അഫ്സ്പയോട് വിടപറയാറായി
text_fieldsഒരു നിയമം ഉണ്ടാകാനിടയായ സാഹചര്യങ്ങള്‍ നീങ്ങിപ്പോയശേഷവും ആ നിയമം പിന്തുടരുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് 1776ല്‍ ആദം സ്മിത്ത് തന്റെ 'വെല്‍ത്ത് ഓഫ് നേഷന്‍സ്' എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ നിയമങ്ങള്‍ ഉണ്ടായ കാലഘട്ടത്തില്‍പോലും അവയത്ര അനിവാര്യമായിരുന്നില്ലെന്നുകൂടി അദ്ദേഹം അഭിപ്രായപ്പെട്ടു.
സായുധസേന പ്രത്യേക അധികാര നിയമം (അഫ്സ്പ) ഈ പറഞ്ഞതുപോലുള്ള ഒരു നിയമം തന്നെയാണ്. അതിസംഘര്‍ഷ മേഖലകളില്‍ മാത്രം പ്രസക്തിയുള്ള ഈ മര്‍ദക നിയമത്തിന്റെ അധികാരപരിധി കുറക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. വര്‍ത്തമാനകാല സമൂഹത്തിന് തീര്‍ത്തും അനാവശ്യവും പഴഞ്ചനുമായ ഈ നിയമം പൂര്‍ണമായും പിന്‍വലിക്കാൻ മടിക്കുന്നതിനെകുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയരുന്നത് ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്താൻ സഹായകമാവും.
സിവിലിയന്‍ ഭരണകൂടങ്ങള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സായുധസേനകളുടെ സഹായം തേടാന്‍ വ്യവസ്ഥചെയ്യുന്ന ഒന്നാണ് ഈ പ്രത്യേക അധികാര നിയമം. ഒരു സംസ്ഥാനമോ സംസ്ഥാനത്തിന്റെ ഭാഗമോ സംഘര്‍ഷ മേഖലയായി പ്രഖ്യാപിക്കപ്പെട്ടാല്‍ അഫ്സ്പയുടെ അടിസ്ഥാനത്തില്‍ സായുധസേനക്ക് കരുതല്‍ അറസ്റ്റുകളും വാറന്റുകള്‍ ഇല്ലാതെ തിരച്ചിലും നടത്താൻ മുതൽ പൗരരെ വെടിവെക്കാനോ കൊല്ലാനോ പോലുമുള്ള അധികാരമാണ് നല്‍കുന്നത്. ഈ അധികാരങ്ങളെ ദുര്‍വിനിയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികളെടുക്കുന്നതിനുപോലും കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമാണ്.
അഫ്സ്പ പ്രകാരം സംഘര്‍ഷ മേഖലയായി പ്രഖ്യാപിച്ച ഒരു സ്ഥലത്ത് അടിയന്തരാവസ്ഥ സമാനമായ സാഹചര്യങ്ങളാണ് ഉണ്ടാവുക. അതായത്, സൈനിക നിയമം അടക്കമുള്ള നിയന്ത്രണങ്ങൾ. ഈ സാഹചര്യങ്ങള്‍ പൗരജനങ്ങളുടെ മൗലിക അവകാശങ്ങളെ ഹനിക്കുകയും അടിയന്തരാവസ്ഥക്ക് തത്തുല്യമായ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുമെന്നാണ് വിമർശകർ ചൂണ്ടിക്കാണിച്ചുവരുന്നത്.
1958ന്റെ തുടക്കത്തില്‍ അസമിലും കേന്ദ്രഭരണ പ്രദേശമായിരുന്ന മണിപ്പൂരിലും ഉണ്ടായ നാഗാ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് അഫ്സ്പ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഒരു പിന്നാക്ക, ദരിദ്ര മേഖലയിലെ ഒരു ചെറിയ സംഘം ആയുധധാരികളെ അമര്ച്ചചെയ്യുന്നതിനുവേണ്ടി ക്വിറ്റ് ഇന്ത്യ സമരക്കാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ പയറ്റിയ അതേ മാര്‍ഗം അവലംബിച്ചു എന്നത് തീര്‍ത്തും അവിശ്വസനീയമാണ്. അതിലേറെ, അത്തരമൊരു നിയമം ഇന്നും നിലനില്ക്കുന്നു എന്നത് ജനാധിപത്യത്തിനുതന്നെ കളങ്കമാണ്.
നാഗാ വിമതര്‍ക്കെതിരേ നടത്തിയ ഭരണകൂട പ്രചാരണങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നത് ഉൾപ്പെടെ ഇതിനായി നടത്തിയ ശ്രമങ്ങളെല്ലാംതന്നെ വിമത പോരാളികള്‍ക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനാണ് വഴിവെച്ചത്. എന്തുകൊണ്ട് ഇത്തരം തീരുമാനങ്ങളിലേക്ക് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നു എന്ന ചിന്ത ഈ മേഖലയെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലും ആശയക്കുഴപ്പത്തിലാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് മുമ്പ് ഒരു വാക്കുപോലും ചോദിക്കാതിരുന്നത് ചൂണ്ടിക്കാട്ടി മുന്‍ അസം ചീഫ്സെക്രട്ടറിയും ഗോത്രവര്‍ഗ കാര്യങ്ങളില്‍ ഗവര്‍ണറുടെ ഉപദേശകനുമായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് നാരി റസ്തോംജി സര്‍ക്കാറിന് കത്തെഴുതുക പോലുമുണ്ടായി. 1960-1970 കാലത്തെ മിസോറം കലാപകാലത്തും ഈ നിയമം ഇതേപോലെ പ്രയോഗിക്കപ്പെട്ടു.
