ആശാനെ നമുക്ക് നഷ്ടമായതിങ്ങനെ
text_fieldsമഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരുടെ മരണത്തിനിടയാക്കിയ റെഡീമർ ബോട്ട് ദുരന്തത്തിന് നൂറാണ്ട്. പരക്കെ പ്രചരിക്കപ്പെടുന്നതു പോലെ ആശാന്റെ മരണം ബോട്ടിനുള്ളിൽ വെച്ചായിരുന്നില്ല, രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു ലേഖകൻ
അന്വേഷണം
ആശയഗംഭീരനായുള്ളൊരാശാനും
അക്കരയെത്തിയവശനായ്
നിൽക്കുമ്പോൾ
ആഴത്തിൽ നിന്നുള്ള
ആർത്തനാദം കേട്ട്
ആ സ്നേഹഗായകൻ ആരെയോ
രക്ഷിക്കാൻ
അന്തമില്ലാത്തൊരാഴത്തിൽ
പൊയ് പോയി
അന്ത്യയാത്രയാണതെന്നാരുമറിഞ്ഞില്ല
പിന്തുണയും പിടിവള്ളിയും കിട്ടാതെ
പൊന്താൻ കഴിയാതെ യാത്രയായി
(കവിയുടെ സ്മാരകം-തൃക്കുന്നപ്പുഴ പ്രസന്നൻ)
ഇന്നേക്ക് നൂറു വർഷം മുമ്പ്, 1924 ജനുവരി 17 ന്, സൂര്യനുദിച്ചിട്ടില്ല, കായംകുളം കായലിൽനിന്ന് ആലപ്പുഴക്ക് കയറുന്ന, ഇന്ന് കുമാരകോടി എന്നറിയപ്പെടുന്ന പല്ലനയിലെ വളവ്. അവിടെയെത്തിയപ്പോൾ, തിരുവിതാംകൂർ- കൊച്ചിൻ മോട്ടോർ സർവിസിന്റെ റെഡീമർ എന്ന യന്ത്രബോട്ട് വേഗം കുറച്ച് ഡിക്ലെച്ചിങ് നടത്തി കയറിപ്പോകാനുള്ള പരിശ്രമം ഫലപ്രദമാകാതെ വലതുവശം ചേർന്ന് മറിഞ്ഞു.
യാത്രക്കാരിൽ പലരും ഉറക്കമായിരുന്നു. ബോട്ട് മറിയുന്ന ശബ്ദവും നിലവിളിയും കേട്ട് പലരും ഞെട്ടിയുണർന്നു. വെള്ളത്തിൽ വീണ ചിലർ മനഃസ്ഥിതി വീണ്ടെടുത്ത് കരലക്ഷ്യമാക്കി ഇരുട്ടിൽ എങ്ങോട്ടോ നീന്തി. നീന്തൽ വശമില്ലാത്തവർ മറിഞ്ഞ ബോട്ടിന്റെ ഗ്രില്ലിലും ഉയർന്നുനിന്ന ഭാഗങ്ങളിലും പിടിച്ച് കിടന്നു. ഒന്നു രണ്ട് വലിയ വള്ളങ്ങൾ വേഗത്തിലെത്തി പലരെയും പിടിച്ചുകയറ്റി കരയിലെത്തിച്ചു.
അപ്പർ ഡെക്കിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം പലരും ബോട്ടിൽ കുടുങ്ങിക്കിടന്നു. ശ്വാസം കിട്ടാതെ പലരും മരണം വരിച്ചു. മലയാളത്തിന്റെ മഹാകവി കുമാരനാശാനുൾപ്പെടെ 24 പേരുടെ മരണത്തിനിടയാക്കിയ ആ ദുരന്തം അത്യാഗ്രഹത്തിന്റെയും അശ്രദ്ധയുടെയും പ്രതിഫലനമായിരുന്നു. പരക്കെ പ്രചരിക്കപ്പെടുന്നതു പോലെ ആശാന്റെ മരണം ബോട്ടിനുള്ളിൽ വെച്ചായിരുന്നില്ല.
നീന്തി കരക്ക് കയറിയ കുമാരനാശാൻ രക്ഷാപ്രവർത്തനത്തിനിറങ്ങുകയും ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശരീരം കുഴഞ്ഞ് വെള്ളത്തിലേക്ക് താഴ്ന്നുപോവുകയുമായിരുന്നു. കൂടെ വന്നവരും ഓടിക്കൂടിയവരും 26 മണിക്കൂർ കഴിഞ്ഞാണ് ആശാൻ ഇനി ഓർമ മാത്രമാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്.
