താരപ്പൊലിമയിൽ അഭിമാനം കാക്കുമോ?
text_fieldsകടൽക്കാറ്റിന്‍റെ ഊഷരതയിൽ നിറയുന്ന രാഷ്ട്രീയ ഉപ്പുരസം സാമുദായികതയുമായി ഇഴചേർന്നു കിടക്കുന്ന കൊല്ലം ലോക്സഭ മണ്ഡലം ഇക്കുറി രാഷ്ട്രീയത്തിനപ്പുറം താരപ്പൊലിമയുടെ മത്സരമെന്നുകൂടി വിശേഷിപ്പിക്കേണ്ടിവരും. ഹാട്രിക് വിജയം തേടുന്ന യു.ഡി.എഫിന്‍റെ എൻ.കെ. പ്രേമചന്ദ്രനെ തളക്കാൻ ചലച്ചിത്രതാരവും എം.എൽ.എയുമായ എം. മുകേഷിനെ എൽ.ഡി.എഫ് രംഗത്തിറക്കിയതോടെ കൊല്ലം ഇതുവരെകണ്ട തീപാറുന്ന രാഷ്ട്രീയ പോരാട്ടത്തിനപ്പുറം വ്യക്തികൾ തമ്മിലുള്ള സൗഹൃദ മത്സരം എന്നതിലേക്ക് എത്തി. വരാനിരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയുടെ ബലം അളന്നുകഴിയുമ്പോഴറിയാം മത്സരത്തിന്‍റെ ചൂടും ചൂരും.
കൊല്ലം മണ്ഡലം ഏതെങ്കിലും മുന്നണിയുടെ കുത്തകയല്ല. പക്ഷേ, ഇന്നേവരെ വിജയിച്ചവരെല്ലാം ഒരു സമുദായത്തിൽ നിന്നാണെന്നത് സവിശേഷതയായിപറയാം. നായർ, ഈഴവ വിഭാഗങ്ങൾ ഏകദേശം തുല്യശക്തികളാണെങ്കിലും ഇതുവരെ ഇവിടെ വിജയിച്ചവരൊക്കെ നായർ സമുദായക്കാരാണ്. പല പ്രമുഖരെയും വളർത്തിയതിനൊപ്പം വീഴ്ത്തുകയും ചെയ്ത മണ്ഡലമാണ് കൊല്ലം. മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിൽ ഒന്നുമാത്രമാണ് ഇപ്പോൾ യു.ഡി.എഫിനൊപ്പമുള്ളത്.
എന്നാൽ, കഴിഞ്ഞതവണ മുഴുവൻ നിയമ സഭ മണ്ഡലങ്ങളും കൈപിടിയിലിരിക്കുമ്പോഴാണ് സി.പി.എമ്മിന്‍റെ കെ.എൻ. ബാലഗോപാൽ പ്രേമചന്ദ്രനോട് അടിയറവ് പറഞ്ഞത്. 2014ൽ എം.എ. ബേബിയാണ് പ്രേമചന്ദ്രനോട് തോറ്റത്. അതുകൊണ്ടാവണം രാഷ്ട്രീയമായി പ്രേമചന്ദ്രനെ നേരിടാൻ സാധ്യമല്ലെന്ന തിരിച്ചറിവിൽ സെലിബ്രിറ്റിയെതന്നെ പരീക്ഷിക്കാൻ സി.പി.എം തീരുമാനിച്ചത്.
മുന്നണി മാറ്റത്തോടെ നിയമസഭയിൽ സാന്നിധ്യം നഷ്ടമായ ആർ.എസ്.പിയെ സംബന്ധിച്ച് ആകെയുള്ള ലോക്സഭ സീറ്റ് നിലനിർത്തേണ്ട ബാധ്യതകൂടി പ്രേമചന്ദ്രനുണ്ട്. നിയമസഭ സീറ്റുകളിൽ ഭൂരിപക്ഷം നേടുമ്പോഴും ലോക്സഭയിൽ അതിന്‍റെ പ്രയോജനം ലഭ്യമാകാത്തതിന്‍റെ മാനക്കേട് മാറ്റേണ്ട ഉത്തരവാദിത്വമാണ് ഇടതിന്. ബി.ജെ.പിയെ സംബന്ധിച്ച് മറ്റു മണ്ഡലങ്ങളിലേത് പോലെ വോട്ടിങ് ശതമാനം വർധിക്കാത്തതിന്‍റെ നാണക്കേട് തിരുത്തപ്പെടേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിലും കൊല്ലം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ചാത്തന്നൂർ നിയമസഭ മണ്ഡലത്തിൽ അവർ രണ്ടാം സ്ഥാനം നിലനിർത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.
