ആ കുഞ്ഞുങ്ങൾക്കുമുണ്ട് മനുഷ്യാവകാശം
text_fieldsഎന്റെ വേദന, ശബ്ദമില്ലാത്തൊരു പാട്ടാണ് ഞാനൊരു പേരില്ലാത്ത കരടാണ്, എന്റെ വേദനക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ, ഞാൻ ആരാണെന്ന് എനിക്കറിയാൻ കഴിഞ്ഞേനെ (വേദനക്ക് സംസാരിക്കാനാകുമെങ്കിൽ-ഫൈസ് അഹ്മദ് ഫൈസ്)
വീണ്ടുമൊരു ഡിസംബർ വന്നിരിക്കുന്നു, ഇന്നേക്ക് പത്താം നാൾ അന്തർദേശീയ മനുഷ്യാവകാശ ദിനമാണ്. ആ ദിനം അടുക്കാനിരിക്കെ ഒരു ചോദ്യം വീണ്ടുമുറക്കെ ചോദിക്കുന്നത് അതിപ്രസക്തവും അത്യാവശ്യവുമാണെന്ന് ഞാൻ കരുതുന്നു- എവിടെയാണ് കാണാതെ പോയ നമ്മുടെ കുഞ്ഞുങ്ങൾ? തട്ടിക്കൊണ്ടുപോയി രാജ്യാതിർത്തിക്കുള്ളിലോ പുറത്തോ വിൽപനക്ക് വെക്കപ്പെട്ട ആ മക്കളുടെ കളിചിരികൾ??
വേഷപ്രച്ഛന്നരായി ചുറ്റിത്തിരിയുന്ന മാഫിയകൾ ആ കുട്ടികളെ എവിടേക്കാണ് കൂട്ടിക്കൊണ്ടുപോയത്? ആ കുട്ടികളെ വീണ്ടെടുത്ത് കൊണ്ടുവരാമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ വ്യാജവാഗ്ദാനം നടത്തിയ രാഷ്ട്രീയ നേതാക്കൾ എവിടെയാണ്?
എന്റെ മാധ്യമപ്രവർത്തന യാത്രകൾക്കിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി കുടുംബങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ മക്കളെ കാണാതായതിന്റെയും ചോദ്യം ചെയ്യലുകൾക്ക് ശേഷം പരാതികൾപോലും 'കാൺമാനില്ല' കൊട്ടയിൽ തള്ളപ്പെട്ടതിന്റെയും ഭയാനകമായ കഥകൾ അവരിൽനിന്ന് കേട്ടിട്ടുമുണ്ട്.
ഈ നാടിന്റെ എല്ലാ ഭാഗത്തുനിന്നും കുട്ടികളെ കാണാതാകുന്നുണ്ട്, എന്നാൽ, ഭരണകൂടത്തിന്റെ കൈയിൽ അതിന്റെ കണക്കില്ല. കുഞ്ഞുങ്ങളെ കാണാതെ പോയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടുണ്ടാവാം, ഒരു പക്ഷേ ദശകങ്ങൾ- പക്ഷേ, ആ കുടുംബങ്ങളുടെ നഷ്ടത്തിന്റെ വേദനക്ക് മങ്ങലേൽപിക്കാൻ കാലത്തിനാവില്ല.
രാജ്യത്തിന്റെ ഏതോ കോണിൽനിന്നോ കാണാതെപോയ കുഞ്ഞുങ്ങളെയാവും കൂടെ ആരുമില്ലാതെ, കുട്ടിത്തം നഷ്ടപ്പെട്ട മനുഷ്യരായി നമ്മുടെ നഗരങ്ങളിൽവെച്ച് നാം കണ്ടുമുട്ടാറ്. ആ നിരാലംബരായ മക്കൾക്കറിയില്ല, എങ്ങനെ ആക്രമികളുടെ പിടിയിൽനിന്ന് വിടുതൽ നേടുമെന്ന്.
അവർ പലരും കടന്നുപോയ പീഡനങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും തോത് നമുക്ക് സങ്കൽപിക്കാൻ സാധിക്കുന്നതിലും എത്രയോ അപ്പുറമാണ്. ദിവസങ്ങൾ കഴിയുന്തോറും അവരുടെ വേദനയും ദുരവസ്ഥയും വർധിച്ചുവരുന്നു. ചിലരെ അതിക്രമകാരികൾ അവരുടെ താൽകാലിക ആവശ്യശമനത്തിന് ശേഷം ഉപേക്ഷിക്കുന്നുണ്ടാവാം.
നമ്മുടെ വ്യവസ്ഥിതിയുടെ നിർദയത്വം അവരുടെ അവശിഷ്ട ജീവിതത്തെയും ആത്മാവിനെയും തകർക്കുന്നു. വാസ്‌തവത്തിൽ, ഓരോ കുട്ടിയുടെ തിരോധാനത്തിനും നമ്മുടെ വ്യവസ്ഥാപിത ഭരണകൂടങ്ങൾ ഉത്തരം പറയേണ്ട സമയമാണിത്. ഓരോ കുട്ടിയെയും കണ്ടെത്തി സുരക്ഷിതമായ ഇടങ്ങളിലേക്ക് തിരികെ കൊണ്ടുവരൽ അവർ ഉത്തരവാദിത്തമായി ഏറ്റെടുക്കണം.
മനുഷ്യാവകാശമെന്നത് മുതിർന്ന സ്ത്രീപുരുഷന്മാർക്ക് മാത്രമുള്ള അവകാശമല്ല, അത് ഭൂമുഖത്തെ ഓരോ കുഞ്ഞിനും അവകാശപ്പെട്ടതാണ് എന്ന് സമ്മതിക്കാൻ ഇനിയെങ്കിലും നമുക്ക് സാധിക്കണം. ഇക്കാര്യം ഞാൻ ആദ്യമായല്ല എഴുതുന്നത്. പലതവണ പലരും ഒച്ചവെച്ചിട്ടും ഈ ദുരവസ്ഥക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല എന്നതിനേക്കാൾ വലിയ ദുരോഗ്യമെന്തുണ്ട്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.