ടുഡേ ഓർ ടുമോറോ, ഖാർഗെ ഇൗസ് ദ ഗാരന്റി
text_fieldsരണ്ടു ദശകത്തെ നീണ്ട കാലയളവിനു ശേഷം ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി ആഭ്യന്തര തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ, അത് ഗുണകരമാണെന്നാണ് പാർട്ടിക്കുള്ളിലെന്നപോലെ പുറത്തും ഉയരുന്ന അഭിപ്രായം. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും കേരളത്തിൽനിന്നുള്ള ലോക്സഭാംഗം ഡോ. ശശി തരൂരും മത്സരരംഗത്തുണ്ട്. മത്സരത്തെ പോസിറ്റിവായി കാണുമ്പോൾതന്നെ, തരൂർ കാര്യങ്ങളെ പ്രത്യേക അവസ്ഥയിലേക്ക് എത്തിച്ചു എന്നതിനെ കാണാതിരിക്കാനാവില്ല. 'തിങ്ക് തരൂർ, തിങ്ക് ടുമോറോ' എന്ന് തരൂരും അനുയായികളും അടയാളപ്പെടുത്തുമ്പോൾ അത് മുന്നോട്ടുവെക്കുന്ന സന്ദേശമെന്താണ്? ഇപ്പോഴത്തെ വ്യവസ്ഥ കാലഹരണപ്പെട്ടതാണെന്ന് പരോക്ഷ സൂചന നൽകിക്കൊണ്ട്, മാറ്റത്തിന്റെ ഏജന്റായി തരൂർ സ്വയം അവതരിപ്പിക്കുമ്പോൾതന്നെ, ഖാർഗെക്ക് മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്ന് തീർത്തുപറയുകയും ചെയ്യുന്നു. തരൂരിന്റെ ആരാധകരാകട്ടെ, ഒരുപടികൂടി കടന്ന്, ഖാർഗെയെ വൃദ്ധനേതൃത്വമായി അപമാനിക്കുകയും ചെയ്യുന്നു. മാറ്റത്തിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്നവർ എന്ന ദ്വന്ദം പ്രായത്തെ പ്രതിനിർമിക്കാനുള്ള പരിശ്രമമാണ് ബോധപൂർവം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി ആസൂത്രിതമായി അജണ്ടകൾ നിർമിക്കുകയും മാധ്യമ പി.ആർ പ്രചാരവേലകൾ നടത്തുകയും ചെയ്യുന്നു. അതിനിടയിൽ അടിസ്ഥാന ജനവിഭാഗത്തിൽനിന്ന് ഉയർന്നുവന്ന മല്ലികാർജുൻ ഖാർഗെയുടെ സ്ഥാനാർഥിത്വം മുന്നോട്ടുവെക്കുന്ന സാമൂഹിക നീതിയിൽ അധിഷ്ഠിതമായ മാറ്റം തമസ്കരിക്കപ്പെടുകയും ചെയ്യുന്നു. പ്രായം കുറഞ്ഞതുകൊണ്ടുമാത്രം ഒരാൾ പുരോഗമനകാരിയും, പ്രായം കൂടിയതുകൊണ്ട് ഒരാൾ പ്രതിലോമകാരിയുമാണെന്ന് പറയുന്ന വാദങ്ങൾ യുക്തിഭദ്രമല്ലെന്നു മാത്രമല്ല, കുയുക്തിയുമാണ്.
