ഇവിടെ നടക്കുന്നത് യുദ്ധമല്ല വംശഹത്യയാണ്
text_fieldsലോകത്തെ മറ്റേതൊരു നാട്ടിലെയും പോലെ ഗസ്സയിലെ വീടുകൾക്കുള്ളിലും കുഞ്ഞുങ്ങൾ പിതാവിെൻറ ചുമലിൽ ചാരിയിരിക്കുന്നുണ്ടാവും, അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിഭവങ്ങളും പറയുന്നുണ്ടാവും. പക്ഷേ പൊടുന്നനെ കേൾക്കുന്ന ബോംബിെൻറ മുഴക്കം സംസാരങ്ങളെ പാതിവഴിയിൽ മുറിക്കുന്നു. ബോംബുകളും മിസൈലുകളും ആ വീടിനെ ഉന്നമിടുകയും അവ പതിക്കുകയും ചെയ്യുന്നതോടെ ആ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവസാനിക്കുന്നു -ഗസ്സയിലെ മാധ്യമ പ്രവർത്തക റുവൈദ അമീർ എഴുതുന്നു
ലോക മാധ്യമങ്ങൾ ഇവിടെ യുദ്ധം നടക്കുന്നുവെന്ന് പറയുന്നു, പക്ഷേ ഗസ്സയിൽ ഞങ്ങളിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത് യുദ്ധമല്ല. വീടുകളിൽ സുരക്ഷിതരായി ജീവിക്കാൻ അവകാശമുള്ള മനുഷ്യരെ ഉന്നമിട്ടാണ് കൂറ്റൻ മിസൈലുകളും ബോംബുകളും പാഞ്ഞുവരുന്നത്. കുടുംബങ്ങളെ ഒന്നാകെ ഉന്മൂലനം ചെയ്യുക എന്നതാണ് കൊലയാളികളുടെ ലക്ഷ്യം.
ലോകത്തെ മറ്റേതൊരു നാട്ടിലെയും പോലെ ഗസ്സയിലെ വീടുകൾക്കുള്ളിലും കുഞ്ഞുങ്ങൾ അവരുടെ പിതാവിന്റെ ചുമലിൽ ചാരിയിരിക്കുന്നുണ്ടാവും, അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിഭവങ്ങളും പറയുന്നുണ്ടാവും. പക്ഷേ പൊടുന്നനെ കേൾക്കുന്ന ബോംബിന്റെ മുഴക്കം അവരുടെ സംസാരങ്ങളെ പാതിവഴിയിൽ മുറിക്കുന്നു. ബോംബുകളും മിസൈലുകളും ആ വീടിനെ ഉന്നമിടുകയും അവ പതിക്കുകയും ചെയ്യുന്നതോടെ ആ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവസാനിക്കുന്നു.
രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളുണ്ടാവാറുണ്ട്. അതിൽ ഇരുപക്ഷത്തും സൈന്യങ്ങളുണ്ടാവും, ആയുധങ്ങളും വിമാനങ്ങളുമുണ്ടാവും. പക്ഷേ ഇവിടെ അങ്ങനെയൊന്നുമല്ല. 17 വർഷമായി 360 ചതുരശ്ര കിലോമീറ്ററിനുള്ളിൽ തടങ്കൽപാളയത്തിലെന്നപോലെ കഴിയുന്ന 23 ലക്ഷം സാധാരണ മനുഷ്യർക്ക് നേരെ എല്ലാം ഏകപക്ഷീയമാണ്.
ഉപരോധത്തെയും ഇല്ലായ്മകളെയുമെല്ലാം പരമാവധി അവഗണിച്ച് ജീവിക്കാൻ ശ്രമിച്ചു വരുകയായിരുന്നു ഞങ്ങൾ. പക്ഷേ, ഇപ്പോൾ ഇവിടെ കണ്ണുനീർ ഒഴിയുന്നതേയില്ല: മരണത്തിന്റെയും നാശത്തിന്റെയും കാഴ്ചകളും. ഞങ്ങൾ വാർത്ത ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു, ഒരു പക്ഷേ അടുത്ത വാർത്ത എന്നെക്കുറിച്ചായിരിക്കും.
ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് മുമ്പ് ഞങ്ങൾ മൂന്നു നേരം ഭക്ഷണം കഴിച്ചിരുന്നു, ഇപ്പോഴത് ഒരു നേരമായി ചുരുങ്ങി. ഗസ്സയിലേക്കുള്ള ഭക്ഷണ വിതരണം ഇസ്രായേൽ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
പകൽ നേരം ഇവിടെ പലതരം സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ കഴിയും. മിസൈൽ ആകാശത്തു നിന്നാണോ, കരയിൽ നിന്നാണോ ടാങ്കുകളിൽ നിന്നാണോ തൊടുത്തുവിട്ടത് എന്നതനുസരിച്ച് ആ ശബ്ദത്തിന് മാറ്റമുണ്ടാവും. ശബ്ദത്തിൽ മാത്രമെ വ്യത്യാസമുള്ളൂ-എല്ലാം കൊല്ലാനും നശിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ്.
വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടി വരുന്നത് കുട്ടികൾക്ക് വല്ലാത്ത ശ്വാസംമുട്ടലാണ്. അവർ ആർപ്പുവിളികളോടെ തെരുവിലിറങ്ങി കളിക്കുന്നു. ആകാശത്തുനിന്ന് ശബ്ദം കേൾക്കുമ്പോൾ അവർ നിലവിളിച്ചോടി വീടുകളിലേക്ക് തിരികെ കയറുന്നു. അവ അകന്നുപോയാൽ അവർ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങുന്നു.