പിന്നീട് വടക്കുകിഴക്കന്‍ മേഖലകളില്‍ പുതിയ സംസ്ഥാനങ്ങള്‍ ഉണ്ടായപ്പോള്‍ അവയെക്കൂടി വരുതിയിലാക്കുംവിധം അഫ്സ്പ നിയമം ഭേദഗതി ചെയ്തു. ഈ മേഖലയിലെ എട്ടു സംസ്ഥാനങ്ങളില്‍ ഏഴെണ്ണത്തിലും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ അഫ്സ്പ എന്ന കാലഹരണപ്പെട്ട കഠോരനിയമത്തിന്റെ നിഴല്‍ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു ദശകങ്ങള്‍ക്കുള്ളില്‍ അഫ്സ്പയുടെ ഉപയോഗം കലാപപ്രതിരോധം എന്നതിന് അപ്പുറത്തേക്കുകൂടി ഭരണകൂടം വ്യാപിപ്പിച്ചു. ഔദ്യോഗിക അനൗദ്യോഗിക സേനകള്‍ ഈ നിയമത്തിന്റെ പേരില്‍ പലയിടത്തും കൈകടത്തി. അസമില്‍ 1990കളില്‍ മരണ സ്ക്വാഡുകള്‍ എന്നു വിളിപ്പേര് വീണ സംഘം വ്യാപകമായി വിചാരണ കൂടാതെ മരണം വിധിച്ചു. അഫ്സ്പയുടെ പരിരക്ഷയില്ലാതെ ഇത്തരമൊരു നീക്കം നടത്താനാകില്ലായിരുന്നു.
മണിപ്പൂരില്‍ 1979നും 2012നും ഇടയില്‍ നടന്ന 1,528 വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എക്സ്ട്ര ജുഡീഷ്യല്‍ വിക്ടിം ഫാമിലീസ് അസോസിയേഷന് ഓഫ് മണിപ്പൂര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ആദ്യ ആറു കേസുകളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ എന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സുപ്രീംകോടതി കണ്ടെത്തി. ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്ന് ചൂണ്ടിക്കാട്ടി 2016ല്‍ ഇടക്കാല ഉത്തരവ് ഇറക്കുകയും ചെയ്തു.
കോടതിയുടെ വീക്ഷണപ്രകാരം ഒരിടത്ത് ഭരണകൂടത്തിന്റെ സഹായത്തിനായി സായുധസേനയെ നിയോഗിക്കുന്നത് ഒരു നിശ്ചിത കാലത്തിനുള്ളില്‍ സംഘര്‍ഷമേഖലകളില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായിരിക്കണം. മറിച്ച്, സ്ഥിരമായി സേന വിന്യാസം നടത്തുന്നത് ജനാധിപത്യ നടപടിക്രമങ്ങള്ക്കുനേരെയുള്ള പരിഹാസമാകും. കേന്ദ്ര സംസ്ഥാനങ്ങള്‍ക്കിടയിലെ ഭരണഘടനാപരമായ അധികാര വിതരണ സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടാക്കുകയും ചെയ്യും.
ഇതിന് മുമ്പും പരമോന്നത കോടതി അഫ്സ്പയെ വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. 1997ല്‍ അഫ്സ്പയെ ഭരണഘടനാപരമാക്കിയപ്പോള് കോടതിതന്നെ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. സംഘര്‍ഷ മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ച് ഓരോ ആറു മാസത്തിലും പുനഃപരിശോധന വേണമെന്നതായിരുന്നു അതില്‍ പ്രധാനം. എന്നാല്‍, അത്തരത്തില്‍ ഒരിക്കല്‍പോലും ഒരു സാഹചര്യ അവലോകന പഠനം നടന്നതിന് തെളിവില്ല. അസമില്‍ ആറു മാസംകൂടി അഫ്സ്പ നീട്ടാന്‍ തീരുമാനിച്ചപ്പോള്‍ തികച്ചും സമാധാന അന്തരീക്ഷമാണ് ഉണ്ടായിരുന്നതെന്ന് ഒരു തമാശ പോലെയാണ് പൊലീസ് മേധാവി പറഞ്ഞത്. എന്‍.ആര്.സി പൂര്‍ണമായും നടപ്പിലാക്കാതെ തങ്ങള്‍ അഫ്സ്പ പിന്‍വലിക്കില്ലെന്നായിരുന്നു പൊലീസ് മേധാവിയുടെ വാക്ക്.
ആദം സ്മിത്തിന്റെ സമകാലികനായിരുന്ന എഡ്മുണ്ട് ബുര്‍ക്കെ ഒരു നിയമം പിന്‍വലിക്കേണ്ടതിന്റെ ശരിയായതും അനിവാര്യവുമായ സാഹചര്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നിയമങ്ങള്‍ ഒന്നിനു മീതെ ഒന്നായി വന്ന് കൂമ്പാരമാകുമ്പോള്‍ പിന്‍വലിക്കുക എന്നത് സാധ്യമല്ലാതായി മാറും. എന്നാല്‍, ഒരു നിയമം സാധാരണ അവകാശങ്ങളെ ഹനിക്കുന്നതും നീതിക്കു നിരക്കാത്തതും ആയിത്തീരുമ്പോള്‍ പിന്‍വലിക്കുക എന്നതു മാത്രമാണ് ഏകമാര്‍ഗം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അഫ്സ്പയുടെ കാര്യത്തില്‍ ഇത് അക്ഷരംപ്രതി ശരിയുമാണ്.
(ന്യൂയോര്‍ക്കിലെ ബാര്‍ഡ് കോളജില്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് വിഭാഗം പ്രഫസറാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.