ഒരു തലമുറയെ വർഗീയതയിലേക്ക് തള്ളിയിടുന്നവിധം
text_fieldsഅടുത്തിടെ, ഒരു പെൺകുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ‘ദേശ് കെ ഗദ്ദാറോ കോ ഗോലി മാരോ ...’(രാജ്യദ്രോഹികളെ വെടിവെക്കുക) എന്ന് പാടുന്ന അവൾക്കുചുറ്റും കൈയടിച്ച് പ്രോത്സാഹിപ്പിക്കാൻ മുതിർന്നവരുമുണ്ട്. വിവാദ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്ലിംകളെ ലക്ഷ്യമിട്ട് മോദിസർക്കാറിലെ ഒരു മന്ത്രിയാണ് ഈ മുദ്രാവാക്യം ആദ്യം വിളിച്ചത്
മധ്യ ഇന്ത്യൻ സംസ്ഥാനമായ ഛത്തിസ്ഗഢിലെ മുസ്ലിം സുഹൃത്ത് ഈയിടെ ഒരു ഉപദേശം തേടി ഫോണിൽ വിളിച്ചു- അദ്ദേഹത്തിന്റെ ഇളയമകൾ സ്കൂൾ വിട്ടുവന്ന് പറഞ്ഞ കാര്യമാണ്: കൂട്ടുകാരികൾ അവൾക്കൊപ്പം കളിക്കുന്നില്ല, അവളുമായി അടുപ്പം വേണ്ടെന്ന് മറ്റുള്ള കുട്ടികൾ പറഞ്ഞുവത്രേ, മതമാണ് അകറ്റിനിർത്തലിന് ഹേതു.
ഇന്ത്യയിൽ വളർന്ന പല മുസ്ലിംകളും കടന്നുപോയ അനുഭവമാണിത്. മുസ്ലിം വിരുദ്ധ അധിക്ഷേപങ്ങളും പദപ്രയോഗങ്ങളും അവർക്ക് പരിചിതമാണ്. എന്നാൽ, മുൻകാലങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായ ചില കാര്യങ്ങൾ കൂടി ഇപ്പോൾ സംഭവിക്കുന്നു.
മുസ്ലിം യുവാക്കൾക്കിടയിലെ തീവ്രവത്കരണത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും തീവ്ര ഇടതുപക്ഷ വാദങ്ങളുടെയും ഭീഷണികളെക്കുറിച്ചുമെല്ലാം ഇന്ത്യയിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുമ്പോൾ, രാജ്യം ഒരിക്കലും സംബോധന ചെയ്തിട്ടില്ലാത്ത ഒരു യാഥാർഥ്യത്തിന്റെ അതിശക്തമായ പ്രകടനത്തിനാണ് നാം സാക്ഷ്യംവഹിക്കുന്നത്: ഹിന്ദു യുവതയുടെ തീവ്രവത്കരണം.
ഇന്ത്യൻ മുസ്ലിംകളെയും ക്രൈസ്തവരെയും ഉന്നമിടാൻ തീരുമാനിക്കുന്നതുവരെ വളരെ സാധാരണക്കാരായി കാണപ്പെട്ട യുവജനങ്ങളുടെ സമൂല മാറ്റമാണിത്. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ വിദ്യാർഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർഥി പരിഷത്ത്, തീവ്ര യുവജന വിഭാഗമായ ബജ്റംഗ്ദൾ പോലെയുള്ള ഗ്രൂപ്പുകളുടെ ഭാഗമാണവർ; ഇവരെല്ലാം ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയുടെ സഹകാരികളാണ് എന്നത് അവർക്ക് രാഷ്ട്രീയ സ്വാധീനവും മാന്യതയും നൽകുന്നു.
വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരായ (വിശിഷ്യാ മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളിലെ) എണ്ണമറ്റ ശാരീരിക ആക്രമണ സംഭവങ്ങളിൽ എ.ബി.വി.പി, ബജ്റംഗ്ദൾ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. അധികാരത്തിൽ വന്നാൽ കർണാടകയിൽ ബജ്റംഗ്ദളിനെ നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഈ വർഷം ആദ്യം കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ ആ സായുധ സംഘടനക്ക് പ്രതിരോധവുമായി മുദ്രാവാക്യം മുഴക്കിയത് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്.
അടുത്തിടെ, ഒരു പെൺകുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ‘ദേശ് കെ ഗദ്ദാറോ കോ ഗോലി മാരോ ...’(രാജ്യദ്രോഹികളെ വെടിവെക്കുക) എന്ന് പാടുന്ന അവൾക്കുചുറ്റും കൈയടിച്ച് പ്രോത്സാഹിപ്പിക്കാൻ മുതിർന്നവരുമുണ്ട്. വിവാദ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്ലിംകളെ ലക്ഷ്യമിട്ട് മോദി സർക്കാറിലെ ഒരു മന്ത്രിയാണ് ഈ മുദ്രാവാക്യം ആദ്യം വിളിച്ചത്.
