സ്വന്തം പുതുപ്പള്ളി ഹൗസിന് കാക്കാതെ മടക്കം
text_fieldsപുതുപ്പള്ളിയിൽനിന്ന് ഇറങ്ങിയാലും ഉമ്മൻ ചാണ്ടി ചെന്നുകയറുക തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ. ജീവിതപ്പാതയുടെ രണ്ടറ്റത്തും അങ്ങനെ അദ്ദേഹം പുതുപ്പള്ളിയെ ചേർത്തു നിർത്തി. എന്നാൽ കുടുംബവീടല്ലാതെ പുതുപ്പള്ളിയിൽ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാധിക്കാതെയായി ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങൾ.
കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീടായിരുന്നു ഉമ്മൻ ചാണ്ടിയുടെ നാട്ടിലെ പ്രവർത്തന കേന്ദ്രം. സ്വന്തം മണ്ഡലത്തിൽ എം.എൽ.എ ഓഫിസും ഉണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതോടെ കഴിഞ്ഞവർഷം ആദ്യമാണ് പുതുപ്പള്ളി ഹൗസ്, പുതുപ്പള്ളി പി.ഒ എന്ന മേൽവിലാസത്തിലേക്ക് എത്താനുള്ള ആലോചന ഉമ്മൻ ചാണ്ടി സജീവമാക്കിയത്. പിന്നീട് വീട് നിർമാണത്തിനുള്ള നടപടികളിലേക്ക് നീങ്ങി. ‘ഏറെ കാലമായി മനസ്സിലുള്ള ആഗ്രഹമാണ് ഇത്. ഇപ്പോൾ സാഹചര്യങ്ങൾ ഒത്തുവന്നുവെന്ന് മാത്രം. ഉടൻതന്നെ പണി തുടങ്ങും’ -അദ്ദേഹം പറഞ്ഞു.
ഇതിന്‍റെ തുടർച്ചയായി വീടിന്‍റെ പ്ലാൻ തയാറാക്കുകയും എം.എല്‍.എമാർക്കുള്ള ഭവന വായ്പക്കായി അപേക്ഷ നൽകുകയും ചെയ്തു. ഇതിനൊപ്പം എം.എൽ.എ ഓഫിസും നിർമിക്കാനായിരുന്നു പദ്ധതി. അടുത്തിടെ വായ്പ പാസായതോടെ തറക്കല്ലിടാൻ തീരുമാനിച്ചിരുന്നുവെങ്കിലും വിധി അനുവദിച്ചില്ല. പുതുപ്പള്ളിയിലുള്ളപ്പോൾ പകൽ വള്ളക്കാലിൽ വീട്ടിലും രാത്രിയിൽ നാട്ടകം സർക്കാർ ഗെസ്റ്റ് ഹൗസിലുമായിരുന്ന താമസം. കുടുംബ വിഹിതമായി ലഭിച്ച ഒരേക്കർ സ്ഥലത്തായിരുന്നു വീട് നിർമിക്കാൻ തീരുമാനിച്ചത്. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തിരുവനന്തപുരത്തേക്ക് മാറുന്നത്. പിന്നീട് ജഗതിയിലെ പുതുപ്പള്ളി ഹൗസിലായി താമസം. ഇപ്പോൾ കരോട്ട് വള്ളക്കാലിൽ വീട്ടിൽ സഹോദരൻ അലക്സ് ചാണ്ടിയാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.