ഈ പോരാട്ടം ബോംബുകൾക്കും പ്രൊപഗണ്ടകൾക്കുമെതിരെ
text_fieldsആയുധബലത്തിനപ്പുറം യുദ്ധവിജയത്തിന് സമൂഹമാധ്യമങ്ങളിലെ പ്രൊപഗണ്ടകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്റെ (പഴയ ട്വിറ്റർ) ഉടമയും ലോക കോടീശ്വരനുമായ ഇലോൺ മസ്കിന്റെ ഗസ്സ സന്ദര്‍ശനം. എക്സിൽ ഫലസ്തീന് അനുകൂല ഉള്ളടക്കങ്ങള്‍ക്ക് ഇടംനൽകുന്നുവെന്നതിന്റെ പേരിൽ മസ്ക് ജൂതവിരുദ്ധനാണെന്ന ആരോപണമുയർന്നു. ആപ്പിൾ, ഡിസ്നി, ആമസോൺ, ഐ.ബി.എം തുടങ്ങിയ കമ്പനികള്‍ പരസ്യം പിൻവലിക്കുമെന്ന ഭീഷണിയും മുഴക്കി. ഇതിനോട് മസ്ക് പ്രതികരിച്ചത് ‘നിങ്ങള്‍ എനിക്ക് പണം വാഗ്ദാനം ചെയ്യുന്നതോ അധികാരം വാഗ്ദാനം ചെയ്യുന്നതോ ഒന്നും ഞാൻ കാര്യമാക്കുന്നില്ല’ എന്നായിരുന്നു. സന്ദര്‍ശനശേഷം ന്യൂയോര്‍ക്ക് ടൈംസ് ഡീല്‍ബുക്ക് സമ്മിറ്റില്വെച്ച് സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തില്‍ മസ്ക് പറഞ്ഞത് തന്നെ ബഹിഷ്കരിക്കുന്നവര്‍ അതുമായി മുന്നോട്ട് പൊയ്ക്കോട്ടെ എന്നാണ്.
സമൂഹമാധ്യമങ്ങളിലെ ‘യുദ്ധം’
വിവരവിദ്യാകാലത്തെ യുദ്ധം മണ്ണിൽ മാത്രമല്ല, മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും കൂടിയുള്ളതാണ്. അധിനിവേശത്തെ ന്യായീകരിക്കാൻ ഇസ്രായേല്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന വിവരണങ്ങളുടെയും വീക്ഷണങ്ങളുടെയും വിതരണവും വിന്യാസവും ഒക്ടോബർ ഏഴിനുശേഷം പതിന്മടങ്ങായി. ഹമാസ് 40 കുഞ്ഞുങ്ങളെ തലയറുത്ത് കത്തിച്ചെന്ന നുണ യു.എസ് പ്രസിഡന്റ് ജോ ബൈഡൻപോലും പ്രചരിപ്പിച്ചത് ഓർക്കുമല്ലോ. അൽ-ഷിഫ ആശുപത്രിയില്‍ കിരാതമായ ആക്രമണം നടത്തുന്നതിന് മുമ്പ് ഹമാസിന്റെ സൈനിക ടണലുകളും കമാൻഡ് സെന്ററുകളും ആശുപത്രിയുടെ താഴെയുണ്ടെന്ന് വിവിധ മാധ്യമങ്ങളെ ഉപയോഗിച്ച് ഐ.ഡി.എഫ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അൽ-ഷിഫ ആശുപത്രിയില്‍ ചിത്രീകരിച്ച വിഡിയോയിൽ സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് പത്തോളം തോക്കുകൾ, വെടിമരുന്ന്, സംരക്ഷണ വസ്ത്രങ്ങൾ, ഹമാസ് സൈനിക യൂനിഫോമുകൾ എന്നിവ ഉള്‍പ്പെടെയുള്ള വിഡിയോകള്‍ പുറത്തുവിട്ടു. ഇവ ഇസ്രായേല്‍ സ്ഥാപിച്ചതാണെന്ന് സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകള്‍ തെളിവ് സഹിതം വ്യക്തമാക്കിയതോടെ ഐ.ഡി.എഫിന് ഈ നുണയും വിഴുങ്ങേണ്ടിവന്നു.
