‘ഇൻഡ്യ’യെ ഈ രാജ്യത്തിന് വേണം
text_fieldsഈ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് ഉയർത്തിപ്പിടിച്ചതാണ് കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന പ്രചാരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളും രാഷ്ട്രീയ കേന്ദ്രങ്ങളും നടത്തുന്നുണ്ട്. പിന്നാക്ക സംവരണവിരുദ്ധ കേന്ദ്രങ്ങളാണ് ഈ പ്രചാരണത്തിനു പിന്നിൽ
ലോകത്തിലെ നല്ലൊരു ശതമാനം രാജ്യങ്ങളിലുമിപ്പോൾ കൂട്ടുകക്ഷി സർക്കാറുകളാണ് നിലനിൽക്കുന്നത്. കോൺഗ്രസിന്റെ തകർച്ചയോടെ ഇന്ത്യയിലും കൂട്ടുകക്ഷി ഭരണത്തിന്റെ കാലഘട്ടമാരംഭിച്ചു.ഇന്ന് ശക്തമായ മുന്നണി കെട്ടിപ്പടുക്കാൻ കഴിയുന്ന പാർട്ടികൾക്ക് വിജയിക്കാൻ കഴിയുമെന്ന സാഹചര്യമാണ് രാജ്യത്ത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടത്തെ പ്രതിപക്ഷപാർട്ടികൾ ഇൻഡ്യ മുന്നണിക്ക് രൂപംനൽകിയത്. ദൗർഭാഗ്യവശാൽ ഇപ്പോൾ നടന്ന അഞ്ചു സംസ്ഥാന തെരഞ്ഞെടുപ്പുകളെ മുന്നണി സ്പിരിറ്റ് മാനിക്കാതെ കോൺഗ്രസ് നേതൃത്വം അഭിമുഖീകരിച്ചതാണ് പ്രതിപക്ഷചേരിയിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിനുമുമ്പ് നടന്ന ചില സർവേകളെ കണ്ണടച്ചു വിശ്വസിച്ചാണ് കോൺഗ്രസ് ഒറ്റക്ക് മത്സരിച്ചു വിജയിക്കാം എന്ന മനപ്പായസമുണ്ട് കളത്തിലിറങ്ങിയതും തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പരാജിതരായതും. മധ്യപ്രദേശ് നിയമസഭയിൽ പ്രാതിനിധ്യമുണ്ടായിരുന്ന, മുന്നണിയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ സമാജ്‍വാദി പാർട്ടിക്ക് ഒരു സീറ്റ് നൽകാൻപോലും കോൺഗ്രസ് തയാറായില്ല. രാജസ്ഥാൻ അസംബ്ലിയിൽ പ്രാതിനിധ്യമുണ്ടായിരുന്ന സി.പി.എമ്മിനും കോൺഗ്രസ് സീറ്റ് നൽകിയില്ല. മത്സരം നടന്ന സംസ്ഥാനങ്ങളിലെല്ലാം ഇൻഡ്യ മുന്നണിയിൽപെട്ട കൊച്ചുപാർട്ടികൾ വേറെയുമുണ്ടായിരുന്നു. ഈ പാർട്ടികളെയൊന്നുമടുപ്പിക്കാതെ ധിക്കാരപരമായ നിലപാടുമായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിനകത്തെ തമ്മിലടിയും പരാജയത്തിന് കാരണമായെന്നുള്ളത് പകൽപോലെ വ്യക്തമാണ്. മൃദുഹിന്ദുത്വ സമീപനമുള്ള കമൽനാഥിന്റെ പിടിവാശി ഒന്നുകൊണ്ടുമാത്രമാണ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഭോപാലിൽ നടത്താൻ നിശ്ചയിച്ചിരുന്ന മുന്നണി റാലി ഉപേക്ഷിക്കേണ്ടിവന്നത്. ബാബരി മസ്ജിദ് പൊളിച്ചതിലും രാമക്ഷേത്രനിർമാണത്തിലും ബി.ജെ.പിയെക്കാൾ പങ്കുവഹിച്ചത് കോൺഗ്രസാണെന്ന് പറഞ്ഞ് വോട്ടു നേടാൻ ശ്രമിച്ച കമൽനാഥ് ഈ തോൽവികൊണ്ടെങ്കിലും പാഠം പഠിക്കുമോ എന്ന് കണ്ടറിയണം. ന്യൂനപക്ഷങ്ങളും മതേതര ജനവിഭാഗങ്ങളും ഇക്കാരണങ്ങൾകൊണ്ടുതന്നെയാണ് കോൺഗ്രസിൽനിന്ന് അകന്നത്.
