ചോദിക്കാനുള്ളത് ഈച്ചരവാര്യർ ചോദിച്ച അതേ ചോദ്യം -ഗ്രോ വാസു
text_fields‘കുറ്റം ചെയ്യാത്ത ഞാൻ എന്തിന് പിഴയടക്കണം...?’
എ. വാസു എന്ന ഗ്രോ വാസു കുന്ദമംഗലം കോടതിയോട് ഉന്നയിച്ചത് സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ ചോദ്യമായിരുന്നു. അതിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. സുപ്രീംകോടതി വിലക്കിയിട്ടുള്ള, സകല മനുഷ്യാവകാശങ്ങളെയും ഹനിക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊല നടത്തിയ കുറ്റവാളികൾക്കെതിരെ കോടതിയിൽ താനുയർത്തിയ ചോദ്യം സമൂഹം ഇനിയും ചർച്ചചെയ്യുമെന്നാണ് വാസുവിന്റെ വിശ്വാസം. ജാമ്യമെടുത്തോ, ചെറിയൊരു പിഴയടച്ചോ കോടതിയിൽ നിന്ന് ഇറങ്ങിപ്പോരാമായിരുന്ന കേസിൽ 46 ദിവസമാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ ഓരോ അവസരവും തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ മുദ്രാവാക്യങ്ങളാൽ
സംഭവബഹുലമാക്കി. ഒടുവിൽ കോടതി അദ്ദേഹത്തെകുറ്റമുക്തനാക്കി. മോചനപ്പിറ്റേന്ന് കോഴിക്കോട് പൊറ്റമ്മലിലെ വാടക മുറിയിലിരുന്ന് 94കാരനായ വാസുവേട്ടൻ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു...
- 20 പേർ പ്രതി ചേർക്കപ്പെട്ട കേസിൽ താങ്കൾ മാത്രമാണ് ജാമ്യമെടുക്കാതെ കോടതിയിൽ സ്വയം വാദിക്കാൻ തീരുമാനിച്ചത്. എന്തുകൊണ്ടായിരുന്നു ഇങ്ങനെയൊരു തീരുമാനം?
പശ്ചിമഘട്ട മലനിരകളിൽ എട്ടുപേരെയാണ് ഈ സർക്കാർ വെടിവെച്ചുകൊന്നത്. അതേക്കുറിച്ച് ചോദിക്കാനോ പറയാനോ, അതൊരു മനുഷ്യാവകാശ പ്രശ്നമാണെന്ന് ഉന്നയിക്കാനോ ആരും മുന്നോട്ടുവന്നതുമില്ല. പ്രബുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളം അത് മറന്നുകഴിഞ്ഞിരിക്കുന്നു.2016 നവംബർ 26ന് വെടിവെച്ചു കൊന്ന കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളജ് മോർച്ചറിക്കു മുന്നിലെ റോഡിൽ ഞങ്ങൾ തടസ്സമുണ്ടാക്കിയെന്നാണ് കേസ്. ഒറ്റ നോട്ടത്തിൽതന്നെ മനസ്സിലാകും കെട്ടിച്ചമച്ച കേസാണെന്ന്. ഏഴു വർഷത്തിനു ശേഷം ജൂലൈ 29നായിരുന്നു കോടതി അയച്ച സമൻസ് അനുസരിച്ച് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി എന്റെ മുറിയിൽ വന്ന പൊലീസുകാർ അറസ്റ്റ് ചെയ്യുന്ന വിവരം പറഞ്ഞു. അപ്പോൾ തന്നെ അവരോടൊപ്പം പോകാൻ ഞാനൊരുങ്ങിയതാണ്. പക്ഷേ, രാവിലെ സ്റ്റേഷനിൽ ഹാജരായാൽ മതിയെന്ന് പൊലീസുകാർതന്നെ പറഞ്ഞു.
