രണ്ട് യു.എസ് കോടതി വിധികളും ഫലസ്തീനും
text_fieldsപ്രതിവർഷം സൈനിക സഹായമായി ഇസ്രായേലിന് 380 കോടി ഡോളർ (31,555 കോടി രൂപ) നൽകുന്നുണ്ട്. അതിനുപുറമെ ഈ വർഷം 1410 കോടി ഡോളർ (1,17,091 കോടി രൂപ) അധികം നൽകാനുള്ള തീരുമാനം സെനറ്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയുമാണ്
ഈ വർഷാദ്യത്തിൽ, യു.എസ് പ്രസിഡന്റ് ജോ ബൈഡനും അമേരിക്കൻ ഭരണകൂടത്തിനുമെതിരെ രണ്ട് വ്യവഹാരങ്ങൾ കോടതി കയറുകയുണ്ടായി. ഒന്നാമത്തേതിൽ ഡിഫെൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷനൽ ആയിരുന്നു ഹരജിക്കാർ. 1948ലെ വംശഹത്യ ഉടമ്പടി പ്രകാരമുള്ള ഉത്തരവാദിത്തം നഗ്നമായി ലംഘിച്ച് പ്രസിഡന്റ് ബൈഡനും ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ചേർന്ന് വംശഹത്യക്ക് ഇസ്രായേലിനെ സഹായിച്ചെന്നായിരുന്നു പരാതി.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ഭരണകൂടത്തോട് കോടതി ഉത്തരവിടണമെന്ന് അവർ ആവശ്യപ്പെട്ടു. സൈനിക സഹായം നിർത്തുക, യു.എൻ രക്ഷാസമിതിയിലെ വെടിനിർത്തൽ പ്രമേയങ്ങളെ എതിർക്കാതിരിക്കുക എന്നിവയായിരുന്നു ആവശ്യം.
പ്രതിവർഷം സൈനിക സഹായമായി ഇസ്രായേലിന് 380 കോടി ഡോളർ (31,555 കോടി രൂപ) നൽകുന്നുണ്ട്. അതിനുപുറമെ ഈ വർഷം 1410 കോടി ഡോളർ (1,17,091 കോടി രൂപ) അധികം നൽകാനുള്ള തീരുമാനം സെനറ്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയുമാണ്.
ജനുവരി 31ലെ വിധിയിൽ യു.എസ് ജില്ല ജഡ്ജി ജെഫ്രി വൈറ്റ് തൊട്ടുമുൻ ആഴ്ചയിൽ അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച വിധി സാധൂകരിച്ച് വിധി പറഞ്ഞു. ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നായിരുന്നു അന്താരാഷ്ട്ര കോടതിയുടെ തീർപ്പ്. ഫലസ്തീനികൾക്കെതിരായ കുരുതിയും അതിക്രമങ്ങളും നിർത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതായിരുന്നു ജില്ലാ ജഡ്ജി ശരിവെച്ചത്.
‘ഈ കോടതിക്ക് മുമ്പാകെയുള്ള തർക്കരഹിതമായ തെളിവുകൾ രാജ്യാന്തര കോടതി കണ്ടെത്തലുകളെ സാധൂകരിക്കുന്നു. ഗസ്സ തുരുത്തിൽ ഫലസ്തീനികൾക്കുമേൽ ഇസ്രായേൽ നടത്തുന്നത് രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ചുള്ള വംശഹത്യയാകാൻ പോന്നതാണ്. ഗസ്സയിലെ സൈനിക ഉപരോധം അവിടെയുള്ള മൊത്തം ജനങ്ങളെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ്. അതിനാൽ, വംശഹത്യക്കെതിരായ അന്താരാഷ്ട്ര നിരോധനത്തിന്റെ പരിധിയിൽ വരുന്നതാണ്’- ജഡ്ജി വൈറ്റിന്റെ വാക്കുകൾ.
