വാനോളമുയരണം ഈ പതാക
text_fieldsജനപങ്കാളിത്തത്തിലൂടെയും നീതിയുക്തമായ തെരഞ്ഞെടുപ്പിലൂടെയും ശരിയായ ജനാധിപത്യ ഭരണമാണ് ഇപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത് - ബംഗ്ലാദേശിൽ ഏറ്റവും പ്രചാരമുള്ള പ്രൊതോം അലോ ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററും പ്രശസ്ത ബംഗാളി കവിയുമായ സജ്ജാദ് ശരീഫ് എഴുതുന്നു
ബംഗ്ലാദേശിന്റെ മാനത്ത് ഇന്നലെയുദിച്ചത് പുത്തനാമൊരു സൂര്യനായിരുന്നു. നാനൂറിലേറെ വിദ്യാർഥികളുടെ ചോരയാൽ ചുവന്ന സൂര്യൻ പുതിയ അവസരങ്ങളും പ്രതീക്ഷകളും നൽകിയാണ് ഉദയംകൊണ്ടത്. കുറെ ദിവസങ്ങളായി ഈ രാജ്യം അക്ഷരാർഥത്തിൽ മരണത്തിന്റെ താഴ്വരയായിരുന്നു.
വിവേചനപൂർണമായ ക്വോട്ട സമ്പ്രദായത്തിനെതിരെ ജൂലൈ ഒന്നുമുതൽ തികച്ചും അഹിംസാത്മക സമരമാണ് വിദ്യാർഥികൾ നടത്തിവന്നത്. എന്നാൽ, ശൈഖ് ഹസീനയുടെ ധാർഷ്ട്യം നിറഞ്ഞ നിലപാടും അവരുടെ പാർട്ടിക്കാരും ഭരണകൂട സേനകളും അഴിച്ചുവിട്ട അതിരുവിട്ട അതിക്രമങ്ങളും സംഗതികളെ നരകതുല്യമാക്കി. ജൂലൈ 16ന് ബീഗം റുഖിയ സർവകലാശാലയിലെ അബൂ സഈദ് എന്ന വിദ്യാർഥി രക്തസാക്ഷിത്വം വരിക്കുന്ന കാഴ്ച നാടിന്റെ നെഞ്ചകത്തിൽ നോവു പരത്തി.
ചർച്ചകൾക്ക് സന്നദ്ധയാണെന്ന് പറയുന്ന മാത്രയിൽതന്നെ വിദ്യാർഥി-യുവജനങ്ങൾക്കെതിരെ ക്രൂര അതിക്രമങ്ങളും തുടർന്നു ഹസീന. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കുറഞ്ഞത് 400 പേരാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്. 1200േലറെേപ്പരെ തടങ്കലിലിട്ടു.
ഈ കൊടിയ അടിച്ചമർത്തലിനെതിരെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ പൊതുജനങ്ങളും അധ്യാപകരും അഭിഭാഷകരും കലാകാരന്മാരും തൊഴിലാളികളുമെല്ലാം കൈകോർത്തിറങ്ങി. അഭൂതപൂർവമായ ജനകീയ പ്രക്ഷോഭത്തിൽ അവാമികളും ബി.എൻ.പിക്കാരും ഇടതരും വലതരുമെല്ലാം തോളോടുതോൾ ചേർന്ന് നിന്നു. അവർ ഉന്നയിച്ചത് ഒരേയൊരാവശ്യമാണ് - ഹസീന രാജിവെക്കണം.
വിദ്യാർഥി സമര പശ്ചാത്തലത്തിൽ പൊടുന്നനെ പൊട്ടിമുളച്ച ഒരാവശ്യമല്ലിത്. 2009ൽ അധികാരത്തിലേറിയശേഷം തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ നിയന്ത്രണം കൈക്കലാക്കിയ ഹസീന ഒന്നര പതിറ്റാണ്ടായി തുടരുന്ന ശ്വാസംമുട്ടിക്കുന്ന ഏകാധിപത്യമാണ് ഇതിന്റെ മൂലകാരണം. അവർ പ്രതിപക്ഷ ശബ്ദങ്ങളെയും മാധ്യമങ്ങളെയും ഞെരിച്ച് ശ്വാസംമുട്ടിച്ചു.