പൊലീസ് പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നവർ ഒരു കേസിലും പ്രതികളല്ല. അവർ വിശ്വസിച്ച ആദർശത്തിന്റെ പേരിൽ മറ്റുള്ള മനുഷ്യർക്കുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടതാണ്. ആ ആദർശം ശരിയോ തെറ്റോ ആകട്ടെ. അവരെ വെടിവെച്ചു കൊല്ലുകയാണോ വേണ്ടത്..? ആധുനിക ആയുധങ്ങളുമായി അവർ പൊലീസിനുനേരെ വെടിയുതിർത്തു എന്നാണ് പറയുന്നത്. എന്നിട്ട് ഒരു പൊലീസുകാരനും ഒരു പോറൽപോലുമേറ്റിട്ടില്ല. പക്ഷേ, എട്ടു മനുഷ്യരുടെയും നെഞ്ചിലാണ് വെടിയേറ്റത്. അത് വ്യാജ ഏറ്റുമുട്ടലാണ്. കേന്ദ്ര സർക്കാർ കണക്കില്ലാതെ തണ്ടർബോൾട്ട് സേനക്ക് കൊടുക്കുന്ന കോടികൾ അടിച്ചുമാറ്റാൻ ഒരു ഇടതുപക്ഷ സർക്കാർ നടത്തിയ ആസൂത്രിത കൊലയാണത്. അത് കേവലം ഒരു പെറ്റി കേസായി ഒതുങ്ങിപ്പോകാൻ പാടില്ല എന്നതുകൊണ്ടാണ് ഈ വയസ്സിലും പോരാടാൻ ഞാൻ തീരുമാനിച്ചത്.
- ഈ പോരാട്ടം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.?
ഞാൻ ചെറിയൊരു മെഴുകുതിരി കൊളുത്താനാണ് ശ്രമിച്ചത്. മാധ്യമങ്ങൾ അതൊരു ഇടിമിന്നലാക്കി മാറ്റി. ഇനിയത് പൊതുസമൂഹം ഏറ്റെടുക്കുമെന്നുറപ്പാണ്. കോടതിയിൽ എന്റെ വായ മൂടിക്കെട്ടാനാണ് പൊലീസ് ശ്രമിച്ചത്. മാധ്യമങ്ങളുടെ മുന്നിലല്ലായിരുന്നെങ്കിൽ അവർ എന്റെ വായിൽ പഴന്തുണി തിരുകുമായിരുന്നു.
പ്രബുദ്ധമാണ് കേരളമെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ, തൊട്ടടുത്തുള്ള തമിഴ്നാട്ടുകാരുടെ രാഷ്ട്രീയ വിവേകംപോലും ഇവിടെ ഭരിക്കുന്ന കമ്യൂണിസ്റ്റ് സർക്കാറിനില്ല. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് സർക്കാറിനെതിരെ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചവരാണ് തമിഴ്നാട് സർക്കാർ. എന്നാൽ, കേന്ദ്ര ഫണ്ട് വാങ്ങി പാവങ്ങളായ മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന ഇവിടുത്തെ സർക്കാർ പിന്തുടരുന്നത് ഫാഷിസമല്ലാതെ മറ്റെന്താണ്?
അടിയന്തരാവസ്ഥ കാലത്ത് കക്കയം ക്യാമ്പിൽ പൊലീസ് ഉരുട്ടിക്കൊന്ന രാജന്റെ അച്ഛൻ ഈച്ചര വാര്യർ ചോദിച്ച അതേ ചോദ്യമാണ് എനിക്കും ചോദിക്കാനുള്ളത്. വെടിവെച്ചു കൊന്നിട്ടും ഈ മനുഷ്യരെ നിങ്ങളെന്തിനാണ് മഴയത്തു നിർത്തുന്നത്? ഈ ഏറ്റുമുട്ടൽ കൊലയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. എനിക്കൊരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ല. ഈ സമൂഹത്തിലെ മനുഷ്യരോടാണ് എനിക്ക് പറയാനുള്ളത്. ഒരു കാര്യമോർക്കുക, സഖാവ് എ. വർഗീസ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് അനേക വർഷങ്ങൾക്ക് ശേഷമാണ് അതൊരു കുറ്റകൃത്യമാണെന്ന് കേരളീയ സമൂഹം തിരിച്ചറിഞ്ഞതും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതും. അതുപോലെ,കേന്ദ്രഫണ്ട് തരപ്പെടുത്താൻ നടത്തിയ ഈ വ്യാജ ഏറ്റുമുട്ടലുകളും അതിഹീനമായ കുറ്റകൃത്യങ്ങളായിരുന്നുവെന്ന് എത്ര വൈകിയാലും കേരളം തിരിച്ചറിയുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും എനിക്കുറപ്പുണ്ട്.
- കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ഫാഷിസ്റ്റുകളാണ് എന്ന് താങ്കൾ പറയുന്നു. അത് രണ്ടും രണ്ട് ഐഡിയോളജിയാണ്. എങ്ങനെയാണ് അവരെ സമീകരിക്കാനാവുക?
പഴയകാല ഫ്യൂഡൽ സംവിധാനത്തെയും യാഥാസ്ഥിതികത്വത്തെയും അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെ പിടിച്ചിരിക്കുന്ന ഭരണസംവിധാനമാണ് കേന്ദ്രം ഭരിക്കുന്നത്. വർഗീയതയാണ് അതിന്റെ അടിത്തറ. ഭിന്നിപ്പിക്കലാണ് അതിന്റെ തന്ത്രം. ആ ഭരണത്തിന്റെ ഗുണഭോക്താവ് കോർപറേറ്റുകളാണ്.
തൊഴിലാളി വർഗത്തിന്റെ പേരിൽ അധികാരത്തിലേറിയ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. കമ്യൂണിസത്തിന്റെ വഴിവിട്ട് റിവിഷനിസ്റ്റ് പാതയാണ് അവർ തെരഞ്ഞെടുത്തിരിക്കുന്നത്. റിവിഷനിസ്റ്റ് ഭരണകൂടം ഫാഷിസ്റ്റാകുമെന്ന് ലെനിൻതന്നെയാണ് പറഞ്ഞത്.
കേന്ദ്രം ഫണ്ട് കൊടുക്കുന്നു. അതു വാങ്ങി സംസ്ഥാനം നിരപരാധികളെ വെടിവെച്ചു കൊല്ലുന്നു. 1948ൽ ഞങ്ങൾ വാങ്ങിയ തല്ലിന്റെകൂടി പേരിലാണ് പിണറായിയൊക്കെ അധികാരക്കസേരയിലിരിക്കുന്നത്. 44 പേരെയാണ് സേലം ജയിലിൽ വെടിവെച്ചു കൊന്നത്. പുന്നപ്ര-വയലാറും കാവുമ്പായി, കരിവെള്ളൂർ, ഒഞ്ചിയം ഒന്നും ഇവർ കണ്ടിട്ടില്ല. കുറച്ച് പണം സമ്പാദിക്കുക എന്നതിനപ്പുറം ഒന്നുമില്ല. എല്ലാവരും അത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതൊന്നും മനസ്സിലാകാത്തത് അവരുടെ പാർട്ടിക്കാർക്കുമാത്രമാണ്.
- ഗ്രാസിം സമരകാലത്തിനു ശേഷം ഇപ്പോഴാണ് വീണ്ടും ജയിലിൽ കിടക്കുന്നത്. പണ്ടത്തെ ജയിൽപോലെയാണോ ഇപ്പോൾ?
പല തവണയായി ഒരുപാട് വർഷം ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്. തൃശ്ശിലേരി സംഭവത്തിനു ശേഷം അഞ്ചു വർഷമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നത്. പൊലീസുകാരുടെയും ജയിൽ വാർഡന്മാരുടെയുമൊക്കെ സമീപനത്തിൽ പണ്ടത്തെക്കാൾ മാറ്റം വന്നിട്ടുണ്ട്. പണ്ട് ഒരു കുറ്റിബീഡിക്കുപോലും ഇരക്കേണ്ടിവന്നിട്ടുണ്ട്.
ഇക്കുറി എന്നെ ജയിലിൽ കാണാൻ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്നും പലരും വന്നു. ചിലരെ മാത്രമേ കാണാൻ അനുവദിച്ചുള്ളു. കാണാൻ അനുവദിക്കാതെ ഒരുപാടുപേരെ തിരിച്ചയച്ചു. ആദ്യമാദ്യം ഒന്നിച്ചു വന്ന ചിലരെ ഒന്നിച്ചു കാണാൻ അനുവദിച്ചു. പിന്നീട്, ആഴ്ചയിൽ രണ്ടുപേരെ മാത്രമേ അനുവദിക്കൂ എന്ന വിചിത്ര കല്പനയാണ് ജയിലധികൃതർ പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.