കൃഷ്ണമൃഗങ്ങളുടെ നാമത്തിൽ ഒരു വധഭീഷണി
text_fieldsഅധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി കമ്പനി’യുടെ ബലത്തിലാണ് നടൻ സൽമാൻ ഖാൻ ബോളിവുഡിൽ ശക്തസാന്നിധ്യമായി മാറിയതെന്നാണ് കാലങ്ങളായി പറഞ്ഞുകേൾക്കുന്നത്. എന്നാലിപ്പോൾ തിഹാർ ജയിലിൽ കഴിയുന്ന 30 കാരനായ അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഭീഷണിയിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് സൽമാൻ ഖാൻ.
രാജസ്ഥാനിലെ ബിഷ്ണോയി സമുദായം ആദരിക്കുന്ന മൃഗമാണ് കൃഷ്ണമൃഗം. 1998 ൽ സിനിമ ചിത്രീകരണത്തിനിടെ രാജസ്ഥാൻ വനത്തിൽ നായാടി രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവെച്ചുകൊന്ന സൽമാൻ സമുദായത്തോട് മാപ്പുപറയണമെന്നാണ് ലോറൻസിന്റെ ആവശ്യം. ഇല്ലെങ്കിൽ രാജസ്ഥാൻ മണ്ണിലിട്ട് വെടിവെച്ച് കൊല്ലുമെന്ന് ലോറൻസും കാനഡയിലേക്ക് കടന്നുകളഞ്ഞ കൂട്ടാളി ഗോൾഡി ബ്രാറും ഭീഷണിമുഴക്കുന്നു. ചില്ലറക്കാരല്ല, അവർ രണ്ടുപേരുമാണ് പഞ്ചാബി പോപ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിറകിൽ. മൂസെവാലയെ കൊല്ലാൻ നിർദേശം നൽകിയത് താനും ഗോൾഡി ബ്രാറുമാണെന്ന് പൊലീസിനോട് സമ്മതിച്ച ലോറൻസ് പക്ഷേ, വെടിയുതിർത്ത ഷൂട്ടർമാരാരെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. സതീന്ദർ സിങ് എന്നാണ് ഗോൾഡി ബ്രാറിന്റെ യഥാർഥ പേര്.
മാസങ്ങൾക്ക് മുമ്പ്, ജുഹു ബീച്ചിലെ പ്രഭാത നടത്തം കഴിഞ്ഞ് സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ ചെന്നിരിക്കുന്ന സിമന്റ് ബെഞ്ചിലിട്ട കത്തിലൂടെയാണ് ആദ്യം ഭീഷണി വന്നത്. പിന്നീട് തിഹാർ ജയിലിൽ നിന്ന് രാജസ്ഥാനിലെ കോടതിയിലേക്ക് വിചാരണക്ക് കൊണ്ടുപോകുമ്പോൾ ‘എ.ബി.പി ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ ലോറൻസ് ഭീഷണി ആവർത്തിച്ചു. കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്നതിൽ താനുൾപ്പെട്ട സമുദായം ക്ഷുഭിതരാണ്. അതിനാൽ, രാജസ്ഥാനിൽ ചെന്ന് സൽമാൻ സമുദായത്തോട് മാപ്പ് ചോദിക്കണം. തങ്ങളുടെ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും വേണം-ഇതാണ് ലോറൻസ് ചാനലിൽ പറഞ്ഞത്.
തൊട്ടുപിറകെ സൽമാൻ ഖാന്റെ മാനേജർ പ്രശാന്ത് ഖുഞ്ചാൽകർക്ക് ഇ-മെയിലിലൂടെ ഗോൾഡി ബ്രാറിന്റെ ഭീഷണിയെത്തി. ലോറൻസുമായുള്ള പ്രശ്നം ഉടൻ തീർക്കുന്നതിന് സൽമാൻ താനുമായി മുഖാമുഖം കാണണമെന്നും ഇല്ലെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു ഇ-മെയിലിന്റെ ഉള്ളടക്കം. തുടർന്ന് സൽമാന്റെ സുരക്ഷ ശക്തമാക്കിയ മുംബൈ പൊലീസ് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ആരാധകർ കാത്തുനിൽക്കുന്നതും നിരോധിച്ചു. വീടിനുമുന്നിൽ കാത്തുനിൽക്കുന്ന ആരാധകർക്ക് നേരെ കൈവീശുന്ന ശീലം തൽക്കാലം നിർത്തിവെക്കാൻ സൽമാനോടും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
പഞ്ചാബിൽ ജനിച്ച് രാജസ്ഥാനിലും ഹരിയാനയിലും വേരുള്ള ആളാണ് ലോറൻസ്. ദാവൂദ് ഇബ്രാഹിമിന്റേത് പോലെ ഇയാളുടെ പിതാവും പൊലീസുകാരനായിരുന്നു. നിയമബിരുദധാരിയായ ലോറൻസ് പഞ്ചാബ് സർവകലാശാലയിൽ പഠിക്കുന്ന കാലത്താണ് കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുന്നത്. ഗോൾഡി ബ്രാറുമായുള്ള ചങ്ങാത്തമാണ് അതിനു കാരണമായി പൊലീസ് പറയുന്നത്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഹിമാചൽ സംസ്ഥാനങ്ങളിലാണ് ഇയാളുടെ സംഘത്തിന് സാന്നിധ്യമുള്ളത്. 700 ഓളം ഷാർപ്പ് ഷൂട്ടർമാർ സംഘത്തിലുണ്ടെന്നാണ് കേൾവി. അഞ്ച് സംസ്ഥാനങ്ങളിലായി 20 ലേറെ കൊലപാതക, ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളിൽ പ്രതിയാണ് ലോറൻസ് ബിഷ്ണോയി. ജയിലിലിരുന്നും തന്റെ സംഘത്തെ നിയന്ത്രിക്കുന്നത് വെളിപ്പെട്ടതോടെ രാജസ്ഥാൻ ജയിലിൽ നിന്ന് തിഹാർ ജയിലിലേക്ക് മാറ്റുകയായിരുന്നു.