ഈ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് ഉയർത്തിപ്പിടിച്ചതാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന പ്രചാരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളും രാഷ്ട്രീയകേന്ദ്രങ്ങളും നടത്തുന്നുണ്ട്. പിന്നാക്ക സംവരണവിരുദ്ധ കേന്ദ്രങ്ങളാണ് ഈ പ്രചാരണത്തിനു പിന്നിൽ. മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗത്തെ ജാതി സെൻസസിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നുള്ളതാണ് വസ്തുത.
കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും മുഖ്യശത്രു ബി.ജെ.പിയാണ്. ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസ് മുഖ്യ എതിരാളിയായ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞത്. ഈ വിജയം കോൺഗ്രസിന് അഭിമാനിക്കാൻ വകനൽകുന്നതുതന്നെയാണ്. എന്നാൽ, ദേശീയ രാഷ്ട്രീയത്തിലെ മുഖ്യശത്രുവായ ബി.ജെ.പിയെ ഒരു സംസ്ഥാനത്തും പരാജയപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചില്ല എന്നത് നിരാശജനകവുമാണ്. രാഷ്ട്രീയ എതിരാളി ബി.ജെ.പിയാണെന്നിരിക്കെ അവരുടെ ശക്തികേന്ദ്രങ്ങളിൽ കരുത്ത് തെളിയിക്കാൻ കഴിയുംവിധത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആസൂത്രണംചെയ്യാൻ കോൺഗ്രസ് ശ്രമിക്കണം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിച്ച് ജയിച്ചപ്പോൾതന്നെ വലിയ വിമർശനം ഉണ്ടായതാണ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ തയാറായില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും ബി.ജെ.പി വിരുദ്ധ പ്രസംഗം ഒരു ആത്മാർഥതയും ഇല്ലാത്തതാണെന്ന് രാജ്യത്തെ ജനങ്ങൾ വിലയിരുത്തും.
ഇൻഡ്യ മുന്നണി ദേശീയാടിസ്ഥാനത്തിൽതന്നെകൂടി തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ് ഫലപ്രദം. സംസ്ഥാനാടിസ്ഥാനത്തിൽ മാത്രം ഘടകകക്ഷികൾ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയാൽ മതിയെന്നുള്ള ഇടതുപക്ഷമടക്കമുള്ള ചില പാർട്ടികളുടെ അഭിപ്രായങ്ങൾ പ്രായോഗികമാണെന്ന് തോന്നുന്നില്ല.
ഇടതുപാർട്ടികൾ ഇൻഡ്യ മുന്നണിയിൽ കൂടുതൽ സജീവമാകേണ്ടതായിട്ടുണ്ട്. ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് ആ രാഷ്ട്രീയ മുന്നണിയിൽ ഉണ്ടാക്കിയെടുത്ത പ്രാധാന്യം സി.പി.എമ്മും സി.പി.ഐയും ഇൻഡ്യയിലും നേടിയെടുക്കുകയാണ് വേണ്ടത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒന്നായിരിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല. ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ഭരണഘടനയും മതേതരത്വവും ഫെഡറലിസവും കാബിനറ്റ് സമ്പ്രദായവുമെല്ലാം തച്ചുതകർക്കപ്പെടുകതന്നെ ചെയ്യും. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചാൽ അതിന്റെ നേട്ടം ബി.ജെ.പിക്കായിരിക്കും.
ഈ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡ്യ മുന്നണി തകർന്നെന്ന പ്രചാരണം രാഷ്ട്രീയ എതിരാളികൾ ശക്തമായി നടത്തിവരുകയാണ്. അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽനിന്ന് ലഭിച്ച വിലപ്പെട്ട പാഠങ്ങൾ ഉൾക്കൊണ്ട് ഇൻഡ്യ മുന്നണി മുന്നോട്ടുപോകണമെന്നാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹങ്ങളെ കോൺഗ്രസും മറ്റ് ഇൻഡ്യ സഖ്യകക്ഷികളും എത്രമാത്രം വിലമതിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു വരുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.