ഫലസ്തീനികൾ, അവരുടെ ബന്ധുക്കൾ, ഒരു ഡോക്ടർ, അഭിഭാഷകർ എന്നിവർ നൽകിയ സാക്ഷി മൊഴികൾ മൂന്നുമണിക്കൂറിലേറെ കേട്ട അദ്ദേഹം തെളിവുകൾ നെഞ്ചുപിളർക്കുന്നതാണെന്നും ഗസ്സയിലെ ഫലസ്തീനികൾക്കുമേൽ സൈനിക ഉപരോധത്തിന് നിരുപാധിക പിന്തുണ നൽകുന്നവർ ഇത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇതത്രയും വിശദീകരിച്ചശേഷം ‘വിദേശനയം ഭരണഘടനാപരമായി ഭരണകൂടത്തിന്റെ രാഷ്ട്രീയ വിഭാഗവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ വിദേശനയത്തിന്റെ പേരിലെ തർക്കങ്ങൾ നിയമപീഠം നേരിട്ടിറങ്ങി പരിഹരിക്കാവുന്ന വിഷയമല്ലെന്നും’ തീർപ്പ് പറഞ്ഞു. കോടതിക്ക് അതിന് അധികാരവും ശേഷിയുമില്ലെന്നായിരുന്നു ജഡ്ജിക്ക് പറയാനുണ്ടായിരുന്നത്. ഒടുവിൽ കേസ് തള്ളിപ്പോയി.
ദിവസങ്ങൾ കഴിഞ്ഞ് ഇതേ വിഷയത്തിൽ ബൈഡൻ ഭരണകൂടത്തിനെതിരായ മറ്റൊരു കേസിൽ തീർത്തും വ്യത്യസ്തമായ മറ്റൊരു വിധിയുണ്ടായി.
ടെക്സസിലെ അമാറിലോയിൽ റിപ്പബ്ലിക്കൻ പ്രതിനിധി റോണി ജാക്സണും മറ്റു മൂന്നുപേരും ചേർന്ന് നൽകിയ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ബൈഡൻ ഭരണകൂടം നടത്തിയ ശ്രമം യു.എസ് ജില്ല ജഡ്ജി മാത്യു കാക്സ്മാരിക് തള്ളിയതായിരുന്നു അത്. പ്രസിഡന്റ് ബൈഡനും ആഭ്യന്തര സെക്രട്ടറി ബ്ലിങ്കനും 2018ലെ ടെയ്ലർ ഫോഴ്സ് നിയമം (ടി.എഫ്.എ) ലംഘിച്ചെന്നും വെസ്റ്റ് ബാങ്കിനും ഗസ്സക്കും സഹായം നൽകുക വഴി ഇസ്രായേലിലേക്കുള്ള യു.എസ് സന്ദർശകരുടെ ജീവൻ അപകടത്തിലാക്കിയെന്നുമായിരുന്നു കേസ്.
2017ൽ ഫലസ്തീനി അക്രമിയുടെ കൈകളാൽ കൊല്ലപ്പെട്ട യു.എസ് പൗരന്റെ പേരിൽ രൂപം നൽകിയ ടെയ്ലർ ഫോഴ്സ് നിയമപ്രകാരം തീവ്രവാദം ആരോപിക്കപ്പെട്ട ഫലസ്തീനികൾക്കോ അവരുടെ ബന്ധുക്കൾക്കോ വേതന വിതരണം ചെയ്യുന്നത് നിർത്തുംവരെ ഫലസ്തീൻ അതോറിറ്റിക്ക് സാമ്പത്തിക സഹായം നൽകുന്നത് നിയമവിരുദ്ധമാണ്. ഇതുവെച്ചുള്ള കേസിൽ 2017ൽ കൊല്ലപ്പെട്ടയാളുടെ മാതാപിതാക്കളും കക്ഷികളാണ്.
ജാക്സണും മറ്റുള്ളവരും Vs ബൈഡൻ എന്നറിയപ്പെടുന്ന ഈ കേസിൽ ഫലസ്തീൻ അതോറിറ്റിക്ക് സഹായം നൽകരുതെന്നും അവർ തീവ്രവാദം ചുമത്തിയ ഫലസ്തീനികൾക്ക് ശമ്പള വിതരണം അവസാനിപ്പിച്ചില്ലെന്നുമാണ് കേസ്. എന്നാൽ, വെസ്റ്റ് ബാങ്കിനും ഗസ്സക്കുമുള്ള എല്ലാ സഹായങ്ങളെയും ഇത് വിലക്കുന്നില്ലെന്നും ദുരുപയോഗം ചെയ്യപ്പെടാവുന്നവ നിയന്ത്രിക്കുന്നേയുള്ളൂവെന്നുമായിരുന്നു ബൈഡന്റെ വാദം.