ഒക്ടോബർ 22ന് വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനുള്ളിലെ ഒരു പള്ളിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ബി.ബി.സി അവതരിപ്പിച്ചത് ‘ഹമാസ് സെല്ലിനെ ലക്ഷ്യമാക്കി ഇസ്രായേല്‍ ജെനിൻ മസ്ജിദിനെ ആക്രമിക്കുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു.
നുണ പ്രചാരണങ്ങളോടൊപ്പം ഇസ്രായേല്‍ മന്ത്രിമാരും ഔദ്യോഗിക വക്താക്കളും മാധ്യമപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളും ഫലസ്തീന് ജനതയെ മുഴുവനും അവരുടെ മതത്തിന്റെയും വംശത്തിന്റെയും പേരില്‍ സംസ്കാരശൂന്യരും മനുഷ്യവിരുദ്ധരുമായി സ്ഥാപിക്കുന്നതിനുള്ള പ്രസ്താവനകളും വിദ്വേഷ പ്രസംഗവും നടത്തിക്കൊണ്ടിരിക്കുകയാണ്.
ഫലസ്തീൻ അനുകൂല പ്രചാരണങ്ങളെ നേരിടുന്നതിനുള്ള പരസ്യങ്ങള്‍ക്കായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വൻതുക ഇസ്രായേല്‍ ചെലവഴിച്ചു. ഇസ്രായേല്‍ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഓരോ ദിവസവും ആയിരക്കണക്കിന് ലഘുലേഖകൾ ഇന്റർനെറ്റിലൂടെ വിവിധ ഭാഷകളില്‍ വിതരണം ചെയ്യപ്പെടുകയാണ്. വ്യാജ വാര്‍ത്തകള്‍ വ്യാപകമായതോടെ ഡിജിറ്റൽ സേവനനിയമത്തെ (Digital service act) മാനിക്കണമെന്ന് ഗൂഗിളിനെയും എക്സിനെയും യൂറോപ്യൻ യൂനിയൻ ഓർമിപ്പിച്ച സാഹചര്യംവരെയുണ്ടായി.
നമ്മുടെ മലയാളക്കരയിലും കാര്യങ്ങൾ ഒട്ടും വെടിപ്പല്ലല്ലോ. വെസ്റ്റ് ബാങ്കിലെ നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 13 പേർ ഇസ്രായേൽ വ്യോമാക്രമണം നടത്തി കൊലപ്പെടുത്തിയതിന്റെ പിറ്റേന്ന് ഒരു മലയാള പത്രം എഴുതിയത് നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ‘പരിശോധന നടത്തി’ എന്നായിരുന്നു.
സത്യത്തിന് കാവൽ നിന്നവർ
ഒക്ടോബര്‍ എട്ടുമുതൽ ഗസ്സയിലെ രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ ഭീകരാക്രമണം തുടരുന്നു. പതിനേഴായിരത്തിലേറെ ജീവനുകളാണ് നഷ്ടമായത്.
ഈ ജനതക്ക് നേരെയുള്ള ക്രൂരമായ അക്രമങ്ങള്‍, ഇൻക്യുബേറ്ററില്‍ മരണത്തോട് മല്ലിടുന്ന ചോരക്കുഞ്ഞുങ്ങള്‍, ചോരവാര്‍ന്ന് ജീവനുവേണ്ടി പിടയുന്നവർ തുടങ്ങി യുദ്ധഭൂമിയില്‍നിന്ന് ഒപ്പിയെടുത്ത വിഡിയോകളും ചിത്രങ്ങളും സമൂഹ-ഡിജിറ്റല്‍ മീഡിയകളിലൂടെ ലോകത്തിന് മുന്നില്‍ തുറന്നുവെക്കപ്പെട്ടു. കത്തുന്ന ഗസ്സയിൽനിന്ന് മുഅ്തസ് അസൈസ, മുഹമ്മദ് സാനൂൻ, മുഹമ്മദ് അൽ മസ്രി തുടങ്ങിയവർ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കപ്പെട്ടു.
