കമല ഹാരിസിന് വിജയം നേർന്ന് തുളസേന്ദ്രപുരം
text_fieldsറിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപോ ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസോ- ആരാവും അമേരിക്കൻ ഐക്യനാടുകളുടെ 47ാമത്തെ പ്രസിഡൻറ് എന്ന ലോകത്തിന്റെ ചോദ്യത്തിന് ഉത്തരമെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശ്വാസം അടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിലാണ് തമിഴ്നാട് തിരുവാരൂർ ജില്ലയിലെ തുളസേന്ദ്രപുരം ഗ്രാമം. നെല്ലും നിലക്കടലയും കൃഷിചെയ്യുന്ന ഈ കൊച്ചുഗ്രാമത്തിന്റെ പ്രിയപ്പെട്ടവളാണ് സ്ഥാനാർഥികളിലൊരാൾ എന്നതുതന്നെ കാരണം. ഈ ഗ്രാമത്തിലെ...
റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപോ ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസോ- ആരാവും അമേരിക്കൻ ഐക്യനാടുകളുടെ 47ാമത്തെ പ്രസിഡൻറ് എന്ന ലോകത്തിന്റെ ചോദ്യത്തിന് ഉത്തരമെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശ്വാസം അടക്കിപ്പിടിച്ചുള്ള കാത്തിരിപ്പിലാണ് തമിഴ്നാട് തിരുവാരൂർ ജില്ലയിലെ തുളസേന്ദ്രപുരം ഗ്രാമം. നെല്ലും നിലക്കടലയും കൃഷിചെയ്യുന്ന ഈ കൊച്ചുഗ്രാമത്തിന്റെ പ്രിയപ്പെട്ടവളാണ് സ്ഥാനാർഥികളിലൊരാൾ എന്നതുതന്നെ കാരണം.
ഈ ഗ്രാമത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കമല തങ്ങളുടെ മകളോ പേരക്കുട്ടിയോ ആണ്. വോട്ടെടുപ്പ് ദിവസമായ നവംബർ അഞ്ചിന് ഗ്രാമത്തിലെ ധർമശാസ്താ ക്ഷേത്രത്തിൽ അവരുടെ വിജയത്തിനായി പ്രത്യേക പൂജകൾ നടക്കും. വീട്ടുമുറ്റങ്ങളിൽ സ്ത്രീകൾ അരിപ്പൊടികൊണ്ട് കമലയുടെ കോലം വരയ്ക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ ജനങ്ങൾ കൂട്ടമായി വലിയ സ്ക്രീനുകളിൽ കാണും.
കാവേരി ഡെൽറ്റയിൽ മന്നാർഗുഡി ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ കാർഷിക ഗ്രാമത്തിലാണ് കമലയുടെ മുത്തച്ഛൻ പൈങ്കനാട് വെങ്കിട്ടരാമൻ ഗോപാലന്റെ ജനനം. അദ്ദേഹത്തിന്റെ വീടിരുന്നയിടം ഇപ്പോൾ കാലിയാണ്. കമലയുടെ മാതൃസഹോദരി സരളയുടെ ഉടമസ്ഥതയിലുള്ള ആ ഭൂമി ഇപ്പോൾ കമ്പിവേലിയിട്ട് സംരക്ഷിച്ചിരിക്കുന്നു. കമല ഒരിക്കലും തുളസേന്ദ്രപുരത്ത് വന്നിട്ടില്ല. അടുത്ത ബന്ധുക്കളും ഗ്രാമത്തിലില്ല. എന്നാൽ, ധർമശാസ്താ ക്ഷേത്രത്തിന്റെ ചുമരിൽ അത് പുനരുദ്ധരിക്കാൻ സംഭാവന നൽകിയവരുടെ പേരുകൾക്കിടയിൽ കമലയുടേതുമുണ്ട്. രണ്ടുദശകം മുമ്പ് ചെറിയമ്മ വഴി സഹായം എത്തിക്കുകയായിരുന്നുവെന്ന് ക്ഷേത്രം ജീവനക്കാരൻ എസ്. തിരുനാവുക്കരശ് പറഞ്ഞു.
നാന്നൂറ്റി അമ്പതോളം കുടുംബങ്ങൾ ഇവിടെനിന്ന് അമേരിക്കയിൽ സ്ഥിര താമസമാക്കിയവരായുണ്ട്. അതിൽ കുറേ പേർക്ക് അവിടെ വോട്ടവകാശവുമുണ്ട്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പങ്കാളിത്തവും ഉണ്ടെന്ന് ഗ്രാമവാസികൾ അഭിമാനം കൊള്ളുന്നു. വിജയമാശംസിച്ചും തെരഞ്ഞെടുപ്പിനുശേഷം കമലയെ ഒരിക്കൽ ഗ്രാമത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടും നിരന്തരം ഇമെയിലുകൾ പോകുന്നുണ്ട് ചെറിയമ്മക്ക്. ഏതാണ്ട് അഞ്ചുകൊല്ലം മുമ്പുവരെ സരള ഗ്രാമം സന്ദർശിക്കാറുണ്ടായിരുന്നു.