2023 സാമ്പത്തിക വർഷം ഇങ്ങനെ സഹായമായി യു.എസ് കോൺഗ്രസ് 22.5 കോടി ഡോളർ നൽകിയിട്ടുണ്ട്. ഈ സഹായം ഫലസ്തീനി ജനതക്കുള്ളതാണെന്നും ഏറ്റവും പ്രയാസപ്പെടുന്ന വീട്ടുകാർക്ക് വെള്ളം, ശുചീകരണ വിഭവങ്ങൾ എന്നിവ നൽകാനാണെന്നും ഭരണകൂടം വാദിച്ചു. എന്നാൽ, സർക്കാർ ഇതര സംഘടനകൾക്ക് നൽകുക വഴി ഫലസ്തീൻ അതോറിറ്റിയാണ് ഗുണഭോക്താക്കളെന്നും യു.എസിലെ നികുതിദായകർ നൽകുന്ന പണം നിയമവിരുദ്ധമായി ധൂർത്തടിക്കുകയാണെന്നുമായിരുന്നു പരാതിക്കാരുടെ വാദം.
ഈ പരാതി അടിസ്ഥാനരഹിതമാണെന്നും ഇവർ ഉന്നയിക്കുന്ന ദുരുപയോഗം സാധ്യത മാത്രം മുൻനിർത്തിയാണെന്നും കോടതിയിൽ യു.എസ് നീതിന്യായ വകുപ്പ് വാദിച്ചു. മാത്രവുമല്ല, മറ്റുള്ളവരുടെ നടപടികളാണ് ഭാവിയിൽ അപായസാധ്യത വരുത്തുന്നതെന്നും യു.എസ് സർക്കാറിന്റെയല്ലെന്നും അവർ വിശദീകരിച്ചു. ഉന്നതതല വിദേശനയ വിഷയത്തിൽ കോടതി ഇടപെടുന്നത് അവസാനിപ്പിക്കണമെന്നുകൂടി ആവശ്യപ്പെട്ടു.
എന്നാൽ, സഹായം തുടരുന്നത് അപായം വരുത്തുമെന്ന അവരുടെ ആശങ്ക നിയമപ്രകാരവും സാധുവുമാണെന്ന് ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചുവെന്നും ഒക്ടോബർ ഏഴിലെ ആക്രമണം അതിന് തെളിവാണെന്നുമായിരുന്നു ജഡ്ജി കീസ്മാരികിന്റെ കണ്ടെത്തൽ. ‘രാഷ്ട്രീയ വിഷയ സിദ്ധാന്ത’ത്തിന്റെ പ്രകടമായ ലംഘനമുണ്ടായിട്ടും കേസുമായി മുന്നോട്ടുപോകാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീർപ്പ്.
ഭരണഘടനാനിയമത്തിന്റെ അടിത്തറയായ രാഷ്ട്രീയ വിഷയ സിദ്ധാന്തം ചില ഭരണഘടനാ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ, മറ്റു നിയമമാനദണ്ഡങ്ങൾ സാധുവായാൽപോലും കോടതികളെ നിയന്ത്രിക്കുന്നുണ്ട്. പ്രത്യേക വിഷയങ്ങൾ സർക്കാറിലെ മറ്റു വകുപ്പുകൾ കൈകാര്യം ചെയ്യുന്നതാണ് ഉചിതമെന്നും നീതിന്യായ പരിധിക്ക് പുറത്താണെന്നുമാണ് ഇതിന്റെ അടിസ്ഥാനം.
ഡിഫെൻസ് ഫോർ ചിൽഡ്രൻ കേസിൽ ജഡ്ജി വൈറ്റ് ഇത് തിരിച്ചറിഞ്ഞപ്പോൾ ജഡ്ജി കാക്സ്മാരിക് തന്റെ കേസിൽ ഇത് അവഗണിക്കാമെന്നാണ് വെച്ചത്. ഉദ്ഭവം, ലക്ഷ്യം, പ്രയോഗം എന്നിവയിൽ വിശേഷിച്ചും നിയമവിദഗ്ധർക്കിടയിൽ തർക്കവിഷയമാണിപ്പോഴും ‘രാഷ്ട്രീയ വിഷയ സിദ്ധാന്തം’. പരിധിയിലും നിയമസാധുതയിൽവരെ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുകയും ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട സംവാദങ്ങൾ പ്രവിശാലവും ബഹുമുഖവുമാണ്. അപ്പോഴും, വിദേശകാര്യ വിഷയങ്ങളും യു.എസ് കോടതികളും തമ്മിലെ ബന്ധം രൂപപ്പെടുത്തുന്നതിൽ ഈ സിദ്ധാന്തം സുപ്രധാന പങ്ക് വഹിക്കുന്നുവെന്നതും പ്രധാനമാണ്.
