Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകം കാണാതെപോയ ത്രിപുര മാതൃക
cancel
സദാ അശാന്തിയും ദുരിതങ്ങളും പെയ്യിച്ച തോക്കുകളെ നിശ്ശബ്ദമാക്കാൻ മണിക് സർക്കാറിന്റെ നേതൃത്വത്തിൽ നടന്ന വികസന, രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക്​ സാധിച്ചിരുന്നു. പ്രശ്​നബാധിത ​മേഖലകളിൽ രാജ്യത്തി​ന്റെ മറ്റു മേഖലകളിൽ നടമാടാറുള്ള ഭരണകൂട അതിക്രമങ്ങളിൽനിന്ന്​ ഭിന്നമായി ക്ഷമയുടെയും സംവാദത്തി​ന്റെയും മാർഗങ്ങളിലൂടെ സമാധാനത്തിലേക്ക്​ വഴികാട്ടി ത്രിപുര മാതൃക നിർമിച്ചു. പട്ടാളനിയമം ഉണ്ടായിരുന്നിട്ടുപോലും പട്ടാളത്തെ ഉപയോഗിച്ചില്ല. പൊലീസിനെ പറ്റിയുള്ള പരാതികൾ മുഖ്യമന്ത്രി നേരിട്ടുതന്നെ പരിഗണിക്കുന്ന ഒരു സംവിധാനം നിലവിലുണ്ടായിരുന്നു. ത്രിപുരമാതൃകയുടെ വിജയം പക്ഷേ, രാജ്യത്ത് വേണ്ടവിധം അറിയപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നത് വലിയൊരു രാഷ്ട്രീയനഷ്​ടമാണ്.

ജപ്പാൻ സർക്കാറുമായി സഹകരിച്ച്​ വനപരിപാലനം ശക്തിപ്പെടുത്തുന്ന പദ്ധതി തയാറാക്കാനുള്ള അന്താരാഷ്ട്രസംഘത്തി​ന്റെ ഭാഗമായാണ്​ 2006 മേയിൽ ഞാൻ ത്രിപുരയിൽ ചെന്നത്​. പക്ഷേ, തലസ്ഥാനമായ അഗർതല അടങ്ങുന്ന പശ്ചിമ ജില്ലക്ക്​ വെളിയിലെ മറ്റു മൂന്നു ജില്ലകളിലേക്കും യാത്രപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു അന്ന്​. (അന്നത്തെ നാലു ജില്ലകൾ പിന്നീട് എട്ടു ജില്ലകളായി പുനഃസംഘടിപ്പിച്ചു). അഫ്സ്​പ എന്ന പട്ടാളനിയമം നിലനിൽക്കുന്ന കാലമാണ്​. മറ്റു ജില്ലകളിലേക്ക്​ സഞ്ചരിക്കണമെങ്കിൽ തോക്കേന്തിയ പട്ടാളക്കാരുടെ അകമ്പടിവേണം. അങ്ങനെ പോയാൽ ജനങ്ങളുമായി സ്വതന്ത്രമായി ഇടപെടാനാവില്ലെന്നതുകൊണ്ട്​ യാത്രകൾ പശ്ചിമജില്ലയിൽ ഒതുക്കി.

2006–2007ൽ രൂപപ്പെടുത്തിയ 495 കോടി രൂപയുടെ വനസംരക്ഷണ-ദാരിദ്യ്ര ലഘൂകരണപദ്ധതി പൂർത്തിയായതിനെ തുടർന്ന് 750 കോടി രൂപ ചെലവിട്ടുള്ള രണ്ടാം ഘട്ടത്തി​ന്റെ ആലോചനക്കും ആസൂത്രണത്തിനും വേണ്ടി 2017ൽ വീണ്ടും ത്രിപുരയിൽ എത്തി. അത്തവണ സംസ്ഥാനത്തിന്റെ വിദൂരപ്രദേശങ്ങളിലേക്ക് സെക്യൂരിറ്റി അകമ്പടിയില്ലാതെ സഞ്ചരിക്കാൻ എനിക്കും സഹപ്രവർത്തകർക്കും കഴിഞ്ഞു. വനപ്രദേശങ്ങളിൽ പോകുന്നതിനോ ജനങ്ങളുമായി തുറന്നരീതിയിൽ സംവേദനം ചെയ്യുന്നതിനോ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.