1998 ൽ ‘ഹം സാത്ത് സാത്ത് ഹെ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സഹ താരങ്ങളായ സെയ്ഫ് അലിഖാൻ, തബു, സോണാലി ബാന്ദ്ര എന്നിവർക്കൊപ്പം നടത്തിയ വേട്ട ജീവിതത്തിൽ ഇതുപോലെ ഭീഷണിയായി തൂങ്ങിക്കിടക്കുമെന്ന് സൽമാൻ കരുതിയിട്ടുണ്ടാകില്ല. ബിഷ്ണോയി സമുദായക്കാർ നൽകിയ പരാതിയിൽ സൽമാനും സഹതാരങ്ങൾക്കുമെതിരെ കേസെടുത്ത രാജസ്ഥാൻ പൊലീസ് സൽമാനെ അറസ്റ്റ് ചെയ്തിരുന്നു. 2006 ൽ സൽമാൻ ഖാന് അഞ്ച് വർഷം തടവും പിഴയും വിധിച്ച കീഴ് കോടതി സഹതാരങ്ങളെ വെറുതെ വിട്ടു. ജാമ്യം നേടിയ സൽമാൻ വിധിക്കെതിരെ രാജസ്ഥാൻ ഹൈകോടതിയെ സമീപിച്ചു. സൽമാന്റെ അപ്പീലും ആയുധ കേസിൽ സൽമാനെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലും കോടതിയുടെ പരിഗണനയിലാണ്.
കേസുകളും ശിക്ഷാവിധിയും സൽമാൻ ഖാൻ അഭിമുഖീകരിക്കുന്നത് ഇതാദ്യമല്ല. എന്നാൽ, പൊലീസ് കസ്റ്റഡിയിൽ മണിക്കൂറുകൾ കഴിയേണ്ടി വന്നുവെന്നല്ലാതെ ജയിലിൽ പോയിട്ടില്ല. 2002 ൽ മദ്യലഹരിയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് ബാന്ദ്രയിലെ അമേരിക്കൻ ബേക്കറിയിലേക്ക് ഇടിച്ചുകയറി നടപ്പാതയിൽ ഉറങ്ങിക്കിടന്നയാൾ മരിച്ച കേസിലും സൽമാന് കീഴ് കോടതി അഞ്ച് വർഷം തടവ് വിധിച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിനായിരുന്നു 2015 ൽ കോടതി ശിക്ഷ വിധിച്ചത്. വിധിച്ച് മണിക്കൂർ തികയും മുമ്പേ ബോംബെ ഹൈകോടതിയെ സമീപിച്ച് വിധി താൽകാലികമായി മരവിപ്പിച്ചു. പിന്നീട് ബോംബെ ഹൈകോടതി സൽമാൻ ഖാനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കുറ്റമുക്തനാക്കി. പൊലീസിന്റെ പിടിപ്പുകേടിനെ വിമർശിച്ചുകൊണ്ടായിരുന്നു വിധി. ഹൈകോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതിയിലാണ്. സമ്പത്തും പ്രശസ്തിയും ബന്ധങ്ങളും കൊണ്ട് സൽമാൻ പിടിച്ചു നിൽക്കുന്നുവെന്നാണ് ആരോപണം.
വാർത്തകളിൽ ഇടംപിടിച്ച് ആളാവാൻ വേണ്ടിയാണോ ലോറൻസ് ബിഷ്ണോയി സൽമാനെതിരെ ഇത്തരമൊരു ഭീഷണി മുഴക്കിയത് എന്ന സംശയം പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ, പ്രശസ്തിക്ക് വേണ്ടിയായിരുന്നെങ്കിൽ ജുഹുവിൽ ചെന്ന് ഏത് ബോളിവുഡ് പ്രമുഖനെയും വെടിവെച്ചിടാൻ തനിക്ക് കഴിയുമെന്ന് വീമ്പ് പറയുന്നു ലോറൻസ്. കൃഷ്ണ മൃഗത്തെ കൊല്ലുക വഴി തന്റെ സമുദായത്തെ വേദനിപ്പിച്ചതിലെ രോഷമാണ് പ്രകടിപ്പിക്കുന്നതെന്നും മാപ്പു ചോദിച്ചിട്ടില്ലെങ്കിൽ സൽമാനെ കൊല്ലൽ തന്റെ ജന്മ ലക്ഷ്യമായി തീരുമെന്നും അയാൾ ആവർത്തിക്കുന്നു. അതേസമയം, ഒരു ഏറ്റുമുട്ടൽ കൊലപാതകത്തിന് താൻ ഇരയാകുമെന്ന പേടിയും കക്ഷിക്കുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യം ഡൽഹി ഹൈകോടതിയെയും അത് പിൻവലിച്ച് രാജസ്ഥാൻ ഹൈകോടതിയെയും ലോറൻസ് സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.