പിന്നീട് പല റാലികളിലും വിഡിയോകളിലും ഈ മുദ്രാവാക്യം പതിവായി. ഗൃഹപാഠം ചെയ്തില്ലെന്ന് പറഞ്ഞ് മുസ്ലിം സഹപാഠിയെ തല്ലാൻ അധ്യാപിക വിദ്യാർഥികളോട് ആവശ്യപ്പെടുന്ന മറ്റൊരു വിഡിയോ വലിയ വാർത്തയായിരുന്നു. അധ്യാപിക അവന്റെ മതത്തിനെതിരെ പറഞ്ഞുകൊണ്ടിരിക്കെ വിദ്യാർഥികൾ ഓരോരുത്തരായി വന്ന് ആ കുട്ടിയെ തല്ലിക്കൊണ്ടിരുന്നു.
അധ്യാപികയുടെ മതാന്ധതയിൽ നിന്നുടലെടുത്ത ആ ചെയ്തി ആ കുട്ടിയിലും സഹപാഠികളിലും ഏതുവിധത്തിലാവും സ്വാധീനം ചെലുത്തുകയെന്ന് നമുക്കറിയില്ല. എന്നാൽ, ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ അതിന് അതിവിസ്തൃതമായ ഒരു സ്വാധീനമുണ്ടെന്ന് നമുക്കറിയാം.
ന്യൂഡൽഹിയിലെ പ്രശസ്തമായ ഒരു സ്കൂളിലെ ചില വിദ്യാർഥികൾ ക്ലാസിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കിയ കാര്യം പ്രിൻസിപ്പൽ തന്നെയാണ് എന്നോടു പറഞ്ഞത്. ശേഷം അവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി കൗൺസലിങ് നൽകുകയായിരുന്നു. മറ്റൊരു ക്ലാസിലെ ചില കുട്ടികൾ വാലന്റൈൻസ് ദിനത്തിൽ ഒരു പാർക്കിൽ പോയി അവിടെ ഇരുന്നിരുന്ന ദമ്പതികളെ ഉപദ്രവിക്കാൻ ശ്രമിച്ചു.
വാലന്റൈൻസ് ഡേ ആഘോഷത്തോട് ഹിന്ദുത്വ ആധിപത്യ സംഘടനകൾക്ക് കടുത്ത അമർഷമുണ്ട്. ആ ദിനം ആഘോഷിക്കുന്നവരെ അവർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്യുന്നു. പുരോഗമന- ലിബറൽ നിലപാടുള്ള ഈ സ്കൂളിലെ അധ്യാപകർക്ക് തങ്ങളുടെ വിദ്യാർഥികൾ ഈ തീവ്ര പ്രത്യയശാസ്ത്രത്തിന്റെ സ്വയംസേവകരായി മാറുന്നതുകണ്ടത് അസ്വസ്ഥത സൃഷ്ടിച്ചു.
അധ്യാപകരും പ്രിൻസിപ്പൽമാരുമായി സംസാരിക്കവേ, വിദ്വേഷവെറി വളർത്തുന്ന ടി.വി ചാനലുകളും ഇൻർനെറ്റ് വേദികളും വാട്സ്ആപ് ഗ്രൂപ്പുകളും അവിശ്രാന്തം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ ഫലമായി ഹിന്ദു യുവതക്കിടയിലെ തീവ്രവത്കരണം സമീപ വർഷങ്ങളിൽ അപകടകരമായ രീതിയിൽ വളരുന്നുവെന്ന സത്യം വ്യക്തമാവുന്നു.
സങ്കടമെന്തെന്നാൽ, പലപ്പോഴും ഈ കുട്ടികൾ വീട്ടിൽ കേൾക്കുന്ന കാര്യങ്ങൾ ടെലിവിഷനും ഫോൺ സ്ക്രീനുകളും പകരുന്ന മതവിദ്വേഷത്തെ ശക്തിപ്പെടുത്തുന്നു. അധ്യാപകർ ഈ പ്രതിഭാസത്തെ നേരിടാൻ പാടുപെടുന്നു. കാരണം അവരും അശക്തരാണ്.
