ഈ വിധി മോദി സർക്കാറിനുള്ള താക്കീത്
text_fieldsതെരഞ്ഞെടുപ്പ് കടപ്പത്ര പരിപാടി സുപ്രീംകോടതി നിർത്തലാക്കിയത് ബി.ജെ.പിക്കും മോദി സർക്കാറിനും കനത്ത ആഘാതമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള ബി.ജെ.പിയുടെ ഫണ്ട് സമാഹരണ വഴികൾ അടഞ്ഞുവെന്ന് അതിനർഥമില്ല. ഭരിക്കുന്ന പാർട്ടിയിലേക്കുള്ള സംഭാവനകൾ കൂമ്പാരമാവുകതന്നെ ചെയ്യും.
എന്നാൽ, ബി.ജെ.പിക്ക് തിരിച്ചടി മറ്റുവിധത്തിലാണ് കിട്ടുന്നത്. 10 വർഷങ്ങൾക്കിടയിലെ മോദിസർക്കാറിന്റെ നോട്ട് അസാധുവാക്കൽ, ജി.എസ്.ടി, കാർഷിക നിയമം എന്നിങ്ങനെ നീളുന്ന നിയമനിർമാണ പിഴവുകളുടെ പട്ടികയിലേക്കാണ് തെരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതിയും ചേർക്കപ്പെടുന്നത്. എന്നു മാത്രമല്ല, പദ്ധതി നടപ്പാക്കിയ 2018 മുതൽ 2024 വരെ അജ്ഞാതമായി നിന്ന എല്ലാ ബോണ്ട് ഇടപാടുകളും സുപ്രീംകോടതി ഉത്തരവ് പ്രകാരം പുറത്തുവരും.
തെരഞ്ഞെടുപ്പു കടപ്പത്രത്തിലൂടെ ആറു വർഷത്തിനിടയിൽ ഒഴുകിയ തുകയിൽ 90 ശതമാനവും ബി.ജെ.പിക്കാണ് കിട്ടിയതെന്നാണ് കണക്കുകൾ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്, വിവരമറിയാൻ വോട്ടർക്കുള്ള അവകാശത്തെക്കുറിച്ച് ഊന്നിപ്പറയുന്ന സുപ്രീംകോടതി വിധി. തെരഞ്ഞെടുപ്പിനു മുമ്പേ ജയിച്ച മട്ടിൽ അർമാദങ്ങളുടെ അകമ്പടിയോടെ ബി.ജെ.പിയും മോദിസർക്കാറും മുന്നോട്ടു നീങ്ങുന്നതിനിടെ കർഷക സമരത്തിന് പിന്നാലെ കിട്ടിയ പ്രഹരമായി, ബോണ്ട് വിധി.
പൊതുജനങ്ങളെ ഇരുട്ടിൽ നിർത്തിയ നിയമനിർമാണം സുപ്രീംകോടതി വിധിയോടെ ഇല്ലാതാവുന്നു. അതേസമയം, തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണവും വിനിയോഗവും സുതാര്യവും പരാതി രഹിതവുമാക്കാൻ പോന്ന സംവിധാനം ഉണ്ടാവുന്നുമില്ല. സുപ്രീംകോടതി വിധിയോടെ പഴയ ഫണ്ട് സമാഹരണ രീതി പുനഃസ്ഥാപിക്കപ്പെടുകയാണോ, കോടതി വിധി മറികടക്കാൻ സർക്കാർ എന്തുചെയ്യാൻ പോകുന്നു, തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് ഓർഡിനൻസ് പോലുള്ള കടുത്ത നീക്കങ്ങൾക്ക് സർക്കാറിനുള്ള പരിമിതികൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരാനുമുണ്ട്. തെരഞ്ഞെടുപ്പിനായി പാർട്ടികൾക്ക് സർക്കാർ ഫണ്ട് നൽകുകയെന്ന മുൻകാല അഭിപ്രായഗതികളെക്കുറിച്ച ചർച്ചകളും ഇതോടെ സജീവമാകുന്നു. കുറ്റമറ്റൊരു തെരഞ്ഞെടുപ്പു ഫണ്ടിങ് രീതി രാജ്യം ഇനിയും ആവിഷ്കരിക്കേതുണ്ടെങ്കിൽക്കൂടി, ഇലക്ടറൽ ബോണ്ട് അഥവാ തെരഞ്ഞെടുപ്പ് കടപ്പത്രരീതി അങ്ങേയറ്റം ഭരണഘടനാവിരുദ്ധവും ദുരൂഹവുമായ ഭരണപരിഷ്കാരമെന്ന നിലയിൽ സുപ്രീംകോടതി വിധിയിലൂടെ പുറന്തള്ളപ്പെടുന്നുവെന്നത് ഏറെ ആശ്വാസകരം തന്നെ. അതിനായി സുപ്രീംകോടതി ദീർഘകാലമെടുത്തു എന്നത് മറുപുറം. 2017ൽ പ്രഖ്യാപിച്ച് 2018 ജനുവരി രണ്ടിന് നടപ്പാക്കിയ ഭരണപരിഷ്കാരം തലതിരിഞ്ഞതാണെന്ന് കണ്ട് റദ്ദാക്കപ്പെടുന്നത് ആറു വർഷങ്ങൾക്കു ശേഷമാണ്. ഹരജി സുപ്രീംകോടതിയിൽ എത്തിയ ഘട്ടത്തിൽ സ്റ്റേ ആവശ്യം അനുവദിക്കപ്പെട്ടതുമില്ല.
പ്രതിപക്ഷ പാർട്ടികൾക്കൊപ്പം തെരഞ്ഞെടുപ്പു കമീഷനും ഇലക്ടറൽ ബോണ്ട് സമ്പ്രദായത്തിന് അനുകൂലമായിരുന്നില്ല. എന്നിട്ടുകൂടി വിവാദ പരിഷ്കരണവുമായി സർക്കാർ മുന്നോട്ടുപോയി. 2017ൽ അന്നത്തെ ധനമന്ത്രിയും നിയമജ്ഞനുമായിരുന്ന അരുൺ ജെയ്റ്റ്ലിയാണ് ബോണ്ട് സമ്പ്രദായം കൊണ്ടുവരുന്നതിന് ചുക്കാൻ പിടിച്ചത്. കോർപറേറ്റ് സ്ഥാപനങ്ങൾ അറ്റാദായത്തിന്റെ ഏഴര ശതമാനത്തിൽ കൂടുതൽ പാർട്ടികൾക്ക് സംഭാവന ചെയ്യാൻ പാടില്ലെന്നും ലാഭത്തിലല്ലാത്ത കമ്പനികൾ ഇത്തരത്തിൽ സംഭാവന നൽകരുതെന്നും മറ്റുമുള്ള വിലക്കുകൾ മറികടക്കുന്നവ കൂടിയായിരുന്നു നിയമഭേദഗതി നിർദേശങ്ങൾ.
ഷെൽ കമ്പനികൾ വഴിയും ഇഷ്ടക്കാരായ പാർട്ടികൾക്ക് സംഭാവന നൽകാമെന്ന സ്ഥിതിവന്നു. ബോണ്ട് വാങ്ങുന്നതും കൊടുക്കുന്നതുമെല്ലാം ബാങ്ക് വഴിയായതുകൊണ്ട് ഫണ്ട് കൈമാറ്റം കൂടുതൽ സുതാര്യമായിത്തീരുന്നു എന്നാണ് സർക്കാർ വാദിച്ചിരുന്നത്. സംഭവിച്ചതാകട്ടെ, അധികാരത്തിലുള്ള പാർട്ടികൾക്ക് മറ്റാരുമറിയാതെ യഥേഷ്ടം സംഭാവന നൽകാമെന്ന സ്ഥിതിവന്നു. ഭരണ കക്ഷിക്ക് കിട്ടുന്ന സംഭാവന എവിടെനിന്ന് എന്നറിയാൻ പ്രതിപക്ഷ പാർട്ടികൾക്ക് മാർഗമില്ലെങ്കിൽ, പ്രതിപക്ഷ പാർട്ടികൾക്ക് കിട്ടുന്ന സംഭാവനയുടെ ഉറവിടം അറിയാൻ ഭരണകക്ഷിക്ക് പ്രയാസമില്ലെന്ന സ്ഥിതിയും വന്നുചേർന്നു. പ്രതിപക്ഷ പാർട്ടികൾക്കുള്ള സംഭാവന നാമമാത്രവും ഭരണകക്ഷിക്ക് ഉദാരവുമായി.
