വാവ സുരേഷിനെ കുറ്റപ്പെടുത്തുന്നവരേ, ഒരു നിമിഷം!
text_fieldsവാവ സുരേഷ് ചെയ്യുന്നത് 100 ശതമാനം തെറ്റായ രീതി തന്നെയാണ്. ശാസ്ത്രീയ രക്ഷാപ്രവർത്തനം (Scientific Rescue) അവലംബിക്കാൻ അദ്ദേഹം തയാറല്ല. കഴിവതും കൈ കൊണ്ട് പിടിക്കാതെ, പിടിക്കേണ്ടിവന്നാൽ തന്നെ തലഭാഗം ഒഴിവാക്കിയാണ് പിടിക്കേണ്ടത്. പിടിച്ചാൽ പ്രദർശനത്തിന് ശ്രമിക്കാതെ വേഗം സൂക്ഷിപ്പിലേക്ക് മാറ്റണം. വാവ ഇതിനൊന്നും തയാറല്ല. കഴിഞ്ഞ ദിവസത്തെ അപകടം തന്നെ പ്രദർശനത്തിനിടെ പറ്റിയതാണ്. മുമ്പത്തെ പലതും ഇങ്ങനെ തന്നെയാണ്. 40ലധികം തവണ, അതിൽ പലതും അശ്രദ്ധയും അമിതവിശ്വാസവും കൊണ്ടാകുമ്പോൾ പിന്നെ ഒരാൾ എങ്ങനെ വിദഗ്ധൻ ആകും?
അതൊക്കെ ശരി തന്നെയാണ്. എന്നാൽ, അദ്ദേഹത്തിന് ഒരു അത്യാഹിതം സംഭവിച്ചപ്പോൾ ഉടൻ കുറ്റപ്പെടുത്തലുകളുടെ എഴുന്നള്ളിപ്പായി. രണ്ട് ദിനമായി മാധ്യമങ്ങളിൽ നിറയുന്നത് വിവിധ രംഗത്തെ ആക്ടിവിസ്റ്റുകളുടെ വിദഗ്ധ അഭിപ്രായ പ്രകടനങ്ങളാണ്. സോഷ്യൽ മീഡിയയും അതേറ്റുപിടിക്കുന്ന കാഴ്ചയാണ് കണ്ടത്. വാവ സുരേഷ് എന്ന ഒരു പാവം മനുഷ്യന്റെ ജീവൻ അല്ല അവർക്ക് പ്രധാനം. അശാസ്ത്രീയ പാമ്പുപിടിത്തമാണ് അവരുടെ വിഷയം. ശാസ്ത്രീയതയുടെ അതിർവരമ്പുകളാണ് ചർച്ചയും തുടർ സംവാദങ്ങളും. തെക്കായാലും വടക്കായാലും വാവ ഓടിയെത്തിയിരുന്നു, ഇന്നലെ വരെ! ശാസ്ത്രീയ തള്ളി മറിക്കൽകാർ പറയുമ്പോലെ വിളിച്ചാൽ ഓടി എത്താൻ വിദഗ്ധർ എന്ന് 'അവർ പറയുന്നവർ' എത്ര പേരുണ്ടിവിടെ? വാവയുടെ സഹായം പറ്റിയവരിൽ സർക്കാർ വകുപ്പുകൾ മുതൽ ഇവിടത്തെ സാധാരണക്കാർ വരെയുണ്ടെന്നത് മറക്കരുത്. ഇങ്ങനെ ഏറെ ദൂരം സഞ്ചരിച്ച് പകലോ രാത്രിയോ എന്നില്ലാതെ ഓടി എത്തിയിരുന്ന വാവ സുരേഷ്, ഒരിക്കലുമൊരു കോടീശ്വരനായിരുന്നില്ല. പാമ്പ് പിടിത്തം കൊണ്ട് അങ്ങനെ ആകാനും ശ്രമിച്ചിട്ടില്ല.
പണം വാങ്ങി പാമ്പ് പിടിത്തത്തിനിറങ്ങിയ ആളുമല്ല അദ്ദേഹം. ഇനി അറിഞ്ഞാരെങ്കിലും കൊടുത്താൽ തന്നെ, അതുവാങ്ങി മടങ്ങിയ പതിവേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. ഒന്നിനും കണക്കുവെക്കാതെ തന്നെ! ഇത്രയധികം സമൂഹത്തിന് നന്മ ചെയ്ത ഈ മനുഷ്യന്റെ വീട് മോടിയുള്ളതല്ലെന്നും നാം ഓർക്കണം. സർക്കാറും സഹായിച്ചില്ല, നാടും താൽപര്യമെടുത്തില്ല. എന്നിട്ടും ആ മനസ്സിന്റെ നന്മ കണ്ടവരാണ് നമ്മൾ. ഈ അടുത്ത്, കൊല്ലം ജില്ലയിലെ പത്തനാപുരത്ത് അടച്ചുറപ്പില്ലാത്ത ഒരു വീട്ടിൽ നിലത്ത് ഉറങ്ങിയ പത്ത് വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ആ വീട്ടിൽ വാവ സുരേഷ് എത്തുകയും തനിക്കായി ഒരു സന്നദ്ധ സംഘടന സ്പോൺസർ ചെയ്ത വീട് വേണ്ടെന്നുവെച്ച്, അത് ആ മോളുടെ ഓർമക്കായി വീട്ടുകാർക്ക് നൽകിയും ഈ മനുഷ്യൻ വല്ലാതെ നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇല്ലായ്മകളിൽ അസ്വസ്ഥനാകാതെ ആ മനുഷ്യൻ സഞ്ചരിച്ച വഴികൾ ഒരുപാട് പേർക്ക് ജീവന്റെ സംരക്ഷണമൊരുക്കാനായിരുന്നു. സമൂഹത്തിന്റെ ഭയം ഒഴിവാക്കാനായിരുന്നു!
വനം-പൊലീസ് വകുപ്പുകൾക്ക് ഏറെ സഹായകരമായിരുന്നു വാവയുടെ സാന്നിധ്യം പലപ്പോഴും. പത്തനംതിട്ട ജില്ലയിലെ പറക്കോട് ഉത്ര വധക്കേസിലും വാവയുടെ നിരീക്ഷണം കേസിന് വഴിത്തിരിവ് ഉണ്ടാക്കുന്നതും നമ്മൾ കണ്ടു. എത്രയോ അപകടങ്ങൾ നേരിട്ടിട്ടും വിളിപ്പുറത്ത് വാവ ഉണ്ടായിരുന്നു. ആർക്കും ആശ്രയിക്കാൻ ശിപാർശകളില്ലാതെ വിളിക്കാൻ ഒരേ ഒരു വാവ മാത്രം. 'അനിവാര്യതയുടെ നിയമത്തിലാണ് ലോകം പ്രവർത്തിക്കുന്നത്. ശൈത്യകാലത്ത് നമ്മൾ കാത്തിരുന്ന സൂര്യൻ, വേനൽക്കാലത്ത് അതേ സൂര്യൻ നിന്ദിക്കപ്പെടുന്നു. നിങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ വിലമതിക്കപ്പെടും'. ഈ ചാണക്യ നീതി തന്നെയാണ് ഇവിടെയും പ്രസക്തം. ഒരു പ്രാർഥന മാത്രം, വാവ മടങ്ങിവരണം... ജീവനിലേക്കും ജീവിതത്തിലേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.