ഉദയനിധി ഉയർത്തിവിട്ടത്!
text_fieldsചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽനിന്നുള്ളവർ വിദ്യാഭ്യാസ സൗകര്യങ്ങൾ പങ്കിടുന്നതും പൊരുതിക്കയറി മുന്നേറുന്നതും സഹിക്കാൻ സവർണ-സനാതന സമൂഹം തയാറല്ല എന്നാണ് നാളിതുവരെയുള്ള ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഐ.ഐ.ടികളിലും കേന്ദ്രസർവകലാശാലകളിലും നടക്കുന്ന ദലിത് വിദ്യാർഥി ആത്മഹത്യകൾക്കും കൊഴിഞ്ഞുപോക്കിനും പിന്നിലെ പ്രധാനപ്രേരണയും കാരണവും ഈ ജാതീയ ശക്തികളാണ്
ഒരു ദേശീയ നേതാവാകാൻ താൻ സർവാത്മനാ യോഗ്യനാണെന്ന് ഒരൊറ്റ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുന്നു തമിഴ്നാട്ടിലെ ഡി.എം.കെ യുവനേതാവ് ഉദയനിധി സ്റ്റാലിൻ. പക്ഷേ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയല്ലാതെ മറ്റൊരു രാഷ്ട്രീയ നേതാവും ഉദയനിധിയെ അനുകൂലിച്ച് രംഗത്തു വന്നതായി കണ്ടില്ല. ഹിന്ദുത്വ വർഗീയ പാർട്ടികൾ അദ്ദേഹത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നുണ്ട്, അവരുടെ പിൻബലമുള്ള ചില സനാതനികളാവട്ടെ തലവെട്ടുന്നവർക്ക് പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ സമത്വ-സാമൂഹികനീതിയുടെ പാതയിലൂടെ മുന്നോട്ടുകൊണ്ടുപോകുവാൻ ആഗ്രഹിക്കുന്ന ഒരു നേതാവിെൻറ ശബ്ദമാണ് ഉദയനിധിയിൽനിന്ന് പുറത്തുവന്നത്. എന്നാൽ, ഇടതുപക്ഷം മുതൽ ഉത്തർപ്രദേശിൽ മായാവതി വരെ മൗനത്തിന്റെ വല്മീകങ്ങളിലാണ്. ആരും സനാതന ഹിന്ദുത്വത്തെ മുഷിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ബ്രാഹ്മണ്യ ഹിന്ദുത്വം ഇന്ത്യയിൽ എത്രമാത്രം ആധിപത്യം പുലർത്തുന്നുണ്ട് എന്നു വിളിച്ചു പറയുന്നു ഈ മൗനം.
തമിഴകത്ത് ദ്രാവിഡ രാഷ്ട്രീയത്തിനുള്ള മേധാവിത്വമാണ് ഇത്ര ആർജ്ജവത്തോടെ ബ്രാഹ്മണ്യത്തെ ചോദ്യംചെയ്യാൻ ഉദയനിധിക്കും മറ്റും കരുത്തുനൽകുന്നത്.
സനാതന ധർമത്തിന്റെ ബാക്കിപത്രം
നാളിതുവരെ സനാതന ധർമത്തിൽ ഊന്നിയുള്ള നമ്മുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വ്യവസ്ഥയുടെ ബാക്കിപത്രം ഈ സാഹചര്യത്തിൽ പരിശോധിക്കുന്നത് അവസരോചിതമാവും.
മണ്ഡൽ കമീഷനും അധികാര പങ്കാളിത്തവും തന്നെയാണ് ഈ ചർച്ചക്കുള്ള ഏറ്റവും നല്ല ഉദാഹരണം. ഇന്ത്യയിൽ സാമൂഹികമോ വിദ്യാഭ്യാസപരമോ ആയി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും കണക്കെടുപ്പ് നടത്തുന്നതിനുമായി 1979 ജനുവരി ഒന്നിന് രൂപവത്കരിച്ച ഔദ്യോഗിക പഠന സംഘമായിരുന്നു മണ്ഡൽ കമീഷൻ. മുൻ ബിഹാർ മുഖ്യമന്ത്രി ബിന്ദെശ്വരി പ്രസാദ് മണ്ഡൽ ആയിരുന്നു അധ്യക്ഷൻ. 1980 ഡിസംബർ 31ന് അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങിന് കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു.