സുപ്രീംകോടതി പരിശോധിച്ചത് പ്രധാനമായും രണ്ടു വിഷയങ്ങളാണ്. സംഭാവന വിവരം വെളിപ്പെടുത്തേണ്ടാത്ത വിധം ജനപ്രാതിനിധ്യ നിയമത്തിന്റെ 29സി, കമ്പനി നിയമത്തിന്റെ 183(3), ആദായ നികുതി നിയമത്തിന്റെ 13എ(ബി) വകുപ്പുകൾ ഭേദഗതി ചെയ്തത് അറിയാനുള്ള അവകാശവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 19(1)(എ) വകുപ്പിന് എതിരാണോ? കമ്പനി നിയമം 182(1) ഭേദഗതി ചെയ്ത് കോർപറേറ്റ് ഫണ്ടിങ്ങിന്റെ പരിധി എടുത്തുകളഞ്ഞത്, തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവുമായി നടക്കണമെന്ന തത്ത്വത്തിന്റെ ലംഘനമാണോ? മൂന്നു നിയമങ്ങളും ഭേദഗതി ചെയ്ത നടപടി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീംകോടതി.
രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവന ഫലപ്രദമായി വോട്ടവകാശം വിനിയോഗിക്കാൻ പാകത്തിൽ വോട്ടുചെയ്യുന്ന ജനം അറിയണമെന്ന് കോടതി സംശയരഹിതമായി ഉത്തരവിൽ വ്യക്തമാക്കി. ഭരണ, പ്രതിപക്ഷ പാർട്ടികളെ തുല്യമായി കാണുന്ന സാഹചര്യം ബോണ്ട് രീതിയിൽ ഇല്ല. സംഭാവന നൽകുന്നതിൽ കമ്പനികളെയും വ്യക്തികളെയും ഒരുപോലെ കാണുന്ന വിധം കമ്പനി നിയമം ഭേദഗതി ചെയ്തത് സ്വേച്ഛാപരമാണെന്നും കമ്പനികളുടെ ഫണ്ടിങ് ബിസിനസ് ഇടപാടായിത്തന്നെ കാണണമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പണം ആർക്ക്, ആര് നൽകുന്നു എന്നതു നോക്കിയല്ല വോട്ടർ വോട്ടുചെയ്യുന്നതെന്നും ആശയാദർശങ്ങൾ, നേതൃത്വം, പാർട്ടിയുടെ കാര്യശേഷി തുടങ്ങിയവ മുൻനിർത്തിയാണെന്നും സർക്കാർ വാദിച്ചുനോക്കി. ഒരു നിയന്ത്രണവുമില്ലാതെ എല്ലാം അറിയാൽ പൊതുവായ അവകാശം രാജ്യത്ത് നിലനിൽക്കുന്നില്ലെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചില്ല.
2017-18 വർഷം മുതൽ 2022-23 വർഷം വരെയുള്ള കാലയളവിൽ പാർട്ടികൾ നൽകിയ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ സുപ്രീംകോടതി വിധിയിൽ പരാമർശിച്ചിട്ടുണ്ട്. ഈ കാലയളവിൽ ബി.ജെ.പിക്ക് കിട്ടിയത് 6,566.11 കോടി രൂപയാണ്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് 1,123.3 കോടി. തൃണമൂൽ കോൺഗ്രസിന് 1,092.98 കോടി. സംഭാവന നൽകുന്നത് പ്രധാനമായും രണ്ടു കാരണങ്ങളാലാണ്. പാർട്ടിക്കുള്ള പിന്തുണ, അതല്ലെങ്കിൽ മറിച്ചൊരു സഹായം പ്രതീക്ഷിച്ചുകൊണ്ട്. ജനാധിപത്യരീതിയിലുള്ള സർക്കാറിന്റെ നിലനിൽപിന് തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വസ്തത പ്രധാനമാണ്. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പു നടത്തിപ്പിന് ഭരണഘടനയും പരമപ്രാധാന്യം നൽകുന്നു -കോടതി കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.