Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഫലസ്തീൻ ഐക്യദാർഢ്യവും...

ഫലസ്തീൻ ഐക്യദാർഢ്യവും പാപമാകുന്ന കാലം

text_fields
bookmark_border
ഫലസ്തീൻ ഐക്യദാർഢ്യവും പാപമാകുന്ന കാലം
cancel
camera_alt

ലോകകപ്പ് ഫുട്ബാൾ തുനീഷ്യ, ആസ്ട്രേലിയ മത്സരത്തിനിടെ ഗാലറിയിൽ ഫലസ്തീൻ ഐക്യദാർഢ്യ ബാനർ ഉയർത്തിയ കാണികൾ

ഏഴു ദശാബ്ദത്തിലേറെയായി സ്വന്തം നാട്ടിൽനിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികൾ ലോകമെമ്പാടും അഭയാർഥികളായി കഴിഞ്ഞുകൂടുകയാണ്! എന്നെങ്കിലും സ്വന്തം നാട്ടിൽ തിരിച്ചെത്തുമെന്നാണ് അവരുടെ സ്വപ്നം. ഈ സ്വപ്നം എല്ലാ വർഷവും ഊട്ടിയുറപ്പിക്കുന്ന ദിനമാണ് നവംബർ 29. ഫലസ്തീൻ ജനതയുമായി ഐക്യദാർഢ്യപ്പെടാൻ ഐക്യരാഷ്ട്ര സംഘടന നിശ്ചയിച്ച അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യ ദിനം.

ഈ വർഷം ദിനാചരണം നടന്നത് ഭീതിജനകമായ സാഹചര്യത്തിലാണ്. ഫലസ്തീനികളെ കൂട്ടമായി കൊന്നൊടുക്കിയും വസ്തുവകകൾ നശിപ്പിച്ചും വംശവെറിയാഘോഷിക്കുന്ന ഇസ്രായേൽ, ഇപ്പോൾ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും കുറ്റകൃത്യമായി കാണുന്നു. സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ഫലസ്തീന് കൂടിയ ജനസമ്മിതി അത്ഭുതകരമാണ്! അതിന്റെ പുതിയ ഉദാഹരണമാണ് ഖത്തറിൽ കണ്ടത്.

ലോകകപ്പ് മത്സരത്തിനിടെ ഫലസ്തീൻ പതാകയും കഫിയയും ഐക്യമരുളുന്ന മുദ്രാവാക്യങ്ങളുമായി നിരവധി കാണികളെ കണ്ടു. ഇസ്രായേലി മാധ്യമപ്രവർത്തകനോട് 'ഖത്തർ ഞങ്ങളുടെ നാടാണ്. ഞങ്ങൾക്ക് ഫലസ്തീനിനെ മാത്രമേ അറിയൂ. ഇസ്രായേൽ എന്നൊരു രാജ്യമേ ഇല്ല' എന്ന് ഒരു സൗദി പൗരൻ ആക്രോശിച്ചത് ഇസ്രായേൽ ചാനൽ 'കാൻ-11' റിപ്പോർട്ട് ചെയ്തിരുന്നു. ഫലസ്തീൻ അഭയാർഥികളുടെ നിസ്സഹായത ലോകം മനസ്സിലാക്കണമെന്ന് 'ദി പാലസ്തീൻ റിട്ടേൺ സെന്റർ' സംഘടന ആവശ്യപ്പെടുന്നു.

അധിനിവേശം അവസാനിച്ച് അഭയാർഥികൾ തിരിച്ചെത്തുന്നതുവരെ അവരെ സംരക്ഷിക്കേണ്ട ബാധ്യത യു.എൻ നിർവഹിക്കേണ്ടതാണ്. 1967ലെ അതിരുകൾക്കനുസൃതമായി, ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം നിലവിൽവരണമെന്നാണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പ്രമേയങ്ങൾ താൽപര്യപ്പെടുന്നത്. യു.എൻ ജനറൽ അസംബ്ലി അധ്യക്ഷനായ ഷാബാ കൊറോസി ഫലസ്തീനിന് പിന്തുണ പ്രഖ്യാപിക്കുകയും ലോകരാഷ്ട്രങ്ങളോട് സൃഷ്ടിപരവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളാൽ അത് സാക്ഷാത്കരിക്കാൻ ആവശ്യപ്പെടുകയുമുണ്ടായി.