1918ലെ ഈറ്റ്ജെൻ Vs സെൻട്രൽ ലെതർ കമ്പനി കേസിൽ കോടതി വിധിച്ചു: ‘നമ്മുടെ ഭരണത്തിൽ വിദേശബന്ധങ്ങൾ നിയമനിർവഹണ സഭയും ഉദ്യോഗസ്ഥ വൃന്ദവും നടപ്പാക്കാനാണ് ഭരണഘടന പറയുന്നത്. അഥവാ, ഭരണത്തിലെ രാഷ്ട്രീയവിഭാഗം. ഈ രാഷ്ട്രീയ അധികാരം നിർവഹിക്കുന്നതിലെ സാംഗത്യം ജുഡീഷ്യൽ അന്വേഷണത്തിന്റെയോ വിധിയുടെയോ പരിധിയിൽ വരില്ല’.
സമ്പൂർണമായ ഈ പ്രസ്താവനയിലും വിദേശബന്ധങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓരോ വിഷയവും നീതിന്യായ പരിധിക്ക് പുറത്താകുന്നില്ല. പകരം, ഓരോ വിഷയവും പ്രത്യേകമായി പഠിച്ച് തീരുമാനമെടുക്കലാണ്.
ഇവിടെ, ജാക്സണും മറ്റുള്ളവരും Vs ബൈഡൻ കേസിലെ വിദേശസഹായം നൽകുന്നതിലെ തർക്കം ഒരു രാഷ്ട്രീയവിഷയം തന്നെയാണ്. അതിൽ ഭരണകൂടം തന്നെയാണ് തീരുമാനമെടുക്കേണ്ടതും. എന്നാൽ, രാജ്യാന്തര നിയമപരിധിയിലെ ഉടമ്പടികൾ പ്രകാരമുള്ള ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുമാറാനും ഭരണകൂടം ഇത് പ്രയോജനപ്പെടുത്തുമെന്നതാണ് ഡിഫെൻസ് ഫോർ ചിൽഡ്രൻ കേസിൽ നാം കാണുന്നത്.
യു.എസിലെ ഒട്ടുവളരെ നിയമ നിരീക്ഷകരെയും പോലെ രാഷ്ട്രീയ വിഷയസിദ്ധാന്തം മുന്നിൽവെച്ച് ഡിഫെൻസ് ഫോർ ചിൽഡ്രൻ കേസ് തള്ളിപ്പോയതിൽ എനിക്കും അദ്ഭുതമൊന്നും തോന്നിയില്ല. പക്ഷേ, ജാക്സണും മറ്റുള്ളവരും Vs ബൈഡൻ കേസ് തുടരാൻ ജഡ്ജി കാക്സ്മാരിക് അനുമതി നൽകിയതിലാണ് എനിക്ക് കൗതുകമായത്.
രാഷ്ട്രീയം അന്തർധാരയായി വരുന്ന രണ്ടു കേസുകളിൽ നിയമത്തിന് വിരുദ്ധമായ രണ്ട് പ്രയോഗങ്ങളെന്നത് യു.എസിൽ മറ്റു പല സംവിധാനങ്ങളുമെന്ന പോലെ കോടതികളുടെയും ദൗർബല്യമാണ് തുറന്നുകാട്ടുന്നത്. ഒപ്പം വിഷയം ഇസ്രായേൽ- ഫലസ്തീൻ ബന്ധമുള്ളതെങ്കിൽ ഫലസ്തീൻ പുറത്താണെന്നതും.
(കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമജ്ഞനും വാർപ്രൈ സോ സർവകലാശാലയിലെ അസോസിയറ്റ് പ്രഫസറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.