രാജ്യത്തെ ജനസംഖ്യയിൽ 52 ശതമാനത്തോളം പിന്നാക്കക്കാരുണ്ടെന്ന് കണ്ടെത്തിയ കമീഷൻ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിൽ 27 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് ശിപാർശ ചെയ്തു. മണ്ഡൽ കമീഷന്റെ കണ്ടെത്തലുകളടക്കമുള്ള വിവരങ്ങൾ കൂട്ടിവെച്ചുകൊണ്ട് ചില കണക്കുകൾ ഇവിടെ ചൂണ്ടിക്കാട്ടട്ടെ:
രാജ്യത്തെ ബ്രാഹ്മണ ജനസംഖ്യ 3.5ശതമാനം മാത്രമാണെങ്കിലും രാഷ്ട്രീയാധികാരത്തിലെ 41ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് ഈ വിഭാഗമാണ്. ഇവരുടെ ഉദ്യോഗ പങ്കാളിത്തം 61 ശതമാനവും വിദ്യാഭ്യാസ മേഖലയിലെ പങ്കാളിത്തം - 50 ശതമാനവും വരും. വ്യവസായ നടത്തിപ്പുകാരിൽ 10 ശതമാനവും ഭൂഉടമകളിൽ അഞ്ചു ശതമാനവും ഇവരാണ്. രാജ്യത്ത് സമസ്ത മേഖലകളിലും നിർണായക സ്വാധീനം ചെലുത്താൻ അപരിമിതമായ അധികാരമുള്ള പൗരോഹിത്യ വേലയുടെ നൂറു ശതമാനവും ഇവരുടെ നിയന്ത്രണത്തിലാണ്.
രാജ്യത്തെ ക്ഷത്രിയ ജനസംഖ്യ 5.5ശതമാനമാണ്. രാഷ്ട്രീയാധികാരത്തിെൻറ 15ശതമാനം കൈയാളുന്ന ഇവർക്ക് വിദ്യാഭ്യാസ രംഗത്ത് 16 ശതമാനവും ഉദ്യോഗ മേഖലയിൽ12 ശതമാനവും വ്യവസായ നടത്തിപ്പിൽ27 ശതമാനവും പ്രാതിനിധ്യമുണ്ട്. രാജ്യത്തെ 80 ശതമാനം ഭൂമിയും ഇവരുടെ കൈപ്പിടിയിലാണ്. വൈശ്യ ജനസംഖ്യ ആറു ശതമാനമാണ്. രാഷ്ട്രീയാധികാരത്തിെൻറ 10.5 ശതമാനം ഇവരുടെ പക്കലുണ്ട്. വിദ്യാഭ്യാസത്തിൽ 12 ശതമാനവും ഉദ്യോഗമേഖലയിൽ 13 ശതമാനവുമാണ് പങ്കാളിത്തം. വ്യവസായ നടത്തിപ്പിെൻറ 60 ശതമാനവും ഇവർക്കാണ്. ഭൂമിഉടമാവകാശത്തിെൻറ ഒമ്പതു ശതമാനവും.
ഇന്ത്യൻ ജനസംഖ്യയുടെ പാതിയിലേറെ അതായത്, 52 ശതമാനമാണ് ശൂദ്ര/ഒ.ബി.സി സമൂഹം. ഇവരുടെ രാഷ്ട്രീയാധികാരം എട്ടു ശതമാനം മാത്രമാണ്. വിദ്യാഭ്യാസ മേഖലയിൽ12 ശതമാനം, ഉദ്യോഗ രംഗത്ത് ഏഴു ശതമാനം വ്യവസായ നടത്തിപ്പിൽ 0.8 ശതമാനം എന്നിങ്ങനെ തികച്ചും ശുഷ്കമായ പങ്കാളിത്തം. ഭൂമി ഉടമസ്ഥത നാലു ശതമാനം മാത്രം.
