കരുത്തുചോർന്ന മൂന്നാമൂഴം
text_fieldsന്യൂഡൽഹി: മൂന്നാമൂഴത്തിൽ അധികാരത്തിലേറി അഞ്ചുവർഷം തികച്ചാലും ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന് കാണിക്കുന്നതായിരുന്നു ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരുടെ മുന്നിലേക്ക് ഖിന്നനായി കടന്നുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരീര ഭാഷ.
മോദി ബ്രാൻഡിന് വിപണിമൂല്യം നഷ്ടമായിരിക്കുന്നു. പെട്രോൾ ബങ്കുകൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ, സർക്കാർ ഓഫിസുകൾ തുടങ്ങി രാജ്യത്തിന്റെ മുക്കുമൂലകളിൽ ബിൽബോർഡുകളും കട്ടൗട്ടുകളും സെൽഫി പോയന്റുകളുമൊക്കെ സ്ഥാപിച്ചും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇടതടവില്ലാതെ പരസ്യം ചെയ്തും കോടികൾ ചെലവിട്ട് ഉണ്ടാക്കിയെടുത്ത ബ്രാൻഡാണിത്.
തെരഞ്ഞെടുപ്പിന് ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിൽ മോദിയുടെ ചിത്രങ്ങൾ 50ലേറെയായിരുന്നു. വോട്ട് ആർക്കെന്ന് ചോദിക്കുമ്പോഴൊക്കെ വോട്ടർമാർ പലപ്പോഴും തിരിച്ചു ചോദിച്ച ചോദ്യമായിരുന്നു, മോദി അല്ലെങ്കിൽ മറ്റാര് എന്നത്. നരേന്ദ്ര മോദി എന്ന ഒരേയൊരു വ്യക്തിക്ക് മാത്രം ദൃശ്യത നൽകി രാജ്യം എന്നാൽ മോദി എന്ന തരത്തിൽ ബി.ജെ.പി സൃഷ്ടിച്ച പ്രചാരണത്തിന്റെ പ്രതിഫലനമായിരുന്നു അത്.
ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നിഷേധിച്ച വോട്ടർമാർ മോദി മാജിക്കിന് അന്ത്യം കുറിച്ചു. ആത്മീയ പുരുഷനായും അമാനുഷികനായും ദൈവാവതാരമായും സ്വയം വാഴ്ത്തി കാശിനാഥന്റെ അനുഗ്രഹം അവകാശപ്പെട്ട മോദിക്ക് ഭൂരിപക്ഷത്തിൽ രണ്ടര ലക്ഷത്തോളം വോട്ടാണ് കുറഞ്ഞത്.
രാമക്ഷേത്രം തന്റെ സംഭാവനയായി കാണിച്ചിറങ്ങിയ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിലെ ഹൃദയസമ്രാട്ടിന് രാമജന്മ ഭൂമിയിൽ തന്നെ ഏറ്റ പരാജയത്തെ അവലക്ഷണമായി കാണുന്ന ഭക്തരുമുണ്ട്. പാർട്ടി ആസ്ഥാനത്തെ സ്വീകരണ വേദിയിൽ പതിവായുള്ള ‘ജയ് ശ്രീറാം’ വിളി മുഴങ്ങിയില്ല. യു.പിയിലെ പരാജയത്തിന്റെ കയ്പുനീരും ഒഡിഷയിലെ വിജയത്തിന്റെ മധുരവും ഓർത്താകണം മോദി ‘ജയ് ജഗന്നാഥ്’ വിളിച്ചത്.
വോട്ടർമാർക്കിടയിൽ മാത്രമല്ല, പാർട്ടിയിലും എൻ.ഡി.എ ഘടകകക്ഷികൾക്കിടയിലും പ്രഭാവവും കരുത്തും ചോർന്ന മോദിയാണ് മൂന്നാമൂഴത്തിനെത്തുന്നത്. പ്രബലരായ രണ്ട് ഘടകകക്ഷി നേതാക്കളായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മോദിയോട് നേർക്കുനേർ മുട്ടിനിന്നവരുമാണ്.
വിലപേശലിൽ കരുത്തരുമാണ്. നിരന്തരം മുന്നണി മാറി ‘പൾട്ടു റാം’ എന്ന വിളിപ്പേര് വീണ നിതീഷ് എത്രനാൾ കൂടെയുണ്ടാകുമെന്നോ എന്ന് മലക്കം മറിയുമെന്നോ നിശ്ചയമില്ല. അവരെയും കൂട്ടിക്കെട്ടിയാണ് മൂന്നാമൂഴത്തിൽ ഭരണം നടത്തേണ്ടത്.
ഘടകകക്ഷി നേതാക്കളെന്ന നിലക്ക് നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും വിധേയപ്പെടേണ്ട നിലയിലായി മോദി. പൊതുതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനുപിന്നാലെ തന്നെ മോദിക്കുശേഷം ആര് എന്ന ചോദ്യം ബി.ജെ.പിയിലുയർന്നിരുന്നു. ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സമവായക്കാരായ നേതാക്കളല്ലേ നല്ലത് എന്ന ചർച്ച പാർട്ടിവൃത്തങ്ങളിൽ സജീവമായിരുന്നു.
നിതിൻ ഗഡ്കരിയുടെയും ശിവരാജ് സിങ് ചൗഹാന്റെയുമൊക്കെ പേരുകൾ പലരും പറയുകയും ചെയ്തു. അതിനിടയിലാണ് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ, അമിത് ഷാ, രാജ്നാഥ് സിങ് എന്നിവർക്കൊപ്പം പാർട്ടി ആസ്ഥാനത്തെ സ്വീകരണത്തിനെത്തി താൻ മൂന്നാമൂഴവും അധികാരത്തിലേറുകയാണെന്ന് മോദി സ്വയം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.