2014 ലെ ലോക് സഭ തെരഞ്ഞെടുപ്പിലാണ് കൊല്ലം ഏറെ ശ്രദ്ധേയമായത്. തങ്ങളിൽനിന്ന് പിടിച്ചെടുത്ത ലോക്സഭ മണ്ഡലം സി.പി.എമ്മിനോട് തിരികെ ആവശ്യപ്പെട്ട ആർ.എസ്.പിക്ക് അതു ലഭ്യമാകാതെ വന്നതോടെ മുന്നണി വിടുകയും അവർ യു.ഡി.എഫിൽ എത്തുകയുമായിരുന്നു. സിറ്റിങ് എം.പി കോൺഗ്രസിന്റെ പീതാംബരക്കുറുപ്പിന് ആർ.എസ്.പിക്കായി മണ്ഡലം വിട്ടുകൊടുക്കേണ്ടിയും വന്നു. അങ്ങനെ അപ്രതീക്ഷിതമായി പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥിയായി.
എതിരാളിയായി സി.പി.എം പി.ബി അംഗം എം.എ. ബേബിയും. മുന്നണിമാറ്റവും ‘പരനാറി’ പ്രയോഗവും കേരളമാകെ വിവാദംതീർത്ത പൊരിഞ്ഞ മത്സരത്തിനൊടുവിൽ 37,649 വോട്ടിന് പ്രേമചന്ദ്രൻ വിജയിച്ചു. 2019ൽ സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന കെ.എൻ. ബാലഗോപാലിനെ ഇറക്കിയെങ്കിലും പ്രേമചന്ദ്രന്‍റെ ഭൂരിപക്ഷം 1,48, 869 വോട്ടായി. എൻ.ഡി.എയുടെ വോട്ട് 2014ലെ 58,671ൽനിന്ന് 2019ൽ 1,03,339 ആയി ഉയർന്നു.
നായർ, ഈഴവ സമുദായങ്ങൾ കഴിഞ്ഞാൽ മുസ്ലിം വിഭാഗമാണ് മണ്ഡലത്തിലെ പ്രധാന ശക്തി. തീരദേശ മേഖലയിലെ ലത്തീൻ കത്തോലിക്കരടക്കം ക്രൈസ്തവരും ദലിത്, വിശ്വകർമ വിഭാഗക്കാർക്കും തള്ളിക്കളയാൻ കഴിയാത്തത്ര സ്വാധീനമുണ്ട്. കിഴക്ക് തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽ മുതൽ വടക്ക് ചവറ കന്നേറ്റി പാലം വരെയാണ് കൊല്ലം മണ്ഡലം. ചവറ, കൊല്ലം, ഇരവിപുരം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കൊല്ലം സീറ്റ്. കുണ്ടറ ഒഴികെ മുഴുവൻ സീറ്റും ഇടതിന്‍റെ കൈവശമാണ്.
കൊല്ലംകാരുടെ മനസ്സിൽ രാഷ്ട്രീയത്തിന് അതീതമായ ഇടമാണ് പ്രേമചന്ദ്രനുള്ളത്. രാജ്യത്തെ മികച്ച എം.പിമാരിൽ ഓരാളെന്നപേരും അദ്ദേഹത്തിനുണ്ട്. പ്രധാനമന്ത്രിക്കൊപ്പം പ്രത്യേക ക്ഷണിതാവായി ഭക്ഷണം കഴിച്ചതും പുകഴ്ത്തിയതുമൊക്കെ സംഘ് പരിവാർ ബന്ധമായി എതിരാളികൾ ആരോപിക്കുമ്പോഴും അദ്ദേഹത്തിന്‍റെ മതേതര നിലപാടുകളെ ആരും സംശയിക്കുന്നില്ല.
മുകേഷിനെ സംബന്ധിച്ച് മലയാളികൾക്ക് പ്രത്യേകിച്ച് കൊല്ലംകാർക്ക് പരിചയപ്പെടുത്തേണ്ടതില്ലാത്ത കഥാപാത്രമാണ്. പുരുഷ വോട്ടർമാരെക്കാൾ ലക്ഷത്തിലധികമുള്ള സ്ത്രീ വോട്ടർമാരിലും മുകേഷിലൂടെ സി.പി.എം കണ്ണുവെക്കുന്നു. രണ്ടു തവണ കൊല്ലത്തിന്‍റെ എം.എൽ.എആയി നിരവധി വികസനങ്ങൾ കൊണ്ടുവന്ന മുകേഷ് , നാടകാചാര്യൻ ഒ. മാധവന്‍റെ മകനാണെന്നതും മലയാളസിനിമയുടെ അവിഭാജ്യ ഘടകമാണെന്ന പ്രസിദ്ധിയും പ്ലസ് പോയന്‍റാണ്. ബി.ജെ.പി സ്ഥാനാർഥിയായി പല പേരും പറഞ്ഞു കേട്ടിരുന്നെങ്കിലും ആദ്യ പട്ടികയിൽ കൊല്ലത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.