വാഇല്‍ ദഅ്ദൂഹ് അടക്കമുള്ള അല്‍ ജസീറ പത്രപ്രവര്‍ത്തകരുടെ വിഡിയോകളും വാര്‍ത്തകളും ഗസ്സയിലേക്കുള്ള ലോകത്തിന്റെ ജാലകമായി. കടുത്ത ദുരിതങ്ങള്‍ക്കും നിസ്സഹായതക്കുമിടയിലും ഒരു ജനത നിലനിര്‍ത്തുന്ന പോരാട്ടവീര്യവും ക്ഷമയും നിശ്ചയദാര്‍ഢ്യവും ലോകത്തെ അത്ഭുതപ്പെടുത്തി. ഇസ്രായേല്‍ നടത്തുന്ന എല്ലാ നുണ പ്രചാരണങ്ങളെയും നിഷ്പ്രഭമാക്കുന്നതായിരുന്നു യാഥാര്‍ഥ്യത്തിനുനേരെ തുറന്നുവെച്ച ഈ കാമറക്കണ്ണുകള്‍.
2023 ഒക്ടോബർ 31 വരെയുള്ള രണ്ടാഴ്ചക്കുള്ളിൽ ടിക്ടോക്കിൽ ഫലസ്തീന്റെകൂടെ നില്ക്കുക (#StandwithPalestine) എന്ന ഹാഷ്ടാഗിന് ഇസ്രായേലിന്റെ കൂടെ നില്ക്കുക (#StandwithIsrael) എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുള്ള പോസ്റ്റുകളെക്കാള്‍ നാലിരട്ടി കാഴ്ചക്കാരാണുള്ളത്. ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തിന്റെ വിഡിയോകള്‍ ലോകത്താകമാനം ടിക്ടോക്കിലൂടെയും എക്സ് പ്ലാറ്റ്ഫോമിലൂടെയും ലഭ്യമായതോടെ, അമേരിക്കയിലും യൂറോപ്പിലുമടക്കമുള്ള യുവജനങ്ങൾ വംശഹത്യക്കെതിരെ സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി വ്യാപക പ്രതിഷേധങ്ങള്‍ നടത്തി. അമേരിക്കൻ സെനറ്റർമാരായ ജോഷ് ഹാവ്ലി, മാർക്കോ റൂബിയോ, ഹൗസ് പ്രതിനിധി മൈക്ക് ഗല്ലഗെർ എന്നിവരുൾപ്പെടെയുള്ള ശക്തരായ രാഷ്ട്രീയക്കാർ ടിക്ടോക്ക് (TikTok) ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് നിരോധിക്കാന്‍ ആഹ്വാനം ചെയ്തു. സമൂഹമാധ്യമങ്ങളിലെന്നപോലെ തെരുവുകളിലും കളി മൈതാനത്തും കോളജുകളിലും മെട്രോ സ്റ്റേഷനുകളിലും പത്രസമ്മേളനങ്ങളിലും യുവതലമുറ പ്രതിഷേധങ്ങള്‍ തീര്‍ത്തു. പ്രതിഷേധങ്ങള്‍ ആഗോളവ്യാപകമായത്തോടെ ഫലസ്തീന് വിരുദ്ധ ഇസ്രായേല്‍ പ്രൊപ്പഗണ്ട യുദ്ധം ഒരളവോളം നിഷ്ഫലമായി.