മഹാരാഷ്ട്രയിൽ അടുത്തിടെ രൂപവത്കരിച്ച വിമൻ പ്രൊട്ടസ്റ്റ് ഫോർ പീസ് എന്ന കൂട്ടായ്മ പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോർട്ടിൽ അധ്യാപകരെ മതപരമായ കാരണങ്ങളുടെ പേരിൽ ബോധപൂർവം ഉന്നമിടാൻ പുറമെ നിന്നുള്ള സംഘങ്ങൾ വിദ്യാർഥികളെ ഇളക്കിവിട്ട നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഖേദകരമെന്ന് പറയട്ടെ, ഇതൊന്നും പൊടുന്നനെ സംഭവിച്ചതല്ല. കഴിഞ്ഞ ദശകത്തിൽ കൗമാരക്കാരും, എന്തിനു പറയുന്നു കുട്ടികൾ പോലും വാളുകളും മറ്റ് ആയുധങ്ങളും വീശി മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും പള്ളികളും ആരാധനാലയങ്ങളും നശിപ്പിക്കുന്നവർക്കൊപ്പം ചേരുന്നതും സാധാരണമാണ്. ബജ്റംഗ്ദൾ സംഘടിപ്പിക്കുന്ന റാലികളിൽ കൗമാരക്കാർ സ്ഥിരസാന്നിധ്യമാണ്.
മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരായ അതിക്രമങ്ങൾ പലപ്പോഴും അവരുടെ കുടുംബത്തിലും സമൂഹത്തിലും ആഘോഷിക്കപ്പെടുകയോ കുറഞ്ഞപക്ഷം എതിർക്കപ്പെടാതിരിക്കുകയോ ചെയ്യുന്നു. പ്രകോപനം അഴിച്ചുവിടുകയും അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ആളുകൾ സാമൂഹികവും രാഷ്ട്രീയവുമായ മാന്യത കൈവരിക്കുന്നതും സംസ്ഥാന നിയമസഭകളിലേക്കും പാർലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെടുന്നതുമെല്ലാമാണ് അവർ കാണുന്നത്.
ആർ.എസ്.എസുമായി ബന്ധപ്പെട്ട സംഘങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപന ശൃംഖലകളാണ് ഈ പരമത വിദ്വേഷത്തിന്റെ മുഖ്യസ്രോതസ്സ്. ഇത്യ ഹിന്ദുക്കളുടെ രാഷ്ട്രമായിരുന്നുവെന്നും മുസ്ലിംകളും ക്രൈസ്തവരും ഇവിടെ കടന്നുകയറിയവരാണെന്നും ഈ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു.
എല്ലാ മേഖലയിലും ഔന്നത്യത്തിൽ ആയിരുന്ന ഹിന്ദുക്കളെ മുസ്ലിം ഭരണം തരംതാഴ്ത്തുകയും അടിമകളാക്കുകയും ചെയ്തുവെന്നും രാജ്യത്തിന്റെ പൂർവ പ്രതാപം വീണ്ടെടുക്കാൻ മുസ്ലിംകളെയും ക്രൈസ്തവരെയും ഒരു പാഠം പഠിപ്പിക്കുക മാത്രമാണ് ഏകമാർഗമെന്നും കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
മുസ്ലിംകളുടെയും ക്രൈസ്തവരുടെയും ക്രൂരതകളിൽനിന്ന് പശുക്കളെ സംരക്ഷിക്കുക, പെൺകുട്ടികളെ ലവ്ജിഹാദിൽനിന്ന് രക്ഷിക്കുക എന്നിങ്ങനെ വിശ്വാസം സംരക്ഷിക്കുന്നതിന് ചെയ്യേണ്ട ചില ദൗത്യങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. പശുക്കളെയും ഹിന്ദു സ്ത്രീകളെയും സംരക്ഷിക്കാൻ എന്ന പേരിൽ മുസ്ലിംകൾക്കെതിരെ അക്രമം അഴിച്ചുവിടാൻ ലക്ഷ്യമിടുന്ന നിരവധി കാവൽ സംഘങ്ങൾ രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്.
ദൗർഭാഗ്യവശാൽ, ഹിന്ദു യുവതയുടെ ഈ മാറ്റം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മുസ്ലിംകൾക്കെതിരെ നടത്തുന്ന പല അക്രമങ്ങളും, സ്വന്തം വീട്ടിൽ പ്രാർഥിക്കുന്ന മുസ്ലിംകൾക്കെതിരെ പ്രതിഷേധിക്കുന്നത് പോലെയുള്ള വിചിത്രമായ പല സംഭവങ്ങളും അവരുടെ കുടുംബങ്ങളും വകവെച്ചുകൊടുക്കുന്നു.
വിദ്വേഷം സാമാന്യവത്കരിക്കപ്പെട്ടാൽ, അക്രമമാണ് അതിന്റെ സ്വാഭാവിക പരിണതി. ബി.ജെ.പിക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാകുമെങ്കിലും, ഈ പദ്ധതിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഇന്ത്യയിലെ ഹിന്ദുക്കളും ചുമക്കേണ്ടിവരും. വീടുകളും വിദ്യാലയങ്ങളും ഈ തീവ്രവത്കരണത്തിന്റെ കളിത്തൊട്ടിലായതോടെ ഒരു യുവതലമുറ അവരറിയാതെതന്നെ കുറ്റവാളികളായി മാറുകയാണ്.
(ഡൽഹി സർവകലാശാല അധ്യാപകനും സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.