‘ആശാന്റെ മൃതശരീരം കരക്കുകയറ്റിയപ്പോൾ അവിടെ കൂടിയിരുന്ന ജനങ്ങൾക്ക് കണക്കുണ്ടായിരുന്നില്ല... ഇദ്ദേഹത്തിന്റെ ദേഹവിയോഗം മലയാള സാഹിത്യത്തിനും അധഃകൃത വർഗക്കാർക്കും തിരുവിതാംകൂർ രാജ്യത്തിനും ഒരു വലിയ നഷ്ടമായി തീർന്നിട്ടുണ്ടെന്നതിന് സംശയമില്ല’ (മാതൃഭൂമി ദിനപത്രം, 1924 ജനുവരി 22)
95 പേർക്ക് മാത്രം കയറാൻ ലൈസൻസ് നൽകിയിരുന്ന ബോട്ടിൽ 128 പേരാണ് ആ രാത്രി സഞ്ചരിച്ചത്. കേരളത്തിന്റെ ഗതാഗത ചരിത്രത്തെ പിടിച്ചുകുലുക്കിയ പല്ലനയാറ്റിലെ ഈ ‘തീബോട്ട് അപകട’ത്തെക്കുറിച്ച് ബ്രിട്ടീഷിന്ത്യ ഒട്ടുക്കുള്ള അക്കാലത്തെ പത്രങ്ങളിൽ വാർത്തകൾ നിറഞ്ഞുനിന്നു.
സാധാരണ റോഡ് ഗതാഗതം അത്രകണ്ട് വികസിക്കാതിരുന്ന അക്കാലത്ത് ജലഗതാഗതം ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായി ജനം കണ്ടു. മാത്രമല്ല, കൊല്ലംമുതൽ വടക്കോട്ടുള്ള ജലപാത പൊതുവേ ചരക്കുകടത്തുന്നതിനും യാത്രാ ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചും വന്നിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തോടുകൂടി യൂറോപ്യൻ കമ്പനികൾ യന്ത്ര ബോട്ടുകളും ആവി ബോട്ടുകളും കൊണ്ടുവന്ന് യാത്രാ സൗകര്യം വർധിപ്പിച്ചു. അത്തരത്തിൽ വളർന്നുവന്ന നിരവധി കമ്പനികളിലൊന്നായിരുന്നു ചേർത്തലക്കാരൻ വർക്കി മത്തായിയുടെ ‘റെഡീമർ’. കൊല്ലത്തും ആലപ്പുഴയും ഓഫിസുണ്ടായിരുന്ന അവരുടെ പ്രധാന പ്രവർത്തനമേഖല കൊല്ലമായിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്ന മുറജപത്തിൽ പങ്കെടുത്തു മടങ്ങുന്ന നമ്പൂതിരിമാരും സാധാരണ യാത്രക്കാരും നിറഞ്ഞ അന്തരീക്ഷമായിരുന്നു ആ രാത്രി കൊല്ലം ബോട്ട് ജെട്ടിയിൽ കാണാൻ കഴിഞ്ഞത്. രാത്രി പത്തരക്ക് പുറപ്പെട്ട റെഡീമർ ബോട്ടിൽ അധികാരികളുടെ കണ്ണ് വെട്ടിച്ചുകൊണ്ടും ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയും അധികം ആളുകളെ കയറ്റി.
ജെട്ടിയിൽനിന്ന് കയറ്റിയവരെ കൂടാതെ സമീപത്തെ തേവള്ളി കൊട്ടാരവളപ്പിലെ യാർഡിലേക്കും ബോട്ട് അടുപ്പിച്ച് ജീവനക്കാർ ക്യാൻവാസ് ചെയ്തു നിർത്തിയിരുന്ന കുറച്ച് യാത്രക്കാരെ കയറ്റി. ബോട്ടിന് ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ വലിയൊരു യാത്രാ സംഘംതന്നെ അങ്ങനെ അതിൽ കയറിക്കൂടി. മുറജപം കഴിഞ്ഞ് മടങ്ങുന്നവരുടെ കൈവശം നിരവധി ലഗേജുമുണ്ടായിരുന്നു.
അതുകൂടി കണക്കാക്കിയാൽ കയറ്റേണ്ട ആളുകളുടെ എണ്ണം 95 ൽനിന്ന് വീണ്ടും താഴും. എന്നാൽ, ടിക്കറ്റുകളിൽ കൃത്രിമം നടത്തിയും അധിക തുക ഈടാക്കിയും റെഡീമറിലെ ജീവനക്കാർ സ്വന്തം സാമ്പത്തിക ലാഭത്തിനായി പ്രയത്നിച്ചു. ബോട്ട് നിയന്ത്രിച്ചിരുന്ന സ്രാങ്ക് സൈമണിന്റെ പരിചയക്കുറവും പ്രശ്നകാരണമായി.
അപകടമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയ സർക്കാർ പ്രതിനിധി കൂടിയായ കനാൽ സൂപ്രണ്ട് പി.ഐ. കോശി കുറിച്ചെടുത്ത 105 പേരുടെ വിവരങ്ങൾവെച്ച് എത്ര പേർ ബോട്ടിലുണ്ടായിരുന്നു, എത്ര പേർ അപകടത്തിൽ ഉൾപ്പെട്ടു എന്നരീതിയിൽ ഒരു കണക്കെടുക്കാൻ സാധിച്ചു.