തരൂരിനെ പ്രത്യയശാസ്ത്ര വിശാരദനായി അവതരിപ്പിക്കുന്നവർ, മല്ലികാർജുൻ ഖാർഗെയുടെ ആദർശപരിസരം മറന്നുപോവുന്നു. അതിനാൽതന്നെ, ഉപരിപ്ലവമായ നരേറ്റിവുകൾക്കപ്പുറം രണ്ടുപേരും തമ്മിലെ ആഴത്തിലുള്ള താരതമ്യംതന്നെയാണ് അനിവാര്യം. പാർട്ടിയിൽ കാര്യങ്ങൾ നടക്കുന്നത് കേന്ദ്രീകരണത്തിലൂടെയാണെന്നും അത് എതിർക്കപ്പെടേണ്ടതാണെന്നുമാണ് തരൂരിന്റെ പക്ഷം. സംസ്ഥാന ഘടകങ്ങൾ മുതൽ താഴോട്ടുള്ള ഘടകങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകാത്ത ഘടനയാണ് സംഘടനയുടെ കുഴപ്പമെന്ന് അദ്ദേഹം പറയുന്നു. ഡോ. ശശി തരൂരിനെ തിരുവനന്തപുരത്ത് ആദ്യമായി സ്ഥാനാർഥിയാക്കുമ്പോൾ, സംസ്ഥാന ഘടകം മുതൽ ആ നിയോജക മണ്ഡലത്തിലെ ഏറ്റവും താഴെ തട്ടിലെ കമ്മിറ്റികൾ വരെ ആ തീരുമാനത്തിന് എതിരായിരുന്നുവെന്നും, ഇപ്പോൾ തരൂർ എതിർക്കുന്ന കേന്ദ്രീകൃത ഘടനയുടെ മാത്രം തീരുമാനമായിരുന്നു ആ സ്ഥാനാർഥിത്വം എന്നും എല്ലാവർക്കും അറിയാം. അതേസമയം ഖാർഗെയിലേക്ക് നോക്കുമ്പോൾ, അടിത്തട്ടിലെ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ പടിപടിയായി നേടിയെടുത്തതാണ് സംഘടന പാർലമെന്ററി നേതൃപദവികളെല്ലാം. അതുകൊണ്ട് വികേന്ദ്രീകരണത്തെപ്പറ്റി സംസാരിക്കാൻ ആർക്കാണ് അവകാശം എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടാ.
ശശി തരൂരിന്റെ പുസ്തകങ്ങളിൽ ഏറ്റവും ആഘോഷിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണല്ലോ why i am a hindu. വായിച്ചവരും വായിക്കാത്തവരും ഒരുപോലെ പ്രകീർത്തിക്കുന്ന ആ പുസ്തകം സംവരണത്തെ നിഷേധാത്മകമായി അവതരിപ്പിക്കുന്നു. പാർട്ടിക്കകത്തടക്കം സംവരണം നടപ്പാക്കാൻ നീക്കങ്ങൾ നടക്കുന്ന കാലത്ത്, സംവരണ വിരുദ്ധമായ ഒരു ആശയസരണിയിൽ സംഘടനക്ക് എങ്ങനെയാണ് മുന്നോട്ടുപോവാൻ കഴിയുക?
അടിയുറച്ച അംബേദ്കറിസ്റ്റായ മല്ലികാർജുൻ ഖാർഗെ സിദ്ധാന്തത്തിൽ മാത്രമല്ല, സാമൂഹിക ശാക്തീകരണത്തിന്റെ പ്രയോഗമാതൃകകൾ നടപ്പാക്കിക്കാണിച്ചുകൊടുത്ത ആളാണ്. അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിജയമാതൃകയായി ഇന്നും കർണാടകയിൽ തലയുയർത്തി നിൽക്കുന്നു.
ശശി തരൂർ പ്രധാനമന്ത്രിക്കെതിരെ പലപ്പോഴും പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ചിലപ്പോൾ പ്രശംസിച്ചിട്ടുണ്ട്. അത് അദ്ദേഹം ആർജിച്ച അന്താരാഷ്ട്ര ഡിപ്ലോമസിയുടെ ഭാഗമായിരിക്കാം. പക്ഷേ, ആർ.എസ്.എസിനെതിരായ ആക്രമണത്തിന് ഒരിക്കലും അവധി കൊടുക്കാത്ത നേതാവാണ് ഖാർഗെ. സംഘ്പരിവാറിനെ ആശയപരമായി അതിന്റെ അടിവേരിൽ പോയി ആക്രമിക്കുന്നതാണ് ആ ശീലം. 'ഞങ്ങൾ നിങ്ങളെപ്പോലെ അധിനിവേശം നടത്തിയ ആര്യന്മാരല്ല' എന്ന ലോക്സഭയിൽ അദ്ദേഹം നടത്തിയ പ്രസംഗംതന്നെ ഉദാഹരണം. ഹിജാബിന്റെ പേരിൽ കർണാടകയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സംഘ്പരിവാർ പരിശ്രമങ്ങളെ പ്രതിരോധിക്കാൻ മറ്റാരേക്കാളും മുന്നിൽ നിന്ന നേതാവ്.