പത്തുവർഷം കൊണ്ട് ഈ മാറ്റം എങ്ങനെ സംഭവിച്ചു എന്നത് വിശകലനം ചെയ്യു​മ്പോൾ കിട്ടുന്നപാഠം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ലോകത്തിനുതന്നെയും വിലപ്പെട്ടതാണ്. ഭരണകൂടത്തി​ന്റെ ഉരുക്കുമുഷ്​ടി ഉപയോഗിക്കാതെ സായുധപ്രസ്ഥാനങ്ങളെയും വിഘടനവാദത്തെയും എങ്ങനെ കൈകാര്യം ചെയ്യാം എന്ന സവിശേഷമായ അറിവാണത്.

ചരിത്രപരമായി ഗോത്രവർഗ ഭൂരിപക്ഷപ്രദേശമായിരുന്ന ത്രിപുരയുടെ ജനസംഖ്യാഘടനയിൽ മാറ്റമുണ്ടാക്കിയത്​ 1947ലും 1971ലെ യുദ്ധത്തിലുമുണ്ടായ അഭയാർഥിപ്രവാഹമാണ്​. എൺപതുകളിൽ ബംഗാളി ജനസംഖ്യ (മുഖ്യമായും ഹിന്ദുക്കൾ) ഗണ്യമായി വർധിച്ചപ്പോൾ ഗോത്രവർഗങ്ങൾ ജനസംഖ്യയുടെ മുപ്പത് ശതമാനമായി ചുരുങ്ങി. ഇത് സാമൂഹിക സംഘർഷങ്ങൾക്ക്​ വഴിവെച്ചു. തൊണ്ണൂറുകളുടെ മധ്യത്തിൽ ഗോത്രവർഗ സ്വാതന്ത്ര്യവും അവകാശസംരക്ഷണവും ലക്ഷ്യമായി ഉന്നയിച്ച്​ സായുധ സംഘടനകൾ രൂപംകൊണ്ടതോടെ സംസ്ഥാനം സംഘർഷങ്ങളുടെ നടുവിലായി. ഭരണകൂടം അഫ്സ്​പ എന്ന പട്ടാളനിയമം നടപ്പാക്കി. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും രണ്ടു ഭാഗത്തുനിന്നുമുള്ള അക്രമം സാധാരണമായി.

2007നുശേഷമുള്ള കാലം ഗോത്രവിഭാഗങ്ങളുമായുള്ള നിരന്തരമായ സംഭാഷണങ്ങളുടേതും വികസനപ്രവർത്തനങ്ങളുടേതും അധികാര വികേന്ദ്രീകരണത്തിന്റേതുമായിരുന്നു. 10,491 ചതുരശ്ര കി.മീ വിസ്​തീർണമുള്ള ത്രിപുരയുടെ 68 ശതമാനം ഭാഗത്തും ഇപ്പോൾ ഭരണനിർവഹണം നടത്തുന്നത്​ ഗോത്രവർഗ നിയന്ത്രണത്തിലുള്ള സ്വയംഭരണ ജില്ല കൗൺസിലുകളാണ്. ആ മേഖലയിലുള്ള വനപരിപാലനം ഉൾപ്പെടെയുള്ള കാര്യങ്ങളും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം ഈ കൗൺസിലുകളാണ് നിർവഹിക്കുന്നത്. 2019ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ റിപ്പോർട്ടനുസരിച്ച് ത്രിപുരയുടെ 73.68 ശതമാനം ഭാഗം വനപ്രദേശമാണ്. സ്വയംഭരണ പ്രദേശങ്ങളിലുള്ള വനപരിപാലനത്തിനായുള്ള വനം ഉദ്യോഗസ്ഥർ കൗൺസിലുകളുടെ നിയന്ത്രണത്തിലാണ്. തലസ്ഥാനത്തെ മുതിർന്ന വനം ഉദ്യോഗസ്ഥർക്ക് കൗൺസിലുകളുടെ കാര്യത്തിൽ (സ്വാഭാവികമായി) അസന്തുഷ്​ടി ഉണ്ടെങ്കിലും വനപരിപാലനത്തിനുള്ള ജനകീയ വഴിയാണ് തെരഞ്ഞെടുക്കപ്പെട്ട ആദിവാസി കൗൺസിലുകൾവഴി സാധിക്കുന്നത്.