600േലറെപ്പേർ നിർബന്ധിത തിരോധാനത്തിനിരയായി, പ്രതിപക്ഷ ശബ്ദങ്ങളെയും മാധ്യമങ്ങളെയും ഞെരിച്ച് ശ്വാസം മുട്ടിച്ചു, എണ്ണമറ്റ രാഷ്ട്രീയ പ്രവർത്തകരാണ് ജയിലിലും പുറത്തുമായി ദുരിതപ്പെടുന്നത്. അഴിമതി, സ്വജനപക്ഷപാതം, കള്ളപ്പണമൊഴുക്ക് എന്നിവയെല്ലാംകൊണ്ട് സമ്പദ്വ്യവസ്ഥ പാടേ തകർന്നു.
അതിജീവനത്തിനായി ആശിച്ച മനുഷ്യരുടെയുള്ളിൽ കുന്നുകൂടിയ രോഷത്തിന്റെ പൊട്ടിത്തെറിയായിരുന്നു ഈ ജനകീയ പ്രക്ഷോഭം. അതിനൊടുവിലപ്പോൾ ദുർഭരണം അനിവാര്യമായ അന്ത്യം പുൽകിയിരിക്കുന്നു. വിദ്യാർഥികളുടെ വിവേകവും ആർജവവുമാണ് ഇത് സാധ്യമാക്കിയത്. നിർഭയ ഹൃദയത്തോടെ ജനം ഈ മുന്നേറ്റത്തെ ശക്തിപ്പെടുത്തി.
പുതു യുഗപ്പിറവിക്കായി ജീവൻ ബലിയർപ്പിച്ചവരോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. അവരുടെ വിയോഗദുഃഖത്തിൽ ഞങ്ങൾ തലകുനിക്കുകയും അവരെയോർത്ത് അഭിമാനത്തോടെ തല ഉയർത്തുകയും ചെയ്യുന്നു. ബംഗ്ലാ ചരിത്രത്തിലെ ഈ അസാധാരണ സമയത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.
തലസ്ഥാനത്തുൾപ്പെടെ രാജ്യവ്യാപകമായി നിർഭാഗ്യകരമായ പകപോക്കൽ സംഭവങ്ങളും നടമാടുന്നുണ്ട്. രാജ്യത്തെ സംബോധന ചെയ്ത സൈനിക മേധാവി അരാജകത്വവും അതിക്രമങ്ങളും അവസാനിപ്പിക്കാൻ ആഹ്വാനംചെയ്തിരിക്കുന്നു. സർവനാശത്തിന്റെ കാലത്തിന് അവസാനമായിരിക്കുന്നു. ഇനി നിർമാണാത്മക കാലമാണ്.
സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ വിവിധ ജനകീയ പ്രക്ഷോഭങ്ങൾ ജനങ്ങളുടെ സ്വപ്നങ്ങളെ വാനോളമുയർത്തിയിരുന്നു; പക്ഷേ, ചുരുങ്ങിയ കാലത്തിനുള്ളിൽ അവയെല്ലാം തകർന്നു. ഇക്കാലമത്രയും നാം കണ്ടത് തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളുടെയും സൈന്യത്തിന്റെയും സ്വേച്ഛാധിപത്യങ്ങളാണ്.
ജനപങ്കാളിത്തത്തിലൂടെയും നീതിയുക്തമായ തെരഞ്ഞെടുപ്പിലൂടെയും ശരിയായ ജനാധിപത്യ ഭരണം കൈവരിക്കാനാണ് ഇപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നത്. ജ്ഞാനികളും പരിചയസമ്പന്നരുമായ പൗരസമൂഹ പ്രതിനിധികളും വിദ്യാർഥി ശക്തിയും തമ്മിലെ സംവാദത്തിലൂടെയാണ് മുന്നോട്ടുള്ള വഴി രൂപപ്പെടുത്തേണ്ടത്.
മഹാകവി രവീന്ദ്രനാഥ ടാഗോർ ഒരിക്കലെഴുതി, ‘‘നിങ്ങൾ പതാക ഏൽപിക്കുന്നവർക്ക്, അത് വഹിക്കാനുള്ള ശക്തികൂടി പകർന്നുനൽകുക’’യെന്ന്. വിജയകരമായ ഒരു മുന്നേറ്റത്തിന്റെ പതാകയാണിപ്പോൾ നാം കൈയേന്തുന്നത്, അത് അന്തസ്സോടെ ഉയർത്തിപ്പിടിച്ച് മുന്നോട്ടു കുതിക്കാനും നമുക്ക് സാധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.