1924 ജനുവരി 31ന് പുറത്തുവന്ന ഉത്തരവ് പ്രകാരം കേരള ചരിത്രത്തിലെ ആദ്യത്തെ ജുഡീഷ്യൽ കമീഷൻ റെഡീമർ ദുരന്തമന്വേഷിക്കാൻ നിലവിൽവന്നു. ജസ്റ്റിസ് പി. ചെറിയാന്റെ നേതൃത്വത്തിലെ അഞ്ചംഗ കമീഷൻ ദക്ഷിണേന്ത്യയിലെ നിരവധി പത്രങ്ങളിൽ പരസ്യങ്ങൾ നൽകിയും വിവിധ സ്ഥലങ്ങളിൽ സിറ്റിങ് നടത്തിയും ബോട്ട് യാത്രക്കാരിൽനിന്നും രക്ഷാപ്രവർത്തനം നടത്തിയവരിൽനിന്നും തെളിവുകൾ ശേഖരിച്ചു. 1924 ഏപ്രിൽ 9 ന് കമീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു.
അമിത ഭാരവും (61 ക്യൂബിക് അടി ലഗേജ്) മുകൾ ഡക്കിലെ യാത്രക്കാരുടെ എണ്ണവും അനുഭവസമ്പത്തില്ലാത്ത സ്രാങ്കിന്റെ ഇടപെടലും അപകടത്തിനിടയാക്കി എന്ന കണ്ടെത്തൽ തിരുവിതാംകൂർ സർക്കാർ അംഗീകരിച്ചു.
അപകടങ്ങൾക്ക് കാരണക്കാരായ ജെട്ടി സൂപ്രണ്ട്, ബോട്ട് മാസ്റ്റർ എന്നിവരെ ശിക്ഷിക്കുന്നതിനും അപകടസ്ഥലത്ത് മികച്ച പ്രകടനം നടത്തിയ തോട്ടപ്പള്ളി ലോക്ക് സൂപ്രണ്ട് പി.ഐ. കോശി, മൂന്ന് പൊലീസുകാർ (PC 1251 - കുഞ്ഞുപ്പിള്ള , PC 855 - നാരായണ അയ്യർ, PC 554 -രാമകൃഷ്ണ അയ്യർ) എന്നിവർക്ക് റിവാർഡ് നൽകാനും സർക്കാർ തയാറായി.
ബോട്ടിൽ യാത്ര ചെയ്തിരുന്ന കൊടൈക്കനാൽ ബോട്ട് ക്ലബ് മാനേജർ സ്വാമിനാഥ അയ്യർ തന്റെ അമ്മയും വൈക്കത്ത് ചോറൂണിന് കൊണ്ടുവന്ന ഇളയ മകനും മുങ്ങി മരിച്ച വേളയിലും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ അന്വേഷണ കമീഷൻ പ്രത്യേകം അഭിനന്ദനം അറിയിച്ചിരുന്നു.
സർക്കാർ അദ്ദേഹത്തിന് ഒരു സ്വർണ പതക്കം പണിയിച്ച് നൽകി. കൂടാതെ, അപകടത്തിൽപെട്ട ആളുകൾക്ക് വേണ്ടരീതിയിൽ ഭക്ഷണവും തുണിയും താമസവും നൽകി സഹായിച്ച കലവറ വീട്ടിലെ കേശവപ്പിള്ളക്കും പല്ലന പോറ്റിമാരെന്നറിയപ്പെട്ട നീലമന കിഴക്കേമഠത്തിലെ കാരണവരായ നാരായണ കൃഷ്ണൻ പോറ്റിക്കും വീരശൃംഖല നൽകി ആദരിച്ചു.
അപകടത്തിന്റെ പിറ്റേന്ന് അഞ്ചു ദേഹങ്ങൾ ബോട്ടിൽ നിന്ന് കണ്ടെടുക്കപ്പെട്ടപ്പോൾ കുമാരനാശാന്റെയും മറ്റൊരാളുടെയും ദേഹങ്ങൾ ഒരു കനാലിൽ നിന്നാണ് കണ്ടെടുത്തതെന്ന് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ധരിച്ചിരുന്ന കോട്ടിന്റെ ഭാരം മൂലം ബോട്ടിന്റെ ഫസ്റ്റ്ക്ലാസിൽ കുടുങ്ങിപ്പോവുകയായിരുന്നു എന്ന വിശ്വാസത്തെ റദ്ദാക്കുന്നതാണ് ഈ പരാമർശം.
(എറണാകുളം മഹാരാജാസ് കോളജ് ചരിത്രവിഭാഗം മേധാവിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.