മറ്റുപല സംസ്ഥാനങ്ങളിലും അപൂർവമായി മാത്രം കാണുന്ന മേന്മയുള്ള ഗ്രാമീണ റോഡുകൾ 2017ൽ അവിടെ കാണാൻ കഴിഞ്ഞു. നല്ലരീതിയിൽ പ്ലാൻചെയ്ത കളിസ്ഥലങ്ങൾ മിക്ക ഗ്രാമങ്ങളിലുമുണ്ട്. ദക്ഷിണ ത്രിപുര ജില്ലയിലൂടെ സഞ്ചരിക്കവേ ബാർപതാരി എന്ന ഗ്രാമത്തിലെ ആശുപത്രിയിൽ ഞാൻ കയറി നോക്കി. ആരോഗ്യസേവനത്തിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് നാം കരുതുന്ന കേരളത്തിൽ പോലും ഇത്തരം ഒരു ഗ്രാമീണ ആശുപത്രി അപൂർവമാണ്. അത്യധികം വൃത്തിയുള്ള രണ്ടുനില കെട്ടിടം. കോമ്പൗണ്ടിൽതന്നെ സ്റ്റാഫ് താമസസൗകര്യം, ആംബുലൻസ്​. വൈകീട്ട് ഞാൻ ചെന്നപ്പോൾ ആശുപത്രിയുടെ ജനകീയ മേൽനോട്ട സമിതിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും ഇത്തരം ഓരോ ആശുപത്രിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്​ വെറുതേ മോഹിച്ചുപോയി. പട്ടിച്ചെരി എന്ന ഗ്രാമത്തിൽ കണ്ട പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്​, വൃത്തിയുള്ള ചന്ത, സമ്മേളനഹാൾ പോലുള്ളവ ബംഗാളിലെയോ ബിഹാറിലെയോ ഗ്രാമപ്രദേശങ്ങളിൽ കാണാവുന്നതല്ല. ദാരിദ്ര്യത്തി​ലാണ്ട മേഖലകളുമുണ്ട്​. അവയുടെ മുന്നേറ്റത്തിന്​ എത്രകാലം വേണ്ടിവരുമെന്ന്​ പറയാനാവില്ല.

ഞങ്ങൾ 2007ൽ ആസൂത്രണംചെയ്ത മിക്ക കാര്യങ്ങളും നല്ലരീതിയിൽ നടപ്പാക്കി എന്ന് പത്തുവർഷം കഴിഞ്ഞുള്ള സന്ദർശനത്തിൽ മനസ്സിലായി. അതിൽ അഴിമതി എത്രമാത്രം ഉണ്ടായിരുന്നു എന്നറിയില്ല. പക്ഷേ, വളരെ കുറവായിരിക്കാനാണ് സാധ്യത. ഈ വനപരിപാലന പദ്ധതിയുടെയും ഒരുലക്ഷ്യം ദാരിദ്യ്രലഘൂകരണമായിരുന്നു. ജനങ്ങളുടെ ഉപജീവന പോഷണത്തിനുള്ള പരിപാടികൾ മാതൃകാപരമായി നടപ്പാക്കുകയുണ്ടായി. വനവിഭവങ്ങളുടെ മൂല്യവർധനവിനും വില്പനക്കുമുള്ള പ്രവർത്തനങ്ങൾ പ്രാദേശിക ജനകീയ സമിതികൾ വഴി ഊർജ്ജസ്വലമായി നടന്നു. വനം ഉദ്യോഗസ്ഥർക്ക് വേണ്ടത്ര താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയിൽ വനാവകാശനിയമം ഏറ്റവും ഫലവത്തായി നടപ്പാക്കിയ സംസ്ഥാനമാണ് ത്രിപുര (വനാവകാശ നിയമത്തി​ന്റെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നത് ഖേദകരമാണ്).