ജനസംഖ്യയുടെ 10.5 ശതമാനമാണ് മതന്യൂനപക്ഷങ്ങൾ. മൂന്നു ശതമാനമാണ് ഇവർക്കുള്ള രാഷ്ട്രീയാധികാരം. വിദ്യാഭ്യാസ രംഗത്ത് 1.5 ശതമാനവും ഉദ്യോഗ രംഗത്ത് 1.0 ശതമാനവും വ്യവസായ മേഖലയിൽ നാമമാത്രമായ 0.2 ശതമാനവും ഭൂമി ഉടമസ്ഥതയിൽ 0.1 ശതമാനവുമാണ് സാന്നിധ്യം. പട്ടികജാതിക്കാർ ഇന്ത്യൻ ജനസംഖ്യയുടെ 15 ശതമാനമാണ്. ഇവരുടെ രാഷ്ട്രീയാധികാരം 15 ശതമാനം. വിദ്യാഭ്യാസ രംഗത്ത് ഒരു ശതമാനം, ഉദ്യോഗ മേഖലയിൽ 0.2 ശതമാനം, വ്യവസായ രംഗത്ത് 0.1 ശതമാനം എന്നിങ്ങനെ തീർത്തും നേർത്ത സാന്നിധ്യം മാത്രം.
പട്ടികവർഗക്കാർ ജനസംഖ്യയുടെ 7.5 ശതമാനമാണ്. അവരുടെ രാഷ്ട്രീയാധികാരവും 7.5 ശതമാനം. വിദ്യാഭ്യാസ രംഗത്ത് രണ്ടു ശതമാനവും ഉദ്യോഗമേഖലയിൽ ഒരു ശതമാനവും പ്രാതിനിധ്യം. വ്യവസായ രംഗത്ത് 0.1 ശതമാനം മാത്രം. പട്ടിക ജാതി-വർഗങ്ങളുടെ ഭൂ ഉടമാവകാശം പൂജ്യമാണ്.
ആകെ 15 ശതമാനം വരുന്ന മനുവാദികൾക്ക് നൂറ്റാണ്ടുകളായി ലഭിക്കുന്ന സൗഭാഗ്യങ്ങൾ ഇങ്ങനെ ചുരുക്കി എഴുതാം:
രാഷ്ട്രീയാധികാരം - 66.5 ശതമാനം, വിദ്യാഭ്യാസം - 78 ശതമാനം, ഉദ്യോഗ പ്രാതിനിധ്യം 85 ശതമാനം, വ്യവസായ നടത്തിപ്പ് 97 ശതമാനം, ഭൂമി ഉടമാവകാശം 94 ശതമാനം, പൗരോഹിത്യം -100 ശതമാനം.
കാലാകാലങ്ങളായി രാജ്യത്ത് അടിച്ചമർത്തപ്പെട്ട് ജീവിക്കുന്ന 85 ശതമാനം വരുന്ന പട്ടികജാതി-വർഗ, പിന്നാക്ക ന്യൂനപക്ഷ ബഹുജനങ്ങൾക്കുള്ളത്; രാഷ്ട്രീയാധികാരം - 33.5 ശതമാനം, വിദ്യാഭ്യാസം- 22 ശതമാനം, ഉദ്യോഗം-15 ശതമാനം, വ്യവസായം-മൂന്നു ശതമാനം, ഭൂമി ഉടമസ്ഥത ആറു ശതമാനം.
മണ്ഡൽ കമീഷൻ റിപ്പോർട്ടിലെ ശിപാർശ പ്രകാരം ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കാനേ ഇക്കാലത്തിനിടയിൽ നടപടി സ്വീകരിച്ചുള്ളൂ. ഭൂപരിഷ്ക്കരണം, രാഷ്ട്രീയാധികാരം, വ്യവസായം തുടങ്ങിയ തലക്കെട്ടുകളിൽ ബി.പി. മണ്ഡൽ സമർപ്പിച്ച നിർദേശങ്ങൾ 43 വർഷത്തിനിപ്പുറവും ഫയലിലുറങ്ങുകയാണ്.
അതിനിടയിലാണ് സാമ്പത്തിക പിന്നാക്കക്കാർ എന്ന പേരിൽ സവർണ ജാതികൾക്ക് 10 ശതമാനം സംവരണം ദാനമായി നൽകിയത്. ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചനയായ ഇ. ഡബ്ല്യു.എസ് സംവരണം എന്ന സവർണ സംവരണത്തിനുപിന്നിൽ പ്രവർത്തിച്ചതും അവശേഷിക്കുന്ന അധികാരങ്ങളും സൗഭാഗ്യങ്ങളും കൂടി കാർന്നെടുക്കുക, പിന്നാക്ക ബഹുജന സമൂഹത്തെ ഇനിയും കാൽച്ചുവട്ടിൽ നിർത്തുക എന്ന സനാധന ധർമ സംസ്ഥാപന അജണ്ട തന്നെയാണ്.
