവർ വേറെ വല്ല ശത്രുക്കളല്ലെന്ന് ആരറിഞ്ഞു? എന്തിനാണ് നിങ്ങൾ മാധ്യമപ്രവർത്തകർ കള്ളം പ്രചരിപ്പിക്കുന്നത്?
കടനശിപ്പിക്കപ്പെട്ട ആളുമായി സംസാരിച്ച് തീരുന്നതു വരെ കാത്തിരിക്കാൻ ആ മനുഷ്യനോട് പറഞ്ഞിട്ടും അയാൾ നിർത്തുന്നില്ല. ഞാൻ കല്ലു മിയയോട് ചോദിച്ചു, ‘‘അദ്ദേഹം പറഞ്ഞതുപോലെ ഇങ്ങനെ ചെയ്യാൻ പാകത്തിന് ആർക്കെങ്കിലും നിങ്ങളോട് വ്യക്തിവിരോധമുണ്ടോ?
കല്ലു മിയയും അദ്ദേഹത്തെ അറിയുന്നവരും ഇല്ലെന്ന് തലയാട്ടുന്നു. അപ്പോഴും മറ്റേ സുഹൃത്ത് സർക്കാറിന്റെ സൽപേര് കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന നിഗൂഢ രാഷ്ട്രീയപാർട്ടികളെക്കുറിച്ചും ‘‘ഗൂഢാലോചകരെക്കുറിച്ചും’’ ഉച്ചത്തിൽ സിദ്ധാന്തങ്ങൾ പറയുകയായിരുന്നു. ഞാൻ അടുത്തതായി അദ്ദേഹത്തെയും അഭിമുഖം ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവാം. കുറെനേരം കഴിഞ്ഞിട്ടും ഞാൻ അങ്ങോട്ട് പോകുന്നില്ലെന്ന് വന്നതോടെ അയാൾ ടെമ്പോ എടുത്ത് ഓടിച്ചുപോയി.
ചെറിയ ചെറിയ കടകൾ കൂടുതൽ കത്തിക്കപ്പെട്ട സ്ഥലത്തേക്ക് ഞാൻ റോഡ് മുറിച്ചു കടന്നുചെന്നു. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾക്ക് ചുറ്റും ഒരു ചെറിയ ജനക്കൂട്ടം രൂപപ്പെട്ടിരുന്നു. ‘ഗോദി മീഡിയ’ വിഭാഗത്തിൽ പെടുന്ന ഒരു ചാനലിൽനിന്നുള്ള ഒരു ടി.വി സംഘവും ഒപ്പമുണ്ട്. സ്യൂട്ട് ധരിച്ച ഒരു യുവ റിപ്പോർട്ടർ സംസാരിക്കാൻ പറ്റിയ ആളെ തിരയുന്നു.
കണ്ണട ധരിച്ച ഗോപാൽ എന്ന് പേരുള്ള ഒരാൾ എന്റെ അരികെ വന്ന് സംസാരിച്ചു. ഏകദേശം അരക്കിലോമീറ്റർ അകലെ ഗോൽഗപ്പ (പാനിപ്പൂരി) വിൽക്കുന്നയാളാണ്. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ റിപ്പോർട്ടർ സംഭാഷണം തടസ്സപ്പെടുത്തി ഗോപാലിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഞങ്ങളുടെ സംസാരം തീരുന്നതുവരെ കാത്തുനിൽക്കാൻ ഞാനാ റിപ്പോർട്ടറോട് അഭ്യർഥിച്ചു.
യുവ റിപ്പോർട്ടർ കോപം പൂണ്ട് ഒച്ചയെടുക്കാൻ തുടങ്ങി. അയാളുടെ അവകാശബോധവും സാമാന്യമര്യാദയില്ലായ്മയും നേരത്തേ കണ്ടുമുട്ടിയ പാൽക്കാരന്റേതിന് സമാനമായിരുന്നുവെന്നത് എന്നെ അമ്പരപ്പിച്ചു, ഇതാണ് ഭൂരിപക്ഷ ധാർഷ്ട്യം. ഈ ഒച്ചയെടുപ്പ് കേട്ട് എന്റെ അരോഗദൃഢഗാത്രനായ ഹരിയാനക്കാരൻ ടാക്സി ഡ്രൈവർ അരികിൽ വന്നുനിന്നു. വർഷങ്ങളായി എന്നെ നിരവധി സമര-മുന്നേറ്റ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് അദ്ദേഹമാണ്. അതോടെ റിപ്പോർട്ടർ നിശ്ശബ്ദനാവുകയും എന്റെ സംഭാഷണം പൂർത്തിയാക്കാൻ അനുവദിക്കുകയും ചെയ്തു.
“സംഭവിച്ചത് എന്താണെങ്കിലും തെറ്റായിപ്പോയി’’- ഗോപാൽ പറഞ്ഞു. “എല്ലായ്പ്പോഴും ദുരിതമനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട മനുഷ്യരാണ്. ഈ കടകളൊക്കെ നടത്തിയിരുന്നത് മുഹമ്മദീയരായിരുന്നു. അവരൊക്കെ നാടുവിട്ടുപോയി.”