ഇത്രമാത്രം പോരാട്ടചരിത്രമുള്ള ഒരാളെ ഗാന്ധി കുടുംബത്തിന്റെയും കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും കൈയിലെ കളിപ്പാവയായി ചിത്രീകരിക്കുന്നവർ തമസ്കരിക്കുന്നത് ഖാർഗെയുടെ രാഷ്ട്രീയകർതൃത്വത്തെതന്നെയാണ്. സംഘ്പരിവാറിനെതിരെ തെരുവിൽ സമരം ചെയ്യുന്ന ഒരു നേതാവിനെ തിരസ്കരിച്ചുകൊണ്ട്, തരൂർ മാത്രമാണ് സംഘ്പരിവാറിനെതിരെ പോരാടാനുള്ള ഏകവഴി എന്ന് പ്രചരിപ്പിക്കുന്നവരുടെ താൽപര്യം എന്താണ്?
ശശി തരൂർ മത്സരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ആശയങ്ങൾ മുന്നോട്ടുവെക്കുന്നത് മനസ്സിലാക്കാം. എന്നാൽ, അദ്ദേഹത്തെ അനുകൂലിക്കാനെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന അതിവാദങ്ങൾ പലപ്പോഴും അസഹനീയമാണ്. തരൂരിനെ നെഹ്റുവിനോടൊക്കെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നവർ സ്വയം പരിഹാസ്യരാവുകയാണെന്ന് പറയാതിരിക്കാനാവില്ല. ജീവിതത്തിന്റെ ചെറുതല്ലാത്ത ഭാഗം ജയിലിൽ ജീവിച്ച നെഹ്റുവിന്റെ ലെഗസി, നാളിതുവരെ ഒരു സമരത്തിലും പങ്കെടുക്കാതെ രാഷ്ട്രീയത്തിലേക്ക് എടുത്തെറിയപ്പെട്ട തരൂരിന് എങ്ങനെ ചേരുമെന്നാണ് അവർ പറയാൻ ശ്രമിക്കുന്നത്? ഒമ്പതിനായിരത്തിൽപരം അംഗങ്ങൾ ഉൾക്കൊള്ളുന്ന ഇലക്ടറൽ കോളജാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അതവർ നിർവഹിക്കട്ടെ. പക്ഷേ, അതിന്റെ ഭാഗമായി പല കോണിൽനിന്നെന്നപോലെ, ഉയർന്നുവരുന്ന പ്രൊപഗണ്ടകൾ തീർത്തും നിഷ്കളങ്കവും കോൺഗ്രസിനെ നേർവഴിക്ക് നയിക്കാനുള്ളതുമാണെന്ന് വിശ്വസിക്കാൻ നിർവാഹമില്ല.
അണ്ണ ഹസാരെയുടെ സമരകാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ സിവിൽ സമൂഹ ബുദ്ധിജീവികൾ തരൂരിനുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രായം തോൽക്കാത്ത ചർമം സോപ്പിന് മികച്ച പരസ്യവാചകമാണ്. പക്ഷേ, ഒരു സംഘടനയെ നയിക്കാൻ അതു മതിയാകാതെ വരും. പരസ്യ പി.ആർ വർക്കുകളിലൂടെ തീരുമാനിക്കപ്പെടേണ്ടതല്ല, കോൺഗ്രസ് പോലൊരു പാർട്ടിയുടെ നേതൃത്വം.
(ലേഖകൻ രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിന്റെ മുൻ സംസ്ഥാന ഭാരവാഹിയും കേരള ഹൈകോടതിയിൽ അഭിഭാഷകനുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.