മുഖ്യ ഗോത്രവർഗ ഭാഷയായ കോക്ബോറാക്ക് 1979ൽ തന്നെ ഒരു സംസ്ഥാന ഔദ്യോഗികഭാഷയായി അംഗീകരിച്ചിരുന്നെങ്കിലും ഈ ഭാഷക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നില്ല. 2010നുശേഷം കോക്ബോറാക്കിന് ഊർജിതമായ പ്രോത്സാഹനം നല്കി. ത്രിപുരയുടെ പേര് കോക്ബോറാക്ക് ഭാഷയിൽ ത്വിപ്ര എന്നാണ്. ജലാശയത്തിന് സമീപത്തുള്ള പ്രദേശം എന്നർഥം. കോക്ബോറാക്കിന്റെ ലിപി ബംഗാളിയിൽനിന്ന് മാറ്റി റോമൻ ലിപി ആക്കണമെന്ന ആവശ്യവും ശക്തമാണ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഒരു പ്രധാന വാഗ്ദാനം കോക്ബോറാക്ക് ഭാഷ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപെടുത്താം എന്നതായിരുന്നു. പക്ഷേ, ആ വാഗ്ദാനം അവരുടെ മറ്റു വാഗ്ദാനങ്ങൾ പോലെയായി.

സദാ അശാന്തിയും ദുരിതങ്ങളും പെയ്യിച്ച തോക്കുകളെ നിശ്ശബ്ദമാക്കാൻ മണിക് സർക്കാറിന്റെ നേതൃത്വത്തിൽ നടന്ന വികസന, രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക്​ സാധിച്ചിരുന്നു. പ്രശ്​നബാധിത ​മേഖലകളിൽ രാജ്യത്തി​ന്റെ മറ്റു മേഖലകളിൽ നടമാടാറുള്ള ഭരണകൂട അതിക്രമങ്ങളിൽനിന്ന്​ ഭിന്നമായി ക്ഷമയുടെയും സംവാദത്തി​ന്റെയും മാർഗങ്ങളിലൂടെ സമാധാനത്തിലേക്ക്​ വഴികാട്ടി ത്രിപുര മാതൃക നിർമിച്ചു. പട്ടാളനിയമം ഉണ്ടായിരുന്നിട്ടുപോലും പട്ടാളത്തെ ഉപയോഗിച്ചില്ല. പൊലീസിനെ പറ്റിയുള്ള പരാതികൾ മുഖ്യമന്ത്രി നേരിട്ടുതന്നെ പരിഗണിക്കുന്ന ഒരു സംവിധാനം നിലവിലുണ്ടായിരുന്നു. ത്രിപുരമാതൃകയുടെ വിജയം പക്ഷേ, രാജ്യത്ത് വേണ്ടവിധം അറിയപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നത് വലിയൊരു രാഷ്ട്രീയനഷ്​ടമാണ്. ഈ മാതൃക മറ്റ് അസ്വസ്ഥമേഖലകളിലും പ്രയോഗിച്ച് വിജയിക്കാൻ ശേഷിയുള്ളതായിരുന്നു.

2018ലെ തെരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ അവിടത്തെ ജോലിത്തിരക്കിനിടയിലും അറിയാൻ ഞാൻ ശ്രമിച്ചിരുന്നു. സർക്കാറിന്റെ പ്രവർത്തനമായിരുന്നു മാനദണ്ഡമെങ്കിൽ ഇടതുപക്ഷസഖ്യം തിരിച്ചുവരാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നതായിട്ടാണ് എനിക്കു തോന്നിയത്. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ എതിരാളികൾപോലും അഴിമതിയാരോപണങ്ങൾ ഉയർത്തിയിരുന്നില്ല. കേരളത്തിലെയും ബംഗാളിലെയും അവസ്ഥയിൽനിന്ന്​ തികച്ചും വ്യത്യസ്​തം. ഗ്രാമപ്രദേശങ്ങളിൽ പാർട്ടി നേതാക്കന്മാർ ധാർഷ്ട്യം കാട്ടാറുണ്ടെന്ന് കേട്ടിരുന്നു. പാർട്ടിയുടെ രാഷ്ട്രീയവിദ്യാഭ്യാസം കാര്യമായിട്ട് നടക്കുന്നുണ്ടായിരുന്നോ എന്നകാര്യത്തിലും സംശയമുണ്ടായിരുന്നു.