ഇസ്രായേലിൽ ഇതമാർ ബെൻ ഗവിർ നയിക്കുന്ന വലതുപക്ഷ തീവ്രവാദ ജൂതപാർട്ടിയുമായി ചേർന്നാണ് ബെന്യമിൻ നെതന്യാഹു ഭരിക്കാനൊരുങ്ങുന്നത്. മസ്ജിദുൽ അഖ്സയിൽ ജൂതർക്ക് പ്രാർഥനാനുമതി വേണമെന്നും വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കണമെന്നും ആവശ്യപ്പെടുന്നയാളാണ് അദ്ദേഹം. ഇതിനെതിരായി ശബ്ദിക്കുന്ന പലസ്തീനികളെ ദേശക്കൂറില്ലാത്തവരായി പ്രഖ്യാപിച്ച് പൗരത്വം നിഷേധിക്കണമെന്നാണ് ആവശ്യം.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബെൻഗവിർ ഇസ്രായേൽ സേനക്ക് ഒരു എളുപ്പവഴി നിർദേശിക്കുകയുണ്ടായി. പ്രക്ഷോഭത്തിലേർപ്പെടുന്ന ഫലസ്തീൻ യുവാക്കളെ കൂടുതലൊന്നും ആലോചിക്കാതെ വെടിവെച്ചുകൊല്ലുകയാണെങ്കിൽ പ്രശ്നം എളുപ്പം പരിഹരിക്കാനാകുമത്രെ! ബറൂഷ് മാർസെൽ ഒരു പടി കൂടി മുന്നോട്ട് പോയി. അയാളുടെ പക്ഷം ചുരുങ്ങിയത് മൂന്നു ലക്ഷം ഫലസ്തീനികളെ ജോർഡനിലേക്ക് നാടുകടത്തി നാട് ശുദ്ധീകരിക്കണമെന്നാണ്!

സഖ്യകക്ഷികളോട് നെതന്യാഹു യോജിക്കുന്നത് ഫലസ്തീൻ വിരുദ്ധതയെന്ന ഒറ്റ വിഷയത്തിൽ മാത്രമാണ്. നെതന്യാഹുവിന്റെയും വലതുപക്ഷ സഖ്യത്തിന്റെയും വിജയം ആഘോഷിച്ചത് ലോകമെമ്പാടുമുള്ള തീവ്ര വലതുപക്ഷ സംഘടനകളും ഭരണാധികാരികളുമാണ്. എന്നാൽ, ഇസ്രായേലി മാധ്യമങ്ങൾ ഈ വിജയം രാജ്യത്തെ ദുർബലപ്പെടുത്തുമെന്നാണ് വിലയിരുത്തിയത്. ജുഡീഷ്യറിയുടെ അധികാരം വെട്ടിച്ചുരുക്കുന്നത് അഴിമതി ആരോപണങ്ങളിൽനിന്ന് രക്ഷപ്പെടാൻ തൽക്കാലം സഹായകമാവുമെങ്കിലും ഭാവിയിൽ അത് ജനാധിപത്യ സങ്കൽപത്തിന് തന്നെ വിപത്തായിത്തീരും.

അനാവശ്യ സാഹസികതക്കൊന്നും താൻ തുനിയുകയില്ലെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുവാൻ ശ്രമിക്കുമെന്നും നെതന്യാഹു പ്രസ്താവിക്കുന്നു. പക്ഷെ, ചരിത്രം നൽകുന്ന പാഠം മറ്റൊന്നാണ്. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഇസ്രായേൽ സേന പലതവണ ആക്രമണങ്ങൾ അഴിച്ചുവിട്ടു. അങ്ങനെ 2741 രക്തസാക്ഷികളെ അവർ സംഭാവന ചെയ്തു. 2017-21 കാലത്ത് ഡൊണാൾഡ് ട്രെംപ് അമേരിക്കൻ പ്രസിഡന്റായിരിക്കെ തലസ്ഥാനം തെൽഅവീവിൽ നിന്നും ജറൂസലമിലേക്ക് മാറ്റി.

യുദ്ധത്തിൽ പിടിച്ചെടുത്ത ഗോലാൻ കുന്നുകൾ സ്വന്തമാക്കി. 'അബ്രഹാം കരാർ' ഒപ്പുവെച്ചു. അങ്ങനെ പലതും.നെതന്യാഹു ഇപ്പോൾ ഭരണമേറ്റെടുക്കുന്നത് ഏറെ കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിലാണ്. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികൾ 2005ന് ശേഷം ഏറ്റവും വലിയ ദുരിതബാധിതരായിരിക്കുന്ന വർഷം. നാബ്ലുസിലും ജനീനിലും അവർ പൊരുതുന്നു. ഏത് രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചാലും ഫലസ്തീന് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല.

ഫലസ്തീന്റെ ആവശ്യം സ്വാതന്ത്ര്യമാണ്. വിവിധ വേഷമിടുന്ന പാറാവുകാരെ അവർക്കാവശ്യമില്ല. ജറൂസലം അവരിൽ നിന്നും പിടിച്ചെടുത്തതോടെ അവർക്കെല്ലാം വ്യക്തമായിരിക്കുന്നു. എന്നാൽ, അതേ പാശ്ചാത്യ ശക്തികൾ, ഇസ്രായേൽ തന്നെയും ഇപ്പോൾ റഷ്യ യുക്രെയ്ൻ ആക്രമിച്ചതിനെ അപലപിക്കുന്നു! വിചിത്രമായ സമീപനം തന്നെ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestine
News Summary - To support Palestinian, its become a crime
Next Story