അക്കാദമിക സ്വാതന്ത്ര്യത്തിന് മരണമണി
text_fieldsരാജ്യത്തെ കേന്ദ്ര- സംസ്ഥാന സർവകലാശാലകളിലെ പണ്ഡിതർ അനുഭവിച്ചു പോരുന്ന പരിമിതമായ അക്കാദമിക സ്വാതന്ത്ര്യംപോലും ഞെരിച്ചില്ലാതാക്കാനുള്ള ശ്രമമാണ് 2025ലെ യു.ജി.സി മാർഗനിർദേശങ്ങളുടെ കരടിൽ പ്രകടമാവുന്നത്. നിയമനിർമാണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് തുല്യമായ അധികാരമുള്ള സമവർത്തി പട്ടികയിൽ (കൺകറൻറ് ലിസ്റ്റ്) ഉൾപ്പെടുന്ന വിഷയമാണ് വിദ്യാഭ്യാസം. ഇന്ത്യയിൽ 1074 സർവകലാശാലകളുള്ളതിൽ 56 എണ്ണം കേന്ദ്രം നിയന്ത്രിക്കുന്നവയാണ്. ബാക്കിയുള്ളവ സംസ്ഥാന സർക്കാറുകളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിൽ ഉള്ളവയാണ്.
1953ൽ രൂപവത്കൃതമായ യു.ജി.സി തത്ത്വങ്ങൾ പ്രകാരം ഒരു സ്വതന്ത്ര സംവിധാനമാണ്. എന്നാൽ, സി.ബി.എസ്.ഇയെപ്പോലെ യു.ജി.സിയുടെ ഭരണനിർവഹണവും അധികാരത്തിലിരിക്കുന്ന പാർട്ടികൾക്കൊപ്പം നിറംമാറുന്ന ഉദ്യോഗസ്ഥ പ്രഭുക്കളുടെ ഇംഗിതങ്ങൾക്കനുസൃതമായാണ് നടക്കാറ്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം അനുവദിക്കുകയാണ് യു.ജി.സിയുടെ പ്രാഥമിക പ്രവർത്തനങ്ങളിലൊന്ന്. കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലക്കുള്ള ഫണ്ടിങ്ങിൽ നിരന്തരം വെട്ടിക്കുറവ് വരുത്തിയതോടെ യു.ജി.സി തങ്ങളുടെ നിലനിൽപിനെ സാധൂകരിക്കാനായി സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിൽ കടന്നുകയറാൻ തുടങ്ങി. നിയമനങ്ങൾ, അക്കാദമിക നിലവാരം, പഠന-ഗവേഷണ വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം കൂടുതൽ ബ്യൂറോക്രാറ്റിക് നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചുകൊണ്ടാണ് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ മറവിൽ യു.ജി.സി സർവകലാശാലകൾക്കുമേൽ പിടിമുറുക്കുന്നത്.
വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും കൊണ്ട് സുന്ദരവും സമ്പന്നവുമായ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ രാജ്യത്തുടനീളം ഒരു ഏകീകൃത വിദ്യാഭ്യാസരീതി നടപ്പാക്കൽ സാധ്യമല്ല. എന്നാൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ഭരണകക്ഷിയുടെ മുദ്രാവാക്യം വിദ്യാഭ്യാസ മേഖലയിലും അനുകരിക്കാനുള്ള ബുദ്ധിശൂന്യമായ ശ്രമമാണ് 2025ലെ യു.ജി.സി മാർഗനിർദേശങ്ങൾ.
യു.ജി.സി രേഖയിലെ ഏറ്റവും അപകടകരമായ മാർഗനിർദേശം സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളുമായി നിരന്തരം കലഹിക്കുന്ന ഗവർണർമാർക്ക് വി.സി നിയമനത്തിൽ സമ്പൂർണ അധികാരമാണ് കൈവരിക. സംസ്ഥാന സർക്കാറുകളെ കേവലം കാഴ്ചക്കാരായി ചുരുക്കിക്കെട്ടി ചുരുക്കുന്ന കേന്ദ്രസർക്കാറിന്റെ ഘടകമായി, കൈയാളുകളായി പ്രവർത്തിക്കുന്നത് നാം കണ്ടിട്ടുള്ളതാണ്.