ഗോപാലന്റെ കൊച്ചുമകൾ അമേരിക്കൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ചരിത്രം സൃഷ്ടിക്കുമ്പോൾ വ്യത്യസ്തമായ സ്മാരകവും ഗ്രാമത്തിൽ രൂപപ്പെടുന്നുണ്ട്-കാലങ്ങളായി നശിച്ചുകിടന്നിരുന്ന 600 ഏക്കറിൽ അധികം വലിപ്പമുള്ള ഗ്രാമത്തിലെ വിശാലമായ തടാകം പുനഃസൃഷ്ടിച്ച് അതിന് കമല ഹാരിസിന്റെ പേര് നൽകാനുള്ള പദ്ധതി. കുംഭകോണം ആസ്ഥാനമായുള്ള സിറ്റി യൂനിയൻ ബാങ്ക് ഈ ആവശ്യത്തിനായി 50 ലക്ഷം രൂപ ജനകീയ കമ്മിറ്റിക്ക് സംഭാവനയും നൽകി. കമല ജയിച്ചാൽ ഗ്രാമത്തിൽ വിപുലമായ ഒരു ബസ് സ്റ്റാൻഡ് -ഓഫിസ് സമുച്ചയം അതിന്റെ സ്മാരകമായി പണികഴിപ്പിക്കുമെന്നും ബാങ്ക് സി.ഇ.ഒ എൻ. കാമകോടി വാഗ്ദാനം ചെയ്തിട്ടുണ്ട്.
തടാകം പുനഃസൃഷ്ടിച്ചാൽ അത് ഗ്രാമത്തിലെ കാർഷിക പ്രവർത്തനങ്ങൾക്ക് ഉത്തേജനമാകും. ഒപ്പംതന്നെ കാവേരിയുടെ പോഷകനദിയായ പമനിയാറിലെ ജലലഭ്യതയും വർധിപ്പിക്കും. കമലയുടെ പോരാട്ടത്തിന് അങ്ങനെ ശാശ്വതമായൊരു സ്മാരകമായി അത് മാറും- ഗ്രാമവാസിയായ എം. മുരുകാനന്ദൻ ചൂണ്ടിക്കാട്ടുന്നു.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം കമല ഒരു വലിയ മേൽവിലാസമാണ്. ലോകം മുഴുവനുമുള്ള പ്രധാന മാധ്യമങ്ങളെല്ലാം ഇവിടെ വന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇത്ര പിന്നാക്കമായ ഒരു പ്രദേശത്താണ് അവരുടെ കുടുംബവേരുകളെന്നത് പുറമെനിന്ന് വരുന്നവർക്കെല്ലാം വിസ്മയമാണ്’ -ഗ്രാമവാസിയായ ജാൻസി റാണി പറയുന്നു. 2020ൽ കമല യു.എസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് മുതലാണ് തുളസേന്ദ്രപുരത്തെ പുറംലോകം അറിയുന്നത്. ഇക്കുറി അവരുടെ സ്ഥാനാർഥിത്വം പുറത്തുവന്നയുടൻ പോസ്റ്ററുകളും ബാനറുകളും ഗ്രാമത്തിൽ നിറഞ്ഞു.
കമലയും അവരുടെ അമ്മയും മറ്റൊരു ദേശീയതയുടെ ഭാഗമായതോ പുറത്തുനിന്ന് വിവാഹം കഴിച്ചതോ ഒന്നും തങ്ങൾക്കുള്ള സ്വീകാര്യതയിൽ തടസ്സങ്ങളല്ലെന്ന് ഗ്രാമനിവാസിയായ എൻ. ലത പറഞ്ഞു. ഗ്രാമത്തിലെ അഗ്രഹാരത്തിൽനിന്നുള്ള ആളായിരുന്നു ഗോപാലൻ. ഐതിഹ്യമനുസരിച്ച് തഞ്ചാവൂർ പ്രദേശത്ത് പതിനെട്ടാം നൂറ്റാണ്ടിൽ വലിയ ക്ഷാമവും വരൾച്ചയുമുണ്ടായി.