എതിർപക്ഷം അളവറ്റതോതിൽ പണമൊഴുക്കി. പുറമേ ബംഗാളിൽനിന്നും അസമിൽനിന്നും പ്രവർത്തകരും കൂട്ടംകൂട്ടമായി പ്രചാരണത്തിനെത്തി. അവരുടെ വാട്സ്​ ആപ് മുഖേനയുള്ള പ്രചാരണം നിയന്ത്രിക്കുന്നതിനുമാത്രം വലിയ സംഘങ്ങളുണ്ടായിരുന്നു. അത്തരം സഹായങ്ങൾ പക്ഷേ, ഇടതുപക്ഷത്തിന് കേരളത്തിൽനിന്നോ ബംഗാളിൽനിന്നോ ഉണ്ടായില്ല. തെരഞ്ഞെടുപ്പുഫലം ടെലിവിഷനിൽ വന്നുകൊണ്ടിരിക്കെ ആദ്യത്തെ ഒരുമണിക്കൂർ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതുപക്ഷം മുന്നിട്ടുനിന്നു. 11 മണിക്ക് പല മണ്ഡലങ്ങളിലും ഒരുമിച്ചാണ് ചിത്രം മാറിയത്. പേപ്പർ ബാലറ്റ് ആയിരുന്നെങ്കിൽ അത്തരം അസ്വാഭാവികതകൾ എന്താണെന്ന് മനസ്സിലാക്കാനുള്ള പ്രക്രിയകൾ എളുപ്പമായിരുന്നു. പല ജനാധിപത്യ രാജ്യങ്ങളിലും നിയമംകൊണ്ട് നിരോധിച്ച തെരഞ്ഞെടുപ്പുയന്ത്രം നമ്മൾ തുടർന്നും ഉപയോഗിക്കുന്നത്, നമ്മുടെ ജനാധിപത്യത്തിനുള്ള ഒരു വെല്ലുവിളിയായി നിലനിൽക്കുന്നു.

2018ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് സമാനതകളില്ലാത്ത അക്രമമാണ് വിജയിച്ച കക്ഷി ഇടതുപക്ഷത്തിനുനേരെ അഴിച്ചുവിട്ടത്. അവർക്ക് പിന്നീട് വന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാര്യമായി പങ്കെടുക്കാൻപോലും കഴിയാതിരുന്നത്ര അക്രമം.​ ത്രിപുരക്ക്​ അന്യമായിരുന്ന രാഷ്​ട്രീയ അക്രമം പിന്നെ ഒരു പതിവ്​ പരിപാടിയായി മാറി. ഭരണപക്ഷത്തി​ന്റെ ആശിർവാദത്തോടെ വർഗീയ കലാപവും ത്രിപുരയിൽ തലപൊക്കി. ഈ അക്രമത്തിന്റെ പശ്ചാത്തലത്തിലും ഇലക്ഷൻ കമീഷൻ ബി.ജെ.പിക്കെതിരെയുള്ള ആരോപണങ്ങൾ പൊതുവിൽ അവഗണിക്കുന്ന രീതിയുള്ളതുകൊണ്ടും മുൻ ജഡ്ജിമാരുടെ നേതൃത്വത്തിൽ ഒരു ജനകീയ തെരഞ്ഞെടുപ്പ് നിരീക്ഷണസംഘം രൂപവത്​കരിച്ച് ത്രിപുരയിൽ ഫെബ്രുവരി 16ന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നുണ്ട്​. അനുദിനം ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ജനാധിപത്യത്തിൽ അതൊരു അനിവാര്യതതന്നെ.

s.faizi111@gmail.com

(പരിസ്ഥിതി ശാസ്​ത്രജ്ഞനും യു.എൻ പരിസ്ഥിതി ഉടമ്പടി ചർച്ചകളിലെ ഉപദേശകനുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tripura model
News Summary - Tripura model that the world has missed
Next Story