വി.സിമാർ അക്കാദമിക പശ്ചാത്തലമുള്ളവരായിരിക്കണം എന്ന നിലവിലെ വ്യവസ്ഥയെ മാറ്റിമറിച്ച് ബ്യൂറോക്രസി, വ്യവസായം തുടങ്ങിയ മേഖലകളിൽനിന്നുള്ളവർക്കും അനുമതി നൽകുന്നതാണ് പുതിയ നിർദേശം. പൊതുഖജനാവിലെ പണമുപയോഗിച്ച് പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം പൊതുനന്മയിൽ യാതൊരു താൽപര്യവുമില്ലാത്ത കോർപറേറ്റുകളുടെ ചൊൽപ്പടിയിലെത്തിക്കുന്നതിലേക്കാണ് ഇത് വഴിവെക്കുക.
വി.സി നിയമനത്തിന് സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള വ്യവസ്ഥയും തീർത്തും ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമാണ്. കേന്ദ്രസർക്കാർ നിയോഗിക്കുന്ന സർവകലാശാലകളുടെ ചാൻസലർമാർ കൂടിയായ സംസ്ഥാന ഗവർണർമാർക്ക് ഇനിമേൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സമ്പൂർണ നിയന്ത്രണം ഉണ്ടായിരിക്കും. കൂടാതെ വൈസ് ചാൻസലർ നിയമനത്തിൽ അന്തിമ തീരുമാനവും അവരുടേതാവും.
പുറത്തിറക്കിയത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് എന്നതിൽനിന്നുതന്നെ യു.ജി.സി മാർഗനിർദേശങ്ങൾക്ക് പിന്നിലെ താൽപര്യങ്ങൾ വ്യക്തമാണ്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അക്കാദമികവും ഭരണപരവുമായ സമ്പൂർണ സ്വയംഭരണാവകാശം വാഗ്ദാനം ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം 2020ന് കടകവിരുദ്ധമാണ് യു.ജി.സിക്ക് മുകളിൽപോലും അനിയന്ത്രിതമായ അധികാരം കൈക്കൊള്ളുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്.
ചുരുക്കിപ്പറഞ്ഞാൽ, ഫെഡറലിസത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന യു.ജി.സി 2025 മാർഗനിർദേശങ്ങൾ നടപ്പാക്കുന്ന പക്ഷം കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മേൽ അടിച്ചേൽപിക്കപ്പെടുക കേന്ദ്രസർക്കാറിന്റെ താൽപര്യവും മേധാശക്തിയുമായിരിക്കും. ഇത് തിരിച്ചറിഞ്ഞാവണം തമിഴ്നാട് നിയമസഭ ഇതിനകംതന്നെ കരട് നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര സർക്കാറും യു.ജി.സിയും ശ്രമിക്കുന്നതെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചത്. മാർഗനിർദേശങ്ങൾ സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാണെന്നും തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭകൾ ആവിഷ്‌കരിച്ച നിയമങ്ങളിലൂടെ ഉറപ്പാക്കപ്പെട്ട സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുമെന്നുമുള്ള പിണറായി വിജയന്റെ ആശങ്ക തികച്ചും ശരിതന്നെയാണ്. കേന്ദ്രത്തിന്റെ ഗൂഢപദ്ധതി സംബന്ധിച്ച് രാജ്യത്തെ ശക്തരായ രണ്ട് മുഖ്യമന്ത്രിമാരുടെ തിരിച്ചറിവ് ആശ്വാസകരം തന്നെയാണ്. അക്കാദമിക സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ആര് നേതൃത്വം നൽകും എന്നറിയാനാണ് അക്കാദമിക-വിദ്യാഭ്യാസ സമൂഹം കാത്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.