എക്സ് പ്ലാറ്റ്ഫോമിലും ടിക്ടോക്കിലും ഫലസ്തീന് വിരുദ്ധ ഉള്ളടക്കങ്ങളുടെ മറുപുറം ഏറ്റവും കൂടുതല്‍ തുറന്നുകാണിക്കുന്നത് പാശ്ചാത്യ ലോകത്തെ യുവ സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകളാണ്. ഒക്ടോബർ ഏഴിന് രാവിലെ മാത്രം ആരംഭിച്ച ഒരു ഏറ്റുമുട്ടലായി ഫലസ്തീന് പ്രശ്നത്തെ രൂപപ്പെടുത്താനുള്ള ആഖ്യാനങ്ങള്‍ക്കപ്പുറം, അധിനിവേശത്തിന്റെയും ഫലസ്തീന് ജനത കടന്നുവന്ന കിരാതമായ ക്രൂരതകളുടെയും ചരിത്രം പഠിക്കാന്‍ പുതുതലമുറ മുന്നോട്ടുവന്നു. തങ്ങളുടെ പി.ആര് തന്ത്രങ്ങള്‍ പരാജയപ്പെടുന്നെന്ന തിരിച്ചറിവ് ഇസ്രായേലിനെയും അമേരിക്കയെയും തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. അമേരിക്കയിലെ ഹില്ട്ടന് ഹോട്ടലില്‍ തീരുമാനിച്ച ഫലസ്തീന് അനുകൂല പരിപാടി ഓർത്തഡോക്സ് ജൂത ചേംബർ ഓഫ് കൊമേഴ്സ് സമ്മര്‍ദം കാരണം റദ്ദാക്കേണ്ടിവന്നു. യു.എസിലെ പബ്ലിക് റേഡിയോയിൽ ഇസ്രായേല്‍-ഫലസ്തീൻ സംഘർഷത്തെക്കുറിച്ചുള്ള ഫലസ്തീന് അനുകൂല ‘A Day in the Life of Abed Salama: A Palestine Story’ പുസ്തകത്തിന്റെ പരസ്യം ‘ശ്രോതാക്കളുടെ പരാതികൾ’ കാരണം പിൻവലിച്ചു.
അൽ ഷിഫ ആശുപത്രിയെക്കുറിച്ചും തലയറുക്കപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചും പറഞ്ഞത് കല്ലുവെച്ച നുണകളാണെന്ന് ലോകം തിരിച്ചറിഞ്ഞു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ സ്വന്തം ജനതയെ ഇസ്രായേല്‍തന്നെ കൊന്നൊടുക്കിയെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ക്കുതന്നെ വെളിപ്പെടുത്തേണ്ടിവന്നു. താൽക്കാലിക വെടിനിര്‍ത്തല്‍ സമയത്ത് മോചിപ്പിക്കപ്പെട്ട ബന്ദികള്‍ ഹമാസ് പോരാളികളോട് ചിരിച്ചും സന്തോഷിച്ചും സലാം പറഞ്ഞും പിരിഞ്ഞ് പോകുന്ന ചിത്രങ്ങള്‍ ലോകം ഏറ്റെടുത്തു. ഹമാസ് വിട്ടയച്ചവരെ അഭിമുഖം ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ ഇസ്രായേല്‍ വിലക്കി. മറുഭാഗത്ത് ഫലസ്തീന് കുട്ടിയായ ബന്ദിയെ കൈമാറുന്നതിന് മുമ്പായി ക്രൂരമായ ആക്രമണത്തിന് വിധേയമാക്കിയതിന്റെയും രണ്ടു കൈയും തല്ലി ഒടിച്ചതിന്റെയും അവരുടെ കുടുംബത്തെ വീടുകളില്‍ ആക്രമിക്കുന്നതിന്റെയും ക്രൂരചിത്രങ്ങളും ലോകം കണ്ടു. കഴിഞ്ഞ എഴുപത്തഞ്ച് വർഷമായി ഫലസ്തീന് ജനതയെ പൈശാചികവത്കരിക്കാനും സ്വന്തം ദേശത്തുനിന്ന് അവരെ പുറത്താക്കാനുമുള്ള ശ്രമങ്ങൾ തുടരുന്ന ഇസ്രായേൽ ഇക്കുറി ബോംബുകൾക്കും ടാങ്കുകൾക്കുമൊപ്പം സമൂഹമാധ്യമങ്ങളെ അക്രമാസക്തമാം വിധം കൂട്ടുപിടിച്ചു.
എങ്കിലെന്ത്? ആയുധങ്ങളെയെന്നപോലെ നുണയുദ്ധത്തെയും ഐതിഹാസികമായി ചെറുത്തുനിൽക്കുകയാണ് ഫലസ്തീൻ ജനത.
arshad.el@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.