പകൽനേരങ്ങളിൽ ഞങ്ങൾ അവശ്യകാര്യങ്ങൾ നിർവഹിക്കാൻ ഓടിനടക്കുന്നു. പാത്രങ്ങളിൽ വെള്ളം നിറക്കണം, മാർക്കറ്റിൽനിന്ന് ഭക്ഷണ സാധനങ്ങൾ സംഘടിപ്പിക്കണം. റൊട്ടി കിട്ടുക എന്നത് ഒട്ടും എളുപ്പമല്ല, ബേക്കറികൾക്ക് മുന്നിലെ ക്യൂ ഒന്ന് ഒതുങ്ങിക്കിട്ടാൻ ഏഴോ എട്ടോ മണിക്കൂർ കാത്തു നിൽക്കണം.
ബേക്കറിയിൽനിന്ന് ലഭിക്കാനുള്ള ബുദ്ധിമുട്ടോർത്ത് റൊട്ടി വീട്ടിൽ തന്നെ ഉണ്ടാക്കാനായിരുന്നു ഉമ്മയുടെ തീരുമാനം. പക്ഷേ പാചകത്തിനാവശ്യമായ ഗ്യാസും റൊട്ടിയുണ്ടാക്കാനുള്ള ഗോതമ്പ് മാവുമൊന്നും ഇപ്പോൾ കിട്ടാനില്ല.
ഗസ്സയിലേക്കുള്ള ഇന്ധനവും വൈദ്യുതിയുമെല്ലാം ഇസ്രായേൽ തടഞ്ഞിരിക്കുന്നു. ജോലി ആവശ്യാർഥം എല്ലാ ദിവസവും ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യണമെനിക്ക്. പക്ഷേ വീട്ടിൽ വൈദ്യുതിയോ ബദൽ സംവിധാനങ്ങളോ ഇല്ല. ഞാൻ താമസിക്കുന്നത് യൂറോപ്യൻ ഹോസ്പിറ്റലിനടുത്തായതിനാൽ ഒരു സൗകര്യമുണ്ട്.
എല്ലാ ദിവസവും ഫോണും ലാപ് ടോപ്പും അവിടെ കൊണ്ടുപോയി ചാർജ് ചെയ്ത് കൊണ്ടുവരുന്നു ഉപ്പ. ആശുപത്രിയിലെ ജനറേറ്റർ സൗകര്യം കൂടി ഇല്ലാതായാൽ അതും നിലക്കും. ചുറ്റുപാടും എന്താണ് നടക്കുന്നത് എന്നറിയാനുള്ള വാതിലുമടയും. ഈ വംശഹത്യ റിപ്പോർട്ട് ചെയ്യുന്നതും എനിക്കവസാനിപ്പിക്കേണ്ടി വരും.
പകലിലെ അധ്വാനത്തിന്റെ ക്ഷീണം മാറും വരെ വിശ്രമിക്കാനായി ഈ സംഭവങ്ങൾക്ക് മുമ്പ് രാത്രികൾ ദീർഘമാവാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു, പക്ഷേ ഇപ്പോൾ രാത്രികൾ എത്രയും വേഗം ഒന്ന് അവസാനിച്ചു കിട്ടിയെങ്കിൽ എന്നാണ് ഞങ്ങൾ വിചാരിക്കാറ്. ക്ലോക്കിലേക്ക് തുടരെ തുടരെ നോക്കും, വളരെ പതുക്കെയാണ് രാത്രി അവസാനിച്ച് നേരം പുലരുന്നത്.
സുരക്ഷയെക്കരുതി ഞങ്ങൾ കുടുംബാംഗങ്ങൾ മുഴുവൻ ഒരു മുറിയിലാണ് ഉറങ്ങാൻ കിടക്കുക. ഉറക്കം പക്ഷേ കഷ്ടിയാണ്. ബോംബുകളുടെ ശബ്ദത്തിൽ വീടുകൾ കുലുങ്ങിക്കൊണ്ടിരിക്കെ എങ്ങനെ ഉറങ്ങാനാണ്? ഇനി ഏതെങ്കിലും വിധേനെ ഒരൽപം ഉറക്കം കിട്ടിയെന്നു തന്നെ കരുതുക-പൊടുന്നനെ യുദ്ധത്തിന്റെ ദൃശ്യങ്ങളുമായി സ്വപ്നങ്ങൾ വന്നു തുടങ്ങും.
രക്തസാക്ഷികൾ, ഉടൽ മുറിഞ്ഞ കുഞ്ഞുങ്ങൾ, കഫൻ പുടവയിൽ പൊതിഞ്ഞ മൃതദേഹങ്ങൾ.... ഞെട്ടിയെണീറ്റ് ഞങ്ങൾ അടുത്തു കിടക്കുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തും. പിന്നെ ഉറക്കമില്ലാതെ കിടന്ന് രാത്രി തള്ളിനീക്കും. ഞങ്ങൾ രാത്രികളിൽ മരണത്തെ മുഖാമുഖം കാണുന്നു, ലോകം പിറ്റേ ദിവസം അതേക്കുറിച്ചറിയുന്നു. ഇവിടെ സംഭവിക്കുന്നതിനെ യുദ്ധമെന്ന് വിളിക്കരുത്- ഇത് ആസൂത്രിതമായ വംശീയ ഉന്മൂലനം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.