താനൊരു ഹിന്ദുവാണെന്ന് വ്യക്തമാക്കിയ അദ്ദേഹത്തോട് ഹിന്ദുക്കൾ അപകടത്തിലാണെന്ന് താങ്കൾ കരുതുന്നുണ്ടോ എന്ന് ഞാൻ ചോദിച്ചു.
‘‘ഹിന്ദുക്കൾ ഒരു തരത്തിലും അപകടത്തിലല്ല’’- അദ്ദേഹം പ്രതികരിച്ചു,
‘പക്ഷേ മാധ്യമങ്ങൾ പറയുന്നത് ഹിന്ദുക്കൾ അപകടത്തിലെന്നാണ്’
‘‘ഇന്നാട്ടിലെ മാധ്യമങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നമ്മൾക്കെല്ലാം അറിയാവുന്നതല്ലേ?’’
‘എന്നാൽ പിന്നെ ആരാണ് അപകടാവസ്ഥയിലുള്ളത്?’
‘‘കള്ളനാണ് അപകടത്തിൽപെട്ട് നിൽക്കുന്നത്, തെറ്റുകൾ ചെയ്തു വെച്ചിരിക്കുന്നയാൾ’’
കോവിഡ് ലോക്ഡൗൺ കാലത്ത് തന്റെ മൂന്ന് മക്കൾ മരണപ്പെട്ട ഹൃദയം നുറുങ്ങുന്ന കഥ ഗോപാൽ എന്നോട് പറഞ്ഞു. സർക്കാറിൽനിന്ന് എന്തെങ്കിലും സഹായം ലഭിച്ചോ എന്ന ചോദ്യത്തിന് ഒരാളും സഹായിച്ചില്ലെന്നും നമുക്ക് നമ്മൾമാത്രം എന്നുമായിരുന്നു മറുപടി.
പ്രദേശത്തെ മറ്റൊരു താമസക്കാരനായ പലചരക്ക് വ്യാപാരി സുശീലും അക്രമത്തെ അപലപിക്കുകയും രാഷ്ട്രീയകളികളിൽ എപ്പോഴും ദുരിതമനുഭവിക്കുന്നത് പാവപ്പെട്ടവരാണെന്ന കാര്യം ആവർത്തിക്കുകയും ചെയ്തു.
അന്ന് വൈകീട്ട്, ഗുരുഗ്രാമിലെ സമ്പന്നരുടെ നിസ്സംഗതയെയും നിശ്ശബ്ദതയെയും കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് കുമാർ തുറന്നടിച്ച് പറഞ്ഞു. മഴക്കാലത്ത് റോഡുകളിൽ വെള്ളക്കെട്ടുണ്ടാകുമ്പോൾ പ്രതിഷേധിക്കുന്ന ‘മില്ലേനിയം സിറ്റി’ നിവാസികൾ ഗുരുഗ്രാമിലെ മുസ്ലിം ജനതയെ ഉന്നംവെച്ച് അക്രമങ്ങൾ നടക്കുമ്പോൾ നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. മറ്റൊരു സുപ്രധാന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു-ഗുരുഗ്രാമിലിന്ന് 35,000 സി.ഇ.ഒമാരുണ്ട്. ആ സി.ഇ.ഒമാർ മുന്നോട്ടുവന്ന് വെറുപ്പിന്റെ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നത് നിർത്തി സാമുദായിക സമാധാനം ഉറപ്പാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടാൽ, അതിന് നാടകീയമായ ഫലങ്ങളുണ്ടാവും.
ഞങ്ങൾ അവിടെനിന്ന് മടങ്ങവെ ഗുരുഗ്രാമിലെ കരിക്ക് വിൽപനക്കാരെല്ലാം അപ്രത്യക്ഷരായിരിക്കുന്നുവെന്ന കാര്യം ഡ്രൈവർ സൂചിപ്പിക്കുന്നു. അവരെല്ലാം മുസ്ലിംകളായിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞു, “വർഷങ്ങളായി ഞങ്ങളുടെ കെട്ടിടത്തിൽ ഒരു മുസ്ലിം കുടുംബം താമസിക്കുന്നുണ്ട്. വളരെ നല്ല ആളുകൾ. എന്റെ മകന് ഗൃഹപാഠങ്ങൾ ചെയ്യാൻ എപ്പോൾ വേണമെങ്കിലും സഹായിക്കുമായിരുന്നു ആ വീട്ടിലെ അധ്യാപിക. ഇന്ന് രാവിലെ നോക്കുമ്പോൾ അവരുടെ വാതിൽ പൂട്ടിക്കിടക്കുന്നു, അവരുടെ കാറും കാണാനില്ല
തെല്ലിട നിർത്തിയശേഷം അദ്ദേഹം പറഞ്ഞു- ‘‘അവരിനി തിരിച്ചുവരുമെന്ന് ഞാൻ കരുതുന്നില്ല’’
(ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സമരങ്ങളും
സാമൂഹിക മാറ്റങ്ങളും ഡോക്യുമെന്റ്
ചെയ്തുവരുകയാണ് വിദ്യാഭ്യാസ പ്രവർത്തകനും
പ്രചോദകനുമായ ലേഖകൻ)
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.