പ്രാർഥിച്ച് മഴപെയ്യിക്കാൻ അന്നത്തെ പ്രാദേശിക ഭരണാധികാരി തുളസേന്ദ്രൻ രണ്ടാമൻ ആർക്കാടുനിന്ന് അറുപത് ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി. അവർ യാഗം നടത്തി മുപ്പത്തിയാറാം ദിവസം മുതൽ മഴ തുടർച്ചയായി പെയ്തു. സംപ്രീതനായ രാജാവ് ഒരു ഗ്രാമം ഈ ബ്രാഹ്മണർക്ക് സംഭാവന നൽകുകയും അവിടെ സ്ഥിരതാമസമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഗ്രാമത്തിന് രാജാവിന്റെ പേരുമിട്ടു.
അഗ്രഹാരത്തിൽ ഇപ്പോൾ പന്ത്രണ്ടുകുടുംബങ്ങൾ മാത്രമേയുള്ളൂ. ഇരുപതോളം വീടുകൾ ഉടമസ്ഥരില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. വീട്ടുടമകൾ മറ്റ് പലയിടങ്ങളിലേക്കായി താമസംമാറി. കുറേ അധികം പേർ വിദേശരാജ്യങ്ങളിലേക്ക് പോയി. കാർഷിക പ്രവൃത്തികളുമായി ബന്ധപ്പെട്ട തൊഴിലുകൾക്കായി വന്ന ദലിതരും പിന്നാക്കക്കാരുമാണ് ഇന്ന് ഗ്രാമത്തിൽ കൂടുതൽ. അവരുടെ അധ്വാനവും ജീവിത പുരോഗതികളും കാർഷിക സമ്പദ് വ്യവസ്ഥയും തുളസേന്ദ്രപുരത്തെ ഐശ്വര്യപൂർണമാക്കുന്നു.
കമല ജയിക്കുന്നതാണ് ഇന്ത്യക്ക് ഗുണമെന്നാണ് മുൻ ടെലികോം ഉദ്യോഗസ്ഥനായ ആർ. കണ്ണൻ പറയുന്നത്. നീതിബോധത്തിലും ജനാധിപത്യ പ്രതിബദ്ധതയിലും ട്രംപിനെ അവരുമായി താരതമ്യം ചെയ്യാൻപോലും ആകില്ലെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സർക്കാറിന് കീഴിൽ ജോലി ലഭിച്ചതോടെയാണ് 1930 കളിൽ ഗോപാലൻ ഗ്രാമം വിടുന്നത്.
ചെന്നൈയിലും ഡൽഹിയിലും പ്രവർത്തിച്ച അദ്ദേഹം സാംബിയയിൽ അഭയാർഥികളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയും നിർവഹിച്ചു. സാംബിയൻ പ്രസിഡന്റ് കെന്നത്ത് കൗണ്ടയുടെ ഉപദേശകനുമായിരുന്നു. ഡൽഹിയിലും ചെന്നൈയിലുംവെച്ച് കുട്ടിക്കാലത്ത് തന്റെ മുത്തച്ഛനുമായി താൻ നടത്തിയ സംഭാഷണങ്ങൾ തന്നിലെ രാഷ്ട്രീയ പരിപ്രേക്ഷ്യങ്ങൾ വളർത്തുന്നതിൽ ഏറെ സഹായിച്ചിട്ടുള്ളതായി കമല പറഞ്ഞിട്ടുണ്ട്.
കമലയുടെ അമ്മ ബെർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിൽ എൻഡോക്രൈനോളജിയിൽ ഡോക്ടറേറ്റ് എടുക്കവെയാണ് ജമൈക്കൻ ഇക്കണോമിസ്റ്റ് ആയ ഡൊണാൾഡ് ജെ. ഹാരിസിനെ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും അമേരിക്കയിൽ സ്ഥിരതാമസമാക്കുന്നതും.
ഗോപാലന്റെ പരന്ന വായനശീലവും വിശാലമായ ലോകവീക്ഷണവും ഗ്രാമത്തിലെ പഴമക്കാർക്ക് നന്നായറിയാം. മക്കളെ വേറിട്ട് ചിന്തിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. മുത്തച്ഛനുമായി നടത്തിയ സാമൂഹികതയും രാഷ്ട്രീയവുമടങ്ങുന്ന ദീർഘമായ കത്തിടപാടുകളും ഫോൺ സംഭാഷണങ്ങളും തന്റെ ഓർമക്കുറിപ്പുകളിൽ കമല എടുത്തുപറയുന്നുണ്ട്. ക്ഷമയോടും വിവേകത്തോടും തീരുമാനങ്ങൾ എടുത്തിരുന്ന അദ്ദേഹത്തിന്റെ സമീപനരീതി കമലക്കും കിട്ടിയിട്ടുണ്ടെന്നാണ് ഗ്രാമവാസികളുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.