മണ്ഡൽവിരുദ്ധ പ്രക്ഷോഭത്തിെൻറ രൂപമാറ്റം
സാമ്പത്തികമായി പിന്നാക്കക്കാർ എന്ന പേരിൽ സവർണ ജാതിക്കാർക്ക് താലത്തിൽ വെച്ചു നൽകിയ സംവരണത്തെക്കുറിച്ച് നിഷ്കളങ്കത നടിക്കുന്നവർ, ദാരിദ്ര്യ നിർമാർജനത്തിന് എന്ന് ന്യായീകരിക്കുന്നവർ, മണ്ഡൽ ശിപാർശ നടപ്പാക്കാൻ 1990 ആഗസ്റ്റ് ഏഴിന് വി.പി. സിങ് സർക്കാർ തീരുമാനിച്ചപ്പോൾ രാജ്യത്ത് അരങ്ങേറിയ അക്രമാസക്തമായ മേൽജാതി, മനുവാദി പ്രക്ഷോഭങ്ങളെക്കുറിച്ച് അറിയാത്തവരല്ല.
മണ്ഡൽ രാഷ്ട്രീയത്തിന്റെ സ്വാധീനം ഇന്നും നമുക്ക് അനുഭവിച്ചറിയാനാവും. മണ്ഡൽ പ്രതിഭാസം ‘സാമൂഹികനീതി’ പാർട്ടികൾക്കും ജനകീയ രാഷ്ട്രീയത്തിനും ഒരു നിയമസാധുത നൽകിയെന്നത് മാത്രമല്ല, രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് പ്രവണതകൾക്ക് അവരുടെ പ്രത്യയശാസ്ത്രം വ്യക്തമാക്കാനും നിർഭയമായി അത് ഉപയോഗിക്കാനുള്ള വേദി രൂപപ്പെടുത്തുകയും ചെയ്തു.
രാജീവ് ഗോസ്വാമിയെപ്പോലുള്ള സവർണ കുമാരന്മാരുടെ ആത്മഹത്യ സമരങ്ങളിലും വാഹനങ്ങളും സ്ഥാപനങ്ങളും തകർത്തുള്ള അക്രമങ്ങളിലും മാത്രമൊതുങ്ങിയില്ല സാമൂഹിക നീതി നടപ്പാക്കുന്നതിനെതിരായ അഴിഞ്ഞാട്ടങ്ങൾ. ബാബരി പള്ളിക്കുമേലുള്ള അവകാശവാദത്തിെൻറ ആക്രമണോത്സുകമായ രൂപമാറ്റം, വർഗീയ കലാപങ്ങൾ, പുത്തൻ സാമ്പത്തിക നയങ്ങളുടെ മറവിലെ കുടിയിറക്കുകൾ, മുസ് ലിംകൾക്കെതിരായ അപരവത്കരണം, പട്ടിണിയും പരിഭവങ്ങളും പങ്കുവെച്ചു കഴിഞ്ഞ മുസ്ലിംകളെയും പിന്നാക്ക ജനതയെയും ധ്രുവീകരിക്കൽ, വ്യാജ ഭീകരാക്രമണക്കേസുകളിൽ കുടുക്കി വിദ്യാസമ്പന്നരായ മുസ്ലിം യുവജനങ്ങളെ ജയിലിലടക്കൽ, വനഭൂമിയിൽനിന്ന് സാമ്പത്തിക കാരണങ്ങൾ പറഞ്ഞും സുരക്ഷ പ്രതിസന്ധികളുണ്ടെന്ന് വരുത്തിത്തീർത്തും ആദിവാസികളെ കുടിയിറക്കൽ, കാമ്പസുകളിലെ ഹിജാബ് നിരോധനം എന്നിങ്ങനെ ഹിന്ദുത്വ സംഘടനകളുടെയും ഭരണകൂടങ്ങളുടെയും കാർമികത്വത്തിൽ നടന്ന പല നടപടികളിലും സാമൂഹിക നീതി, അധികാര പങ്കാളിത്തം എന്നിവ അട്ടിമറിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. മണ്ഡൽ ഉയർത്തിയ പിന്നാക്ക രാഷ്ട്രീയത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമിച്ച കോൺഗ്രസ് ഇതിനെല്ലാം ഒപ്പം നിന്നുകൊടുത്തതും ചരിത്രം. പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യയിലെ പ്രധാന സഖ്യകക്ഷികളിലൊന്നിെൻറ നേതാവായ ഉദയനിധിയെ തള്ളിപ്പറയാൻ കമൽനാഥിനെപ്പോലെ പേരിലും മനസ്സിലും താമരചൂടുന്ന നേതാക്കൾ തിടുക്കം കാണിക്കുന്നതിൽനിന്ന് കൊണ്ടാലും പഠിക്കുന്നില്ല കോൺഗ്രസ് എന്ന് വ്യക്തമാവുന്നു.
ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽനിന്നുള്ളവർ വിദ്യാഭ്യാസ സൗകര്യങ്ങൾ പങ്കിടുന്നതും പൊരുതിക്കയറി മുന്നേറുന്നതും സഹിക്കാൻ സവർണ-സനാതന സമൂഹം തയാറല്ല എന്നാണ് നാളിതുവരെയുള്ള ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഐ.ഐ.ടികളിലും കേന്ദ്രസർവകലാശാലകളിലും നടക്കുന്ന ദലിത് വിദ്യാർഥി ആത്മഹത്യകൾക്കും കൊഴിഞ്ഞുപോക്കിനും പിന്നിലെ പ്രധാനപ്രേരണയും കാരണവും ഈ ജാതീയ ശക്തികളാണ്. സാമൂഹിക മുന്നേറ്റത്തിെൻറ കേന്ദ്രങ്ങളായി കൊണ്ടാടപ്പെടുന്ന ജെ.എൻ.യുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക സംവരണം ആവുംവിധമെല്ലാം അട്ടിമറിക്കാൻ സനാതന മസ്തിഷ്കങ്ങൾ ശ്രമിക്കുന്നു, അത്തരം കടമ്പകളെയും ഭേദിച്ച് മുന്നേറിയെത്തുന്ന വിദ്യാർഥികളെ മറ്റേതുവിധേനയും പിന്തിരിപ്പിക്കാൻ അവർ മാർഗം കണ്ടെത്തുന്നു. അത്തരമൊരു ചിന്താധാരയെ ഡെങ്കിയും മലേറിയയും പോലെ കണ്ട് ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് ഒരു യുവനേതാവ് പറയുേമ്പാൾ മുൻഗണന നൽകി ഏറ്റെടുക്കേണ്ട ആഹ്വാനമായാണ് രാജ്യം കൈക്കൊള്ളേണ്ടത്.
കോൺഗ്രസോ ഇടതുപക്ഷമോ ഇൻഡ്യയിലെ മറ്റു സഖ്യകക്ഷികളോ തള്ളിപ്പറഞ്ഞാലും അവഗണിച്ചാലും ശരി, രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ ഐക്യമുണ്ടാകുന്ന കാലം വരുക തന്നെ ചെയ്യും. അത് പാടത്തും പണിശാലകളിലും പണിയെടുക്കുന്നവരുടെയും പട്ടിണിക്കാരുടെയും ഐക്യനിര തന്നെയായിരിക്കും.
ജാതിയുടെ പേരിൽ മനുഷ്യരെ ചവിട്ടിത്താഴ്ത്തുന്ന വിചാരധാരകളെ അവർ ചോദ്യം ചെയ്യുകതന്നെ ചെയ്യും. സങ്കുചിത ദേശീയതക്കും ഭാഷ അടിച്ചേൽപ്പിക്കലിനും എതിരെ ധീരമായ ചെറുത്തുനിൽപ് നടത്തിയ, ഫെഡറലിസത്തിെൻറ സംരക്ഷണത്തിനായി പൊരുതുന്ന തമിഴ് ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തിെൻറ തുടർ ശബ്ദമായ ഉദയനിധി സ്റ്റാലിെൻറ വാക്കുകളും നിലപാടും ഈ മുന്നേറ്റങ്ങൾക്ക് കരുത്തേകുമെന്നതിൽ തെല്ലുമില്ല സംശയം.
v.manoj101@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.